Pages

Thursday, August 31, 2017

രാമന്‍ ദ ഗ്രേറ്റ്

രാമന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു.പ്രായം കൊണ്ട് എന്റെ മൂത്തതാണെങ്കിലും വിധിവശാല്‍ ഞങ്ങള്‍ ക്ലാസ്മേറ്റുകളായി.രാമന്റെ താഴെ ആണും പെണ്ണുമായി ഏഴെണ്ണം കൂടിയുള്ളതിനാല്‍ കുട്ടികളുടെ എണ്ണത്തില്‍ ആ വീട്, എന്റെ വീടിന് സമീപത്തെ അംഗനവാടിക്ക് തുല്യമായിരുന്നു.ശാരീരിക ഘടന കൊണ്ടും പൊക്കം കൊണ്ടും സൂപര്‍ സീനിയര്‍ ആയതിനാല്‍ ലാസ്റ്റ് ബെഞ്ചിന്റെ അറ്റത്തായിരുന്നു അന്ന് രാമന്റെ സീറ്റ്. ആ സീറ്റ് രാമന്‍ തന്നെ തെരഞ്ഞെടുത്തതാണെന്നും അതിന് പിന്നില്‍ മറ്റൊരു കഥയുണ്ടെന്നും ആ ക്ലാസ്സില്‍ എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

ആ വര്‍ഷം ഒമ്പതാം ക്ലാസ്സില്‍ നിന്നും പത്താം ക്ലാസ്സിലേക്ക് ജയിച്ച് വന്നവരായിരുന്നു ഞങ്ങള്‍ എല്ലാവരും.രാമന്റെ ക്ലാസ്സ് ടീച്ചറായിരുന്ന ദയ ടീച്ചറുടെ ദയ കൊണ്ടോ അതല്ല വാര്‍ഷിക പരീക്ഷക്ക് അടുത്തിരുന്ന കരുണാകരന്റെ കരുണ കൊണ്ടോ എന്നറിയില്ല നാലാമൂഴത്തില്‍ രാമന്‍ പത്താം ക്ലാസ് കണ്ടു.മറ്റു ക്ലാസ്സുകളിലും ഇതിന് തുല്യമായ ‘റെക്കോര്‍ഡ്’ പ്രകടനം കാഴ്ച വച്ചാണ് രാമന്‍ പത്തിലെത്തിയത്.അങ്ങനെ ക്ലാസ്സ് തുടങ്ങി രണ്ടാം ദിവസം, രാമന്റെ ആറാമത്തെ അനിയന്‍ ബാവ, ചേട്ടന്‍ ബാവയെ പിന്നില്‍ നിന്നും തോണ്ടി!(ബാക്കി അനിയാനിയത്തിമാര്‍ എല്ലാം വല്യേട്ടനെ മുമ്പേ ഓവര്‍ടേക്ക് ചെയ്ത് പോയിരുന്നു). ആ ദാരുണ സംഭവത്തിന് ശേഷമാണ് രാമന് തന്റെ വയസ്സും ക്ലാസ്സും തമ്മിലുള്ള കണക്കിന്റെ കളി മനസ്സിലായത്.അനിയന്റെ ശല്യം കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ അന്ന് തന്നെ രാമന്‍ ലാസ്റ്റ് ബെഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി.

പഠിക്കുന്ന കാലത്തേ വായ കൊണ്ട് രാമനെ കീഴടക്കാന്‍ പ്രയാസമായിരുന്നു.എവിടെ നിന്നോ കേട്ട തെന്നാലി രാമനേയും ആനവാരി രാമന്‍ നായരെയും സി.വി. രാമനെയും സ്ഥാനത്തും അസ്ഥാനത്തും ക്വാട്ട് ചെയ്ത് താനും ആ പ്രശസ്ത പൂര്‍വ്വരാമഗണത്തില്‍ വരുന്നതാണെന്ന് അവന്‍ സ്ഥാപിക്കുമായിരുന്നു.അതിനാല്‍ തന്നെ തൊള്ളബഡായി രാമന്‍ എന്ന പേര് രാമനില്‍ അന്ന്  ചാര്‍ത്തപ്പെട്ടു.അത് ലോപിച്ച് ബഡായി രാമന്‍ ആയി മാറിയത് പിന്നീട് കേരളം കണ്ടറിഞ്ഞ സത്യം.

