കബ്ബൺ പാർക്കിനകത്തു കൂടെയും വശങ്ങളിലൂടെയും എല്ലാം കാറ്
കയറിയിറങ്ങിയെങ്കിലും ഒരു പത്ത് മിനുട്ട് പാർക്കിനകത്ത് ഇരിക്കാൻ എന്റെ മനസ്സ് കൊതിച്ചു
- കോഴിക്കോട്ടെത്തുന്നവർ മാനാഞ്ചിറ സ്ക്വയറിൽ ഒന്ന് കയറിയിരുന്ന് അല്പനേരം ചെലവിടാൻ
ആഗ്രഹിക്കുന്ന പോലെ.പക്ഷേ മഴയുടെ വരവ് കാറ്റിന്റെ രൂപത്തിലും തുള്ളിയിടലുമായി പ്രത്യക്ഷപ്പെട്ട്
തുടങ്ങിയതിനാൽ ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.അങ്ങനെ ഞങ്ങളുടെ കാറ് ബാംഗ്ലൂർ നഗര പരിധിയിൽ
നിന്നും പുറത്തേക്ക് നീങ്ങി.
ഇരുട്ടാൻ ഏകദേശം ഒരു മണിക്കൂർ ബാക്കി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ
തിരിച്ചെത്തി മക്കൾക്ക് സൈക്ലിംഗ് നടത്താമെന്നും (അവർ ബാംഗ്ലൂരിൽ എത്തിയ അന്ന് മനസ്സിൽ
താലോലിക്കുന്ന കാര്യം) ഫ്ലാറ്റിലെ പൊതു സൌകര്യങ്ങൾ ചുറ്റിനടന്ന് കാണാമെന്നും അഷ്‌റഫ്
പറഞ്ഞപ്പോൾ ഞാനും സമ്മതം മൂളി.ഇന്നെങ്കിലും നേരത്തെ തിരിച്ചെത്തിയാൽ നേരത്തെ ഉറങ്ങാമെന്നായിരുന്നു
ഭാര്യയുടെ കണക്ക് കൂട്ടൽ.മടക്കത്തിനിടെ എന്റെ മനസ്സ് മറ്റൊരു സ്വപ്നത്തിന് പിന്നാലെ
ചിറക് വിരിക്കാൻ തുടങ്ങി.
രാവിലെ സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ, റോഡരികിൽ തന്നെ മുന്തിരിത്തോട്ടങ്ങളും
അതിന് മുന്നിൽ മുന്തിരി വിൽക്കുന്ന സ്ത്രീകളെയും കാണാമായിരുന്നു.4 കിലോ കൊള്ളുന്ന ഒരു
കൊട്ട മുന്തിരിക്ക് വെറും 80 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.അത്തരം ഒരു മുന്തിരി തോട്ടത്തിൽ,
സ്വന്തം ഉമ്മയേയും കൊണ്ട് കഴിഞ്ഞ വർഷം അഷ്‌റഫ് കയറിയ കഥ കൂടി കേട്ടപ്പോൾ എനിക്കും അങ്ങനെ
ഒരു ആശ മുളച്ചു.പക്ഷേ നമ്മുടെ ഡ്രൈവർക്ക് അല്പം സ്പീഡ് കൂടിപ്പോയതിനാൽ ഞങ്ങൾ തോട്ടം
പിന്നിട്ട് കഴിഞ്ഞിരുന്നു. മടക്കയാത്രയിൽ സമയം ഉണ്ടായതിനാൽ എന്റെ മനസ്സ് വീണ്ടും അതേ
കുറിച്ച് ആലോചിക്കാൻ തുടങ്ങി.ആഗ്രഹം അഷ്‌റഫിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.
അങ്ങനെ ഞങ്ങളുടെ താമസ സ്ഥലത്ത് എത്തുന്നതിന് അല്പം മുമ്പുള്ള
ഒരു മുന്തിരിത്തോട്ടത്തിന് മുന്നിൽ ഞങ്ങളുടെ കാർ സൈഡാക്കി.സന്ധ്യ ആകാൻ നിമിഷങ്ങൾ മാത്രമേ
ഉള്ളൂ എന്നതിനാൽ അനുവാദം ലഭിക്കാൻ സാധ്യത കുറവാണെന്ന് അഷ്‌റഫ് പറഞ്ഞപ്പോൾ അല്പം നിരാശ
തോന്നി.എങ്കിലും വേലിക്കിപ്പുറം നിന്ന് തൊട്ടപ്പുറത്തുള്ള തോട്ടത്തിൽ പഴുത്ത് നിൽക്കുന്ന
മുന്തിരി വള്ളികളുടെ ഭംഗി ആസ്വദിക്കാം എന്ന് ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു.
