Pages

Saturday, November 09, 2013

പശ്ചിമഘട്ടത്തിലൂടെ ഒരു തീവണ്ടി യാത്ര.....2

-->
          ആദ്യത്തെ തുരങ്കം കഴിഞ്ഞതും ട്രെയിനിന്റെ ശബ്ദം വീണ്ടും മാറി. വാതിലിനടുത്ത് നിന്ന ഞാൻ കൈവരിയില്ലാത്ത ഒരു ചെറിയ പാലം കണ്ടു.അമ്പതടിയോളം താഴ്ചയുള്ള ഒരു ഗർത്തത്തിന് മുകളിലൂടെയായിരുന്നു ആ സമയത്തെ യാത്ര.സ്റ്റെപ്പിന്റെ നേരെ താഴെ കാണുന്ന ഗർത്തം മനസ്സിൽ ഒരു മിന്നൽ പിണർ പായിച്ചു.ട്രെയിൻ കൂളായി പാലവും ഗർത്തവും പിന്നിട്ടു.


          പുറത്ത് ചാറ്റൽ മഴ തുടരുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ യഥാർത്ഥ ഭംഗി മഴയുടെ കിന്നാരത്തിലൂടെയും കാറ്റിന്റെ മർമ്മരത്തിലൂടെയും കോടയുടെ തൂവൽ‌സ്പർശത്തിലൂടെയും ഞങ്ങൾ ശരിക്കും ആസ്വദിച്ചു. തുരങ്കങ്ങളും ഗർത്തങ്ങളും ഒന്നൊന്നായി പിന്നിലേക്ക് പാഞ്ഞുകൊണ്ടിരുന്നു.ചില തുരങ്കങ്ങളിൽ ഗുഹ പോലെയുള്ള ഭാഗങ്ങളും കണ്ടു.ഞങ്ങളുടെ സുഗമമായ ട്രെയിൻ യാത്രക്ക് സ്വന്തം ജീവൻ പോലും അവഗണിച്ച് ആ തുരങ്കത്തിലെ ഗുഹയ്ക്കുള്ളിൽ കയ്യിൽ ഒരു ടോർച്ചുമായി ചില മനുഷ്യർ നിൽക്കുന്നുണ്ടായിരുന്നു!അവരുടെ ഉത്തരവാദിത്വപൂർണ്ണമായ കൃത്യനിർവ്വഹണമാണ് ഞങ്ങളെപ്പോലുള്ളവരുടെ യാത്ര സുരക്ഷിതമാക്കുന്നത് എന്ന തിരിച്ചറിവിൽ ഞാൻ അവരെ മനസാ നമിച്ചു.


          ട്രെയ്നിന്റെ യാത്രയ്ക്ക് വേഗത വളരെ കുറഞ്ഞിരിക്കുന്നു.ശരിക്കും കിതച്ചോടുന്ന ഒരു കുതിരയെപ്പോലെയാണ് ഇപ്പോൾ ട്രെയിൻ പോയിക്കൊണ്ടിരിക്കുന്നത്.ഒരുവശത്ത് വീഴാൻ കൊതിച്ച് നിൽക്കുന്ന പാറക്കെട്ടുകളെ വലിയ ഇരുമ്പ് വടങ്ങളും വലയും ഉപയോഗിച്ച് സമാധാനിപ്പിച്ച് നിർത്തിയിരിക്കുന്നു.മറുഭാഗത്ത് ഈ പാറക്കെട്ടുകളെ മാറോടണക്കാൻ പച്ചപ്പരവതാനി വിരിച്ച് കാത്ത് നിൽക്കുന്ന താഴവരകളും.മരങ്ങൾക്കിടയിലെ വിടവിലൂടെ, അങ്ങ് ദൂരെ ഒരു നദി പാറക്കെട്ടുകളെ തഴുകി പാൽനുര പോലെ ഒഴുകുന്നത് കാണുന്നുണ്ട്.അതിനുമപ്പുറത്തുള്ള കാടുകൾക്കിടയിൽ എന്തൊക്കെയോ നിരങ്ങിനീങ്ങിക്കൊണ്ടിരിക്കുന്നു.സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് ഒരു മലമ്പാതയാണെന്ന് മനസ്സിലായത്.വളഞ്ഞ് പുളഞ്ഞ് നീളുന്ന ചുരം റോഡിലൂടെ അരിച്ചരിച്ച് നീങ്ങുന്ന വാഹനങ്ങൾ ആ പാതയുടെ ദുർഘടം വ്യക്തമാക്കി.20 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ബോംബയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ഒരു ടെസ്റ്റ് എഴുതാനായി ബസ്സിൽ പോയപ്പോൾ മണിക്കൂറുകളോളം അത്തരം ഒരു പാതയിലൂടെ സഞ്ചരിച്ചതും അന്ന് കണ്ട ചില അപകട ദൃശ്യങ്ങളും ഓർമ്മയുടെ ഫ്ലാഷ്ബാക്കിൽ മിന്നിമറഞ്ഞു.അതേ പോലെയുള്ള ഒരു മലയിലൂടെയാണ് ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ട്രെയിനും കടന്നുപോകുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ് ട്രെയ്നിന്റെ കിതച്ചോട്ടത്തിന്റെ പൊരുൾ ബോധ്യമായത്.

          പുറത്ത് ചാറ്റൽമഴ ഏകദേശം അവസാനിച്ചു.നാല്പതോളം തുരങ്കങ്ങളും നൂറിലധികം പാലങ്ങളും പിന്നിലേക്ക് ഓടിപ്പോയി.കുട്ടികളായ യാത്രക്കാരുടെ ഓരിയിടൽ കേൾക്കാതായി.ട്രെയ്നിന്റെ വേഗത വർദ്ധിക്കാൻ തുടങ്ങി.മലകൾക്കും താഴ്വരകൾക്കും പകരം നിരപ്പായ സ്ഥലങ്ങൾ കണ്ട് തുടങ്ങി.മുന്നിൽ സുന്ദരമായ ഒരു സ്റ്റേഷൻ തെളിഞ്ഞു – സക്ലേഷ്പുർ.ട്രെയിൻ സാവധാനം സ്റ്റേഷനിൽ ചെന്ന് നിർത്തി.





( തുടരും...)

2 comments:

Areekkodan | അരീക്കോടന്‍ said...

.മുന്നിൽ സുന്ദരമായ ഒരു സ്റ്റേഷൻ തെളിഞ്ഞു – സക്ലേഷ്പുർ.ട്രെയിൻ സാവധാനം സ്റ്റേഷനിൽ ചെന്ന് നിർത്തി.

ajith said...

ഞാനുമുണ്ട് യാത്രയ്ക്ക്
തുടരൂ

Post a Comment

നന്ദി....വീണ്ടും വരിക