മാനന്തവാടിയിലെ ഒന്നാംഘട്ട
താമസ സമയത്ത് എനിക്ക് ഗ്യാസ് കണക്ഷന്‍ ഇല്ലായിരുന്നു.സര്‍ക്കാര്‍ കണക്ഷന്‍ കിട്ടാന്‍
ബുദ്ധിമുട്ടുള്ള അക്കാലത്ത് "Elf" എന്നൊരു പ്രൈവറ്റ് ഗ്യാസ് കണക്ഷനും നീതിസ്റ്റോര്‍ വഴി കിട്ടിയ നീതി ഗ്യാസ് കണക്ഷനും ഞങ്ങളുടെ കുടുംബവക വീട്ടില്‍ അരീക്കോട്ട് ഉണ്ടായിരുന്നു. അതില്‍ "Elf" ഞാന്‍ മാനന്തവാടിയിലേക്ക് എടുത്തു. ഗ്യാസ് കഴിയുന്ന സമയത്ത് ഞങ്ങള്‍ക്കും സര്‍ക്കാര്‍ കണക്ഷന്‍ ഉള്ളവര്‍ക്കും റീഫില്‍ ചെയ്യാന്‍ താമസ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു പ്രൈവറ്റ് ഏജന്‍സിക്കാരന്‍ ഉണ്ടായിരുന്നു (ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് മാനന്തവാടിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഈ പരിപാടി നിര്‍ത്തിയിരുന്നു).
അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ എനിക്കും സര്‍ക്കാര്‍ ഗ്യാസിന് ഒരാശ തോന്നി.എല്ലാവര്‍ക്കും വില കുറച്ച് കിട്ടുന്ന സാധനം ഞാന്‍ മാത്രം കൂടിയ വിലക്ക് വാങ്ങി കഞ്ഞി വയ്ക്കേണ്ട ആവശ്യം എന്ത് എന്ന് സഹധര്‍മിണി തലയണമന്ത്രം ഓതിയോ അതല്ല എനിക്ക് സ്വയം ബോധോദയം വന്നോ എന്നൊന്നും ഓര്‍മ്മയില്ല.പക്ഷെ അതിന് റേഷന്‍ കാര്‍ഡ് ആവശ്യമാണെന്ന് ആരോ മൊഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആശയെ കുഴിച്ചുമൂടി.കാരണം എനിക്കും ഉപ്പക്കും ഉമ്മക്കും അനിയനും കൂടി ഉണ്ടായിരുന്നത് ഒറ്റ റേഷന്‍ കാര്‍ഡ് ആയിരുന്നു !
ആയിടക്കാണ് വീണ്ടും ആരോ എന്നെ തട്ടിയുണര്‍ത്തിയത്.റേഷന്‍ കാര്‍ഡില്ലാത്തവനും കഞ്ഞി വയ്ക്കാന്‍ അവകാശമുണ്ടെന്നും വാടകക്ക് താമസിക്കുന്നവനും ഗ്യാസ് കിട്ടാന്‍ വകുപ്പുണ്ടെന്നും ആ തട്ടലില്‍ ഞാന്‍ അറിഞ്ഞു.പക്ഷെ പഞ്ചായത്ത് ആപ്പീസില്‍ നിന്നോ അതോ വില്ലേജ് ആപ്പീസില്‍ നിന്നോ ലഭിക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്ന താമ്രപത്രം വേണം. അത് കിട്ടണമെങ്കില്‍ വാടകച്ചീട്ടും വേണം. അങ്ങനെ ഞങ്ങളുടെ പുന്നാര ഹാജിക്കയില്‍ നിന്നും ഒരു വാടകച്ചീട്ട് ഒപ്പിച്ച് പ്രസ്തുത പത്രം കൈക്കലാക്കി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒരു കോപ്പിയും സഹിതം ഗ്യാസ് ഏജന്‍സിയില്‍ പോയി ഒരു അപേക്ഷാഫോമും വാങ്ങി പൂരിപ്പിച്ച് നല്‍കി ഞാന്‍ ദിവസങ്ങള്‍ എണ്ണി.