തോട്ടത്തിന്റെ ഗേറ്റിനടുത്ത് തന്നെ ഒറ്റമുറിയിൽ താമസിക്കുന്ന
ഒരു കുടുംബം. അവിടെ പുറത്ത് കൂട്ടിയിരിക്കുന്ന അടുപ്പിൽ ഒരു സ്ത്രീ എന്തോ പാകം ചെയ്യുകയായിരുന്നു.സമീപം
തന്നെ ചെറിയ രണ്ട് കുട്ടികൾ.അല്പം മാറി വൃദ്ധനായ ഒരാളും ഒരു മദ്ധ്യവയസ്കനും.അഷ്‌റഫ്
കന്നടയിൽ ആ സ്ത്രീയോട് ആഗമനോദ്ദേശം അറിയിച്ചപ്പോൾ അവർ ആ വൃദ്ധന്റെ നേരെ വിരൽ ചൂണ്ടി.
അഷ്‌റഫ് ഞങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചതും പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ തോട്ടത്തിനകത്തേക്ക്
സ്വാഗതം ചെയ്തു !
കുട്ടയിലെ ഓറഞ്ച് തോട്ടങ്ങൾ കണ്ട മൻസൂറിന്റെ കുറിപ്പുകളും
കുളുവിലെ ആപ്പിൾ തോട്ടങ്ങളിൽ നിന്ന് ആപ്പിൾ പറിച്ച കഥകൾ പറഞ്ഞ എന്റെ സ്വന്തം എൻ.എസ്.എസ്
വളണ്ടിയർമാരും ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് വാഴത്തോട്ടത്തിനിടയിലെ പച്ചമുളക് തോട്ടത്തിൽ
കയറി കാന്താരി ഒടിച്ച എന്റെ സ്വന്തം അനുഭവങ്ങളും മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക്
ആ മുന്തിരിത്തോട്ടത്തിലേക്കുള്ള കാൽവയ്പ്പുകൾ ആത്മീയതയിലേക്കുള്ള നടത്തമായി തോന്നി.കാരണം
ഇപ്പോൾ ഞാൻ കുടുംബസമേതം പ്രവേശിക്കാൻ പോകുന്നത് നേരെ തലക്ക് മുകളിൽ , പച്ചയും പഴുത്തതുമായ
മുന്തിരിക്കുലകൾ തൂങ്ങി നിൽക്കുന്ന നയനമനോഹരമായ ഒരു തോട്ടത്തിലേക്കാണ്. സ്വർഗ്ഗീയാരാമങ്ങളെ
പറ്റി വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ ഞാൻ മനസ്സിൽ കാണാറുള്ള തോട്ടം ഇതാ
എന്റെ കണ്മുന്നിൽ!! ഞാൻ ആഗ്രഹിക്കുന്ന പോലെ ആ തോട്ടത്തിൽ ഞാനിതാ കുടുംബ സമേതം!!
മുന്തിരിക്കുലകൾ തലയിൽ തട്ടാതെ ഞാനും അഷ്‌റഫും കുനിഞ്ഞ്
തോട്ടത്തിൽ പ്രവേശിച്ചു.തൊട്ടു പിന്നിൽ സുസ്മേര വദനനായി തോട്ടം കാവൽക്കാരനായ ആ വൃദ്ധനും
പിന്നെ എന്റെ കുടുംബവും.അധികം അകത്തേക്ക് പോകേണ്ട എന്ന് ഞാൻ കുട്ടികളെ വിലക്കിയപ്പോൾ
ഞങ്ങളുടെ ‘ആതിഥേയൻ’ അവർക്ക് വേണ്ടിടത്തൊക്കെ പോകാൻ അനുവാദം കൊടുത്തു!പിന്നെ ലൂന മോളും
ലുഅ മോളും അമാന്തിച്ചില്ല , ഓടി നടന്ന് തോട്ടത്തിന്റെ ഭംഗി ആവോളം നുകർന്നു.ഇതിനിടക്ക്
പഴുത്ത കുറേ മുന്തിരിക്കുലകൾ പറിച്ച് ആ വൃദ്ധൻ എന്റെ മക്കൾക്ക് നൽകുകയും ചെയ്തു.വേണ്ട
എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും സന്തോഷത്തോടെ അദ്ദേഹം പിന്നെയും പിന്നെയും നൽകിക്കൊണ്ടിരുന്നു.
