ഇന്ന് എ
ഡി 2014ലെ അവസാനത്തെ മുപ്പതാം തീയതി! അതിലുമുപരി എ ഡി 2014ലെ അവസാനത്തെ ചൊവാഴ്ച.അതിനാൽ തന്നെ ഈ വർഷം എന്റെ ക്രെഡിറ്റിൽ
ഉള്ള അവസാനത്തെ കാഷ്വൽ ലീവ് കൂടി എടുത്ത് ആ അക്കൌണ്ട് ക്ലീൻ ആക്കാം എന്ന് ഞാൻ തീരുമാനിച്ചു.
സാധാരണ അവധി ദിവസങ്ങളിൽ ഒന്നും തന്നെ വീട്ടിൽ ഇരിക്കാൻ
ഇപ്പോൾ എനിക്ക് അവസരം കിട്ടാറില്ല. ഏതെങ്കിലും മീറ്റിംഗോ ക്യാമ്പോ യോഗമോ ഒക്കെയായി
ആ ദിവസം മർ ജായേഗ. ലീവ് എടുത്താലുള്ള സൌകര്യം അന്ന് വീട്ടിലിരിക്കാം എന്നതാണ്.മേല്പറഞ്ഞ
ഒരു കെട്ടികെണീസും ഉണ്ടാകില്ല.പക്ഷേ അന്നേ ദിവസമായിരിക്കും ഏറ്റവും കൂടുതൽ തവണ എന്റെ
ഫോൺ റിംഗ് ചെയ്യുന്നത്.എല്ലാ അണ്ടനും അടകോടനും സുഖവിവരം അന്വേഷിച്ച് വിളിക്കുന്നത്
അന്നായിരിക്കും !അതിന്റെ പിന്നിലുള്ള രസതന്ത്രം ഇന്നേവരെ എനിക്ക് മനസ്സിലായിട്ടില്ല.
ലീവെടുത്ത് വീട്ടിൽ സുഖമായി കിടന്നുറങ്ങുക എന്നതാണ്
ഒരു സാധാരണ പരിപാടി.ഓഫീസിലും ഇതേ പരിപാടിയുള്ളവർ ഒരു ലീവ് കളഞ്ഞ് വീട്ടിൽ ഈ കലാപരിപാടി
നടത്തില്ല!എല്ലാവരും ഈ ഗണത്തിൽ പെടുന്നു എന്ന് എനിക്കഭിപ്രായമില്ല.എന്നിരുന്നാലും വർഷാവസാനം
ബാക്കിയാവുന്ന കാഷ്വൽ ലീവുകൾക്ക് മിക്കവാറും ഉറങ്ങിത്തീരാനാണ് വിധി.
പക്ഷേ ലീവെടുക്കുന്ന ദിവസമാണ് എനിക്ക് കാര്യപ്പെട്ട്
എന്തെങ്കിലും പണി ഉണ്ടാകുകയുള്ളൂ. കോളേജിൽ ആണെങ്കിൽ പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാത്തതിനാൽ
ലീവ് ദിനത്തിലാണ് ഞാൻ കർമ്മനിരതനാകുന്നത് എന്ന് സാരം.
2014ന്റെ ഏറ്റവും വലിയ സവിശേഷത ഇത് യു.എൻ അന്താരാഷ്ട്ര
കുടുംബകൃഷി വർഷമായി ആചരിക്കുന്നു എന്നതാണ്.ചെറുപ്പം മുതലേ, ഉള്ള സ്ഥലത്ത് ആവുന്ന തരത്തിലുള്ള
പച്ചക്കറികൾ നട്ടു വളർത്തുന്ന ശീലം ഉള്ളതിനാൽ കൃഷി എനിക്ക് എന്നും ഇഷ്ടമായിരുന്നു.കോളേജിൽ
എൻ.എസ്.എസ് വളണ്ടിയർമാരെക്കൊണ്ട് വിത്തിടീച്ച് നട്ടുവളർത്തി ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ
വിളവെടുപ്പും നടത്തി. വിഷം തീറ്റുന്ന പച്ചക്കറികളിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ
ഇത് ഞാനടക്കം പല കുടുംബങ്ങൾക്കും സഹായകമായി.കൂടുതൽ വിപുലമായ രീതിയിൽ കോളേജിൽ കൃഷി നടത്താൻ
കൃഷിഭവനുമായി യോജിച്ച് ഒരു പദ്ധതി തയ്യാറായി വരുന്നു.
