Pages

Sunday, June 19, 2011

ഒരു ശംഖ് കടി - ലക്ഷദ്വീപ് യാത്ര ഭാഗം 11

കഥ ഇതുവരെ

“ജമാലേ...ഇനി മുതലുള്ള ഭക്ഷണം നീ ഒരു ഹോട്ടലില്‍ ഏല്‍പ്പിക്കണം...” ഈ ടീം അത്താഴം കൂടി കഴിച്ചാല്‍ ജമാലിന്റെ പുതിയ പുരയുടെ അടിത്തറ കാണുമോ എന്ന ഭയത്താല്‍ ഞാന്‍ പറഞ്ഞു.ജമാലും അത് കേട്ട പാടേ സ്വീകരിച്ചു.അപ്പോഴേക്കും പുറത്തൊരു ഹോണടി കേട്ടു.ഞാന്‍ ആകാംക്ഷയോടെ പുറത്തേക്ക് നോക്കി.
‘അതാ...മുറ്റത്തൊരു ശകടം.ഫസല്‍ മോന്‍ എന്ന ഒന്നാംതരം ഗുഡ്‌സ് ഓട്ടോ...’

“ഓ...നമ്മുടെ വണ്ടി എത്തി...രണ്ടു പേര്‍ക്ക് മുമ്പില്‍ ഡ്രൈവറുടെ അടുത്ത് ഇരിക്കാം...ബാക്കിയുള്ളവര്‍ പിന്നില്‍ കയറിക്കോളൂ..” ജമാല്‍ പറഞ്ഞു.

“ചേരയെ തിന്നുന്ന നാട്ടില്‍ ചേരയുടെ നടുക്കഷ്ണം തന്നെ തിന്നുക എന്ന്‌ പറഞ്ഞ പോലെ ഗുഡ്‌സ് ഓട്ടോയില്‍ നാട് ചുറ്റുന്ന നാട്ടില്‍ അതിന്റെ പുറത്ത് തന്നെ കയറുക “ വണ്ടിയിലേക്ക് ചാടിക്കയറി അബൂബക്കര്‍ മാഷ് പ്രഖ്യാപിച്ചു.

“ജമാലേ..നീ വരുന്നില്ലേ?” വണ്ടിയില്‍ സ്ഥലമില്ലെങ്കിലും ഞങ്ങള്‍ക്ക് സ്ഥലമറിയാത്തതിനാല്‍ ഞാന്‍ ജമാലിനെ ക്ഷണിച്ചു.

“ഞാനും ടീമും ബൈക്കില്‍ അങ്ങോട്ട് എത്താം...നിങ്ങള്‍ വിട്ടോളൂ...”

“ഫസല്‍ മോനേ...വിട്ടോടാ...” ആരോ കമന്റിയതും കടമത്ത് ദ്വീപിന്റെ ഒരു വാഹനം മാത്രം കടന്നുപോകാന്‍ വീതിയുള്ള രാജവീഥിയിലൂടെ ഞങ്ങളുടെ പുഷ്പക വിമാനം പറന്നു.റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളും തെങ്ങോലകളും ഇടക്കിടെ ഞങ്ങളുടെ തലയെ തഴുകിക്കൊണ്ടിരുന്നു.ഞാനും സതീശന്‍ മാഷും ഈ തഴുകലിനെ അല്പം പേടിച്ചു.അരമണിക്കൂറിനകം ഞങ്ങള്‍ കടമത്ത് ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തി.ഇന്ത്യയുടെ മാപ്പില്‍ കാണുന്നപോലെ മൂന്ന് ഭാഗവും കടല്‍ മാത്രം!

അല്പസമയത്തിനകം ജമാലും സംഘവും എത്തി.ഞങ്ങള്‍ പുഷ്പക വിമാനത്തില്‍ നിന്ന് താഴെയിറങ്ങി.ജമാലും മുല്ലക്കിടാവും ഹിദായത്ത് മാഷും തെളിച്ച വഴിയേ ഞങ്ങളും നീങ്ങി.കടല്‍തീരത്ത് പച്ചനിറത്തിലുള്ള കുറേ കല്ലുകള്‍ പോലെയുള്ള വസ്തുക്കള്‍ കണ്ട അബൂബക്കര്‍ മാഷ് ചോദിച്ചു -
“ഇതെന്താ, കരിങ്കല്ലിന് പകരം പച്ചക്കല്ല്? ഇബടേം മുസ്ലീം ലീഗ് ആണോ ഭരണത്തില്‍”

“അത് പച്ചക്കല്ലല്ല...പവിഴപുറ്റില്‍ പായല്‍ പിടിച്ചതാ...”

“ങേ!!പവിഴപുറ്റോ..?” പവിഴപുറ്റ് എന്ന് കേട്ടതോടെ എല്ലാവരും അങ്ങോട്ട് ഓടാനാഞ്ഞു.

“നില്‍ക്ക്...നില്‍ക്ക്...പവിഴപുറ്റ് എടുത്ത് കൊണ്ടുപോകാന്‍ പാടില്ല...അത്യാവശ്യത്തിന് അല്പം മാത്രം ഒരു കൌതുകത്തിന് ശേഖരിക്കാം...”
റെജു അപ്പോഴേക്കും അഞ്ചാറ് കിലോ തൂക്കമുള്ള മനോഹരമായ ഒരു പവിഴപുറ്റ് കൈവശപ്പെടുത്തിയിരുന്നു.

“ഒരു കാര്യം പറയാന്‍ വിട്ടുപോയി.കളക്ഷന് മുമ്പ് ഒരു തേങ്ങ ഉടയ്ക്കണം...” ഹിദായത്ത് മാഷ് പറഞ്ഞു.

“ങേ...തേങ്ങ ഒടക്കുന്നത് അമ്പലത്തിലല്ലേ?ഈ മുസ്ലിംങ്ങള്‍ മാത്രമുള്ള നാട്ടിലും തേങ്ങ ഒടക്കുകയോ...” അബൂബക്കര്‍ മാഷ് വീണ്ടും സംശയം ഉന്നയിച്ചു.

“അതേ...വ്യത്യാസം ഇത്ര മാത്രം.ഇവിടെ ഉടക്കുന്ന തേങ്ങ ഉടക്കുന്നവര്‍ക്ക് തന്നെ തിന്നാം.തിന്നിട്ട് നമുക്ക് തുടങ്ങാം...”

“ങാ, അത് നല്ല പരിപാടിയാ...” ഞങ്ങള്‍ എല്ലാവരും പിന്താങ്ങി.

അപ്പോഴേക്കും മുല്ലക്കിടാവ് എവിടുന്നോ ഒരു തേങ്ങ താങ്ങിക്കൊണ്ടു വന്നു.രണ്ട് പവിഴപ്പുറ്റുകളുടെ മേലെ അത് കുത്തനെ വച്ചു.ഹിദായത്ത് മാഷ് അത്യാവശ്യം വലിയ ഒരു പവിഴപ്പുറ്റ് എടുത്തു.തേങ്ങയുടെ ഉറപ്പില്‍ പവിഴപ്പുറ്റ് തവിടുപൊടിയാകും എന്നായിരുന്നു ഞങ്ങളുടെ മുഴുവന്‍ ധാരണ.ഹിദായത്ത് മാഷ് ആ പവിഴപ്പുറ്റ് തേങ്ങയുടെ മേലേക്ക് ഇട്ടു.ജമാല്‍ തേങ്ങ നേരെ വച്ചു.ഇത്തവണ മുല്ലക്കിടാവ് പവിഴപ്പുറ്റ് തേങ്ങാപ്പുറത്തിട്ടു.ഹിദായത്ത് മാഷ് തേങ്ങ വീണ്ടും നേരെയാക്കി.ജമാല്‍ പവിഴപ്പുറ്റ് എടുത്ത് തേങ്ങയിലിട്ടു.ശേഷം മൂന്ന് പേരും കൂടി മൂന്ന് ദിശയിലേക്ക് ഒരു വലി.തേങ്ങ പൊളിഞ്ഞു! പൊതിഞ്ഞ തേങ്ങ ഹിദായത്ത് മാഷ് ഒരു പവിഴപ്പുറ്റിന്റെ മേലെക്ക് ഒറ്റ ഏറ്‌.തേങ്ങ കഷ്ണങ്ങളായി ചിതറി.ഞങ്ങള്‍ അവ ശേഖരിച്ചു.അങ്ങനെ ആദ്യമായി എല്ലാവരും ദ്വീപിലെ തേങ്ങയുടെ മാധുര്യം നുകര്‍ന്നു.

ശേഷം എല്ലാവരും പവിഴപുറ്റ് ഖനനം ആരംഭിച്ചു.അല്പസമയത്തിനകം എന്റെ പാന്റിന്റെ രണ്ട് കീശയും അരീക്കോട്ടെ ബട്ടബു എന്ന ഭ്രാന്തന്‍ അബുവിന്റെ കീശ പോലെയായി.അബൂബക്കര്‍ മാഷുടെ ടവ്വലിന്റെ ആകൃതിയും മാറി.വേറെ രണ്ടു പേരുടേ വീര്‍ത്ത ഭാഗം പറയാന്‍ കൊള്ളത്തില്ല.

