Pages

Thursday, September 25, 2014

രാഷ്ട്രപതിഭവനിലൂടെ…. (ആദ്യ വിമാനയാത്ര - 9)


സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതിഭവന്റെ മുറ്റത്ത് എത്തി.പ്രവേശന സമയം ആകാത്തതിനാൽ ഞങ്ങൾ പുറം കാഴ്ചകളിൽ മയങ്ങി നടന്നു.എഡ്വിൻ ല്യൂട്ടൻസ് രൂപകല്പന ചെയ്ത  രാഷ്ട്രപതിഭവനിന്റെ മനോഹരമായ കാഴ്ചകൾ ഞങ്ങൾ മനസ്സിലേക്കു പകർത്തി.ക്യാമറയും ഫോണും അകത്ത് കടത്താൻ പറ്റില്ല എന്ന് പറഞ്ഞിരുന്നതിനാൽ അവ റൂമിൽ വച്ചായിരുന്നു ഞങ്ങൾ പോന്നിരുന്നത്.

“അവിടെ ചിലപ്പോൾ ‘അത്’ ചോദിച്ചാലോ? ‘അത് ‘ എന്റെ കയ്യിലാഅതിനാൽ ഞാൻ ബാഗ് എടുക്കുന്നു.ക്യാമറയും അതിൽ ഇടാലോ” ക്യാമറ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത സുരേഷ് സാർ പറഞ്ഞു.

“ആ എടുത്തോളൂ.പോയാൽ, സാറെ ക്യാമറയല്ലേ പോകൂ.” ഞാൻ സുരേഷ് സാറെ പിന്താങ്ങി.

“കിട്ട്യാൽ രാഷ്ട്രപതിഭവൻപോയാൽ കാണോൻ” മറ്റാരോ കൂടി പിന്താങ്ങി.

പക്ഷേ സുരേഷ് സാറിന്റെ ക്യാമറ ഉപകാരമായി.പ്രത്യേകിച്ച് ആരും തന്നെ ശ്രദ്ധിക്കാൻ ഇല്ലാത്തതിനാൽ ഞങ്ങൾ പലസ്ഥലത്തും നിന്ന് ക്ലിക്കി.അങ്ങനെ രാഷ്ട്രപതിഭവനിന്റെ  മനോഹരമായ ആ ശില്പഭംഗി ക്യാമറയിലും കിട്ടി.






രാഷ്ട്രപതിഭവനിലെ മ്യൂസിയത്തിന്റെ റിസപ്ഷൻ കൌണ്ടറിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ ഞങ്ങളെപ്പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ധാരാളം പേർ കാത്തിരിക്കുന്നുണ്ടായിരുന്നു. അല്പസമയത്തിനകം തന്നെ അവാർഡ് ജേതാക്കളും ഞങ്ങളുടെ ഒപ്പം ചേർന്നു.ഫോട്ടോ എടുക്കരുത് എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും നിർദ്ദേശിച്ചിരുന്നതിനാൽ അവിടെ ഇരുന്ന് ഫോട്ടോ എടുത്തിരുന്നവർ എല്ലാം ‘നിരക്ഷരർ’ ആണെന്ന് മനസ്സിലായി.

രാഷ്ട്രപതിഭവനിലെ ഔദ്യോഗിക ഗൈഡ് ആണെന്ന് തോന്നുന്നു , ഒരാൾ ഞങ്ങളെ എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു.വിസ്മയക്കാഴ്ചകളിലൂടെ ഞങ്ങൾ ഊളിയിടാൻ തുടങ്ങി.ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രഭുക്കളൊ , വൈസ്രോയിയോ ഒക്കെ ആയ കുറേ ‘കാത്സറായി’ക്കാർ (പാന്റിട്ടവർക്ക് പണ്ട് ഞങ്ങളുടെ നാട്ടിൽ പറഞ്ഞിരുന്ന പേര്) ചുമരിൽ ചാരി നിൽക്കുന്നു.ഇടക്കിടക്ക് അംഗലാവണ്യം തുളുമ്പുന്ന ചിലരും ഉണ്ട്.അവരുടെ അടുക്കളയിൽ ഉപയോഗിച്ചിരുന്ന സ്പൂൺ അടക്കം അവിടെ പ്രദർശിപ്പിച്ചിരുന്നു.ഇംഗ്ലീഷുകാർ രാജ്യം വിട്ടു പോയിട്ടും അവരുടെ ശേഷിപ്പുകൾ നമ്മുടെ രാഷ്ട്രപതിഭവനിനകത്ത് തന്നെ പ്രദർശിപ്പിക്കാൻ കാരണം എനിക്ക് മനസ്സിലായില്ല (അത് സാധാരണ ജനങ്ങൾ കാണേണ്ട എന്ന് കരുതിയാണാവോ?).

വിവിധ രാഷ്ട്രപതിമാർക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന സമ്മാനങ്ങളുടെ കലവറയിലേക്കായിരുന്നു പിന്നീട് പോയത്. രാഷ്ട്രപതിമാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെതാണെന്ന് ‘ഗൈഡ്’ പറഞ്ഞുതന്നു.പക്ഷേ തനിക്ക് കിട്ടിയ സമ്മാനങ്ങൾ വീട്ടിലെത്തിച്ച ഒരു രാഷ്ട്രപതിയുണ്ടെന്നും അദ്ദേഹത്തിലൂടെ ഞങ്ങൾക്ക് മനസ്സിലായി.വില പിടിപ്പുള്ള വിവിധ സമ്മാനങ്ങൾ കണ്ടപ്പോൾ അവർ ചെയ്തതിൽ വലിയ കുറ്റം ഞങ്ങൾക്ക് തോന്നിയില്ല -  രാഷ്ട്രപതിയും ഒരു മനുഷ്യനല്ലേ, കിട്ടിയ  സമ്മാനം വീട്ടിൽ എത്തിക്കുന്നത് മനുഷ്യസഹജമല്ലേ?

 കാർഗിൽ യുദ്ധത്തിൽ വിജയിച്ച് ഇന്ത്യൻ ഭടന്മാർ ഉയർത്തിയ ദേശീയപതാകയും മറ്റനേകം അമൂല്യമായ ശേഷിപ്പുകളും കണ്ടപ്പോൾ ഞങ്ങളിൽ ഒരു ദേശീയബോധം നുരഞ്ഞ്പൊങ്ങി.ഇവയിൽ പലതും സാധാരണ ജനങ്ങൾ കൂടി കാണേണ്ടതാണ് എന്ന് അപ്പോൾ തോന്നിപ്പോയി.

മ്യൂസിയത്തിലെ കാഴ്ചകൾ കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതിഭവനിലെ ഹാളുകളിലേക്ക് പ്രവേശിച്ചു.അശോക ഹാൾ , ഡൈനിങ് ഹാൾ, ദർബാർ ഹാൾ തുടങ്ങിയവയാണ് പ്രധാന ഹാളുകൾ.ദർബാർ ഹാളിൽ ബുദ്ധന്റെ ഉടഞ്ഞ ഒരു പ്രതിമക്ക് (എഡി അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിലെ പ്രതിമ) താഴെ ഒരു ഇരിപ്പിടം സജ്ജമാക്കിയിരുന്നു –രാഷ്ടപതിയുടെ ഇരിപ്പിടം ! അവിടെ നിന്ന് നേരെ നോക്കിയാൽ പ്രധാന കവാടത്തിലൂടെ അങ്ങ് ദൂരെ ഇന്ത്യാഗേറ്റ് കാണാം ( ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയുണർത്തുന്ന ‘അമർജവാൻ ജ്യ്യോതി’ ജ്വലിക്കുന്ന ഇന്ത്യാഗേറ്റ്). വലതുഭാഗത്തേക്ക് നോക്കിയാൽ ……. (മറന്നുപോയി) കാണാം.ഇടത് ഭാഗത്തേക്ക് നോക്കിയാൽ പാർലമെന്റ് മന്ദിരവും.

ദർബാർ ഹാളിന് ചരിത്രപ്രധാനമായ ഒരു പ്രത്യേകത കൂടിയുണ്ട്.1947 ആഗസ്ത് 14ന് അർദ്ധരാത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ച്കൊണ്ട് ആദ്യത്തെ ഇന്ത്യൻ ഗവർണ്ണർജനറലായി (ഇന്നത്തെ പ്രസിഡെണ്ട്) മൌണ്ട്ബാറ്റൺ പ്രഭു അധികാരമേറ്റത് ആ ഹാളിൽ വച്ചായിരുന്നു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഠിറ്റ് ജവഹർലാൽ നെഹ്രു അധികാരമേറ്റതും അതേ ഹാളിൽ വച്ചായിരുന്നു. ഇന്ത്യയിലെ പരമോന്നത പുരസ്കാരങ്ങളായ ഭാരതരത്നയും പരമവീർചക്രവും പത്മപുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യുന്നത് അതേ സ്ഥാനത്ത് നിന്നുകൊണ്ടാണ്.ഇന്ന് വൈകിട്ട് രാജ്യത്തെ എൻ.എസ്.എസ് ന്റെ പരമോന്നതപുരസ്കാരം നിങ്ങൾ സ്വീകരിക്കുന്നതും അതേ ഹാളിൽ വച്ച് അതേ സ്ഥാനത്ത് നിന്നുകൊണ്ടാണ് എന്ന് അറിയിച്ചപ്പോൾ മനസ്സ് അറിയാതെ കുളിർത്തു പോയി.

അവാർഡ് ദാനത്തിന് ശേഷം രാഷ്ട്രപതി നൽകുന്ന ചായ സൽക്കാരത്തിന്റെ ഇടങ്ങളും രാഷ്ട്രപതിയുടേയും മറ്റു പ്രമുഖരുടേയും കൂടെ ഗ്രൂപ് ഫോട്ടോ എടുക്കുന്ന സ്ഥലങ്ങളും എല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.

ശേഷം ഞങ്ങൾ കണ്ടത് പ്രസിദ്ധമായ ‘മുഗൾ ഗാർഡൻ’ ആയിരുന്നു.കേട്ട് മാത്രം പരിചയമുള്ള മുഗൾ ഗാർഡനിൽ പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞ് നിന്നു.എന്തൊക്കെയോ കായ ചിലർ വാസനിക്കുന്നതും ഭക്ഷിക്കുന്നതും കാണാമായിരുന്നു.അവിടെയും ഇവിടെയുമായി ഇരിക്കുന്ന ജോലിക്കാർ എന്ന് തോന്നിക്കുന്നവർ അവ വിലക്കാത്തതിനാൽ കിട്ടിയ ഒരു കായ ഞാനും വായിലിട്ടു.പോയതിലും വേഗത്തിൽ അത് തിരിച്ചു പോന്നതിനാൽ ഞാനും എന്റെ കൂടെയുള്ളവരും തൽക്കാലം ‘രക്ഷപ്പെട്ടു‘.വസന്തകാലമല്ലാത്തതിനാൽ പൂക്കൾ അധികമൊന്നും കണ്ടില്ല.പ്രസിദ്ധമായ “തുലിപ്” പുഷ്പങ്ങൾ പൂത്ത് നിൽക്കുന്ന ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ മുഗൾഗാർഡനിലേക്ക് മാ‍ത്രം സഞ്ചാരികൾക്ക് സൌജന്യ പ്രവേശനം അനുവദിക്കാറുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

മുഗൾഗാർഡനിൽ നിന്നും രാഷ്ട്രപതി ഭവനികത്തേക്ക് തന്നെ തിരിച്ച് കയറിയ ഞങ്ങൾ ഒരു കൂറ്റൻ വാതിലിനടുത്തെത്തി.ഞങ്ങളുടെ കൂടെ അതുവരെ ഉണ്ടായിരുന്ന ആ മാന്യ ഗൈഡ് വിടപറഞ്ഞപ്പോഴാണ് ഞങ്ങളുടെ കാഴ്ചകൾക്ക് തിരശ്ശീല വീണത് അറിഞ്ഞത്.സമയം ഉച്ചയായതിനാൽ ആമാശയ വിപുലീകരണത്തിനായി ഞങ്ങൾ താവളം തേടി.






(തുടരും..)

4 comments:

Areekkodan | അരീക്കോടന്‍ said...

ദർബാർ ഹാളിന് ചരിത്രപ്രധാനമായ ഒരു പ്രത്യേകത കൂടിയുണ്ട്.1947 ആഗസ്ത് 14ന് അർദ്ധരാത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ച്കൊണ്ട് ആദ്യത്തെ ഇന്ത്യൻ ഗവർണ്ണർജനറലായി (ഇന്നത്തെ പ്രസിഡെണ്ട്) മൌണ്ട്ബാറ്റൺ പ്രഭു അധികാരമേറ്റത് ആ ഹാളിൽ വച്ചായിരുന്നു.

ajith said...

ഹൌ ഓള്‍ഡ് ആര്‍ യൂ കണ്ടപ്പോള്‍ ഞാന്‍ അരീക്കോടന്‍ മാഷിനെ ഓര്‍ത്തു

വീകെ said...

ബ്രിട്ടീഷുകാരുടെ ശേഷിപ്പുകൾ ഇനിയും സൂക്ഷിക്കകയെന്നു പറഞ്ഞാൽ അതിലൊക്കെ ഒരു അന്തസ്സൊക്കെ ഇല്ലേ മാഷേ...?

വിനുവേട്ടന്‍ said...

ഇപ്പോഴാ വായിക്കാൻ സമയം ലഭിച്ചത്... ഇനി അടുത്ത ലക്കത്തിലേക്ക് നീങ്ങട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക