Pages

Wednesday, May 11, 2011

കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍

ശശിയേട്ടനെപറ്റി ഞാന്‍ മുമ്പ് ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു.രണ്ട് മാസത്തോളമായീ ശശിയേട്ടന്‍ പൂര്‍ണ്ണ കിടപ്പിലായിട്ട്.എന്റെ വീട്ടില്‍ നിന്നും പത്ത് കിലോമീറ്ററോളം ഉള്ളോട്ടുള്ള വെറ്റിലപ്പാറ എന്ന സ്ഥലത്തിന്റെ ഉള്‍പ്രദേശമായ വിളക്കുപറമ്പിലാണ് ശശിയേട്ടന്റെ വീട്.ഇക്കഴിഞ്ഞ ദിവസം ഞാന്‍ കുടുംബസമേതം ശശിയേട്ടന്റെ വീട് സന്ദര്‍ശിച്ചു.ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി.

മണ്‍കട്ടകള്‍ അടുക്കി വച്ച് നിര്‍മ്മിച്ച ഒരു ഒറ്റമുറി വീട്.അതിന്റെ ഒരു മൂലയില്‍ ഇട്ട ഒരു കട്ടിലില്‍ എല്ലും തോലുമായി കിടക്കുന്ന എന്റെ ശശിയേട്ടന്‍.എന്നെ കണ്ടതും ആ കണ്ണില്‍ നിന്നും വെള്ളം വരാന്‍ തുടങ്ങി.ഞാന്‍ ഇത്രയും ബുദ്ധിമുട്ടി അവിടെ എത്തിയല്ലോ എന്നായിരുന്നു ശശിയേട്ടന്റെ പ്രയാസം.ഞാന്‍ ഇവിടെ എത്താന്‍ ഇത്രയും വൈകിയല്ലോ എന്ന ഖേദം എന്നെയും കരയിപ്പിച്ചു.

എല്ലാവരുടേയും വീട് അസ്സലായി മിനുക്കി തേച്ച് കൊടുക്കുന്ന ശശിയേട്ടന്റെ ആ കൂരയുടെ പിന്‍ഭാഗത്ത് ഒരു ഇടനാഴി പോലെ അടുക്കള.അതിന് ഭിത്തികള്‍ ഒന്നും ഇല്ല.ചാക്ക് കൊണ്ട് മറച്ചിരിക്കുന്നു.ശശിയേട്ടന്‍ കിടക്കുന്ന ഭാഗത്തെ ചുമരിലും മേല്‍ക്കൂരയിലും സാരി കെട്ടിയിട്ടിരിക്കുന്നു - മണ്ണ് അടര്‍ന്ന് മേലില്‍ വീഴാതിരിക്കാന്‍.കട്ടിലില്‍ നിന്ന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായതിനാല്‍ എല്ലാ‍ കര്‍മ്മങ്ങളും അവിടെ തന്നെ.മൂത്രത്തിന് ട്യൂബ് ഇട്ടിരിക്കുകയാണ്.കൂടുതല്‍ സംസാരിച്ചാല്‍ ശ്വാസം മുട്ടുന്ന ശശിയേട്ടന് എന്നോട് സംസാരിക്കാതിരിക്കാന്‍ തോന്നിയില്ല.ഞാന്‍ നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ മാത്രം ഇത്രയും പറഞ്ഞ് ശശിയേട്ടന്‍ നിര്‍ത്തി.

“ഇവിടെ എണീറ്റ് നടക്കാന്‍ സാധിക്കും എന്ന് ഡൊക്ടര്‍മാര്‍ പറയുന്നു...” അതു കേട്ട് എന്റെ മനസ്സ് പിടഞ്ഞു.

തൊട്ടടുത്ത് ശശിയേട്ടന്റെ പുതിയ വീടിന്റെ അസ്ഥികൂടവും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.
“മെയിന്‍ സ്ലാബ് വാര്‍ക്കാനായപ്പോള്‍ തുടങ്ങിയതാണ് ആശുപത്രി പോക്ക്...പിന്നെ അതിന്മേലേക്ക് നോക്കാന്‍ പറ്റിയില്ല...” ഒരു നെടുവീര്‍പ്പോടെ ശശിയേട്ടന്റെ ഭാര്യ പറഞ്ഞപ്പോള്‍ നിസ്സഹായനായി കേട്ടു നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളൂ.