“ആഹ്!!!” പിന്നില്‍ നിന്നും ഒരലര്‍ച്ച കേട്ട് ഞങ്ങള്‍ എല്ലാവരും തിരിഞ്ഞ് നോക്കി.

“എന്തു പറ്റി?” ജമാല്‍ ഓടി എത്തി ചോദിച്ചു.

“എന്തോ കടിച്ചു...” അലറിയയാള്‍ പറഞ്ഞു.

“എവിടെ കാലിലാണോ?” ഞെണ്ട് ഇറുക്കും എന്നതിനാല്‍ ജമാല്‍ ചോദിച്ചു.

“അല്ല...അണ്ടിയില്‍...”

“എന്താ...അവിടെ ഇത്രയും വീര്‍ത്തിരിക്കുന്നത്?” ജമാലിന് സംശയമായി.

“അത് ശംഖാ...”

“ഓ...എങ്കില്‍ അതിനകത്തെ ജീവി നാറ്റം സഹിക്കാനാവാതെ ആക്രമിച്ചതാകും...”

“ങേ ജീവിയോ ?” കടിയേറ്റയാളുടെ ഒന്ന് നിന്ന് കുലുങ്ങി.ജെട്ടിക്കകത്ത് നിന്നും ശംഖുകള്‍ തുരുതുരാ വീഴാന്‍ തുടങ്ങി.അപകടം മനസ്സിലാക്കിയ ഞാനും എന്റെ പോക്കറ്റിലെ ശംഖുകള്‍ പുറത്തേക്കിട്ടു.

(തുടരും...)

8 comments:

Areekkodan | അരീക്കോടന്‍ said...

“ങേ ജീവിയോ ?” കടിയേറ്റയാളുടെ ഒന്ന് നിന്ന് കുലുങ്ങി.ജെട്ടിക്കകത്ത് നിന്നും ശംഖുകള്‍ തുരുതുരാ വീഴാന്‍ തുടങ്ങി.

ponmalakkaran | പൊന്മളക്കാരന്‍ said...

മാഷമ്മാരുടെ സാധനമെല്ലാം ലക്ഷദ്വീപിലെ ഞണ്ടുകൾ മുറിച്ചോണ്ടൂപോയോ......?

Jazmikkutty said...

ഇതൊരു അത്ഭുത ദ്വീപ്‌ യാത്ര തന്നെയാ മാഷേ.. എത്ര മനോഹരമായി ആണെഴുതുന്നത്! ഈ എഴുത്ത് എന്നെ കൊണ്ടു (വെക്കേഷന്‍) ലക്ഷദ്വീപിലെത്തിക്കും എന്നാ തോന്നുന്നത്.....

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ശംഖുകടിച്ച മഷന്മാരായി അല്ലേ? :):)

Akbar said...

ങേ.....അപ്പൊ എന്തായിരുന്നു ശംഘിനുള്ളില്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ശംഖിന്റെ ക്ഷമയ്ക്കും ഒരു പരിധീയില്ലേ!!!

abdulmajeed said...

“ങേ ജീവിയോ ?” കടിയേറ്റയാളുടെ ഒന്ന് നിന്ന് കുലുങ്ങി.ജെട്ടിക്കകത്ത് നിന്നും ശംഖുകള്‍ തുരുതുരാ വീഴാന്‍ തുടങ്ങി...കൂട്ടത്തില്‍ മറ്റു വല്ലതും കൂടി വീണുപോയോ എന്നും കൂടി നോക്കൂ മാഷെ .........!!!

Areekkodan | അരീക്കോടന്‍ said...

പൊന്മളക്കാരാ...മറ്റുള്ളവരുടാഎത് എനിക്കറിയില്ല,എന്റേത് ഭദ്രം!

ജസ്മിക്കുട്ടീ...ഈ എഴുത്ത് കണ്ടിട്ട് ദ്വീപിലേക്ക് ചാടേണ്ട.എന്നേയും കൂടി സ്പോണ്‍സര്‍ ചെയ്യാമെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം!!!

വാഴക്കോട...ശംഖും കടിക്കും എന്ന് ഇപ്പോഴല്ലേ മനസ്സിലായത്?

അക്ബര്‍ക്കാ...അതിനകത്ത് ഒരു ജന്തു ഉണ്ട് പോലും, ഞമ്മള്‍ ‘കുരിഞ്ഞില്‘ ന്ന് പറ്യണമാതിരി.

തണല്‍....അതേ, ക്ഷമക്ക് എല്ലാവര്‍ക്കും പരിധി ഉണ്ട്, പിരടിക്ക് പുറത്ത് ക്ഷമിക്കില്ല!

മജീദ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇല്ല എന്റേത് വീണുപോയിട്ടില്ല.

Post a Comment

നന്ദി....വീണ്ടും വരിക