Pages

Sunday, December 07, 2014

ലൂന മോളുടെ ഫസ്റ്റ് ക്ലിക്ക്

എന്റെ കുട്ടിക്കാലത്ത് ക്യാമറ ഒരു അത്ഭുത വസ്തുവായിരുന്നു.അതിൽ നിന്നും പുറത്ത് വരുന്ന മിന്നൽ വെളിച്ചം കാണുന്നവരൊക്കെ അതിനകത്തെ ചിത്രത്തിൽ പതിയും എന്ന ആരോ പറഞ്ഞറിവിൽ, അന്ന് കല്യാണവീട്ടിൽ ഫോട്ടോ എടുക്കുമ്പോഴെല്ലാം ഈ വെളിച്ചം ദേഹത്ത് തട്ടാൻ ‘പ്രത്യേകം’ ശ്രദ്ധിക്കാറുണ്ടായിരുന്നു.ആ ഫോട്ടോകൾ ഒന്നും തന്നെ പിൽക്കാലത്ത് കാണാൻ ഇട വരാത്തതിനാൽ ഇത് ശരിയോ തെറ്റോ എന്ന് തെളിയിക്കാൻ സാധിച്ചിരുന്നില്ല.

കാലം കടന്നുപോയി.ഇടക്ക് എപ്പോഴോ ക്യാമറ കൈകാര്യം ചെയ്യാനുള്ള ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചു.ഫിലിം റോൾ വാങ്ങി അത് ക്യാമറയിൽ ലോഡ് ചെയ്ത് ക്ലിക്കാൻ വരെ ധൈര്യം ലഭിച്ചു! 32 മുതൽ 36 വരെ ഫോട്ടോകൾ ഒരു റോളീൽ നിന്നും കിട്ടും എന്ന അറിവും അതൊടൊപ്പം കിട്ടി.ഈ മുറിയറിവിൽ എനിക്ക് കിട്ടിയ ആത്മവിശ്വാസവും ‘എന്റെ കഴിവിൽ’ മറ്റാരുടെയോ വിശ്വാസവും കൂടിച്ചേർന്നപ്പോൾ മൂത്താപ്പയുടെ മകളുടെ ഏക കല്യാണത്തിന്റെ ഫോട്ടോകൾ ക്ലിക്ക് ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു.ലെൻസിന് ഷട്ടറിട്ട് 32ഉം ക്ലിക്കി ഒരു ഫോട്ടോ പോലും കിട്ടാത്ത രൂപത്തിൽ അത് ‘ഭംഗിയാക്കി’ നിർവ്വഹിച്ചു കൊടുത്തത് ഇന്ന് വരെ അറിയാവുന്നവർ ലോകത്ത് രണ്ട് പേർ മാത്രം – ഒന്ന് ഞാനും , പിന്നെ ഈ കടുംകൈക്ക് എന്നെ ഏല്പിച്ച മൂത്താപ്പയുടെ മകൻ (പുതുപ്പെണ്ണിന്റെ അനിയൻ) എന്റെ സമപ്രായക്കാരനായ മജീദും!കല്യാണച്ചടങ്ങുകൾ കഴിഞ്ഞ് പേരാമ്പ്രക്കടുത്ത് നൊച്ചാടുള്ള വീട്ടിൽ നിന്ന് ഞങ്ങൾ അരീക്കോട്ട് തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഈ ‘മഹാസംഭവം’ ഞാൻ അറിഞ്ഞത്!മജീദ് എന്തും പറഞ്ഞാണ് അന്ന് ആ വൈതരണി തരണം ചെയ്തത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു.

എന്റെ കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഗൾഫിലുള്ള അളിയന്മാരിൽ മൂത്തയാൾ തിരിച്ചു വരുമ്പോൾ പുതിയ അളിയന് സമ്മാനമായി എന്ത് വേണം എന്ന് ആരാഞ്ഞപ്പോൾ എന്റെ ആദ്യ ചോയിസ് സ്വാഭാവികമായും ക്യാമറയായി.കാരണം സ്വന്തമായി ഈ സാധനം കയ്യിലുണ്ടെങ്കിൽ പിന്നെ കല്യാണശേഷമുള്ള ‘ചുറ്റലുകൾ’ മറ്റുള്ളവരെ ആരെയും അറിയിക്കാതെ നടത്താം.ഇല്ല എങ്കിൽ ചുരുങ്ങിയത് ക്യാമറമുതലാളി എങ്കിലും വിവരമറിയും.ഞാൻ ഒരു യാത്രാപ്രേമി കൂടി ആയതിനാൽ എനിക്ക് സ്വന്തമായി ഒരു ക്യാമറ ആവശ്യമായിരുന്നുതാനും.എതായാലും എന്റെ ആവശ്യം മാനിച്ച് അളിയൻ എനിക്ക് ഒരു “യാഷിക” ക്യാമറ തന്നെ എത്തിച്ചു തന്നു.നിരവധി സുന്ദരമുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ആ ക്യാമറ ഇന്ന് എന്റെ മേശക്കകത്ത് ഒരു പുരാവസ്തുവായി കിടക്കുന്നു (ഈ അടുത്ത് ബിലാത്തിപ്പട്ടണത്തിന്റെ മകളുടെ(?) കല്യാണത്തിന് തൃശൂർ പോയപ്പോൾ ജെ.പി വെട്ടിയാട്ടിൽ അദ്ദേഹത്തിന്റെ വീട്ടിലേക്കും കൊണ്ടുപോയി.അവിടെ ഇതേ സാധനം ജെ.പി യുടെ പേരമകളുടെ കളിക്കോപ്പായി കണ്ടു).

