Pages

Friday, July 28, 2017

പുന്നമടക്കായലിലൂടെ ഒരു ശിക്കാർ യാത്ര-1

             പിറ്റേന്ന്  എല്ലാവരും കാലത്തെ തന്നെ എണീറ്റ് കുളിച്ചൊരുങ്ങി. പ്രാതൽ കഴിയുമ്പോഴേക്കും ആന്റണി മാഷ് കാറുമായി എത്തി. കാറിൽ തന്നെ ഞങ്ങൾ ഡോക്കിലേക്ക് തിരിച്ചു.

               ആലപ്പുഴയിൽ ജലയാത്ര നടത്താൻ നമുക്ക് വിവിധ മാർഗ്ഗങ്ങളുണ്ട്. മണിക്കൂറിന് 2000 രൂപ നിരക്കിൽ ഹൌസ് ബോട്ടുകൾ വാടകക്ക് കിട്ടും. മിനിമം 3 മണിക്കൂർ എങ്കിലും യാത്ര ചെയ്യണം എന്ന് ബോട്ടുകാർക്ക് നിർബന്ധമാണ്. മിക്ക ബോട്ടുകളും നേരത്തെ തന്നെ ബുക്കിംഗ് ഉള്ളതായിരിക്കും എന്നതിനാൽ ആലപ്പുഴ എത്തിയതിന് ശേഷം ഹൌസ് ബോട്ട് എടുക്കുന്നത് സീസണിൽ സാധ്യമായി എന്നു വരില്ല. 1500ൽ അധികം ഹൌസ് ബോട്ടുകൾ ഉള്ളതിനാൽ, സഞ്ചാരികളെ വലവീശാൻ നിരവധി ഏജന്റുമാർ വഴി നീളെ ഉണ്ടായിരിക്കും. ടൂറിസം ഡിപാർട്ട്മെന്റിന്റെ കീഴിലുള്ള പുന്നമട ഡോക്കിൽ നേരിട്ട് ചെന്ന് ഹൌസ് ബോട്ട് ബുക്ക് ചെയ്യുന്നതാകും എപ്പോഴും ഉചിതം.

              എട്ടിൽ താഴെയുള്ള യാത്രാസംഘത്തിന് ഉചിതമായത് ശിക്കാർ വള്ളങ്ങളാണ്. ചെറിയ മേൽക്കൂരയോട് കൂടിയ ബോട്ടുകളാണ് ശിക്കാർ വള്ളങ്ങൾ എന്നറിയപ്പെടുന്നത്. ഇരിക്കാൻ കസേരകളും ചാരി കിടക്കാൻ രണ്ട് ദീവാനിയും ഉണ്ടായിരിക്കും. മണിക്കൂറിന് 500 രൂപ മുതൽ മേലോട്ട് ആണ് റേറ്റ്. ശിക്കാർ വള്ളങ്ങൾ ധാരാളമുള്ളതിനാൽ  എപ്പോൾ ചെന്നാലും അവ ലഭിക്കും. ശനിയും ഞായറും അല്പം തിരക്ക് കൂടും ,റേറ്റും.

                 ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ സഞ്ചാരത്തിന് ഉപയോഗിച്ചാൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര തരമാകും.സാധാരണ യാത്രക്കാരായി എങോട്ടെങ്കിലും ടിക്കറ്റെടുക്കാം.അതല്ലെങ്കിൽ 40 രൂപ കൊടുത്ത് സഞ്ചാരികൾക്കായി പ്രത്യേകം സജ്ജമാക്കിയ മുകൾത്തട്ടിലിരുന്ന് കാഴ്ചകൾ ആസ്വദിക്കാം.

               മണിക്കൂറിന് 500 രൂപ നിരക്കിൽ ആന്റണി മാഷ് തന്നെ ഒരു ശിക്കാർ വള്ളം ഏർപ്പാട് ആക്കി തന്നു. പുള്ളിക്കും മറ്റു തിരക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഞങ്ങളുടെ കൂടെ കൂടാൻ ഞാൻ ക്ഷണിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഒമ്പത് മണിയോട് അടുത്ത് ഞങ്ങൾ യാത്ര ആരംഭിച്ചു. അത്യാവശ്യം വെള്ളവും അല്പം ഭക്ഷണവും ഒക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്. കാരണം കര വിട്ടാൽ പിന്നെ ഇവ കിട്ടാൻ പ്രയാസമാണ്.
“മക്കൾ ഈ വെള്ളം ശ്രദ്ധിച്ചോ?” ആന്റണി മാഷ് ചോദിച്ചു.

“വൃത്തികെട്ട വെള്ളം...” എല്ലാവരും പറഞ്ഞു.

“അത്....നമ്മെപ്പോലുള്ള സഞ്ചാരികൾ തന്നെയാണ് വൃത്തികേടാക്കുന്നത്....പ്ലാസ്റ്റിക്  ബോട്ടിലുകളും കവറുകളും എല്ലാം ഉപയോഗ ശേഷം നേരെ കായലിലേക്ക് വലിച്ചെറിയുന്നു...പിന്നെ ഹൌസ് ബോട്ടിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ വേറെയും....”

“അതാണ് ഇന്നലെ പറഞ്ഞ വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ....”

