Pages

Wednesday, November 14, 2018

നെഹ്രുത്തൊപ്പിയും എന്റെ തോണിയും

"ഉപ്പച്ചീ... എനിക്കൊരു തൊപ്പി വേണം ... " ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ, ലൂന മോൾ സ്വീകരിച്ചത് ഈ ആവശ്യത്തോടെയായിരുന്നു.

"അബാ ...ലബ് ഗുല് ലുക് ബുലും... ഗുലു ബുക് ലുബ് ഗും ...." അവളെ ചൂണ്ടിക്കൊണ്ട് രണ്ടര വയസ്സ് കാരനും അവന്റെ ഭാഷയിൽ എന്നോട് പറഞ്ഞു.

"ഓ കെ.... "  ദേശീയ ഗെയിംസിന്റെ ക്യാപുകളും NSS - ന്റെ വിവിധ തരം തൊപ്പികളും സ്റ്റോക്കുള്ളതിനാൽ ഞാൻ ധൈര്യമായി പറഞ്ഞു.

" പക്ഷെ ... നിങ്ങളെ ലൊട്ടു ലൊടുക്ക് തൊപ്പിയൊന്നും പറ്റില്ല."

"പിന്നെ?"

" ചാച്ചാജി തൊപ്പി.... ശിശുദിന പരിപാടിക്ക് വേണ്ടിയാ... ''

"അയ്യോ... അത് ...അതിപ്പോ കടലാസ് കൊണ്ടുണ്ടാക്കേണ്ടേ?"

"ആ... ഉണ്ടാക്കണം"

"ഒരു കാര്യം ചെയ്യാം... നമുക്ക് ഒരു കടലാസ് തോണിയുണ്ടാക്കാം. അത് തലയിൽ കമഴ്ത്തി വച്ചാൽ തൊപ്പിയായി " ഞാൻ ഒരു ഐഡിയ പറഞ്ഞ് കൊടുത്തു.

" എങ്ങനെയായാലും വേണ്ടില്ല. നാളെ എനിക്ക് തൊപ്പി കിട്ടണം.. "

"ങാ......ഏറ്റു....."

ഇന്ന് രാവിലെ എണീറ്റ് വലിയൊരു ചാർട്ട് പേപ്പർ കീറി ഞാൻ ഒരു തോണിയുണ്ടാക്കി. അത് മോളെ തലയിൽ കമഴ്ത്തി ഭാര്യയുടെ അഭിപ്രായം തേടി.

" നെഹ്രുത്തൊപ്പിയുടെ മുൻഭാഗം ഇങ്ങനെയല്ല " - എന്നെ വെട്ടിലാക്കിക്കൊണ്ട് അവളുടെ അഭിപ്രായം വന്നു. അതോടെ മകളുടെ മുഖത്തെ സന്തോഷവും മാഞ്ഞു.വൈകാതെ, പ്രത്യേകിച്ച് ധാരണ ഇല്ലെങ്കിലും പേപ്പർ കീറി ഒട്ടിച്ച് തൊപ്പി ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇന്ന് ജില്ലാ യുവജനോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ പങ്കെടുക്കാൻ വേണ്ടി ഇന്റർനെറ്റിൽ തപ്പിക്കൊണ്ടിരുന്ന ലുഅ മോൾ എന്റെ പാരവശ്യം കണ്ടു.നെറ്റിൽ  ഒറ്റ ക്ലിക്.... നെഹ്രുത്തൊപ്പി ഉണ്ടാക്കുന്ന വീഡിയോ അതാ മുന്നിൽ തെളിഞ്ഞു.ഞാൻ തോണിയുണ്ടാക്കിയ അതേ പേപ്പർ വാങ്ങി വീഡിയോയിൽ കണ്ട പോലെ തന്നെ ചെയ്ത്, 5 മിനുട്ടിനുള്ളിൽ അവൾ നെഹ്രുത്തൊപ്പി റെഡിയാക്കി - അതാണ് ന്യൂ ജെനിന്റെ ഉടനടി പരിഹാരം !!

തലയിൽ നെഹ്രുത്തൊപ്പിയും മുറ്റത്തെ റോസാ ചെടിയിൽ നിന്ന് നെഞ്ചത്ത് ഒരു റോസാപൂവും ചാർത്തി സന്തോഷത്തോടെ ലൂനമോൾ സ്കൂളിലേക്ക് യാത്രയായി. ഇന്ന് നാല്പത്തി രണ്ടാം ജന്മദിനമാണെന്ന് പറയപ്പെടുന്ന എന്റെ ഭാര്യ കാഴ്ചക്കാരിയായി അകത്തും നിന്നു.


10 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ശിശുദിനാനുഭവം

റോസാപ്പൂക്കള്‍ said...

ന്യൂജൻ കീ..ജയ്...

Areekkodan | അരീക്കോടന്‍ said...

റോസാപ്പൂക്കള്‍...വീണ്ടും ഇതുവഴി കണ്ടതില്‍ സന്തോഷം.ന്യൂ ജെന്‍ സഹായം ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കേരളം അനുഭവിച്ചറിഞ്ഞു.

Bipin said...

കുട്ടികളുടെ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉടൻ പരിഹാരം ...
ന്യൂജെൻ ശിശു ദിന വിളയാട്ട് ഓർമ്മകൾ ..

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...അതെ, നമുക്കും സന്തോഷം

മുരളിയേട്ടാ...നന്ദി

സുധി അറയ്ക്കൽ said...

ആഹാ.....ലൂനമോൾ മിടുക്കിയാണ്,

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി.

© Mubi said...

മിടുക്കി!!

Areekkodan | അരീക്കോടന്‍ said...

മുബീ...അച്ഛന്റെ മോൾ!!

Post a Comment

നന്ദി....വീണ്ടും വരിക