Pages

Thursday, February 02, 2012

തന്തയില്ലാത്തവരുടെ പന്തുകളി

“സ്നേഹസ്പര്‍ശം” എന്ന ഒരു മഹത്തായ പദ്ധതിയുടെ ഉത്ഘാടനത്തെപറ്റി ഞാന്‍ ഇവിടെ പറഞ്ഞിരുന്നു.അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു പോരുമ്പോള്‍, അവിടെ നിന്നും തിരിച്ചുപോരുന്ന ഒരു രോഗിയുടെ ബന്ധു എന്നെ സമീപിച്ചു ചോദിച്ചു. “ നിങ്ങള്‍ ഈ പദ്ധതിയുടെ ആളാണോ ?”

“അതേ” എന്നോ “അല്ല“ എന്നോ പറയേണ്ടത് എന്ന് എനിക്ക് പെട്ടെന്ന് കണ്‍ഫ്യൂഷന്‍ വന്നു.കാരണം അഞ്ച് ദിവസം മുമ്പ് മാത്രം ഈ പദ്ധതിയെ പറ്റി അറിഞ്ഞ എന്നെ ഇതിന്റെ ഉത്ഘാടന സ്റ്റേജില്‍ പൌരപ്രമുഖരോടൊപ്പം കയറ്റി ഇരുത്തി ഇതിന്റെ ഔദ്യോഗിക ആളാക്കി മാറ്റിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു.“അല്ല” എന്ന് പറഞ്ഞ് തടി ഊരാമായിരുന്നെങ്കിലും ആ ദയനീയ മുഖം എന്നെ അതിനനുവദിച്ചില്ല.

“അതേ, എന്താണ് വേണ്ടത് ?”

“സാര്‍...ഇത് എന്നേക്ക് ആകും ?”

“രോഗികളെ തെരഞ്ഞെടുക്കാന്‍ ഒരു മാസമെങ്കിലും പിടിക്കുമായിരിക്കും...” അമിതപ്രതീക്ഷ നല്‍കേണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ആരാ രോഗി ?” കൂടെ ആരെയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

“എന്റെ ഭാര്യയുടെ അമ്മ...”. തുടര്‍ന്ന് അദ്ദേഹം ഗള്‍ഫിലായിരുന്നതും അമ്മയുടെ ചികിത്സയിലൂടെ പരാധീനതകള്‍ വന്നതും അമ്മയെ തിരിഞ്ഞു നോക്കാത്ത രണ്ട് ആണ്മക്കളുടെ കഥയും എന്നോട് പറഞ്ഞു.
“ആട്ടെ...നിങ്ങള്‍ ഇവിടെ ശങ്കിച്ച് നില്‍ക്കുന്നത് എന്താ?”

“ഞാന്‍ പരിപാടി കഴിയാന്‍ സമയത്താണ് എത്തിയത്....”

“അപേക്ഷാഫോം കൊടുത്തില്ലേ?”

“കൊടുത്തു.പക്ഷേ അതില്‍ കൊടുത്തത് അമ്മയുടെ വീട്ടഡ്രസാ...അവിടെ അളിയന്മാരാ താമസിക്കുന്നത്. അവര്‍ക്ക് അമ്മയുടെ സ്ഥിതി അറിയില്ല...അവിടെ അന്വേഷിച്ചാല്‍ ഞങ്ങളുടെ ദയനീയ സ്ഥിതി അറിയില്ല...”

“എങ്കില്‍ ആ അഡ്രസ് ഉടന്‍ മാറ്റി നല്‍കൂ ...” അയാള്‍ തിരിച്ച് ഹാളിലേക്ക് തന്നെ നടന്നു.

* * * * *
വീണ്ടും കുറേ മുന്നോട്ട് നടന്നപ്പോഴാണ് എന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഹമീദിനെ വഴിയില്‍ വച്ച് കണ്ടുമുട്ടിയത്.
“നീ എന്താ ഇവിടെ?” അപ്രതീക്ഷിതമായ സ്ഥലത്ത് അവനെ കണ്ടതില്‍ ഞാന്‍ ചോദിച്ചു.

“സാറെ ഞാന്‍ സ്റ്റേജില്‍ കണ്ടിരുന്നു.പിന്നെ ഉത്ഘാടനം കഴിഞ്ഞപ്പോള്‍ വേഗം പോന്നതാ...”

“ആരാ രോഗിയായി ഉള്ളത് ?”

“എന്റെ ഉപ്പ തന്നെ!!!”

“ങേ!!” ഞാന്‍ ഞെട്ടി.ബാപ്പ വൃക്ക രോഗിയായതും തന്റെ തുച്ഛ ശമ്പളത്തില്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ പെടുന്ന പാടും ഒരു ശമ്പളവും ഇല്ലാത്തവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ഹമീദും ഞാനും സംഭാഷണത്തിലൂടെ പങ്കുവച്ചു.ഈ പുതിയ പദ്ധതിയുടെ ഔദ്യോഗിക ആളായി ഞാന്‍ ഉള്ളത് ഹമീദില്‍ പ്രതീക്ഷ വളാര്‍ത്തിയിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്.