അങ്ങനെ  പoനം ഒരു വഴിക്കും രാമൻ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരുന്ന കാലത്താണ് രാമന്റെ ജീവിതത്തിൽ ആദ്യമായി രാമൻ, രാമൻ ദ ഗ്രേറ്റ് ആയ  ആ മഹാ സംഭവം നടന്നത്. 

പത്താം ക്ലാസിൽ രസതന്ത്രം പഠിപ്പിക്കുന്നതിനിടയിൽ ദേവസ്യ മാഷ് രാമനോട് ഒരു ചോദ്യം  
“ആവർത്തന പട്ടികയിലെ  മൂലകങ്ങളുടെ എണ്ണമെത്ര?“

ആവർത്തന പെട്ടികളിലെ  മൂലകളുടെ എണ്ണം..., രസതന്ത്രം മാഷ് കണക്കിലെ ചോദ്യം ചോദിക്കുന്നതിന്റെ രഹസ്യം മനസ്സിലാകാതെ രാമൻ ഇരുന്നു. 

“രാമനോടാണ് ചോദ്യം...” ദേവസ്യ മാഷ് ശബ്ദമുയർത്തിയപ്പോൾ ചുറ്റുമുള്ളവരെ ഒക്കെയൊന്ന് ഉഴിഞ്ഞ് നോക്കി രാമൻ മെല്ലെ സീറ്റിൽ നിന്നും പൊങ്ങി.

‘ആവർത്തനം എന്നാൽ വീണ്ടും വീണ്ടും...അപ്പോൾ ആവർത്തന പെട്ടി എന്നാൽ വീണ്ടും വീണ്ടും അടുക്കി വയ്ക്കുന്ന പെട്ടി...മീൻ മാർക്കറ്റിലെപ്പോലെ....അതിന്റെ മൂലകൾ...അത് പെട്ടി എത്ര ഉണ്ട് എന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ....’ രാമൻ മനസ്സിൽ കണക്ക് കൂട്ടി.

“എന്തെങ്കിലും ഒന്ന് പറയൂ...” ദേവസ്യ മാഷ് അല്പം ചൂടായി.

“എണ്ണം കണക്കാക്കിയിട്ടില്ല...” രാമൻ വിളിച്ച് പറഞ്ഞു.

“ങേ!!” ദേവസ്യ മാഷ് ഞെട്ടി. ആവർത്തന പട്ടികയിലേക്ക് ഇനിയും മൂലകങ്ങൾ വരാനുള്ളത് രാമൻ എങ്ങനെ അറിഞ്ഞു എന്ന് ദേവസ്യ മാഷിന് മനസ്സിലായില്ല.അങ്ങനെ ആ പിര്യേഡിൽ രാമൻ രക്ഷപ്പെട്ടു.

അടുത്ത പിരീഡ് ബയോളജി ആയിരുന്നു. ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞ് കരീം മാ‍സ്റ്ററുടെ ചോദ്യം ഉയർന്നു. “ മനുഷ്യന്റെ ക്രോമോസോം നമ്പർ എത്ര? രാമൻ പറയൂ...”

‘പല നമ്പറുകളും കേട്ടിട്ടുണ്ട്...മനുഷ്യന് നമ്പർ ഉള്ളതായി കേട്ടത് ആകെ ക്ലാസിൽ വിളിക്കുന്ന നമ്പറാണ്...’ രാമൻ ആലോചിച്ചു കൊണ്ട് എഴുന്നേറ്റു. ഈ പിര്യേഡിലും രാമന് പണി കിട്ടിയതിൽ മറ്റെല്ലാവരുടെയും മുഖത്ത് ഒരു ചിരി പടർന്നു.