ഇന്ന് ക്യാമറ എന്നത് ഒരു അത്ഭുത വസ്തുവേയല്ല.മൊബൈൽ ഫോൺ വാങ്ങുമ്പോൾ ക്യാമറ (അതും വീഡിയോ ക്യാമറ അടക്കം) സൌജന്യം എന്ന രൂപത്തിലായി കാലം മാറി.അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കാൻ ഏത് ഒന്നാം ക്ലാസുകാരനും സാധിക്കും എന്നതാണ് സത്യം.അങ്ങനെയൊരു സംഭവം ഇന്നലെ നടന്നതാണ് ഈ ക്യാമറചരിതം മുഴുവൻ ഇവിടെ പറയാൻ ഇടയാക്കിയത്.

ഇന്നലെ കുടുംബസമേതം അല്പ നേരം കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കാറ്റുകൊള്ളാൻ പോയി.മക്കൾ കളിക്കുന്ന ഫോട്ടോകൾ പിടിച്ചു.ലുലു മോൾക്ക് സമ്മാനമായി കിട്ടിയക്യാമറ ഉപയോഗിച്ചായിരുന്നു ക്ലിക്ക്.പുതിയ ക്യാമറയിൽ എനിക്കത്ര പ്രാഗൽഭ്യം ഇല്ലാത്തതിനാൽ വീഡിയോ എടുക്കാൻ എത്ര ശ്രമിച്ചിട്ടും വിജയിച്ചില്ല.

എൽ.കെ.ജിക്കാരിയായ കുഞ്ഞുമോളോടൊപ്പം പോസ് ചെയ്ത് രണ്ടാമത്തെ മകൾ ലുഅയെക്കൊണ്ട് (ആറാം ക്ലാസുകാരി) ഒരു ഫോട്ടോ എടുക്കാൻ ഞാൻ പറഞ്ഞു.ഉടനെ എൽ.കെ.ജിയുടെ മുഖം വാടി.കാരണം എനിക്ക് പെട്ടെന്ന് പിടികിട്ടി – അവൾക്കും ക്യാമറ ‘കൈകാര്യം’ ചെയ്യണം.ഒന്ന് സമാധാനിപ്പിക്കാൻ കയ്യിൽ കൊടുക്കാം എന്ന് ഞാൻ കരുതി.ഞാനും ലുഅ മോളും പോസ് ചെയ്ത് നിന്നു.എൽ.കെ.ജിക്കാരി അല്പം ദൂരേക്ക് നീങ്ങി നിന്നു.ശേഷം സ്ക്രീനിൽ നോക്കി ഒരു ക്ലിക്ക് !


തിരിച്ച് എന്റെ കയ്യിൽ തന്ന ക്യാമറയിൽ ആ ചിത്രം ഞാൻ വെറുതെ ഒന്ന് നോക്കി – നല്ല ക്ലാരിറ്റിയുള്ള ഞങ്ങളെ രണ്ട് പേരെയും കൃത്യമായി ഫ്രെയിമിൽ കിട്ടിയ ഒരു ഫോട്ടൊ ! ലൂന മോളുടെ ആദ്യത്തെ ക്ലിക്ക് താഴെ.

ലൂന മോളുടെ ആദ്യത്തെ ക്ലിക്ക്


കുസൃതിക്കുടുക്കകള്‍


5 comments:

Areekkodan | അരീക്കോടന്‍ said...

ലെൻസിന് ഷട്ടറിട്ട് 32ഉം ക്ലിക്കി ഒരു ഫോട്ടോ പോലും കിട്ടാത്ത രൂപത്തിൽ അത് ‘ഭംഗിയാക്കി’ നിർവ്വഹിച്ചു കൊടുത്തത് ഇന്ന് വരെ അറിയാവുന്നവർ ലോകത്ത് രണ്ട് പേർ മാത്രം – ഒന്ന് ഞാനും , പിന്നെ ഈ കടുംകൈക്ക് എന്നെ ഏല്പിച്ച മൂത്താപ്പയുടെ മകൻ (പുതുപ്പെണ്ണിന്റെ അനിയൻ) എന്റെ സമപ്രായക്കാരനായ മജീദും!

ബഷീർ said...

ആദ്യ ക്ലിക്ക് ഉഷാറാണ്.. ഓ..അപ്പോ നിങ്ങളാണല്ലേ ഷട്ടറിട്ട് പടം പിടിക്കുന്ന രണ്ടാ‍മത്തെ മഹാൻ. (ഞാൻ ഒന്നാമനാ :) ( ബിലാത്തിപ്പട്ടണത്തിന്റെ മകളുടെ(?) ഇതെന്തിനാ ഒരു ക്വസ്റ്റ്യൻ മാർക്ക് ??

Areekkodan | അരീക്കോടന്‍ said...

ബഷീർ ബായി...അങ്ങനെ പോരട്ടെ...കുറേ വിദ്വാന്മാർ ഇനിയും ഉണ്ടാകും! പിന്നെ ആ ക്വസ്റ്റിഅൻ മാർക്ക് - മകളോ മകനോ എന്നറിയാത്തതുകൊണ്ടാണ്.അല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല!!!

ajith said...

നല്ല ക്ലിക്ക്

(ഫിലിം റോളുകള്‍ പുരാവസ്തുഅക്കളായിത്തീരുമെന്ന് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരെങ്കിലും വിചാരിച്ചിരുന്നോ. ടെക്നോളജി പോണ പോക്ക്!!)

Areekkodan | അരീക്കോടന്‍ said...

Ajithji....That is technology,expiring in next second!

Post a Comment

നന്ദി....വീണ്ടും വരിക