Pages

Tuesday, February 28, 2012

നിസാ വെള്ളൂര്‍ - ഒരു ഓര്‍മ്മക്കുറിപ്പ്

ബൂലോകത്തെ നൈമിഷിക ജീവിതത്തിലെ ഒരു കുഞ്ഞുപരിചയമേ എനിക്ക്, നിസ എന്ന ഈ കുഞ്ഞുമോളുമായി ഉണ്ടായിരുന്നുള്ളൂ.അതും തുഞ്ചന്‍പറമ്പ് മീറ്റില്‍ വച്ച് നേരില്‍ കണ്ട അന്നത്തെ പരിചയം.എന്റെ മക്കളേയും അന്ന് ഞാന്‍ നിസയെ പരിചയപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെയായിരിക്കാം നിസയുടെ മരണവാര്‍ത്ത എന്റെ കുടുംബത്തെ മുഴുവന്‍ ദു:ഖാകുലരാക്കിയത്.

നിസയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്ന സമയങ്ങളില്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു.രക്തം ആവശ്യം വരും , വന്നാല്‍ അതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കണം എന്നതായിരുന്നു വിളിയുടെ ഉദ്ദേശ്യം.അതനുസരിച്ച് എന്റെ കോളേജില്‍ നിന്നും കുട്ടികളെ റെഡിയാക്കി നിര്‍ത്തുകയോ മെഡിക്കല്‍ കോളേജ് ബ്ലഡ്‌ബാങ്കിലുള്ള ചെറിയ ഒരു സ്വാധീനം ഉപയോഗിച്ച് (ആവശ്യമുള്ളവര്‍ക്ക് ഇപ്പോഴും എന്നെ വിളിക്കാം)അറേഞ്ച് ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടുണ്ട്.മിക്കവാറും സുഖമായി നിസ വീട്ടിലേക്ക് തിരിച്ചു പോകാറായിരുന്നു പതിവ്.

ഇങ്ങനെ നിസ അഡ്മിറ്റായ ഒരു ദിവസം അഞാതമായ ഒരു നമ്പറില്‍ നിന്നും എനിക്ക് ഒരു വിളി വന്നു.

“മാഷേ...ഇത് ഞാനാ നിസ...നിസ വെള്ളൂര്‍...”

“ആ..ഹാ...എന്താ...സുഖമായോ?”

“ആ...എനിക്ക് സുഖമുണ്ട്...പക്ഷേ...??”

“എന്താ...പറയൂ??”

“എനിക്ക് വേണ്ടി രക്തം തരാന്‍ ധാരാളം പേരുണ്ട്...എന്റെ തൊട്ടടുത്ത ബെഡിലെ ചേച്ചിക്ക്(അതോ ഇത്താത്ത എന്നോ പറഞ്ഞത് എന്ന് കൃത്യമായി ഓര്‍മ്മിക്കുന്നില്ല)നാളേക്ക് രക്തം വേണം.ഇതുവരെ എവിടെ നിന്നും ശരിയായിട്ടില്ല.മാഷ് എനിക്ക് വേണ്ടി ചെയ്ത പോലെ ഒന്ന് ശ്രമിക്കുമോ? ”

“തീര്‍ച്ചയായും...ചേച്ചിയോട് നാളെ രാവിലെ എന്നെ വിളിക്കാന്‍ പറയൂ...”

“ഞാന്‍ ചേച്ചിക്ക് ഇപ്പോള്‍ തന്നെ കൊടുക്കാം...ഇത് ചേച്ചിയുടെ ഫോണില്‍ നിന്നാണ് വിളിക്കുന്നത്...”

“ശരി....”

അവരും ഞാനും അല്പ നേരം സംസാരിച്ചു.ശേഷം പിറ്റേന്ന് രാവിലെത്തന്നെ രക്തം ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്കെങ്കിലും തന്നെപ്പോലെ രക്താര്‍ബുദത്തിന്റെ പിടിയില്‍ പെട്ട ആ ചേച്ചിയുടെ ദു:ഖവും ആശങ്കയും അകറ്റാന്‍ തന്റെ ആശുപത്രി ജീവിതത്തിനിടക്ക് നിസമോള്‍ കാണിച്ച ആ സന്മനസ്സ് ഞാന്‍ ഇന്നും അനുസ്മരിക്കുന്നു.

