Pages

Saturday, February 23, 2019

ബാപ്പയുടെ മകൻ

             അരീക്കോട് പാലം ഉത്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നത് കൊണ്ടോട്ടി വഴി മാത്രമായിരുന്നു (ഇന്ന് കോഴിക്കോട്ടേക്ക് ആരും പോകാത്ത വഴിയും അതു തന്നെ!). വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്ടേക്ക് ഞങ്ങൾ പോയിരുന്നത് അതു വഴിയായിരുന്നു. ഈ  യാത്രയില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സ്ഥലപ്പേരാണ് അത്തോളി.ഇടുങ്ങിയ റോഡ് എത്തുമ്പോള്‍ മനസ്സിലാക്കാം അത്തോളി എത്തി എന്ന്. എന്റെ കുട്ടിക്കാലത്തെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന (മഞ്ചേരിയുടെ എം.എല്‍.എ യും) സി.എച്.മുഹമ്മദ് കോയയുടെ ജന്മനാട് കൂടിയായിരുന്നു അത്തോളി. എന്റെ പിതാവിന്റെ അദ്ധ്യാപക ജീവിതം ആരംഭിക്കുന്നതും അത്തോളിയില്‍ നിന്നാണെന്ന് മുമ്പെന്നോ ബാപ്പ പങ്കു വച്ചതായി  ഞാന്‍ ഓര്‍ക്കുന്നു.

             പല നാടുകളുടെയും മുഖഛായ മാറിയപോലെ അത്തോളിയും മാറി. പക്ഷെ റോഡ് ഇന്നും ഇടുങ്ങിയത് തന്നെ. അതിനാൽ അത്തോളി എത്തുന്നത് പെട്ടെന്ന് അറിയാൻ ഇന്നും സാധിക്കും. റോഡ് വക്കിൽ തന്നെയുള്ള ഹൈസ്കൂളിന്റെ ഗേറ്റിന് മുമ്പിൽ തന്നെയാണ് ബസ്‌സ്റ്റോപ്പും. ബാപ്പയുടെ അദ്ധ്യാപകാരങ്ങേറ്റം നടന്ന സ്കൂൾ പലതവണ ബസ്സിലിരുന്ന് കണ്ടിരുന്നു. ബാപ്പ ജീവിച്ചിരുന്ന സമയത്തും പിന്നീടും ഈ സ്കൂളിനെപ്പറ്റി അധികം കാര്യങ്ങൾ പറയാത്തതിനാൽ അവിടെ സന്ദർശിക്കാൻ ഇന്നുവരെ തോന്നിയതേ ഇല്ല.

          ദിവസങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകയും അത്തോളി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ സൽമ ടീച്ചർ ഒരു ചെറിയ ആവശ്യവുമായി എന്നെ സമീപിച്ചു.സ്കൂളിലെ സയൻസ് - ഐ ടി ക്ലബുകളിലെ അംഗങ്ങൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കണം.പൂർവ്വ വിദ്യാർത്ഥീ സംഘടനകൾക്കാണ് ഇത്തരം സംഗതികൾ അറേഞ്ച് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്.

        പ്ലസ് വണ്ണിന് താഴെയുള്ള കുട്ടികൾക്ക് ക്ലാസെടുത്തുള്ള പരിചയം വളരെ കുറവായതിനാൽ ചെറിയൊരു ആശങ്കയോടെയാണ് ഞാൻ അത് ഏറ്റെടുത്തത്. കുട്ടികൾക്ക് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ‘ഷാഹിനയുടെ സ്കൂൾ’ എന്ന പുസ്തകം വായിച്ച പരിചയത്തിൽ നിന്നും ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സയൻസിന് ദൈനംദിന ജീവിതവുമായിട്ടുള്ള ബന്ധത്തിലൂന്നി അല്പം നർമ്മത്തോടെ അവതരിപ്പിച്ചാൽ കുട്ടികളെ പിടിച്ചിരുത്താൻ സാധിക്കും എന്നതായിരുന്നു അതിൽ പ്രധാനം.

           അങ്ങനെ തികച്ചും യാദൃശ്ചികമായി, ബാപ്പ അരങ്ങേറ്റം നടത്തിയ  അതേ സ്കൂളില്‍,  അത്തോളിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാനും ഈ രംഗത്ത് അരങ്ങേറ്റം നടത്തി. ഉച്ചക്ക് ശേഷമായിട്ടും ഒന്നര മണിക്കൂറോളം കുട്ടികളെ ഉണർത്തിയിരുത്താൻ സാധിച്ചു. ക്ലാസിന് ശേഷം, കുട്ടികൾക്കും അദ്ധ്യാപകർക്കും ഉണ്ടായ സംശയങ്ങൾക്ക് മറുപടിയും നൽകി. വർഷങ്ങളായി എൻ.എസ്.എസ് മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുന്ന എനിക്കും ഈ വ്യത്യസ്തത ഇഷ്ടപ്പെട്ടു.
അവസരം ഒരുക്കി തന്ന സൽമ ടീച്ചർക്കും, സ്കൂളധികൃതർക്കും, സാകൂതം ശ്രദ്ധിച്ച പ്രിയപ്പെട്ട മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

6 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ തികച്ചും യാദൃശ്ചികമായി, ബാപ്പ അരങ്ങേറ്റം നടത്തിയ അതേ സ്കൂളില്‍, അത്തോളിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാനും ഈ രംഗത്ത് അരങ്ങേറ്റം നടത്തി.

റോസാപ്പൂക്കള്‍ said...

ബാപ്പ അരങ്ങേറ്റം നടത്തിയിടത്ത് അവസരം കിട്ടിയല്ലോ. ഞങ്ങൾക്കും സന്തോഷം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിലത് ഇങ്ങിനെ യാദൃശ്ചികമായി സംഭവിക്കുകയും നമ്മളെ സംഭവബഹുലമായ ഓർമ്മകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും.അതൊക്കെയാണ് ജീവിതത്തിലെ സ്മരണീയമായ മുഹൂർത്തങ്ങൾ...

Areekkodan | അരീക്കോടന്‍ said...

റോസാപൂ...സന്തോഷം

മുഹമ്മദ്ക്കാ...അതെന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

സന്തോഷം...

Areekkodan | അരീക്കോടന്‍ said...

ബിലാത്തി ചേട്ടാ... എനിക്കും

Post a Comment

നന്ദി....വീണ്ടും വരിക