“അല്ല....ആലപ്പുഴ കടൽ വിതാനത്തിൽ നിന്നും താഴെ കിടക്കുന്ന പ്രദേശമാണ്. അതായത് കടൽ വെള്ളത്തിന് താഴെ ഒരു കുഴിയുള്ള പോലെ.അപ്പോ കടൽ വെള്ളം പെട്ടെന്ന് കരയിലേക്ക് കയറും....അതായത് എല്ലായിടത്തും ഉപ്പ് വെള്ളമായിരിക്കും ലഭിക്കുന്നത്....”

“അയ്യോ..!! മാഷെ വീട്ടിലും അങ്ങനെയാണോ?”

“അതെ...ഇവിടെ ഏറ്റവും വിലപ്പെട്ടതാണ് കുടിവെള്ളം...ഞങ്ങൾ ആലപ്പുഴ വിട്ട് ബന്ധുവീട്ടിൽ പോകുമ്പോൾ മൂന്ന് നാല് കാനുകൾ കൂടി കാറിൽ എടുത്തിടും , വെള്ളം ശേഖരിക്കാൻ...”

“ആഹാ...അപ്പോൾ ഈ കാണുന്നപോലെ മനോഹരമല്ല ഇവിടുത്തെ ജീവിതം...”

“അല്ല...സാധനങ്ങളും മറ്റും നിങ്ങൾ അങ്ങാടിയിൽ പോയി വാങ്ങുന്നു.പക്ഷെ ഇവിടെ അത് അടുക്കള വാതിലിനടുത്ത് വഞ്ചിയിൽ എത്തും, ഗ്യാസ് അടക്കം. പിന്നെ ഫ്ലോട്ടിംഗ് ഡിസ്പെൻസറികളും ഇടക്കിടെ കാണാം.“ ശിക്കാർ മുന്നോട്ട് നീങ്ങുമ്പോൾ ആന്റണി ആലപ്പുഴ ജീവിതത്തിന്റെ പച്ചയായ കഥകൾ പറഞ്ഞു.
“അല്ലാ...അപ്പോ കിഴക്കിന്റെ വെനീസ് എന്ന് പറയാൻ കാരണമോ?”

"ആ...അത് നമ്മുടെ പഴയ വൈസ്രോയി കഴ്സൺ പ്രഭു ഒരു തവണ ആലപ്പുഴയിൽ വന്നു.ഇറ്റലിയിലെ വെനീസിനെപ്പോലെ തടാകങ്ങളും പാലങ്ങളും കനാലുകളും നിറഞ്ഞ ആലപ്പുഴയെ അദ്ദേഹം അന്ന് കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചു...”

“ഓ...കെ”

“ ഇപ്പോൾ നമ്മൾ ഒരു ചരിത്ര പ്രധാന പോയിന്റിൽ എത്തിയിരിക്കുന്നു...“ ഞങ്ങൾ ആകാംക്ഷയോടെ ആന്റണി മാഷെ നോക്കി.

(തുടരും...)

8 comments:

Areekkodan | അരീക്കോടന്‍ said...

"ആ...അത് നമ്മുടെ പഴയ വൈസ്രോയി കഴ്സൺ പ്രഭു ഒരു തവണ ആലപ്പുഴയിൽ വന്നു.ഇറ്റലിയിലെ വെനീസിനെപ്പോലെ തടാകങ്ങളും പാലങ്ങളും കനാലുകളും നിറഞ്ഞ ആലപ്പുഴയെ അദ്ദേഹം അന്ന് കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചു...”

Manikandan said...

വെള്ളത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ് ആലപ്പുഴക്കാർ. പല തുരുത്തുകളിലും കഴിയുന്നവർക്ക് കരയെത്താൻ ഇപ്പോഴും പ്രയാസം തന്നെ. അതുപോലെ എന്തെങ്കിലും അടിയന്തിരഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടായാലും പ്രശ്നമാണ്.

സുധി അറയ്ക്കൽ said...

അപ്പോ അങ്ങനെയാണല്ലേ ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്ന് പറയാൻ തുടങ്ങിയത്‌.(നല്ല വിവരണം!!ലിങ്ക്‌ അയക്കണം.അങ്ങനെ ചെയ്യാത്തതെന്നാ??)

Areekkodan | അരീക്കോടന്‍ said...

Manikandanji...അതെ, അടിയന്തരഘട്ടങ്ങൾ എന്നും ആശങ്കാജനകം തന്നെ.

സുധീ...അതെ, ഞാനും ഇപ്പോഴാ അതിന്റെ കാരണം അറിഞ്ഞത്

HANNA VARGHESE said...

memories....!!!!!!:)

Areekkodan | അരീക്കോടന്‍ said...

Hanna...That story comes soon !!!

© Mubi said...

ആലപ്പുഴ കഥകള്‍ മുഴുവന്‍ വായിക്കട്ടെ..

Areekkodan | അരീക്കോടന്‍ said...

മുബീ... ആലപ്പുഴ അനുഭവങ്ങള്‍ക്ക് ഒരു ബ്രേക്ക് വന്നു.ഉടന്‍ തുടരും.

Post a Comment

നന്ദി....വീണ്ടും വരിക