* * * * *
ഉത്ഘാടനം കഴിഞ്ഞ് അടുത്ത ദിവസത്തെ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വേദനാജനകമായിരുന്നു.നൂറിലധികം രോഗികളേയും അവരുടെ സഹായികളേയും വിളിച്ചിരുത്തി നടത്തിയ ഈ പരിപാടിയില്‍ ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ വിട്ടു നിന്നു.കാരണം ഇത് ജില്ലാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്തില്ല എന്നോ മറ്റോ.മാത്രമല്ല ഇതിന്റെ പിതൃത്വം കളക്ടര്‍ക്കോ അതോ മാതൃത്വം ജില്ലാ പഞ്ചായത്ത് പ്രെസിഡന്റിനോ എന്നൊരു സൌന്ദര്യപ്പിണക്കവും.

പിന്നീട് പല സിറ്റിങ്ങുകളും നടത്തി ഇതില്‍ പലതും പരിഹരിച്ച് അതിന്റെ ബൈലോ ചര്‍ച്ച ചെയ്യാനും വേണ്ട ഭേദഗതിയോടെ അംഗീകരിക്കാനുമുള്ള എക്സിക്യൂട്ടീവ്കമ്മിറ്റി മീറ്റിങ്ങിനാണ് ഇന്ന് ഞാന്‍ പോയത്.വിവാദങ്ങള്‍ കാരണം എല്ലാവരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ച എക്സിക്യൂട്ടീവ്കമ്മിറ്റി മീറ്റിങ്ങായിരുന്നു ഇന്നത്തേത്.
ഉത്ഘാടനയോഗത്തിന് ശേഷം മറ്റു മീറ്റിങ്ങുകളിലേക്കൊന്നും ക്ഷണം ലഭിക്കാത്തതിനാല്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല.മീറ്റിങ്ങുകളില്‍ നടക്കുന്ന പൊറാട്ട് നാടകത്തിന്റെ വാര്‍ത്തകള്‍ വായിക്കാറുണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇന്നും ഏകദേശം സംഭവിക്കാന്‍ പോകുന്നത് ഞാന്‍ കണക്ക് കൂട്ടി.

ബൈലോ ചര്‍ച്ച ആരംഭിച്ചതും ആരൊക്കെയോ പലതരത്തിലുള്ള ഭേദഗതികളും നിര്‍ദ്ദേശിച്ചു.ബൈലോ പഠിക്കാന്‍ ഇനിയും സമയം വേണം എന്നും പലരും ആവശ്യപ്പെട്ടു.ഈ ഒരു സുകൃതം ചെയ്യാന്‍ എത്രയും നേരത്തെ സാധിക്കുമോ അത്രയും നേരത്തെ അതാരംഭിക്കുക എന്നല്ല, ഇത് നീട്ടി നീട്ടി കൊണ്ടുപോകുക എന്നതാണ് ഈ രാഷ്ട്രീയക്കാരുടെ ലക്ഷ്യം എന്ന് പെട്ടെന്ന് മനസ്സിലായി.സേവനസന്നദ്ധരായ കുറേ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും എന്നെപ്പോലെ പെട്ടുപോയ ചില അധ്യ്യപകരേയും മുന്നിലിരുത്തി ഇവര്‍ വാദവും പ്രതിവാദവും തുടര്‍ന്നു കൊണ്ടിരുന്നു.തന്തയില്ലാത്തവരുടെ ഈ പന്തുകളിക്ക് വിസിലൂതാന്‍ റഫറി ഇല്ലാത്തതിനാല്‍ ഒരു പാ‍ലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ രോഷാകുലനായി ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.പിന്നെ അവിടെ നടന്നത് രാഷ്ട്രീയക്കാരും യഥാര്‍ത്ഥ സാമൂഹ്യസേവകരും തമ്മിലുള്ള വാഗ്വാദമായിരുന്നു.”സ്നേഹസ്പര്‍ശം” മുട്ടയിലേ കെട്ടുപോയി എന്ന് ചുരുക്കിപ്പറയാം.

ഒരു സല്പ്രവര്‍ത്തി എതിര്‍കക്ഷിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുമോ എന്ന് ഒരു കൂട്ടര്‍ക്ക് സംശയം.അതിന്റെ സാമൂഹികനേട്ടം എന്ത് എന്ന് ചിന്തിക്കാന്‍ ഈ രണ്ട് കശ്മലക്കൂട്ടത്തിനും ഒട്ടും സമയമില്ല.ഉത്ഘാടനം കഴിഞ്ഞ് ഒരു മാസം ആകാനായിട്ടും പരസ്പരം പഴി ചാരാനല്ലാതെ ഒരു സംഗതിയും നടത്താന്‍ പറ്റാതെ ഈ വിഡ്ഢികള്‍ ഇരുട്ടില്‍ തപ്പുന്നു.പാര്‍ട്ടി ഏതാണെങ്കിലും തങ്ങള്‍ ഉന്നയിക്കുന്ന മുട്ടാപ്പോക്കുകള്‍ സ്വന്തം പോസ്റ്റിലേക്കുള്ള സെല്‍‌ഫ് ഗോളുകളാണെന്ന് അടുത്ത തെരഞ്ഞെടുപ്പിലേ ഇവര്‍ മനസ്സിലാക്കൂ.അപ്പോഴേക്കും ഹതഭാഗ്യരായ ഈ രോഗികളില്‍ പലരും തെരഞെടുപ്പില്ലാ‍ ലോകത്ത് എത്തിയിരിക്കും.

