Pages

Monday, August 14, 2017

പുന്നമടക്കായലിലൂടെ ഒരു ശിക്കാർ യാത്ര-2

“ ഇപ്പോൾ നമ്മൾ ഒരു ചരിത്ര പ്രധാന പോയിന്റിൽ എത്തിയിരിക്കുന്നു...“ ചുറ്റും വെള്ളം മാത്രം ആയതിനാൽ  ഞങ്ങൾ ആകാംക്ഷയോടെ ആന്റണി മാഷെ നോക്കി.

“ദേ...ഒരു പ്രതിമ കാണുന്നില്ലേ? അതാണ് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റ്. തുടങ്ങുന്ന സ്ഥലം നാം പിന്നീട് കാണും. ആട്ടെ, ഈ പേര് എങ്ങനെ കിട്ടി എന്നറിയോ?”

“ഇല്ല...കേൾക്കട്ടെ...” ഞാനടക്കം എല്ലാവരും പറഞ്ഞു.

“നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വന്നു. അന്ന് ചുണ്ടൻ വള്ളങ്ങളുടെ ഒരു മത്സരം സംഘടിപ്പിച്ചായിരുന്നു നെഹ്രുവിനെ സ്വീകരിച്ചത്. മത്സരാവസാനം ഒരു വള്ളത്തിൽ നെഹ്രുവും കയറി.ആ യാത്രയുടെ ത്രില്ലിൽ അടുത്ത വർഷത്തെ മത്സര വിജയികൾക്കായി അദ്ദേഹം ഒരു ട്രോഫി സമ്മാനിച്ചു. അങ്ങനെ അത് നെഹ്‌റു ട്രോഫി വള്ളം കളിയായി മാറി (ഈ സംഭവം 1952ൽ ആണ്. നെഹ്രുട്രോഫി എന്ന പേരിൽ നൽകാൻ തുടങ്ങിയത് 1969ലും ആണ്)

                 ഹൌസ്ബോട്ടുകൾ തലങ്ങും വിലങ്ങും കായലിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അതിനെക്കാൾ കൂടുതൽ കരക്കടുപ്പിച്ച് നിർത്തിയതും കണ്ടു. എല്ലാം സഞ്ചാരികളെ പ്രതീക്ഷിച്ച് നിൽക്കുന്നതാണെന്നും അവയിൽ 70-80 ശതമാനത്തിനും ട്രിപ് കിട്ടും എന്നും ആന്റണി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

                 കായലിലെ വിവിധ തുരുത്തുകളിൽ ജനവാസമുണ്ട്. ഒരു തുരുത്തിൽ കണ്ട സാധാരണ വീട് ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങോട്ടുള്ള മുളയുടെ പാലവും വീട്ടുമുറ്റത്തെ മുളങ്കൂട്ടവും എല്ലാം കൂടി ഒരു പ്രത്യേക ആകർഷണം. അപ്പോഴാണ് അറിഞ്ഞത് അത് മലയാളിയുടെതല്ല എന്ന്.മുംബയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെതാണ് പോലും.ഇടക്കിടെ ഫിലിം ഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണ്.



                  വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു ഹോണടി കേട്ടു. വെള്ളത്തിലും ബ്ലോക്കോ? ഹോണടിക്കുന്നത് ആരെന്ന് നോക്കിയപ്പോൾ ഒരാൾ ചെറിയ ഒരു തോണിയുമായി വീടുകളുടെ അടുക്കള ചേർന്ന് നിർത്തുന്നത് കണ്ടു. മത്സ്യം വില്പനക്കാരനാണ്.കായലിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരുണ്ട്, മീൻ ഇങ്ങ്ഫനെ വാങ്ങുന്നവരുമുണ്ട്.

                         വള്ളം മുന്നോട്ട് നീങ്ങുന്നതിനിടെയാണ് കായൽകരയിൽ മാവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മിക്ക മാവുകളിലും നിറയെ മാങ്ങകളും ഉണ്ടായിരുന്നു. ഞെട്ടി നീണ്ട് തൂങ്ങുന്ന മാങ്ങകളും ഇളം ചുവപ്പ് നിറത്തിലുള്ള മാങ്ങകളും ധാരാളം കണ്ടു. എല്ലാം കായലിലേക്ക് ചാഞ്ഞ് നിൽക്കുന്നതിനാൽ മാവിന്റെ ഉടമക്ക് അത് കിട്ടും എന്ന് തോന്നുന്നില്ല.

സഞ്ചരിച്ച് സഞ്ചരിച്ച് ഞങ്ങൾ ഒരു ചെറിയ തുരുത്തിനടുത്തെത്തി.

“ചായ കുടിക്കണോ?” ആന്റണി ചോദിച്ചു.

“ആ വേണം...” കുട്ടികൾ എല്ലാവരും പറഞ്ഞു.

“എങ്കിൽ ആ തുരുത്തിൽ ഇറങ്ങി ആ കാണുന്ന ഷോപ്പിൽ നിന്നും ചായ കുടിക്കാം...”

ബോട്ട് തുരുത്തിനോട് അടുപ്പിച്ച് നിർത്തി. ഞങ്ങൾ എല്ലാവരും ഇറങ്ങി. പെട്ടെന്നാണ് മുന്നിലുള്ള ഒരു അതിഥി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

ഞങ്ങൾ എല്ലാവരും ഇറങ്ങി. പെട്ടെന്നാണ് മുന്നിലുള്ള ഒരു അതിഥി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

Manikandan said...

ഇവിടേം സസ്പെൻസ്. സസ്പെൻസ് വിട്ടൊരു കളി ഇല്ല :)

Areekkodan | അരീക്കോടന്‍ said...

Manikantan ji...യാത്ര മുഴുവൻ സസ്പെൻസ് ആയിരുന്നു.പിന്നെ എഴുത്തിൽ നിന്ന് അത് മാറ്റേണ്ടല്ലോ?

© Mubi said...

ആരായിരുന്നു അത്???

Areekkodan | അരീക്കോടന്‍ said...

മുബി...എന്റെ ലാപ്ടോപ് പണി മാറി ചെയ്യുന്നതിനാല്‍ അത് ഉടന്‍ ഒരു പക്ഷേ അറിഞ്ഞേക്കില്ല!

Post a Comment

നന്ദി....വീണ്ടും വരിക