2016ല്‍ വയനാട് ഗവ.
എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന് അനുവദിച്ച പ്രകൃതി പഠന ക്യാമ്പിന്റെ
ഭാഗമായാണ് ബേഗൂര്‍ എന്ന സ്ഥലവുമായും അവിടത്തെ ഫോറസ്റ്റ് ഓഫീസുമായും പരിചയമാവുന്നത്.ആ
ക്യാമ്പിലൂടെ അന്നത്തെ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ ബൈജുനാഥ് സാറുമായുണ്ടായ ആത്മബന്ധം
അതേ വര്‍ഷത്തെ ഒരു പെരുമഴക്കാലത്ത് ഞങ്ങളെ വീണ്ടും ബേഗൂര്‍ കാട്ടിലെത്തിച്ചു. അന്ന്
1000ത്തോളം മുളംതൈകള്‍ നട്ടുപിടിപ്പിച്ചാണ് ഞങ്ങള്‍ കാടിനോട് വിടപറഞ്ഞത്.
പ്രകൃതിയോടും കാടിനോടും ഉണ്ടാക്കിയ ഈ ആത്മബന്ധം
2017 ആഗസ്തില്‍ ഞങ്ങളെ ഒരിക്കല്‍ കൂടി ബേഗൂരിലെത്തിച്ചു. ഒരു ഏകദിന പ്രകൃതി പഠന ക്യാമ്പും
വൃക്ഷത്തൈ നടലും ആയിരുന്നു അന്നത്തെ പരിപാടി. സംഭവ ബഹുലമായ ഒരു ക്യാമ്പ് ആയി അത് മാറിയത്
പെട്ടെന്നായിരുന്നു. കടന്നല്‍ കുത്തേറ്റ് പത്തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി
വന്നത് എന്റെ 20 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലെ തന്നെ ആദ്യ അനുഭവമായിരുന്നു.
2018 ജുലൈ മാസത്തില്‍ ബേഗൂര്‍ ഞങ്ങളെ വീണ്ടും
ക്ഷണിച്ചു. ഇത്തവണ അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ഒരു ട്രെക്കിംഗും അധിനിവേശ
സസ്യ നശീകരണവും ആയിരുന്നു പ്രോഗ്രാം. 2017ലെ ഭീതിദമായ ഓര്‍മ്മകളും ശക്തമായ മഴയും ഉണ്ടായിട്ട്
പോലും കാട്ടിലേക്ക് പോകാനുളള അവസരം കുട്ടികള്‍ വെറുതെ കളഞ്ഞില്ല. വയനാട്ടില്‍ നിന്നും
സ്ഥലം മാറിപ്പോയ ഞാനും ആ ടീമിനൊപ്പം ചേര്‍ന്നു.
നന്നായി
മഴ ലഭിച്ചതിനാല്‍ ചെളി നിറഞ്ഞതായിരുന്നു കാട്. ക്യാമ്പിന് വന്ന 99 ശതമാനം പേര്‍ക്കും
അട്ട കടിയും ഏറ്റു. മാന്‍ ഒഴികെ ഒരു വന്യ ജീവിയും മുന്നില്‍ വന്നില്ല. പക്ഷെ പതിവിന്
വിപരീതമായി പാമ്പുകള്‍ ശ്രദ്ധയില്‍ പെട്ടു.വീണ്ടും അപകടം മണത്തതിനാല്‍ അധികം ഉള്‍ക്കാട്ടിലേക്ക്
കയറാതെ ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തി.പതിവിന് വിപരീതമായി ഇത്തവണ പുഴയിലും ഇറങ്ങി ആര്‍മാദിച്ചു.
നാഷണല്‍
സര്‍വീസ് സ്കീമിന്റെ കൂടെയുളള നാലാമത്തെ ബേഗൂര്‍ ക്യാമ്പും കഴിഞ്ഞ് ഞാന്‍ മടങ്ങാന്‍
ഇരിക്കുമ്പോള്‍ എന്റെ ഒരു പെന്‍സില്‍ ഡ്രോയിംഗ് സമ്മാനിച്ചു കൊണ്ട് കുട്ടികള്‍ എന്നെ
വീണ്ടും ഞെട്ടിപ്പിച്ചു. കോഴിക്കോട് നടന്ന ക്യാമ്പില്‍ പങ്കെടുത്ത കൊല്ലത്ത് കാരനായ
ഒരു പയ്യന്‍ വരച്ചതായിരുന്നു അത്.നന്ദിയോടെ അതും സ്വീകരിച്ച് ഞാന്‍ ബേഗൂരിനോട് താല്‍കാലികമായി
വിട പറഞ്ഞു.
1 comments:
പതിവിന് വിപരീതമായി പാമ്പുകള്‍ ശ്രദ്ധയില്‍ പെട്ടു.വീണ്ടും അപകടം മണത്തതിനാല്‍ അധികം ഉള്‍ക്കാട്ടിലേക്ക് കയറാതെ ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തി
Post a Comment
നന്ദി....വീണ്ടും വരിക