കുരങ്ങന്റെ കയ്യിലെ പൂമാല പോലെ എന്ന് കേട്ടത് ഇന്ന് ഞാന്‍ നേരില്‍ ദര്‍ശിച്ചു.ഹേ രാഷ്ട്രീയതിമിരം ബാധിച്ചവരേ...നിങ്ങള്‍ എന്ത് പറഞ്ഞ് മുടക്കിയാലും സേവനസന്നദ്ധരായ ഒരു പറ്റം ഇത് ഏറ്റെടുത്ത് ഈ ഹതഭാഗ്യരുടെ കണ്ണീരൊപ്പുക തന്നെ ചെയ്യും.അതിന് ദൈവം ഞങ്ങളെ സഹായിക്കും.തീര്‍ച്ച.

11 comments:

Areekkodan | അരീക്കോടന്‍ said...

ഹേ രാഷ്ട്രീയതിമിരം ബാധിച്ചവരേ...നിങ്ങള്‍ എന്ത് പറഞ്ഞ് മുടക്കിയാലും സേവനസന്നദ്ധരായ ഒരു പറ്റം ഇത് ഏറ്റെടുത്ത് ഈ ഹതഭാഗ്യരുടെ കണ്ണീരൊപ്പുക തന്നെ ചെയ്യും.

sherriff kottarakara said...

അതേ! ദൈവം മാത്രം ശരണം, ഈ ദുഷ്ടന്മാരില്‍ നിന്നും രക്ഷപെടാനും....

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

വിശക്കുന്നവനെ വിശപ്പിന്റെ വില അറിയൂ.ദൈവം ഇവരോട് പൊറുക്കട്ടെ.. അത്ര മാത്രം

ponmalakkaran | പൊന്മളക്കാരന്‍ said...

തീർച്ചയായും മാഷെ ദൈവവും ഹൃദയത്തിൽ കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്തവരും സഹായിക്കും.

keraladasanunni said...

വെറുതെയല്ല മാഷെ നാട് നന്നാവാത്തത്.

c.v.thankappan,chullikattil.blogspot.com said...

എല്ലാ രംഗത്തും ഇതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒന്നും നടക്കാതിരിക്കണം.
സേവനസന്നദ്ധരായവരെ ഏഴയലത്ത് അടുപ്പിക്കുകയില്ലല്ലോ?!!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Manoj മനോജ് said...

ഇവർക്ക് നമ്മുടെ കൊച്ചുവാവ സ്റ്റൈലിൽ നല്ല “സ്വകാര്യം” കൊടുക്കുകയാണു വേണ്ടത്.

SHANAVAS said...

മാഷേ, നമ്മുടെ ശാപമാണ് മാഷ്‌ മുകളില്‍ കുറിച്ച വരികളില്‍ മുന്തി നില്‍ക്കുന്നത്... എല്ലാം ചര്‍ച്ച ചെയ്തു തീരുമാനം വരുമ്പോഴേക്കും സഹായം ആവശ്യമുള്ളവര്‍ പരലോകം പൂകും..

കൊമ്പന്‍ said...

ഒരു നാടന്‍ പ്രയോഗം ഉണ്ട് മാഷേ പുല്ലൂട്ടിയില്‍ കെട്ടിയ പട്ടിയെ പ്പോലെ അതാണ്‌ മാഷ്‌ പറഞ്ഞത് ഇവര്‍ നന്നാവൂല നന്നാവാന്‍ സമ്മതിക്കുകയും ഇല്ല

Echmukutty said...

സങ്കടം തോന്നുന്നു, മനുഷ്യരെന്താ ഇങ്ങനെയായിപ്പോകുന്നത്?

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ,
ഈ പദ്ധതിക്കായി നന്നായി പ്രവര്‍ത്തിച്ച ആ നല്ല മനുഷ്യര്‍ മറ്റൊരു നേതൃത്വത്തില്‍ ഇത് നടപ്പിലാക്കും എന്ന് മനസ്സിലാക്കുന്നതില്‍ അതിയായി സന്തോഷിക്കുന്നു.മനുഷ്യത്വം വറ്റാത്ത ഒരു പിടി ആള്‍ക്കാരെങ്കിലും ഈ നാട്ടിലുള്ളതില്‍ നമുക്ക് അഭിമാനിക്കാം.

Post a Comment

നന്ദി....വീണ്ടും വരിക