Pages

Friday, March 28, 2014

വാഗയിലെ റിട്രീറ്റ് സെറിമണി (ലുധിയാന – 6)

ജാലിയൻ‌വാലാബാഗിൽ…(ലുധിയാന–5)

     വാഗ അതിർത്തിയിൽ ഞങ്ങളെത്തുമ്പോൾ സമയം നാല് മണി ആയിരുന്നു. അതിർത്തിയിലെ ദേശീയപതാക താഴ്ത്തുന്ന നയനാനന്ദകരമായ റിട്രീറ്റ് സെറിമണി കാണാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ക്യൂ ഉണ്ടായിരുന്നു. പേഴ്സ്, മൊബൈൽ ഫോൺ, ക്യാമറ എന്നിവ ഒഴികെ ഒന്നും തന്നെ കൊണ്ടുപോകരുത് എന്ന് താൽകത് സിംഗ് എന്ന ഞങ്ങളുടെ ഡ്രൈവർ നിർദ്ദേശം തന്നിരുന്നു.കയ്യിലുണ്ടായിരുന്ന എല്ലാ ബാഗുകളും വാഹനത്തിൽ തന്നെ വച്ച് ഞങ്ങൾ വേഗത്തിൽ നടന്നു.

          നടത്തത്തിനിടയിൽ തന്നെ , മുഖത്ത് ഇന്ത്യൻ പതാക വരക്കാൻ കുട്ടികൾ ചുറ്റും കൂടിക്കൊണ്ടിരുന്നു. വെറും അഞ്ച് മിനുട്ടിനുള്ളിൽ 20 രൂപയ്ക്ക് ഇരു കവിളിലും പതാക വരച്ച് തരും.ദേശസ്നേഹം വാനോളം ഉയരുന്ന റിട്രീറ്റ് സെറിമണി നിമിഷങ്ങളിൽ പലരുടേയും മുഖത്ത് ഈ പതാക ജ്വലിച്ച് നിൽക്കുന്നത് പോലെ തോന്നും.അടുത്ത് നിന്ന് നോക്കിയാൽ പതാകയിൽ ചില അപാകതകൾ കണ്ടേക്കാം എങ്കിലും മൊത്തത്തിൽ ഒരു ചന്ദം തോന്നും.

           ഒരൊറ്റ ലൈനായി നീങ്ങിയ പുരുഷന്മാർ സുരക്ഷാപരിശോധനക്ക് എത്തുമ്പോൾ നാല് ലൈനായി മാറി.അടിമുടി ശരീരം തപ്പി നോക്കിയുള്ള പരിശോധനയിൽ കീശയിൽ തടയാൻ ഒന്നുമില്ലെങ്കിൽ വളരെ സുഗമമായി കടന്നു പോകാം.ബാഗ് കൊണ്ടുപോയാൽ മിക്കവാറും ഈ പരിശോധന കടന്ന് കിട്ടാൻ പ്രയാസമാകും.വണ്ടി ഇറങ്ങുന്ന സ്ഥലത്ത് തന്നെ ബാഗുകളും ലഗേജുകളും എല്ലാം സൂക്ഷിക്കാനുള്ള പെയ്ഡ് കൌണ്ടറുകൾ ഉണ്ട്.



           ഇടത്തേ ഗ്യാലറിയിലേക്കായിരുന്നു ആദ്യം ആദ്യം എത്തുന്നവർക്കുള്ള പ്രവേശനം. ഞങ്ങളെത്തുമ്പോഴേക്കും ഇടത് ഗ്യാലറി നിറഞ്ഞ് കവിഞ്ഞിരുന്നു.പെട്ടെന്നാണ് വലത് ഗ്യാലറിയിലേക്കുള്ള ഗേറ്റ് തുറന്നത്.ഇടത് വശത്തേക്ക് ഓടിക്കയറിയ ഞാൻ അതേ വേഗത്തിൽ വലത് ഗ്യാലറിയിൽ എത്തി.പക്ഷേ ഗ്യാലറി സൂര്യനഭിമുഖമായതിനാൽ കാഴ്ചക്ക് തടസ്സം നേരിട്ടിരിരുന്നു.




           അതിർത്തിരക്ഷാസേനയിലെ ഭടന്മാർ അണിയണിയായി നിൽക്കുന്നതും കാണികളെ നിയന്ത്രിക്കുന്നതും കാണാമായിരുന്നു.അല്പസമയത്തിനകം തന്നെ സേനാ യൂനിഫോമിൽ അല്ലാത്ത ഒരാൾ വന്ന് എല്ലാവരെയും സ്വാഗതം ചെയ്തു. ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിക്കാനും , വന്ദേമാതരം വിളിക്കാനും , ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിക്കാനും അദ്ദേഹം കാണികളോട് ആംഗ്യ ഭാഷയിൽ പറഞ്ഞു.




