Pages

Monday, November 25, 2013

ടിപ്പുവിന്റെ മുറ്റത്ത്….

           വീട് വിട്ടിട്ട് ഇന്നേക്ക് അഞ്ച് ദിവസമായി. മൂന്ന് ദിവസത്തെ പദ്ധതിയുമായി പുറപ്പെട്ട ഞങ്ങള്‍ക്ക് പക്ഷേ തിരിച്ചു പോകാന്‍ തോന്നിയതേ ഇല്ല. എങ്കിലും മടക്കം അനിവാര്യമായതിനാല്‍ ഇന്ന് തിരിച്ച് നാട്ടിലേക്ക് പോകാന്‍ തീരുമാനമായി. അരസിക്കരെ നിന്നും രാവിലെ മൈസൂരിലേക്കുള്ള വണ്ടിയില്‍ കയറി അവിടെ നിന്നും ബസ് മാര്‍ഗ്ഗം നാട്ടിലെത്താനാണ് എളുപ്പം എന്നതിനാല്‍ അങ്ങത്തന്നെയാവട്ടെ എന്ന് കരുതി.

              മടക്കം മൈസൂര്‍ വഴി ആയതിനാല്‍ അവിടേയും കൂടി ഒന്നു ചുറ്റിക്കറങ്ങിയാലോ എന്ന ചോദ്യം എന്റെ മനസ്സില്‍ വെറുതേ ഉദിച്ചു. എല്ലാവരും അതിനെ പിന്താങ്ങിയതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മൈസൂര്‍ സന്ദര്‍ശനം തരമായി.

     മൈസൂര്‍ നഗരത്തില്‍ പ്രധാനമായും കാണാനുള്ളത് കാഴ്ചബംഗ്ലാവും മൈസൂര്‍ കൊട്ടാരവുമാണ്. ഇതില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നതും ആസ്വാദ്യകരമാകുന്നതും കാഴ്ചബംഗ്ലാവായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ നേരെ കാഴ്ചബംഗ്ലാവിലേക്ക് ടാക്സി പിടിച്ചു.
         ആളൊന്നിന് 50 രൂപ എന്ന കഴുത്തറുപ്പന്‍ പ്രവേശനഫീസ് ആര്‍ക്കും പ്രശ്നമല്ല എന്ന് കാഴ്ചബംഗ്ലാവിന്റെ അകത്തും പുറത്തുമുള്ള ജനസമുദ്രം വിളിച്ചോതി. അകത്തു നിന്നും പുറത്തു നിന്നും കൂടുതലും ഉയര്‍ന്നത് മലയാളത്തിലുള്ള സംസാരമായതിനാല്‍ ആരും പ്രതികരിക്കാത്തതിന്റെ പൊരുളും പിടികിട്ടി - എല്ലാവരും അനുഭവിക്കുകയാണെങ്കില്‍ ഞാനും ഈ ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍ എന്ന മലയാളി മനസ്സ് തന്നെ !!

            കാഴ്ചബംഗ്ലാവില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് ജിറാഫായിരുന്നു. കമ്പ്യൂട്ടര്‍ അനിമേഷന്‍ ചിത്രത്തില്‍ ജിറാഫിനെക്കണ്ട് പരിചയമുള്ള എന്റെ ചെറിയമകള്‍ ലൂന ഉടന്‍ വിളിച്ച് കൂവി - “ഉപ്പച്ചീ .....പൂപ്പിയിലെ ജീറാഫ്....”

          പിന്നീട് കാഴ്ചയുടെ ഒരു വിസ്മയലോകമായിരുന്നു എല്ലാവര്‍ക്കും മുന്നില്‍ തുറന്നത് - പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും അടക്കം നിരവധി ജന്തുക്കള്‍. കരയിലെ ഏറ്റവും വലിയ മൃഗമായ ആഫ്രിക്കന്‍ ആനയും നമ്മുടെ ദേശീയമൃഗമായ കടുവയും ദേശീയപക്ഷി മയിലും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സിംഹത്തെ കാണണമെന്ന് ലൂനമോള്‍ നിര്‍ബന്ധം പിടിച്ചെങ്കിലും , ഉറങ്ങുന്ന സിംഹത്തെ അവള്‍ക്കിഷ്ടമായില്ല.


