കഥ ഇതുവരെ
ജമാലിന്റെ വീട്ടിലെ മിഡ്നൂണ്‍ ബ്രേക്ക്ഫാസ്റ്റ് മൂക്ക് മുട്ടിയപ്പോഴാണ് ജമാലിന്റെ അടുത്ത അറിയിപ്പ് വന്നത്.
“ഉച്ചയ്ക്കും ഊണ് ഇവിടെത്തന്നെ!”
“ങേ!!!” ഞങ്ങള്‍ പന്ത്രണ്ട് പേരും ഞെട്ടി.അറബിക്കടലില്‍ വീണ്ടും സുനാമി രൂപപ്പെടാതിരിക്കാന്‍ ഞങ്ങളുടെ ഞെട്ടല്‍ അവിടെത്തന്നെ ഉടൻ പിടിച്ചുകെട്ടി.
“ഇനി ഊണും ഇവിടുന്നു വേണോ ജമാലേ?” ഞാന്‍ ചോദിച്ചു.
“ഊണ് ഇവിടെ റെഡിയായി കഴിഞ്ഞു.നിങ്ങള്‍ റൂമില്‍ പോയി അല്പം കൂടി വിശ്രമിക്ക്.ഊണുകഴിച്ച് വെയിലൊന്നാറിയിട്ട് ഇന്ന് നമുക്ക് വടക്ക് കാണാന്‍ പോകാം....”
“എന്ത്, വടക്ക് കാണുകയോ?” അബൂബക്കര്‍ മാഷ് സംശയമുന്നയിച്ചു.
“അതേ...കടമത്ത് ദ്വീപിന്റെ വടക്ക് ഭാഗം.ആകെ പതിനൊന്ന് കിലൊമീറ്റര് നീളത്തിലുള്ള കടമത്ത് ദ്വീപിന്റെ മധ്യഭാഗത്താണ് ഇപ്പോള്‍ നിങ്ങളുള്ളത്.ഇന്ന് വടക്ക് കാണാം.നാളെ തെക്കോട്ട് പോകാം.ഞാന്‍ ഒരു റൂഫില്ലാ ജീപ്പ് ഏല്പിച്ചിട്ടുണ്ട്.അവന് മൂന്ന് മണിക്ക് ഇവിടെ വരും..” ജമാല്‍ പരിപാടി വിശദീകരിച്ചു.
“ശരി...അപ്പോള്‍ അടുത്ത തട്ടലിന് വീണ്ടും കാണാം...” എല്ലാവരും ബൈ പറഞ്ഞിറങ്ങി.
റൂമിന്റെ മുന്മ്പിലെത്തിയപ്പോള്‍ ഞങ്ങളുടെ കപ്പലില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ള ടൂറിസ്റ്റുകളേയും വഹിച്ചു കൊണ്ട് ഒരു ‘നായ്കുറുക്കന്’ (ജീപ്പും ടെമ്പോയും അല്ലാത്ത വാഹനത്തെ ഞങ്ങള്‍ വിളിക്കുന്ന പേര്) കടന്നുപോയി.തമിഴ്നാട്ടില്‍ അണ്ണന്മാരെ ഈ വിധത്തില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.ഇത്രേം കാശു മുടക്കി ഇവിടെ എത്തിയ ഈ ടൂറിസ്റ്റുകള്‍ക്കും വന്നല്ലോ അണ്ണാച്ചിയുടെ ഗതി എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.അല്പ സമയത്തിനകം ജമാലിന്റെ ഫോണ്‍ വന്നു.
“ആബിദേ...ജീപ്പിന് ബ്രേക്ക് കുറവാണെന്ന്...”
“അതിനെന്താ...ഡ്രൈവ് ചെയ്യുന്നത് ഡ്രൈവര്‍ അല്ലേ..?മെല്ലെ പോകാം....”
“അതുശരിയാ...പക്ഷേ ക്ലച്ചിനും എന്തോ ഒരു....”