         പെട്ടെന്ന് അവിടെക്കൂടിയിരുന്ന കുറേ സ്ത്രീകൾ റോഡിന്റെ മദ്ധ്യഭാഗത്ത് ഒരു ക്യൂവായി രൂപപ്പെട്ടു.ആ ക്യൂവിന്റെ മുന്നിലേക്ക് ജവാന്മാർ കുറേ ദേശീയപതാകകൾ എത്തിച്ചു. ദേശീയപതാക ഏന്തിക്കൊണ്ട് സ്ത്രീകൾ ഓരോരുത്തരായി ഇന്ത്യയുടെ ഗേറ്റ് വരെ ഓടി തിരിച്ചു വന്നു.ഇതുകണ്ട് കൂടുതൽ പേർ ഇറങ്ങാൻ തുടങ്ങിയതോടെ ക്യൂവിന്റെ വലിപ്പം കൂടിക്കൊണ്ടേ ഇരുന്നു.കൊച്ചുകുട്ടികളേയും എടുത്ത് ഓടിയവരും നിരവധിയായിരുന്നു.



            25-ലധികം പേർ ഓടിക്കഴിഞ്ഞപ്പോൾ പതാക ഗ്യാലറിയിലെ ആൺനിരയിലേക്ക്  കൈമാറപ്പെട്ടു. അവരത് വീശിക്കൊണ്ടിരിക്കുന്നതിനിടയിൽ ഉച്ചഭാഷിണിയിലൂടെ ദേശഭക്തിസ്ഫുരിക്കുന്ന ഹിന്ദി സിനിമാഗാനങ്ങൾ ഒഴുകി വരാൻ തുടങ്ങി.ചക്ദേ ഇന്ത്യയും ദേശ് കീ രംഗീലയും ജയ്ഹോയും കാണികളെ ഹരം കൊള്ളിച്ചു.പാട്ടുക്കൾക്കൊത്ത് പെൺകുട്ടികൾ റോഡിന് നടുവിൽ നൃത്തച്ചുവടുകൾ വച്ചു.

            പിന്നീടായിരുന്നു അതിർത്തി രക്ഷാസേനയുടെ ത്കർപ്പൻ പ്രകടനം.ഉച്ചത്തിലുള്ള ഒരു ആജ്ഞ കേട്ട് രണ്ട് സ്ത്രീഭടന്മാർ ഗേറ്റിലേക്ക് കുതിച്ച് മാർച്ച് ചെയ്തു.ശേഷം ഓരോ ആജ്ഞകൾക്കനുസരിച്ച് ഓരോ ഭടന്മാരായി ഗേറ്റിലേക്ക് അതിവേഗം മാർച്ച് ചെയ്ത് നീങ്ങി.മാർച്ച് ചെയ്യുന്ന ഭടനെ പ്രോത്സാഹിപ്പിക്കാൻ വെള്ളവേഷധാരി കാണികളോട് ഉച്ചത്തിൽ കയ്യടിക്കാൻ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.ഗേറ്റിനടുത്തെത്തി ഓരോ ഭടനും തലക്ക് മുകളിൽ കാലെത്തുന്ന രൂപത്തിൽ കാല് പൊക്കുന്നതും നിലത്ത് ആഞ്ഞ് ചവിട്ടുന്നതും കാണാമായിരുന്നു.




         അല്പസമയം കഴിഞ്ഞ് ഇന്ത്യയുടെ ഗേറ്റും മറുവശത്ത് പാകിസ്ഥാനിന്റെ ഗേറ്റും തുറന്നു.ഇന്ത്യയുടെ ഒരു ഭടൻ പാകിസ്ഥാനിന്റെ ഗേറ്റു വരേയും പാകിസ്ഥാൻ ഭടൻ ഇന്ത്യൻ ഗേറ്റ് വരേയും വന്ന് ഹസ്തദാനം നടത്തി നെഞ്ച് വിരിച്ച് മുഖത്തോട് മുഖം നോക്കി നിന്നു.കാണികളിൽ ദേശസ്നേഹത്തിന്റെ മൂർദ്ധന്യത നിറഞ്ഞ ആ നിമിഷത്തിൽ ഭാരത് മാതാ കീ ജയ് വിളി ഉച്ചത്തിൽ ഉയർന്നു. പാകിസ്ഥാൻ ഭാഗത്ത് നിന്നും ‘ലാ ഇലാഹ ഇല്ലള്ളാ’ എന്നും ഉയർന്നു കേൾക്കാമായിരുന്നു.

         ആരവങ്ങൾക്കൊപ്പം ഇന്ത്യൻ ഗ്യാലറിയിൽ ത്രിവർണ്ണ പതാകയും പാകിസ്ഥാൻ ഗ്യാലറിയിൽ പാകിസ്ഥാൻ പതാകയും ശക്തിയായി വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഗേറ്റുകൾ തമ്മിൽ ഒരു നിശ്ചിത അകലവും സെറിമണി നടക്കുന്ന സ്ഥലവും ഗ്യാലറിയും തമ്മിലും അകലം ഉണ്ടായിരുന്നതിനാൽ ഭടന്മാർക്കിടയിലെ ദേശസ്നേഹാവേശം കാണികൾക്കിടയിൽ പടർന്നിട്ടും അക്രമാവസ്ഥയിൽ എത്തിയില്ല അല്ലെങ്കിൽ എത്തില്ല.

               ഭടന്മാരുടെ പ്രകടനങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളുടേയും പതാകകൾ താഴ്ത്തുന്ന ചടങ്ങ് ആരംഭിച്ചു.ഒരേ വേഗതയിൽ ഇന്ത്യയുടേയും പാകിസ്ഥാനിന്റേയും പതാകകൾ താഴുന്നതോടൊപ്പം അതിർത്തി രക്ഷാ സേനയുടെ പതാകയും അവരുടെ ഓഫീസിനു മുമ്പിൽ താഴ്ത്തിക്കൊണ്ടിരുന്നു. പതാക താഴ്ത്തിയതോടെ നേരത്തെ ഗേറ്റിനടുത്തേക്ക് മാർച്ച് ചെയ്ത അതേ ക്രമത്തിൽ ഭടന്മാർ തിരിച്ച് മാർച്ച് ചെയ്തു.താഴ്ത്തിയ ദേശീയപതാക രണ്ട് ഭടന്മാർ ആദരവോടെ കൊണ്ട് വന്ന് അതിർത്തി രക്ഷാ സേനയുടെ പതാകയിലേക്ക് വച്ചു.അത് ഓഫീസിനകത്തേക്ക് മാറ്റിയതോടെ അര മണിക്കൂർ നീണ്ടു നിന്ന റിട്രീറ്റ് സെറിമണി അവസാനിച്ചു. 

   സെറിമണിക്ക് ശേഷം കാണികൾ അതിർത്തിയിലെ ഗേറ്റിനടുത്തേക്ക് നീങ്ങി.ഞങ്ങളും ആ മഹപ്രവാഹത്തിൽ ചേർന്നു.ആരൊക്കെയോ ഉന്തി ഉന്തി ഞാൻ അതിർത്തിയിലെത്തി.ചിത്രത്തിൽ മാത്രം കണ്ട് പരിചയമുള്ള ഇന്ത്യയുടെ അതിർത്തിയിലെ ഗേറ്റ് എന്റെ മുന്നിൽ.തൊട്ടപ്പുറം പാകിസ്ഥാനിന്റെ ‘ബാബ് ആസാദ്’ !! ഞാൻ കണ്ണ് വീണ്ടും വീണ്ടും തിരുമ്മി അത് ഒരു സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്തി !!!






       റിട്രീറ്റ് സെറിമണി ദിവസത്തിൽ രണ്ട് പ്രാവശ്യം നടക്കും.രാവിലേയും വൈകിട്ടും.കാലത്തേത് അതിരാവിലെ ആയതിനാൽ തിരക്ക് കുറവായിരിക്കും.വൈകിട്ട് നടക്കുന്ന സെറിമണി തണുപ്പ് കാലത്ത് നാല് മണിക്ക് തന്നെ ആരംഭിക്കും.ലുധിയാനയിൽ നിന്നും നൂറില്പരം കിലോമീറ്ററുകൾ താണ്ടി വന്ന ഞങ്ങൾക്ക് ആദ്യ ദിവസം താമസിച്ചതിനാൽ കാണാൻ സാധിച്ചില്ല.രണ്ടാം പ്രാവശ്യം എത്തിയാണ് വർണ്ണശബളമായ ഈ പരിപാടി പിന്നീട് നേരിൽ കണ്ടത്.കണ്ടില്ല എങ്കിൽ തീർച്ചയായും അത് നഷ്ടമാകുമായിരുന്നു എന്ന് അന്ന് മനസ്സിലായി.

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

ചിത്രത്തിൽ മാത്രം കണ്ട് പരിചയമുള്ള ഇന്ത്യയുടെ അതിർത്തിയിലെ ഗേറ്റ് എന്റെ മുന്നിൽ.തൊട്ടപ്പുറം പാകിസ്ഥാനിന്റെ ‘ബാബ് ആസാദ്’ !! ഞാൻ കണ്ണ് വീണ്ടും വീണ്ടും തിരുമ്മി അത് ഒരു സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്തി !!!

ajith said...

വല്ലാത്ത ഒരു കസര്‍ത്ത്. എനിക്ക് ഇഷ്ടമില്ല. (റ്റി.വിയില്‍ മാത്രമേ കണ്ടിട്ടുള്ളു)

Areekkodan | അരീക്കോടന്‍ said...

അജിത്ജീ....ശരിയാണ്...ഊര്‍ജ്ജം വെറുതെ കളയുന്ന ഒരു കസര്‍ത്തുകളി എന്ന് എനിക്കും തോന്നി.

Basheer Vallikkunnu said...

പ്രിയ അരീക്കോടന്‍.. നന്നായി എഴുതി.. യാത്രകള്‍ തുടരട്ടെ..

Areekkodan | അരീക്കോടന്‍ said...

ബഷീർ ബായ്....സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി....യാത്രകൾ തുടരുന്നു , എഴുത്ത് പിന്നിലാവുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

Post a Comment

നന്ദി....വീണ്ടും വരിക