Pages

Monday, May 25, 2015

ലാൽബാഗും മറ്റു കാഴ്ചകളും...(പൂന്തോട്ട നഗരത്തിലേക്ക് – 4)

രണ്ടാം ദിവസം കൂടുതൽ കാഴ്ചകൾ കാണാനുള്ളതിനാലും അവ വിവിധ സ്ഥലങ്ങളിൽ ആയതിനാലും ഒരു കാർ വാടകക്കെടുത്തു. 8 മണിക്കൂർ 80 കിലോമീറ്റർ 1400 രൂപ എന്നതായിരുന്നു നിബന്ധന.അഡീഷനൽ കിലോമീറ്റർ ഒന്നിന് 10 രൂപ എക്സ്ട്രയും.രാവിലെ 10 മണിയോടെയാണ് അന്നത്തെ യാത്ര ആരംഭിച്ചത്.

ഇന്നത്തെ ആദ്യകാഴ്ച ബാംഗ്ലൂരിനെ പൂന്തോട്ടനഗരമാക്കി മൈസൂർ സുൽത്താൻ ഹൈദരാലി ഉണ്ടാക്കിയ  പ്രസിദ്ധമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ആയിരുന്നു.മുൻ ബാംഗ്ലൂർ സന്ദർശനങ്ങളിൽ ഒന്നും തന്നെ ലാൽബാഗിൽ പോയതായി എന്റെ ഓർമ്മയിലുണ്ടായിരുന്നില്ല.അതിനാൽ തന്നെ ലാൽബാഗിന്റെ പേരും പ്രശസ്തിയും അതൊരു മഹാസംഭവമാണെന്ന ധാരണയിൽ എന്നെയും കുടുംബത്തെയും എത്തിച്ചു.ആളൊന്നിന് 10 രൂപയും കാറിന് 25 രൂപയും ക്യാമറക്ക് 50 രൂപയും കൊടുത്ത് ഞങ്ങൾ ഗേറ്റ് കടന്നു.

സന്ദർശകരെ സ്വാഗതം ചെയ്യുന്നത് ലാൽബാഗിന്റെ ഐക്കണായ ഗ്ലാസ്‌ഹൌസാണ്.എല്ലാ വർഷവും ജനുവരി 26നും ആഗ്സ്ത് 15നും ഗ്ലാസ്‌ഹൌസ് റോസ് പുഷ്പങ്ങളാൽ നിറയും എന്ന് അഷ്‌റഫ് പറഞ്ഞപ്പോൾ ഇപ്പോൾ കാലിയായി കിടക്കുന്ന അതിന്റെ മുമ്പിൽ വച്ച് ഒരു ഫാമിലിഫോട്ടോ എടുക്കാൻ തോന്നി.മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരും പ്രസിഡണ്ട്മാരും അടങ്ങിയ വി.ഐ.പികൾ നട്ട വിവിധ മരങ്ങൾ ലാൽബാഗിൽ ഉണ്ടത്രെ.ശ്രീമതി ഇന്ദിരാഗാന്ധി നട്ട അശോകമരം പെട്ടെന്ന് തന്നെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.വെയിലും കൊണ്ട് ലാൽബാഗിനകത്ത് അലയാൻ മനസ്സ് അനുവദിക്കാത്തതിനാൽ അധികം സമയം കളയാതെ ഞങ്ങൾ മടങ്ങി.



മൈസൂർ സുൽത്താൻ ടിപ്പുവിന്റെ ബാംഗ്ലൂർ സമ്മർ പാലസിലേക്കായിരുന്നു അടുത്ത യാത്ര.ബാംഗ്ലൂരിൽ ഇങ്ങനെയൊരു പാലസുള്ളത് പലർക്കും അറിയില്ല എന്നതായിരുന്നു സത്യം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകമായതിനാൽ ഇവിടെ പ്രവേശന ഫീസ് 5 രൂപ മാത്രമാണ്.ക്യാമറക്ക് പ്രത്യേകം ഫീസ് ഇല്ല.മരത്തിൽ തീർത്ത പഴക്കം ചെന്ന ഒരു ഇരുനില കെട്ടിടമായിരുന്നു പാലസ്.മുറ്റത്ത് നിന്നും അകത്ത് കയറിയപ്പോഴേക്കും കൂളിംഗ് നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു.റൂമുകൾക്കുള്ളിലെ വായു സഞ്ചാരക്രമീകരണം കാരണം സദാസമയവും തണുപ്പ് നിലനിന്നിരുന്നു.


ഉച്ചഭക്ഷണത്തിന് ശേഷം തലേദിവസം കയറാൻ സാധിക്കാത്ത കബ്ബൺ പാർക്കിൽ വീണ്ടും എത്തി.പാർക്കിനകത്ത് കൂടിയുള്ള റോഡിലൂടെ മറുവശത്തെത്തി.അട്ടാരി ഹൌസ് എന്ന ചുവന്ന നിറത്തിലുള്ള കർണ്ണാടക ഹൈക്കോടതി പുറത്ത് നിന്നും കണ്ടു.പുതുക്കിപ്പണിഞ്ഞ് കൊണ്ടിരിക്കുന്ന കർണ്ണാടക നിയമസഭാമന്ദിരമായ വിധാൻ സൌധയും പുറത്ത് നിന്നും ദർശിച്ചു – നോട്ടം & ഫോട്ടം ഫ്രീ !!



ബാംഗ്ലൂരിലും മെട്രൊ ട്രെയിൻ ഉണ്ടെന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഏറ്റവും ചെറിയ മോൾ ലൂനക്ക് അതിൽ കയറാനുള്ള ആഗ്രഹം.നാഷനൽ അവാർഡ് സ്വീകരിക്കാനായി ഡൽഹിയിൽ പോയ സമയത്ത് പലപ്രാവശ്യം മെട്രൊ ട്രെയിനിൽ കയറിയതിലൂടെ ലഭിച്ച സുഖാനുഭവം മെട്രൊ ട്രെയിനിൽ വീണ്ടും കയറാൻ ഞങ്ങൾക്കും പ്രചോദനമായി.അങ്ങനെ എം.ജി റോഡ് സ്റ്റേഷനിൽ നിന്നും രണ്ട് സ്റ്റേഷൻ അപ്പുറം ഇന്ദ്ര നഗർ വരെ (18 രൂപ) പോയി വരാൻ ഞങ്ങൾ തീരുമാനിച്ചു.ടിക്കറ്റ് എടുത്ത് അകത്ത് കയറിയ ഞങ്ങൾ അത്ഭുതപ്പെട്ടു. ഡൽഹി മെട്രൊയിലെ തിരക്ക് ശരിക്കും അനുഭവിച്ചറിഞ്ഞ ഞങ്ങൾക്ക് ഇവിടെ കാണാൻ കഴിഞ്ഞത് എണ്ണിത്തീർക്കാൻ മാത്രമുള്ള യാത്രക്കാർ.അവർ തന്നെ മെട്രൊ ട്രെയിനിൽ കയറാൻ മാത്രമായി വന്നവരും !!



ഇന്ദ്രനഗറിൽ നിന്നും തിരിച്ച് പോരുമ്പോൾ എന്റെ ചെറിയ രണ്ട് മക്കളും അഷ്ര‌ഫും അല്പം മുന്നിലും ഞങ്ങൾ അല്പം പിന്നിലുമായിട്ടായിരുന്നു എസ്കലേറ്ററിൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഞങ്ങൾ എത്തും എന്ന ധാരണയിൽ അപ്പോൾ പ്ലാറ്റ്ഫോമിലെത്തിയ വണ്ടിയിലേക്ക് അഷ്‌റഫും കുട്ടികളും കയറി.ഞാനും ഭാര്യയും മൂത്തമോളും എത്തുന്നതിന്റെ മുമ്പെ വണ്ടി വിട്ടു! ചാടി ഇറങ്ങണോ വേണ്ടെ എന്ന് അഷ്‌റഫും ചാടിക്കയറണോ വേണ്ടേ എന്ന് ഞങ്ങളും കൺഫ്യൂഷനിൽ! അവൻ ചാടുമോ അതല്ല ഞങ്ങൾ ചാടുമോ എന്ന കൺഫ്യൂഷനിൽ ഞങ്ങൾക്കിടയിൽ സെക്യൂരിറ്റി മാനും !!കുട്ടികളുടെ കൂടെ അഷ്‌റഫ് കയറിയിരുന്നതിനാൽ ഞങ്ങൾക്ക് സമാധാനമായി.തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി, തൊട്ടുപിന്നാലെ തന്നെ വന്ന ഞങ്ങൾ കയറിയ വണ്ടിയിൽ തന്നെ അവരും കയറിയതോടെ ആ യാത്രയും ശുഭമായി.

ബാംഗ്ലൂരിൽ 10 വർഷത്തെ പരിചയമുള്ള അഷ്‌റഫിന്റെ പരിചയസമ്പത്ത് ശരിക്കും അനുഭവിച്ചത് നമസ്കരിക്കാനുള്ള സ്ഥലം അന്വേഷിച്ചപ്പോഴാണ്.എം.ജി റോഡ് സ്റ്റേഷനടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിൽ ഒരു നമസ്കാര മുറി ഉള്ളതായി അഷ്‌റഫ് പറഞ്ഞു.ഈ മഹാനഗരത്തിനെ ഇത്രയും കൃത്യമായി അവൻ മനസ്സിലാക്കി വച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു. നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കാർമേഘം ഉരുണ്ട് കൂടിത്തുടങ്ങി.ബാംഗ്ലൂരിൽ ഞാൻ കാണാൻ ഉദ്ദേശിച്ചിരുന്ന കാഴ്ചകൾ എല്ലാം പൂർത്തിയാക്കിയതിനാൽ ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചു.



(തുടരും...)

10 comments:

Areekkodan | അരീക്കോടന്‍ said...

ഞാനും ഭാര്യയും മൂത്തമോളും എത്തുന്നതിന്റെ മുമ്പെ വണ്ടി വിട്ടു! ചാടി ഇറങ്ങണോ വേണ്ടെ എന്ന് അഷ്‌റഫും ചാടിക്കയറണോ വേണ്ടേ എന്ന് ഞങ്ങളും കൺഫ്യൂഷനിൽ! അവൻ ചാടുമോ അതല്ല ഞങ്ങൾ ചാടുമോ എന്ന കൺഫ്യൂഷനിൽ ഞങ്ങൾക്കിടയിൽ സെക്യൂരിറ്റി മാനും !!

ajith said...

ഹോ... ഓര്‍മ്മകള്‍ കുത്തിയൊലിച്ച് വരുന്നല്ലോ

Pradeep Kumar said...

മെട്രോ ട്രയിനെന്ന അത്ഭുതം ഈ കഴിഞ്ഞ ബുധനാഴ്ച അനുഭവിച്ച് ആസ്വദിച്ചതേ ഉള്ളു. യശ്വന്ത്പുര മുതൽ മന്ത്രിസ്ക്വയർ വരെ.... അതിന്റെ സെറ്റപ്പ് കണ്ടപ്പോൾ ഇപ്പോഴും തമ്മിലടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മെട്രോ ഒരിക്കലും നടക്കാൻ പോവുന്നില്ലെന്ന് ചിന്തിച്ച് പോയി....

Cv Thankappan said...

കണ്‍ഫ്യൂഷന്‍ തീര്‍ത്തത് നന്നായി
ആശംസകള്‍ മാഷെ

വിനോദ് കുട്ടത്ത് said...

മാഷിന്‍റെ കൂടെ കൂട്ടു കൂടിയത് തെറ്റായിപ്പോയി......... ഒന്ന് ഞാൻ എന്നെ പിടിച്ചു കെട്ടി വച്ചിരിക്കുകയായിരുന്നു.....മിക്കവാറും ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ച് പോകും....
മോനേ ഇവിടെ സ്കൂളിൽ ചേര്‍ക്കുകയും ചെയ്തു അതായത് സങ്കടം.......എപ്പോള്‍ചെന്നാലും സ്വാഗതം ചെയ്യാന്‍ രക്തബന്ധങ്ങള്‍ കാത്തിരിക്കുന്നു..
ഏതായാലും എഴുത്ത് നടക്കട്ടെ ആശംസകൾ....

സുധി അറയ്ക്കൽ said...

ബാംഗ്ലൂർ പഞ്ചായത്ത്‌ മുഴുവൻ സാറും ഫാമിലിയും അരിച്ച്‌ പെറുക്കിയല്ലോ!!!!ഞങ്ങൾക്ക്‌ കാണാൻ മിച്ചം വല്ലതുമുണ്ടോ??

സുധി അറയ്ക്കൽ said...

ഒരിക്കൽ സമ്മർ പാലസിൽ പോയിരുന്നു.ഫോട്ടോ കണ്ടപ്പോഴാ ഓർത്തത്‌.പേരൊന്നും ഓർക്കുന്ന അവസ്ഥയിലൊന്നുമായിരുന്നില്ല അവിടെ ചെന്ന് കയറിയത്‌.

Areekkodan | അരീക്കോടന്‍ said...

അജിത് ജീ...ആ പാട്ടും കേൾക്കുന്നു , മധുരിക്കും ഓർമ്മകളേ....

പ്രദീപ് മാഷ്....കോഴിക്കോട് മെട്രോ തുടങ്ങി എന്ന വാർത്ത കാണാനെങ്കിലും ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ !!!

തങ്കപ്പേട്ടാ...അതെ

Areekkodan | അരീക്കോടന്‍ said...

വിനോദ് ജീ...ബന്ധങ്ങൾ നില നിൽക്കട്ടെ.

സുധീ....ഹ ഹ ഹാ...കുറേ ഒക്കെ അരിച്ചു പെറുക്കി...പിന്നെ അന്ന് കയറിയത് സമ്മർ പാലസ് തന്നെയാണോ എന്ന് ഒന്നു കൂടി ആലോചിച്ച് നോക്കിയേ !!!

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.അത്‌ തന്നെ!!!!!

Post a Comment

നന്ദി....വീണ്ടും വരിക