എന്‍.എസ്.എസ് അവാര്‍ഡ് ഏറ്റുവാങ്ങി കോഴിക്കോട്ട് വണ്ടി ഇറങ്ങിയ ഞാന്‍ നേരെ പോയതും നല്ല മനസ്സുള്ള നിസമോളുടെ മയ്യിത്ത് എങ്കിലും കാണുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടൂരിലേക്കായിരുന്നു.പക്ഷേ മിനുട്ടുകളുടെ വ്യത്യാസത്തില്‍ എനിക്ക് അവസാനമായി കാണാന്‍ സാധിച്ചില്ല.നിസയുടെ പിതാവ് എന്റെ കൈ പിടിച്ച് മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ ആ സന്ദര്‍ഭം ഒരു നോവായി ഇപ്പോഴും നിലനില്‍ക്കുന്നു.പണ്ടേ എന്റെ പ്രാര്‍ത്ഥനകളില്‍ ഉള്ള നിസമോള്‍ക്ക് വേണ്ടി ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.

7 comments:

Areekkodan | അരീക്കോടന്‍ said...

അവരും ഞാനും അല്പ നേരം സംസാരിച്ചു.ശേഷം പിറ്റേന്ന് രാവിലെത്തന്നെ രക്തം ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്കെങ്കിലും ആ ചേച്ചിയുടെ ദു:ഖവും ആശങ്കയും അകറ്റാന്‍ തന്റെ ആശുപത്രി ജീവിതത്തിനിടക്ക് നിസമോള്‍ കാണിച്ച ആ സന്മനസ്സ് ഞാന്‍ ഇന്നും അനുസ്മരിക്കുന്നു.

ശ്രീ said...

എനിയ്ക്കും നേരിട്ട് പരിചയമില്ല, എങ്കിലും ആ നല്ല മനസ്സിനെ ഞാനും നമിയ്ക്കുന്നു.

ഇത് പങ്കു വച്ചതു നന്നായി, മാഷേ

keraladasanunni said...

തുഞ്ചന്‍ പറമ്പില്‍ വെച്ചു നടന്ന ബ്ലോഗ് മീറ്റില്‍ ആ കുഞ്ഞിനെ കണ്ടിരുന്നു. തനിക്ക് ലൂക്കേമിയ എന്ന അസുഖമാണെന്ന് ആ കുട്ടി പറഞ്ഞപ്പോള്‍ തോന്നിയ ദുഖം ചെറുതല്ല. നല്ലതിനെ ദൈവം വേഗം 
തിരിച്ചെടുക്കും എന്നു പറയുന്നത് വെറുതെയല്ല.

സഹയാത്രികന്‍ I majeedalloor said...

അതെ, തുഞ്ചന്‍ പറമ്പില്‍ വെച്ച് ഒരു നോക്ക് കണ്ടു..
പ്രാര്‍ത്ഥനയോടെ..

Areekkodan | അരീക്കോടന്‍ said...

ശ്രീ...ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും ആ സഹാനുഭൂതി അവളുടെ മാനസികവളര്‍ച്ചയെ സൂചിപ്പിക്കുന്നു.

ദാസേട്ടാ...ഇവിടെ വേണ്ടവരെത്തന്നെയാണ് ദൈവത്തിനും വേണ്ടത് എന്ന് പണ്ടാരോ ആത്മഗതം ചെയ്തത് ഓര്‍മ്മ വരുന്നു.

സഹയാത്രികാ...പലരും അങ്ങനെത്തന്നെ.

Sabu M H said...

എനിക്കെന്തോ ആ കുട്ടി നമ്മുടെയിടയിൽ പുനർജ്ജനിക്കുമെന്നു തോന്നുന്നു.. ചില സമയങ്ങളിലെ തോന്നലുകൾ അത്ഭുതകരമായ രീതിയിൽ യാഥാർത്ഥ്യമാവാറുണ്ട്‌..

Echmukutty said...

അവൾ കടന്നു പോയ ശേഷമാണ് കവിതകൾ വായിച്ചത്....സാബുവിന്റെ തോന്നൽ എനിയ്ക്കും ഉണ്ടെന്നറിയിയ്ക്കട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക