Pages

Tuesday, November 27, 2018

രക്തദാനം - അറിയേണ്ടതെല്ലാം.

     കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ചാർജുള്ള സമയത്ത് നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ക്യാമ്പിലും ഞാൻ രക്തം ദാനം ചെയ്തിട്ടുമുണ്ട്. 

           കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ നേരിടുന്ന രണ്ട് വെല്ലുവിളികളുണ്ട്. രക്തദാനം യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് പ്രഥമ ദാതാക്കളെ ബോധ്യപ്പെടുത്താനുള്ള പ്രയാസമാണ് അതിലൊന്ന്. രണ്ട് മൂന്ന് പേർ കൂളായി രക്തം ദാനം ചെയ്ത് സുന്ദരമായി എണീറ്റ് പോകുന്നത് കാണുമ്പോൾ പലരുടെയും ആ ധാരണ മാറും. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും രക്തദാനം ചെയ്യാനുള്ള പേടിയാണ് രണ്ടാമത്തെത്. പ്രായം കഴിഞ്ഞു എന്നോ ക്ലാസ് ഉണ്ട് എന്നോ മറ്റെന്തെങ്കിലും കാരണം പറഞ്ഞോ അവർ ഒഴിഞ്ഞ് മാറും.

താഴെപറയുന്ന വിഭാഗക്കാർ രക്തം ദാനം ചെയ്യാൻ പറ്റാത്തവരാണ്.

1. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവർ.
2. അവയവമാറ്റ ശസ്ത്രക്രിയക്കോ മറ്റേതെങ്കിലും ശസ്ത്രക്രിയക്കോ  വിധേയരായവർ
3. ഹൃദയാഘാതം ഉണ്ടായവർ
4. എച്.ഐ.വി പോസിറ്റീവ് ആയവർ
5. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും
6. മദ്യം കഴിച്ചവർ ( അടുത്ത 24 മണിക്കൂറിൽ)
7. ഏതെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ (അടുത്ത ഒരു മാസത്തേക്ക്)
8. ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറു മാസത്തേക്ക്)
9. പ്രസവിച്ച സ്ത്രീകൾ (അടുത്ത ഒരു വർഷത്തേക്ക്)

            ഇക്കഴിഞ്ഞ രക്തദാന ക്യാമ്പിൽ ഞാൻ ദാനം ചെയ്തുകൊണ്ടിരിക്കെ എന്റെയടുത്ത് ഒരു സ്റ്റാഫംഗം വന്നു. നിങ്ങൾക്കും ദാനം ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ വയസ്സ് 55 കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ 60 വയസ്സു വരെ നൽകാം എന്നാണെന്ന് ഞാൻ വെറുതെ തട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ അവർ അത് സമ്മതിക്കുകയും ചെയ്തു !

താഴെ പറയുന്നവയാണ് രക്തം ദാനം ചെയ്യാൻ ഉണ്ടാകേണ്ടത്.

1. പൂർണ്ണ ആരോഗ്യവാനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരും രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായി ഭേദമായവരും രക്തം ദാനം ചെയ്യരുത്.

2.  18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള, 50 കിലോയിൽ കുറയാതെ തൂക്കമുള്ള, ഹീമോഗ്ലോബിൻ അളവ് 12.5 ശതമാനത്തിൽ കൂടുതലുള്ള ആർക്കും രക്തം ദാനം ചെയ്യാം.

3. ശരീര താപനില സാധാരണ നിലയിലുള്ളവരും, രക്തസമ്മർദ്ദം 50നും 100നും മദ്ധ്യേയുള്ളവരും, നാഡിമിടിപ്പ് മിനുറ്റിൽ  50നും 100നും ഇടയിലുള്ളവരും ആയിരിക്കണം (ഇതെല്ലാം രക്തദാനത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പിച്ചിട്ടേ രക്തം സ്വീകരിക്കുകയുള്ളൂ).

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ദാതാവ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ചുരുങ്ങിയത് മൂന്ന് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചവരാകണം.വെറും വയറ്റിൽ ഒരിക്കലും രക്തദാനം നടത്തരുത്.
2. ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. ദാനത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
3. കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ ദാനത്തിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല.

രക്തദാനത്തിന് ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

1. 10-15 മിനുട്ട് നേരമെങ്കിലും കിടന്ന് വിശ്രമിക്കുക
2. ജ്യൂസുകളോ മധുര പാനീയങ്ങളോ കഴിക്കുക
3. ഭക്ഷണം നന്നായി കഴിക്കുക
4. ധാരാളം വെള്ളം കുടിക്കുക
5. കഠിന ജോലികളും ഡ്രൈവിംഗും ആ ദിവസത്തിൽ ഒഴിവാക്കുക

          പുരുഷന്മാർക്ക് 12 ആഴ്ചയിൽ അഥവാ മൂന്ന് മാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിൽ അഥവാ നാല് മാസത്തിൽ ഒരിക്കലും രക്തം ദാനം ചെയ്യാം. ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റും രക്തം ദാനം ചെയ്യുന്ന നിരവധി പേരുണ്ട്.സ്ഥിരം രക്തദാനം നടത്തുന്നത് രക്തശുദ്ധീകരണത്തിനും നല്ലതാണ്.ഒരു യൂണിറ്റ് രക്തദാനത്തിലൂടെ മൂന്ന് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് മനസ്സിലാക്കി ഈ മഹൽ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകൂ.
                                               എന്റെ പന്ത്രണ്ടാമത് രക്തദാനം

11 comments:

Areekkodan | അരീക്കോടന്‍ said...

ഇപ്പോൾ 60 വയസ്സു വരെ നൽകാം എന്നാണെന്ന് ഞാൻ വെറുതെ തട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ അവർ അത് സമ്മതിക്കുകയും ചെയ്തു !

Cv Thankappan said...

ആരോഗ്യവാനായിരിക്കണം
രക്തദാനം മഹാദാനം
ആസംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

രക്തദാനം മഹാദാനം..

Areekkodan | അരീക്കോടന്‍ said...

Muraleeji...Thanks

Geetha said...

Vakare nalla arivukal. Thanks mashe.!

Areekkodan | അരീക്കോടന്‍ said...

Geethaji...Welcome

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്. നന്ദി

Areekkodan | അരീക്കോടന്‍ said...

റോസിലി...വായനക്കും നന്ദി.

Philip Verghese 'Ariel' said...

മാഷേ,
താങ്കളുടെ പോസ്റ്റിൽ കമന്റ് ഇടാനുള്ള ഗുട്ടൻസ് ഇപ്പോൾ പിടികിട്ടി ഒരു കമെൻറ് ഇട്ടു. രക്തദാനത്തെക്കുറിച്ചുള്ള പല മിഥ്യാധാരണകളും ഇവിടെ തിരുത്തപ്പെട്ടു . പല പുതിയ അറിവുകൾ ഈ കുറിപ്പിലൂടെ വായനക്കാർക്കു ലഭിക്കും.
നന്ദി നമസ്കാരം
#pvariel

Areekkodan | അരീക്കോടന്‍ said...

ഫിലിപ്‌ജി...ആ ഗുട്ടന്‍സ് ബ്ലോഗ് ഹെല്‍‌പ് ആക്കി ഒരു പോസ്റ്റ് കൂടി ഇടൂ.
രണ്ട് ദിവസം മുമ്പ് രക്തദാനത്തിന്റെ പല ചട്ടങ്ങളും വീണ്ടും മാറ്റിയതാഇ വായിച്ചു.ഉയര്‍ന്ന പ്രായം 65 ആക്കി.

Post a Comment

നന്ദി....വീണ്ടും വരിക