“റൂഫില്ല...ബ്രേക്കില്ല...ക്ലച്ചില്ല...അത് ജീപ്പോ അതോ കോരുകുട്ട്യേട്ടന്റെ സൈക്കിളോ?” എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“പ്രശ്നമില്ല...പകരം ഞാന്‍ ഒരു വാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്...”
“എല്ലാവരെയും കൊള്ളോ?”
“കൊള്ളും...രണ്ട് ബെഞ്ച് ഇട്ടാല്‍ മതി...”
“ങേ!വാനിനകത്ത് ബെഞ്ച് ഇടുകയോ?” ഞാന്‍ വീണ്ടും അങ്കലാപ്പിലായി.
“ആ..അതു വരുമ്പോ കാണാം...”
അപ്പോഴാണ് തൊട്ടുമുമ്പ് ടൂറിസ്റ്റുകള്‍ പോയ ആ കാഴ്ച എന്റെ മനസ്സില്‍ വീണ്ടും എത്തിയത്.തമിഴ്നാട്ടില്‍ അണ്ണന്മാരുടെ ഗതി കോഴിക്കോട്ടെ ഈ പൊണ്ണന്മാര്‍ക്കും വന്നല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് വീണ്ടും സഹതപിച്ചു.
രണ്ട് മണി ആകുമ്പോഴേക്കും ഞങ്ങള്‍ വീണ്ടും ജമാലിന്റെ വീട്ടിലെത്തി.ഇത്തവണ ജമാല്‍ ബുഫെ സംവിധാനമൊരുക്കിയതിനാല്‍ ആദ്യം ചാടിക്കയറി ഇരുന്ന ഞാന്‍ വീണ്ടും വിഷണ്ണനായി.അല്പം മുമ്പ് ഒരു ബ്രേക്ക്ഫാസ്റ്റ് ശരവേഗത്തില്‍ ഇതേ അന്നനാളത്തിലൂടെ കടന്നുപോയിരുന്നു എന്ന സൂചന പോലും ആരുടെ മുഖവും കാണിച്ചില്ല.ട്യൂണ (വെള്ളസൂദ) എന്ന മത്സ്യം പ്രത്യേക രീതിയില്‍ സംസ്കരിച്ചതിന് ശേഷം അതു കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങളായിരുന്നു ഉച്ചയൂണിന്റെ പ്രത്യേകത.മാസ് എന്ന പേരില്‍ കേരളത്തിലും ഇത് ലഭ്യമാണ്.ദ്വീപില്‍ തന്നെ കിലോക്ക് 300 രൂപയില്‍ അധികം വിലയുണ്ട്.
ഊണ് കഴിച്ചിരിക്കുമ്പോഴാണ് ഞാന്‍ ചില സംഗതികള്‍ ശ്രദ്ധിച്ചത്.പഴയ തറവാട്ടിലെപ്പോലെ ജനലുകള്‍ക്ക് അഴികള്‍ ഇല്ലായിരുന്നു.ഞാന്‍ ജമാലിനോട് ഇതേ പറ്റി ചോദിച്ചു.
“ദ്വീപില്‍ കള്ളന്മാരില്ല, ഒളിഞ്ഞു നോട്ടവുമില്ല.അപ്പോള്‍ അഴിയുടെ ആവശ്യം ഇല്ല.പക്ഷേ ഇപ്പോള്‍ കരയില്‍ നിന്നുള്ള ആളുകള്‍ കൂടുതല്‍ വരുന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്...” കരവാസികളായ ഞങ്ങള്‍ക്ക് തലതാഴ്ത്തേണ്ടി വന്നു.
“ഈ കോഴികള്‍ക്കെന്താ ഒരു കെട്ട്?” പുറത്ത് കണ്ട കോഴിയെ ചൂണ്ടി ഞാന്‍ ചോദിച്ചു.
“അത് കോഴിയെ തിരിച്ചറിയാനാ... കുറുക്കന്മാരില്ലാത്തതിനാല്‍ കോഴികള്‍ക്ക് കൂടുമില്ല...അവ ഏതെങ്കിലും വീട്ടിലെ മരത്തിലോ മച്ചിന്റെപുറത്തോ അന്തിയുറങ്ങും...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂക്കത്ത് വിരല്‍ വച്ചു.
“ആഹാ...അപ്പോള്‍ കോഴിക്കള്ളന്മാരും ഇല്ലല്ലേ?” അബൂബക്കര്‍ മാഷുടെ തനി നിറം ചോദ്യത്തിലൂടെ പുറത്തു ചാടി.
“ഇതുവരെ ഉണ്ടായിരുന്നില്ല.കരവാസികള്‍ കൂടിയതോടെ കോഴിമോഷണം പോകലും തുടങ്ങി...”ജമാല്‍ വീണ്ടും ഞങ്ങളെ തലതാഴ്ത്തിപ്പിച്ചു.
“കാക്കകളെ കാണുന്നേ ഇല്ലല്ലോ...?”
“ആ...ദ്വീപില്‍ കാക്കകള്‍ ഇല്ല.അതിന് പിന്നില്‍ ഒരു കഥയുണ്ട്....”
“ആഹാ...കേള്‍ക്കട്ടെ...” ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ കഥ കേള്‍ക്കാന്‍ കൊതിയായി.
“അത്...പിന്നെ പറഞ്ഞുതരാം...ഇപ്പോള്‍ നമുക്ക് വടക്ക് പോകാന്‍ സമയമായി...”
“ഓകെ...പക്ഷേ ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കണം...”
“ഷുവര്‍...ആ കഥയില്ലാ കഥ കഥയില്ലാത്തവരെ അല്ലാതെ ആരെ കേള്‍പ്പിക്കാന്‍ അല്ലേ ആബിദേ?” ജമാല്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ വീണ്ടും ഇരുത്തി.
(തുടരും...)
12 comments:
“റൂഫില്ല...ബ്രേക്കില്ല...ക്ലച്ചില്ല...അത് ജീപ്പോ അതോ കോരുകുട്ട്യേട്ടന്റെ സൈക്കിളോ?”
കാക്ക കളില്ലാത്ത ദീപോ അതെതാ മാഷെ പറ കഥ
ബാക്കി പോരട്ടെ
ചക്രം ണ്ടോ ന്റെ മാഷെ..!!
കപ്പല്‍ മുങ്ങിയോന്നായിരുന്നു സംശയം..ഇനിയിപ്പം സമാധാനായി..കാക്ക കഥ പറഞ്ഞോ ജമാല്‍ക്ക..അതോ പറ്റിച്ചോ?
കരവാസികള്‍ എന്ന് ഉദേശിച്ചത് അരീക്കൊട്ടുകാര് എന്നല്ലല്ലോ....
ആ കഥ കേള്‍ക്കാന്‍ ഇനിയും വരാം.
അനൂപ്...ആ കഥ പറയാം
അരുണ്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ബാക്കി ഉടന്‍ വരുന്നു .
പൊന്മളക്കാരാ...ടയര്‍ ഉണ്ട്!
ജസ്മിക്കുട്ടീ...കപ്പല്‍ അല്ല , ഞാന്‍ ആയിരുന്നു മുങ്ങിയത്!
തണല്‍...ദ്വീപില്‍ പോകേണ്ടതാണ്.കരവാസികള്‍ എന്നുദ്ദേശിച്ചത് കേരളക്കരവാസികള്!
തെച്ചിക്കോടാ...ശരി
ദ്വീപ് യാത്ര അടിപൊളി,
അപ്പോള്‍ ഇനി ദ്വീപില്‍ കാക്കള്‍ ഇല്ലാത്തതിന് പിന്നിലെ ആ കഥയില്ല കഥ കേള്‍ക്കാം.
നല്ല രസകരമായ വിവരണം.
അക്ബര്ക്ക...കേള്‍പ്പിക്കാം.
കാക്ക കഥക്കായി കാത്തിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടമത്ത് പോയത് ഓര്‍മ്മ വന്നു. ഞങ്ങള്‍ പോയത് ട്രാക്റ്ററ് പോലുള്ള ഒരു വണ്ടിയിലായിരുന്നു.
ആശംസകള്‍ മാഷേ..
Post a Comment
നന്ദി....വീണ്ടും വരിക