“46” കരീം മാഷ് പറഞ്ഞ നമ്പറ് അറിയാത്തതിനാൽ രാമൻ തന്റെ റോൾ നമ്പർ വിളിച്ച് പറഞ്ഞു.

“വെരി ഗുഡ്...” അത്രയും കാലത്തിനിടക്ക് ആദ്യമായി രാമനിൽ നിന്ന് ശരിയുത്തരം കിട്ടിയപ്പോൾ കരീം മാഷ് രാമനെ അഭിനന്ദിച്ചു. എന്നാലും രാമൻ കറക്റ്റ് ഉത്തരം പറഞ്ഞതിന്റെ ഗുട്ടൻസ് മാഷിനും ക്ലാസ്സിലെ കുട്ടികൾക്കും മനസ്സിലായില്ല. ആ പിര്യേഡും അങ്ങനെ കഴിഞ്ഞു.

അടുത്ത പിര്യേഡ് ഭൌതികശാസ്ത്രമായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ നോട്ടപ്പുള്ളിയായിരുന്നു രാമൻ. ക്ലാസ് തുടങ്ങിയത് തന്നെ ഒരു മുഖവുരയോടെയായിരുന്നു. “ഇന്നലെ നാം ചലന നിയമങ്ങളിലെ മൂന്നാമത്തേതും പഠിച്ചു...”

‘ദൈവമേ...ചലനത്തിന്റെ മൂന്ന് നിയമങ്ങൾ...ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും...അപ്പോൾ ഇനി നാലാമത്തെ നിയമം പിന്നോട്ട് ചലിക്കുന്നത് ആയിരിക്കും...’ രാമൻ ആത്മഗതം ചെയ്തു.

“മൂന്നാം ചലന നിയമം പറയൂ.....രാമൻ” 

‘ഇതെന്താ ഇന്ന് എന്റെ ജന്മദിനമാണോ...എല്ലാ മാഷന്മാരും എനിക്ക് മാത്രം പൊങ്കാല ഇടുന്നത്...’ എഴുന്നേൽക്കുന്നതിനിടയിൽ രാമൻ മനസ്സിൽ പറഞ്ഞു. ഉത്തരം അറിയാത്തതിനാൽ രാമൻ മിണ്ടാതെ നിന്നു.

ഒന്നും പറയാതെ പ്രതിമ കണക്കെ നിൽക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ അന്നും രവീന്ദ്രൻ മാഷുടെ ചൂരൽ രാമന്റെ നടുപ്പുറത്ത് പതിച്ചു. അപ്രതീക്ഷിതമായ അടിയിൽ പുളഞ്ഞ രാമൻ മുൻ പിൻ നോക്കാതെ നേരെ തിരിഞ്ഞ് കൈ ആഞ്ഞു വീശി.അത് കൃത്യമായി കൊണ്ടത് രവീന്ദ്രൻ മാഷുടെ പുറത്ത് !!

‘എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ‘ എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം പ്രയോഗത്തിലൂടെ കാണിച്ചത് രവീന്ദ്രൻ മാഷ് ശരിക്കും അനുഭവിച്ചറിഞ്ഞു. ആ ദിവസത്തിന് ശേഷം സയൻസ് അധ്യാപകർ ആരും തന്നെ രാമനോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെട്ടിട്ടില്ല.

രാമൻ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഉന്നതങ്ങളിൽ വിരാജിക്കുന്നുണ്ടാകും.കാരണം രാമന്റെ അച്ഛൻ എന്നും ഉന്നതങ്ങളിൽ വിരാജിക്കുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു..  

(ആയിരാമത് പോസ്റ്റ് - ഒരു പെൻഡ്രൈവ് സ്റ്റോറി)

15 comments:

Areekkodan | അരീക്കോടന്‍ said...

ബൂലോകത്ത് ഞാൻ ഓടിത്തുടങ്ങിയിട്ട് 11 വർഷം തികയുന്നു.
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലെ ആയിരത്തി ഒരുനൂറാമത്തെ പോസ്റ്റ് സമർപ്പിക്കുന്നു.

Manikandan said...

പഠനത്തിൽ പിന്നിലായിരുന്നെങ്കിലും ആ കാലഘട്ടത്തിൽ ആ സ്ക്കൂളിൽ നന്നായി പഠിച്ചിരുന്ന പലരേക്കാളും മികച്ച നിലയിൽ തന്നെ രാമൻ എത്തിയിട്ടുണ്ടാകും. സന്ധിയും സമാസവും വ്യാകരണവും ജ്യാമിതിയും പിരിയോഡിക് ടേബിളും ഒന്നും ജീവിത വിജയത്തിനു ആവശ്യമില്ല. ഓരോരുത്തരുടെയും അഭിരുചികൾക്കൊത്ത വിദ്യാഭ്യാസം അവർക്ക് നൽകുന്നതിൽ നമ്മൾ ഇപ്പോഴും പിന്നിലാണ്. അതുകൊണ്ടാണ് ഇന്നും രാമൻമാർ ഉണ്ടാകുന്നത്.

Areekkodan | അരീക്കോടന്‍ said...

മണികണ്ഠൻ ജി...പഠിക്കുന്നത് ഒന്നും പ്രയോഗിക്കുന്നത് മറ്റൊന്നും ആയതിനാലാണ് നമ്മുടെ വിദ്യാഭ്യാസം ആഭാസമാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.ഇപ്പോൾ മാർക്കും കൂടി വാരിക്കോരി കൊടുത്ത് രാമന്മാരെ ഉണ്ടാക്കിക്കൊണ്ടെ ഇരിക്കുന്നു.

© Mubi said...

രാമനൊക്കെ മിടുക്കനായിട്ടുണ്ടാകും മാഷേ... പതിനൊന്നാം വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍!!

Areekkodan | അരീക്കോടന്‍ said...

മുബീ...വായനക്കും അഭിപ്രായത്തിനും നന്ദി.അഭിനന്ദനങ്ങൾക്ക് നന്ദി...ഈദ് മുബാറക്

Unknown said...

അഭിനന്ദനങ്ങൾ

Areekkodan | അരീക്കോടന്‍ said...

Sujith...Thanks

കുഞ്ഞൂസ് (Kunjuss) said...

പഠനത്തിലെ മികവല്ലല്ലോ ജീവിത വിജയം നിർണ്ണയിക്കുന്നത് , രാമൻ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടാകും....

പതിനൊന്നാം വാര്ഷികാശംസകൾ... !

Areekkodan | അരീക്കോടന്‍ said...

കുഞ്ഞൂസ്...പഠന മികവ് ജീവിത വിജയത്തിന് കൂടുതൽ സഹായകമാവുന്നു. ആശംസകൾക്ക് നന്ദി.

jithu said...

Congrats on achieving 1000 posts. Keep going Sir!

Sabu Kottotty said...

ഒരു ലൈക്ക് ബട്ടൻ കൂടി നിർബന്ധമാ....

Areekkodan | അരീക്കോടന്‍ said...

Jithu...This is 1100th post !!

Kottotty...ലൈക്ക് മനസ്സിൽ പോരേ ?

Muralee Mukundan , ബിലാത്തിപട്ടണം said...

ആയിരം തികച്ചതിനു
ആയിരം അഭിനന്ദനങ്ങൾ കേട്ടോ ഭായ്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ആയിരം അല്ല,ആയിരത്തി ഒരുനൂറ് ആയി !!

ente lokam said...

1,100...1,100,1,100 moonnu tharam mashe....
post kalakketto...abhinandans..:)Ramana angu mukalil
thanne eththikkanum......

Post a Comment

നന്ദി....വീണ്ടും വരിക