                 പെട്ടെന്നാണ് ഒരു കൂട്ടം ജനങ്ങള്‍ കയ്യടിക്കുന്നതും ആര്‍ത്ത് വിളിക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളും വേഗം അങ്ങോട്ട് നീങ്ങി. വിശാലമായ ഒരു സ്ഥലത്ത് രണ്ട് ചിമ്പാന്‍സികള്‍. അതില്‍ ഒരുത്തന്‍ ഒരു മരത്തില്‍ വലിഞ്ഞ് കയറുന്നു. ശേഷം ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞ് നിന്ന് ഇരു കയ്യും വീശി. ജനങ്ങള്‍ കയ്യടിച്ചപ്പോള്‍ അവനും രണ്ട് കയ്യും കൂട്ടി അടിക്കാന്‍ തുടങ്ങി ! ശരിക്കും നാം കയ്യടിക്കുന്ന പോലെയുള്ള ശബ്ദം കേട്ടു. പിന്നീടാണ് അവന്റെ യഥാര്‍ത്ഥ പ്രകടനം നടന്നത്. ആ മരത്തില്‍ നിന്നുകൊണ്ട് പ്രഭുദേവ സ്റ്റൈലില്‍ ഊര കുലുക്കി കയ്യുയര്‍ത്തിക്കൊണ്ടുള്ള ഒരു ഡാന്‍സ് !!ജനം ആര്‍ത്ത് കയ്യടിച്ചു. ഉടന്‍ അവനും കയ്യടിച്ചു.


               പ്രകടനം നിര്‍ത്തി അവന്‍ താഴെ ഇറങ്ങിയതോടെ  ജനങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി. പാമ്പുകളുടെ ലോകത്ത് എത്തിയപ്പോഴാണ് ‘ഗ്രീന്‍ അനക്കോണ്ട’ എന്ന ബോര്‍ഡ് കണ്ടത്. ചില്ല് കൂട്ടിനുള്ളില്‍ നിന്നും പുറത്തേക്കുള്ള വഴി തേടുന്ന പാമ്പുകളും ഏറെ ഭയാനകമായി കേട്ട അനക്കോണ്ടയും  ഞങ്ങളില്‍ ഒരു ഭീതിയും ഉണ്ടാക്കിയില്ല.



          നടന്ന് നടന്ന് എല്ലാവര്‍ക്കും മടുത്തു. മൂന്നരമണിക്കൂറിലധികമായി  ഈ നടത്തം തുടങ്ങിയിട്ട് എന്നതും സമയം ഏകദേശം നാല് മണി ആയി എന്നതും ഒരു ഞെട്ടലോടെ എല്ലാവരും മനസ്സിലാക്കി. അന്നും ഉച്ചഭക്ഷണം നാല് മണി കഴിഞ്ഞാണ് വയറ്റിലെത്തിയത് !!

               ഇനി ബാക്കിയുള്ളത് ഏതൊരു ടൂറിന്റേയും അവസാനമുള്ള ഷോപ്പിംഗ് ആണ്. ടൌണില്‍ ചെറിയൊരു ഷോപ്പിംഗ് നടത്താനുള്ള സ്ഥലത്തെത്തിക്കാന്‍ രണ്ട് കുതിരവണ്ടിക്കാരെ ശട്ടം കെട്ടി. അങ്ങിനെ കുതിരവണ്ടി യാത്രയും ശേഷം ഷോപ്പിംഗും നടത്തി. വൈകുന്നേരം അഞ്ചരയോടെ ബസ് മാര്‍ഗ്ഗം ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. രാത്രി 12 മണിയോടെ വീട്ടിലെത്തിയപ്പോള്‍ അഞ്ച് ദിവസത്തെ പത്രങ്ങള്‍ സിറ്റൌട്ടില്‍ ചിതറിക്കിടന്നിരുന്നു.

(അവസാനിച്ചു)

4 comments:

Riyas Nechiyan said...

ആബിദ് ഭായ് വിവരണങ്ങള്‍ നന്നായിട്ടുണ്ട് കുറച്ചു ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ വര്‍ണാഭമായിരുന്നു... :)

ajith said...

അതെയതെ. ചിത്രങ്ങളും കൂടിയുണ്ടായിരുന്നെങ്കില്‍!!

Areekkodan | അരീക്കോടന്‍ said...

റിയാസ് ഭായ്. & അജിത്‌ജി.....ചിത്രങ്ങള്‍ ഇപ്പോള്‍ എല്ലാ പോസ്റ്റിലും കൂട്ടിച്ചേര്‍ത്തു.

Riyas Nechiyan said...

നന്നായിരിക്കുന്നു അരീക്കോടന്‍

Post a Comment

നന്ദി....വീണ്ടും വരിക