കൃത്യം ആ സമയത്ത് എന്നെ വിളിച്ച എന്റെ ഒരു ബന്ധു ബ്ലോഗിലൂടെ ശശിയേട്ടനെ കുറിച്ചറിഞിരുന്നു.അവര്‍ ആവശ്യപ്പെട്ടപ്രകാരം അവരുടെ ഒരു സഹായവും എന്റെ കുടുംബത്തിന്റെ സഹായവും ഞാന്‍ ശശിയേട്ടന്റെ കയ്യില്‍ വച്ചു കൊടുത്തു.ആ സമയവും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായില്ല.അദ്ദേഹം കരയുകയായിരുന്നു.ഈ സഹായത്തിന് തിരിച്ച് ഒരുപകാരം ചെയ്യാന്‍ ഇനി തനിക്ക് സാധിക്കില്ലല്ലോ എന്ന ആ നിസ്സഹായന്റെ ചിന്ത ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷേ ആശ്വാസവാക്കുകള്‍ ഒന്നും അദ്ദേഹത്തിന്റെ കണ്ണീര്‍ അടക്കിയില്ല.അവസാനം എന്റെ കുഞ്ഞുമക്കള്‍ക്ക് വിട ചൊല്ലി അദ്ദേഹം കൈ കൊണ്ട് റ്റാറ്റ കാണിച്ചപ്പോ‍ള്‍ വീണ്ടും എനിക്ക് മനസ്സില്‍ വല്ലാത്ത വേദന തോന്നി.

ആ വീട്ടില്‍ നിന്ന് തിരിച്ച് എന്റെ വീട്ടിലെത്തിയിട്ടും ഞാന്‍ കണ്ട ആ ഭീകരമായ കാഴ്ച മനസ്സില്‍ നിന്ന് മാറിയില്ല.എന്റെ ശശിയേട്ടന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം എന്ന് മാത്രം അപേക്ഷിക്കുന്നു.
വാല്‍: ജീവിതത്തിന്റെ കയ്പ്പും മക്കള്‍ക്ക് നേരിട്ട് മനസ്സില്ലാക്കിക്കൊടുക്കുക, നാളെ അവര്‍ ഒരു മനുഷ്യനാവാന്‍.

8 comments:

Areekkodan | അരീക്കോടന്‍ said...

ആ വീട്ടില്‍ നിന്ന് തിരിച്ച് എന്റെ വീട്ടിലെത്തിയിട്ടും ഞാന്‍ കണ്ട ആ ഭീകരമായ കാഴ്ച മനസ്സില്‍ നിന്ന് മാറിയില്ല.എന്റെ ശശിയേട്ടന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം എന്ന് മാത്രം അപേക്ഷിക്കുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

തീർച്ചയായും പ്രാർത്ഥിക്കുന്നു...അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി.

അലി said...

ശശിയേട്ടനു നല്ലതുവരുത്തട്ടെ...

അനില്‍@ബ്ലോഗ് // anil said...

നല്ലത് വരട്ടെ എന്ന് ആശിക്കുന്നു.

Unknown said...

പ്രാര്‍ഥിക്കുന്നു.

ശ്രീനാഥന്‍ said...

നല്ലതു വരട്ടേ അദ്ദേഹത്തിന്

Anurag said...

അതേ പ്രാര്‍ത്ഥിക്കുന്നു

Areekkodan | അരീക്കോടന്‍ said...

എല്ലാ പ്രാര്‍ഥനകളും ദൈവം സ്വീകരിക്കട്ടെ.ഞാനും അഞ്ചുനമസ്കാരത്തിന് ശേഷം എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ ഇടയിലെ ഒരു ബ്ലോഗര്‍ ശശിയേട്ടന് വേണ്ടി ഒരു സഹായവും എത്തിച്ചു തന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക