എന്റെ സഹോദരിയുടെ ഇളയമകൻ
അമൽ ഹിഷാമും എന്റെ രണ്ടാമത്തെ മകൾ ആതിഫ ജുംലയും
ഒരേ സ്റ്റാൻഡേഡിലാണ് പഠിക്കുന്നത് – ആറാം ക്ലാസ്സിൽ.അവൻ സി.ബി.എസ്.സി യും മോൾ കേരള
സിലബസ് ഇംഗ്ലീഷ് മീഡിയത്തിലും.സ്വാഭാവികമായും അവന്റെ സ്കൂളിലെ മത്സരങ്ങൾ മോളെ സ്കൂളിൽ
ഇല്ല, ഇവിടെയുള്ള മത്സരങ്ങൾ അവിടെയും ഇല്ല.എങ്കിലും ആഴ്ചയിലൊന്നോ രണ്ടോ തവണ എന്നെ ഫോൺ
ചെയ്ത് വിശേഷങ്ങൾ ചോദിച്ച് കുറഞ്ഞത് മൂന്ന് ചോദ്യങ്ങൾ എങ്കിലും ചോദിപ്പിക്കുക എന്നത്
അവന്റെ പതിവായിരുന്നു.
പത്രവായന പ്രോത്സാഹിപ്പിക്കാൻ
വേണ്ടി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ മിക്കവാറും അതാത് ദിവസത്തെ പത്രത്തിൽ നിന്നായിരിക്കും.കഥകളും
മറ്റും വായിക്കാൻ ഇഷ്ടമാണെങ്കിലും പത്രം വായിക്കാൻ അവന് അത്രകണ്ട് ഇഷ്ടമുണ്ടായിരുന്നില്ല.അതിനാൽ
തന്നെ അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവന് പലപ്പോഴും സാധിച്ചിരുന്നില്ല. ‘ഇന്ന്
പത്രം വായിച്ചില്ല’ എന്നോ ‘ആ വാർത്ത എന്റെ വീട്ടിലെ പത്രത്തിൽ ഇല്ല എന്നോ‘ തുടങ്ങീ
നിരവധി ന്യായങ്ങൾ അവന്റെ ഭാഗത്ത് നിന്നും നിരത്തും.കേട്ട് ചിരിക്കാൻ കൌതുകമുള്ളതായതിനാൽ
ഞാൻ അത് മുഴുവൻ കേൾക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം
പതിവ് പോലെ അമൽ എന്നെ വിളിച്ചു.സംസാരം ചോദ്യോത്തര വേളയിലേക്കെത്തി.ഇന്ന് ചോദിക്കേണ്ടത്
സ്പേസിനെപറ്റി ആണെന്ന് അവൻ പറഞ്ഞു.
“ഓ.കെ....ഈ അടുത്ത് അമേരിക്കയുടെ
ഒരു ബഹിരാകാശ വാഹനം വിക്ഷേപണത്തറയിൽ വച്ച് തന്നെ പൊട്ടിത്തെറിച്ചു....ആ വാഹനത്തിന്റെ
പേരെന്തായിരുന്നു?” ഞാൻ ചോദിച്ചു.
“ആബി കാക്കാ...ഇങ്ങളേത്
കോത്താഴത്തുകാരനാ...?” അമലുവിന്റെ ഉത്തരം വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി ചോദ്യം അത്രയും
എളുപ്പമായത് കൊണ്ടാവും എന്ന്.
“ങാ...പറയൂ...”
“അത് തന്നെയാ പറയുന്നത്.....ആ
വാഹനം പൊട്ടിത്തെറിച്ച് കഷ്ണം കഷ്ണമായി ചിന്നിച്ചിതറി....ഇനിയും അതിന്റെ പേര് പഠിച്ചു
വച്ചതുകൊണ്ട് എനിക്കെന്ത് പ്രയോജനം ? അതുകൊണ്ട് ഔട്ട്ഡേറ്റഡ് ആയ ആ ചോദ്യം മാറ്റി പുതിയ
വല്ലതും ചോദിക്ക്....!!“
മരുമകന്റെ മുന്നിൽ അമ്മാവൻ
കൈ കൂപ്പിപ്പോയി.
3 comments:
ഒരു അമ്മാവൻ അനുഭവം..
ഹഹഹ... ന്യൂജനറേഷന് മറുചോദ്യങ്ങള്!!
Ajithji....ന്യൂജനറേഷന് നമ്മെ എവിടെ എത്തിക്കുമോ ആവോ...
Post a Comment
നന്ദി....വീണ്ടും വരിക