കലണ്ടറിലെ പേജുകള്‍ മുഴുവന്‍ മറിഞ്ഞ് കഴിഞ്ഞു. വിഷുവിന് കിട്ടും, ഓണത്തിന് കിട്ടും, പെരുന്നാളിന് കിട്ടും , ക്രിസ്തുമസിന് കിട്ടും എന്നിങ്ങനെ അയല്‌വാസികള്‍ പറഞ്ഞപ്പോള്‍ ഗ്യാസും മതേതരനായതില്‍ ഞാന്‍ സന്തോഷിച്ചു.പുതിയ കലണ്ടര്‍ ചുവരില്‍ തൂക്കി ഞാന്‍ പിന്നെയും കറുപ്പും ചുവപ്പും അക്കങ്ങളിലേക്ക് തുറിച്ച് നോക്കിയിരുന്നു.ഓരോ പ്രാവശ്യവും ഗ്യാസ് വണ്ടി വരുന്ന കടകട ശബ്ദം എന്റെ ഹൃദയത്തിന്റെ പെറുമ്പറ ശബ്ദത്തില്‍ അലിഞ്ഞില്ലാതായി.അവസാനം ഗ്യാസിന് അപേക്ഷ നല്‍കിയതിന്റെ തെളിവായുള്ള കടലാസും കോളേജില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയതിന്റെ കടലാസും ഭാര്യക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്ന് ഡോക്ടര്‍ നല്‍കിയ കടലാസും ചേര്‍ത്ത് പിടിച്ച് 2009 ഏപ്രിലില്‍ ഞാന്‍ കുടുംബ സമേതം മാനന്തവാടിയോട് വിട പറഞ്ഞു.
2010ല്‍ പുതിയ വീട്ടിലേക്ക് താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കി (ആ കഥ പിന്നീട് പറയാം). പുതിയതായി ഗ്യാസ് കണക്ഷന് അപേക്ഷ നല്‍കാനുള്ള എല്ലാം കയ്യില്‍ കിട്ടിയ ആത്മവിശ്വാസത്തോടെ നാട്ടില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയുള്ള മഞ്ചേരിയിലെ എച്.പി ഗ്യാസ് ഏജന്‍സിയില്‍ ഞാന്‍ ചെന്നു. എനിക്ക് ഏറ്റവും അടുത്തത് എടവണ്ണപ്പാറയിലുള്ള ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയാണെന്ന ന്യായം പറഞ്ഞ് അവര്‍ എന്നെ നിഷ്കരുണം പറഞ്ഞുവിട്ടു.വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുള്ള എടവണ്ണപ്പാറയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പെ മാനന്തവാടിയിലെ പഴയ കടലാസ് എന്നെ മാടിവിളിച്ചു !
രണ്ട് വര്‍ഷം മുമ്പ് അപേക്ഷിച്ച എനിക്ക് സീനിയോറിറ്റി ഉണ്ട് എന്ന് ആരോ എന്റെ ഉള്ളീല്‍ നിന്നും വിളിച്ച് പറഞ്ഞ പ്രകാരം ആ തെളിവുമായി ഞാന്‍ എടവണ്ണപ്പാറയില്‍ എത്തി.പക്ഷെ ഗ്യാസ് ഏജന്‍സി നടത്തുന്നവര്‍ എന്നാല്‍ ഇന്ത്യന്‍ പ്രെസിഡന്റിന്റെയും മുകളില്‍ ആണ് എന്ന ധാരണയുള്ളവരായിരുന്നതിനാല്‍ അവര്‍ എന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചില്ല. നിരാശനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് രണ്ട് മൂന്ന് വര്‍ഷത്തെ കഞ്ഞി അടുപ്പില്‍ തന്നെ വേവുന്നത് മനസ്സില്‍ കണ്ട് ഞാന്‍ അരീക്കോട്ടേക്ക് തിരിച്ച് കയറി.
റോഡ് ഗട്ടര്‍ സമൃദ്ധമായതിനാല്‍ യാത്രക്കിടയില്‍ ബസ് അതിലൊന്നില്‍ ചാടി.ആ കുലുക്കത്തില്‍ എന്റെ തലയില്‍ കസ്റ്റമര്‍ കെയര്‍ എന്ന ആശയം എങ്ങനെയോ എത്തി.വീട്ടിലെത്തിയ ഉടന്‍ ഞാന്‍ ഇന്‍ഡേന്‍ കസ്റ്റമെര്‍ കെയര്‍ നമ്പറില്‍ വിളിച്ച് എന്റെ ന്യായമായ ആവശ്യം ബോധിപ്പിച്ചു.രണ്ടാം ദിവസം ഗ്യാസ് ഏജന്‍സിയില്‍ നിന്നും എനിക്ക് വിളി വന്നു - നിങ്ങളുടെ കണക്ഷന്‍ റെഡിയായിരിക്കുന്നു.ഇന്ന് തന്നെ വന്ന് അതിന്റെ ഫോര്‍മാലിറ്റികള്‍ മുഴുവനാക്കണം !!!
അന്ന് മുതല്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി എന്റെ കണക്ഷന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെ ഞാനും എടവണ്ണപ്പാറ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മാനേജിംഗ് പാര്‍ട്ട്ണറും ഭായി ഭായി ആണ്. ഇതിനിടക്ക് സ്റ്റൌ,ലൈറ്റര്‍,റ്റ്യൂബ് എന്നിവ വാങ്ങാത്തതും, എസ്.വി പേപ്പര്‍ കാണാതായതും, രണ്ടാം സിലിണ്ടര്‍ ആവശ്യവും ഒന്നും എനിക്ക് പ്രശ്നം ആയില്ല. കാരണം എന്റെ കയ്യിലിരിക്കുന്ന അറിവിന്റെ ആയുധങ്ങളുടെ മൂര്‍ച്ച അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപഭോക്താക്കള്‍ അറിയേണ്ട സംഗതികള്‍ അറിഞ്ഞിരുന്നാല്‍ ഒരു ഏജന്‍സിക്കാരനും നമ്മെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.
അന്ന് മുതല്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി എന്റെ കണക്ഷന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെ ഞാനും എടവണ്ണപ്പാറ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മാനേജിംഗ് പാര്‍ട്ട്ണറും ഭായി ഭായി ആണ്. ഇതിനിടക്ക് സ്റ്റൌ,ലൈറ്റര്‍,റ്റ്യൂബ് എന്നിവ വാങ്ങാത്തതും, എസ്.വി പേപ്പര്‍ കാണാതായതും, രണ്ടാം സിലിണ്ടര്‍ ആവശ്യവും ഒന്നും എനിക്ക് പ്രശ്നം ആയില്ല. കാരണം എന്റെ കയ്യിലിരിക്കുന്ന അറിവിന്റെ ആയുധങ്ങളുടെ മൂര്‍ച്ച അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപഭോക്താക്കള്‍ അറിയേണ്ട സംഗതികള്‍ അറിഞ്ഞിരുന്നാല്‍ ഒരു ഏജന്‍സിക്കാരനും നമ്മെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.
6 comments:
നിരാശനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് രണ്ട് മൂന്ന് വര്‍ഷത്തെ കഞ്ഞി അടുപ്പില്‍ തന്നെ വേവുന്നത് മനസ്സില്‍ കണ്ട് ഞാന്‍ അരീക്കോട്ടേക്ക് തിരിച്ച് കയറി.
വൈകി ഉദിച്ച കസ്റ്റമർ കെയർ ബുദ്ധി നേരത്തെ ഉദിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ connection റെഡി ആകുമായിരുന്നല്ലേ?
എന്തായാലും നന്നായിട്ടുണ്ട് ഇക്ക...
ഇഷ്ടമായി...
ആദി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വൈകി ഉദ്ദിക്കുമ്പോഴാണ് അത് ബുദ്ധിയാവുന്നത്.അതുകൊണ്ട് അത് വൈകി തന്നെ ഉദിക്കണം!!
അതെന്നെ... ഇനി റേഷന്‍ കാര്‍ഡിന്റെ പോസ്റ്റ് പോരട്ടെ :)
അറിവ് ആവശ്യത്തിനുപയോഗിക്കേണ്ട ആയുധംതന്നെ....
ആശംസകള്‍
മുബീ...അത് കുറച്ച് കഴിഞ്ഞ്.
തങ്കപ്പേട്ടാ...ആവ്ശ്യത്തിന് ആവശ്യമുള്ളീടത്ത് ഉപയോഗിക്കാന്‍ എന്നാക്കിയാലോ?
Post a Comment
നന്ദി....വീണ്ടും വരിക