ഞാൻ കുട്ടിയായിരുന്നപ്പോൾ കേട്ട ഒരു സിനിമാ പേരാണ് “നമുക്ക്
പാർക്കാൻ മുന്തിരിത്തോപ്പുകൾ“.അതിലെ കഥ എന്ത് എന്ന് എനിക്കറിയില്ല.ഇപ്പോൾ ഞാൻ ഭാര്യക്കും
കുട്ടികൾക്കുമൊപ്പം ഈ മുന്തിരിത്തോപ്പിൽ ആ സിനിമയുടെ പേര് പോലെ നടന്ന് ആസ്വദിക്കുന്നു!!
സ്നേഹം നൽകി ഞങ്ങളെ കീഴടക്കിയ ആ വൃദ്ധനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.എന്റെ
സന്തോഷത്തിന് ഞാൻ നൽകിയ ചെറിയ ഒരു സംഖ്യ സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും
നിർബന്ധപൂർവ്വം അതേല്പിച്ച് ഞങ്ങൾ ആ സ്വപ്നലോകത്ത് നിന്നും വിടവാങ്ങി.
(തുടരും....)
10 comments:
സ്വർഗ്ഗീയാരാമങ്ങളെ പറ്റി വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ ഞാൻ മനസ്സിൽ കാണാറുള്ള തോട്ടം ഇതാ എന്റെ കണ്മുന്നിൽ!! ഞാൻ ആഗ്രഹിക്കുന്ന പോലെ ആ തോട്ടത്തിൽ ഞാനിതാ കുടുംബ സമേതം!!
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകൾ..... രസകരമീ വായന..... ഇപ്പോ മനസ്സിലായല്ലോ....കരുണയ നാടു്.....കരുണ യുടെ നാടാണ് കര്‍ണ്ണാടക..
മുന്തിരിത്തോപ്പിലെ സായാഹ്നം അങ്ങനെ മനോഹരമായി... എഴുത്തും...
സ്നേഹസമ്പന്നനായ വൃദ്ധനും,കുട്ടികളും...
യാത്രാനുഭവത്തില്‍ ഓര്‍മ്മയിലുണ്ടാകുന്ന നല്ല മഹൂര്‍ത്തങ്ങള്‍....
ആശംസകള്‍ മാഷെ
മുന്തിരിത്തോപ്പുകളുടെ ഓർമ്മകൾ ജീവിതത്തിൽ പുത്തൻ നന്മകൾ കൊണ്ടുവരട്ടെ.....
അമിതമായ രാസവള പ്രയോഗത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസേനെ കാണുന്നുണ്ട് മാഷേ.... ഇവിടെ അങ്ങിനെ വല്ലതും ഉണ്ടാവോ? തോട്ടം കാണാന്‍ നല്ല ഭംഗിയുണ്ട്...
ഹോ..ഇന്നാണു വായിക്കുന്നത്.ഞാനും വരാരുന്നു.
വിനോദ് ജീ...കറ്ണ്ണാടക എന്നാൽ കരുണാടക ആണെന്ന് താങ്കൾ പറഞ്ഞപ്പോഴാ ഓടിയത്.നന്ദി ഈ വിവരത്തിന്
വിനുവേട്ടാ....അതെ, തികച്ചും അപ്രതീക്ഷിതമായ ഹൃദ്യമായ ഒരു സായാഹ്നം
തങ്കപ്പേട്ടാ....അതെ , നാം കാണാത്ത ലോകത്ത് നമ്മെ സ്വീകരിക്കാൻ ഇങ്ങനെ ചിലർ എന്നത് യാത്രയിലെ അത്ഭുത മുഹൂർത്തങ്ങളിൽ ചിലതാണ്.
പ്രദീപ് മാഷെ....തീർച്ചയായും
മുബി....രാസവള പ്രയോഗം ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം.അല്ലാതെ മുന്തിരി മുഴുവൻ ഒരു പ്രശ്നവുമില്ലാതെ ഇങ്ങനെ വിളഞ്ഞ് നിൽക്കാൻ സാധ്യതയില്ല.
സുധീ....ബാംഗ്ലൂരിൽ ആയിരുന്ന കാലത്ത് മുന്തിരിത്തോപ്പിൽ ഒന്നും കയറിയിരുന്നില്ലേ?
യാത്ര തുടരട്ടെ, വിവരണവും പോരട്ടെ
(“നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍“ ബൈബിളില്‍ നിന്ന് കടംകൊണ്ട ഒരു പ്രയോഗമാണ്.)
Post a Comment
നന്ദി....വീണ്ടും വരിക