എൻ.എസ്.എസ് പച്ചക്കറിത്തോട്ടം
ഈ അന്താരാഷ്ട്ര കുടുംബകൃഷി വർഷത്തിൽ ഞാനും എന്റെ
മക്കളും ചില പച്ചക്കറിത്തൈകൾ വച്ചു പിടിപ്പിച്ചിരുന്നു.പയർ,വെണ്ട,ചുരക്ക,പച്ചമുളക്
എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.അധികം ഉയരം വയ്ക്കാത്ത വെണ്ടയിൽ കാ പിടിച്ചു.പയറും
നന്നായി വന്നെങ്കിലും വിളവ് തന്നില്ല.ചുരക്ക മുളച്ചത് പോലെ തന്നെ മണ്ണടിഞ്ഞു.പച്ചമുളക്
ഇപ്പോൾ മുളക് തന്നു കൊണ്ടിരിക്കുന്നു.
അയൽക്കൂട്ടം വഴി ഭാര്യക്ക് ലഭിച്ച പച്ചക്കറിതൈകളും
ടെറസിനു മുകളിൽ ആരോഗ്യത്തോടെ വളർന്നു വരുന്നു (കഴിഞ്ഞാഴ്ച ഒരു ലീവ് ദിനത്തിൽ അതിനുള്ള
മണ്ണും കൂടയും ഒരുക്കിയിരുന്നു).
ഇത്തിരിപോന്ന വീട്ടുമുറ്റത്ത് ഇപ്പോൾ നിലവിലുള്ള
പച്ചക്കറി തൈകളെ പരിചരിക്കാനും പുതിയ തൈകൾ നടാനും ആയിരുന്നു ഇന്ന് എന്റെ ലീവ് ദിനം
ഉപയോഗിച്ചത്.ഒപ്പം എന്റെ വീടിന്റെ ഒരു സവിശേഷത എന്ന് ഞാൻ അഭിമാനത്തോടെ പറയുന്ന വിവിധതരം
ഫലവൃക്ഷങ്ങളേയും (സപ്പോട്ട,മുട്ടപ്പഴം,നാരകം,ചാമ്പ,പേരക്ക,സ്റ്റാർ ആപ്പ്‌ൾ, ഞാവൽ, മാവ്,
പുളി, സീതപ്പഴം, ഇലഞ്ഞി, ജാതി ...) പരിചരിക്കാൻ
ഈ ദിനം ഉപയോഗിച്ചു.
വൈകിട്ട് മക്കളോടോപ്പം ഒരു ഒട്ടുമാവിൻ തൈയും ഒരു ടിഷ്യൂ കൾച്ചർ വാഴയും
വച്ചു പിടിപ്പിച്ച് കൊണ്ട് ഈ അന്താരാഷ്ട്ര കുടുംബകൃഷി വർഷത്തിന് അർഹമായ യാത്രയയപ്പും
ഞാൻ നൽകി.
വാൽ: അന്താരാഷ്ട്ര കുടുംബകൃഷി വർഷം വിടവാങ്ങുന്നു.വിഷരഹിത
പച്ചക്കറി ലഭിക്കാൻ നാം തുടർന്നും കൃഷി ചെയ്തേ പറ്റൂ.അതിനാൽ കഴിയുന്ന തരത്തിലുള്ള പച്ചക്കറികൾ
വീട്ടിൽ നട്ടുവളർത്താൻ നാമോരുരുത്തരും ശ്രദ്ധിക്കുക.
3 comments:
അന്താരാഷ്ട്ര കുടുംബകൃഷി വർഷം വിടവാങ്ങുന്നു.വിഷരഹിത പച്ചക്കറി ലഭിക്കാൻ നാം തുടർന്നും കൃഷി ചെയ്തേ പറ്റൂ.
നല്ല കാര്യം. സ്വയംപര്യാപ്തരാകട്ടെ നാം
എല്ലാവരും തൊടിയിലെ
മണ്ണിലേക്ക് വരട്ടേ അല്ലേ ഭായ്
Post a Comment
നന്ദി....വീണ്ടും വരിക