“ചെറുപ്പത്തിലന്ന്
നമ്മള്‍
മണ്ണുവാരി കളിച്ചപ്പോള്‍....”
ഉമ്പായിയുടെ വരികള്‍
കര്‍ണ്ണത്തില്‍ വന്നലക്കുമ്പോഴാണ് ദൃഷ്ടിയില്‍ പെട്ട ആ ചെടി എന്നെയും കുട്ടിക്കാലത്തേക്ക്
കൂട്ടിക്കൊണ്ടുപോയത്. അന്ന് ഒളിച്ചു കളിക്കുമ്പോള്‍ തൊടിയിലൂടെ ഓടുന്ന സമയത്ത് ചുറ്റുമുളള
കാട്ടുചെടികളിലേക്കും ഒരു കണ്ണ് അറിയാതെ പായും. കളിക്കിടയില്‍ ചില കാട്ടുകനികളും ഞങ്ങള്‍
പറിച്ചു തിന്നാറുണ്ട്.അതില്‍ ഒന്നാണ് നൊട്ടങ്ങ.അതിനെത്തേടി കുട്ടികളായ ഞങ്ങള്‍ ചിലപ്പോള്‍
കൂട്ടമായി തൊടിയിലൂടെ നടക്കാറുമുണ്ട്.
മിക്കവാറും പുല്ല്
നന്നായി വളര്‍ന്നു നില്‍ക്കുന്നതിനിടയില്‍ ഒറ്റച്ചെടിയായാണ് നൊട്ടങ്ങ കാണാറ്.കണ്ടെത്തിയാല്‍
പിന്നെ അതിലുളള ചെറുതും വലുതും ഒക്കെ പറിക്കും.പിന്നെ എല്ലാവരും പങ്കിട്ടെടുത്ത്
തിന്നും.ചെറുത് നല്ല കയ്പ്പും മൂത്തത് ഒരു തരം പുളിപ്പും ആയിരിക്കും രുചി.എന്റെ തറവാട്
വീടിന്റെ തൊട്ടുമുമ്പില്‍ തന്നെയുണ്ടായിരുന്ന അമ്മാവന്റെ സ്ഥലത്താണ് അധികവും ഈ ചെടി
കണ്ടെത്താറ്.
ഉമ്മ മത്തനും വഴുതനയും
ഒക്കെ നട്ടതിന്റെ തൊട്ടടുത്തായാണ് ഇന്ന് രണ്ട് നൊട്ടങ്ങ ചെടികള്‍ തഴച്ചു വളര്‍ന്ന്
നില്‍ക്കുന്നത് കണ്ടത്.നിറയെ കായ ഉണ്ടെങ്കിലും മക്കള്‍ക്കാര്‍ക്കും അത് വേണ്ട. പച്ചക്കറികള്‍ക്ക്
ഇടാനായി ഉമ്മ വാങ്ങിയ ചാണകപ്പൊടി കൂട്ടിയിട്ട സ്ഥലത്താണ് ഈ ചെടികള്‍ വളര്‍ന്നിരുന്നത്.
പുറം തൊലി ഉണങ്ങി
തവിട്ടു നിറത്തിലായ ഒരു നൊട്ടങ്ങക്കായ ഞാന്‍ മെല്ലെ പറിച്ച് തൊലി കളഞ്ഞ് വായിലിട്ടു.
നൊട്ടങ്ങയുടെ തരികള്‍
എന്റെ വായിനകത്ത് പുളിരസം പരത്തിയപ്പോള്‍ ഞാന്‍ എന്റെ ട്രൌസറ് പ്രായത്തിലെത്തി.അന്നനാളത്തിലൂടെ
അത് ഊര്‍ന്നിറങ്ങുമ്പോള്‍ നാല്‍ ദശാബ്ദങ്ങള്‍ക്ക് അപ്പുറത്തേക്കാണ് അതിന്റെ യാത്ര എന്നത്
ആ പാവം നൊട്ടങ്ങ അറിഞ്ഞോ ആവോ?
8 comments:
അന്നനാളത്തിലൂടെ അത് ഊര്‍ന്നിറങ്ങുമ്പോള്‍ നാല്‍ ദശാബ്ദങ്ങള്‍ക്ക് അപ്പുറത്തേക്കാണ് അതിന്റെ യാത്ര എന്നത് ആ പാവം നൊട്ടങ്ങ അറിഞ്ഞോ ആവോ?
നൊട്ടങ്ങ, പുളിങ്കുരു ചുട്ടത്, അരിനെല്ലി.... വായില്‍ വെള്ളംമൂറുന്നു :(
മുബീ...ന്യൂ ജെന്‍ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല,അറിയേണ്ട ആവശ്യവുമില്ല!
ഞാനും തിന്നിട്ടുണ്ട് ഈ ഞോട്ടങ്ങ കുറെ. ഇപ്പോഴത്തെ കുട്ടികളോട് നമളിതൊക്കെ കൊതിപിടിച്ച്ചു തിന്നു എന്ന് പറഞ്ഞാല്‍ അവര്‍ അത്ഭുതം കൊണ്ടു വായ പൊളിക്കും
റോസ്...അപ്പോ ഇത് എല്ലാ നാട്ടിലും തിന്നപ്പെടുന്ന കായ തന്നെയാണല്ലേ?
പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന കാലങ്ങള്‍...
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...ഇന്നത്തെ കുട്ടികള്‍ക്കില്ലാത്തത്
Post a Comment
നന്ദി....വീണ്ടും വരിക