Pages

Thursday, November 21, 2019

അലി അക്ബർ ഏലിയാസ് രാമചന്ദ്രൻ

             എന്റെ ആദ്യത്തെ സർക്കാർ ജോലിയിൽ ഡോക്ടർ ഒഴികെ മറ്റുള്ളവരുടെ എല്ലാവരുടെയും ശമ്പള ബില്ല് എഴുതുന്നത് ഞാൻ തന്നെയായിരുന്നു. ജോലിയിൽ കയറിയ ഉടൻ ആയതിനാൽ ഉരുട്ടി ഉരുട്ടി എഴുതി, സ്വന്തം ശമ്പളത്തിന്റെ വലിപ്പം മറ്റുള്ളവരുടെ ശമ്പളത്തിന്റെ വലിപ്പവുമായി തട്ടിച്ച് നോക്കാനും ബില്ലിന്റെ സൂക്ഷ്മ പരിശോധന നടത്താനും എല്ലാം അന്ന് വലിയ ആവേശമായിരുന്നു.

            സർവീസ് മാറി മാറി കോളേജിൽ എത്തിയപ്പോൾ ഞാന്‍ ഒരു ഗസറ്റഡ് ഓഫീസറായി.പണ്ട് ഡോക്ടർ സ്വന്തം ശമ്പളം മാത്രം എഴുതിയ പോലെ ഞാനും എന്റെ മാത്രം ശമ്പളം എഴുതുന്ന സ്വാർത്ഥനായി മാറി, അല്ല എന്നെ അങ്ങനെ മാറ്റി.അങ്ങനെ നിരവധി കടലാസുകൾ സ്ഥാനത്തും അസ്ഥാനത്തും ബലിയാടായി. എനിക്കായി ഒട്ടനവധി മരങ്ങൾ  ഭൂമിയുടെ ഏതൊക്കെയോ കോണിൽ രക്തസാക്ഷിത്വം വരിച്ചു

              അങ്ങനെ കാലചക്രം പലവട്ടം കറങ്ങി. കോഴിക്കോട് ആറ് വർഷം സേവനമനുഷ്ടിച്ച് ഞാൻ വീണ്ടും വയനാട് എഞ്ചിനീയറിംഗ് കോളേജിൽ എത്തി. മല ഇറങ്ങിയ പണ്ടത്തെ സഹപ്രവർത്തകർ പലരും വീണ്ടും മല കയറി തിരിച്ചെത്തി. എന്റെ ജില്ലക്കാരനായ അലി അക്ബറ് സാറും, ഞാൻ എത്തി ഒരു വർഷം കഴിഞ്ഞ് ശ്രീകൃഷ്ണപുരത്ത് നിന്നും വയനാട്ടിൽ തിരിച്ചെത്തി. ഔദ്യോഗിക ഫോർമാലിറ്റികൾ പലതും പൂർത്തിയാക്കാനുള്ളതു കൊണ്ട് സ്ഥലം മാറ്റം കിട്ടി വരുന്നവർക്ക് മിക്കവാറും ശമ്പളം കിട്ടുന്നത് ഒന്നോ രണ്ടോ മാസം കഴിഞ്ഞായിരിക്കും. അലി അക്ബർ സാർക്കും ആ പതിവ് മാറിയില്ല.

             ട്രഷറി അക്കൌണ്ട് പാലക്കാട് നിന്നും വയനാട്ടിലേക്ക് മാറ്റാത്തതുകൊണ്ട് ജൂലൈ മാസവും ശമ്പളമില്ല എന്ന് അക്ബർ സാറ് മനസ്സിൽ ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാലും സർക്കാർ ജീവനക്കാരനല്ലേ ,  ഒരു ശീലം പോലെ സ്പാർക്ക് അക്കൌണ്ട് വെറുതെ തുറന്നു നോക്കാൻ ഒരു ജിജ്ഞാസ ഉണ്ടായി. പരിചയം പുതുക്കാനാണ് തുറന്നതെങ്കിലും സാലറി ഡീറ്റയിത്സ് കണ്ട് അലി സാർ ഞെട്ടിപ്പോയി.ജൂലായിലെ ശമ്പളം ആഗസ്റ്റ് 11ന് സാറെ അക്കൌണ്ടിൽ എത്തിയിട്ടുണ്ട് ! ശമ്പളത്തിന്റെ കാര്യത്തിൽ അന്നു വരെ ഒരു പേപ്പറും നീക്കിയിട്ടില്ലാത്തതിനാൽ അലി സാർ ചിന്താവിഷ്ടനായി. എങ്ങനെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്തതിനാൽ ശമ്പള ബിൽ തയ്യാറാക്കുന്ന ഓഫീസ് ക്ലർക്ക് റോയിയെ സമീപിച്ചു. സംഗതി ശരിയാണ് - ബിൽ പാസായിട്ടുണ്ട്, പാലക്കാട് നിന്നും വയനാട്ടിലേക്ക് ഇതുവരെ വരാത്ത അക്കൌണ്ടിലേക്ക് പണം പോയിട്ടും ഉണ്ട് !

             സംഗതി നമ്മളൊക്കെ കമ്പ്യൂട്ടർ സയൻസ് അറിയുന്നവരാണെങ്കിലും എല്ലാം ഓൺലൈനാക്കുമ്പോൾ ഉണ്ടാകുന്ന ഇതുപോലെയുള്ള അനുഭവങ്ങൾ തലയിൽ ഇടിത്തീ വീഴ്ത്തും. ശമ്പളം പോയ വഴി അന്വേഷിച്ച് പോയില്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളം ഗോപി ആയത് തന്നെ. പാസ്സായ ബിൽ സംബന്ധമായ വിവരങ്ങൾ എല്ലാം ശേഖരിച്ച് അലി സാർ വേഗം ട്രഷറിയിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടലിന്റെ വോൾട്ടത വീണ്ടും കൂടി. അലി അക്ബറിന്റെ ശമ്പളം ക്രെഡിറ്റ് ചെയ്തിരിക്കുന്നത് ഒരു രാമചന്ദ്രന്റെ അക്കൌണ്ടിലേക്ക് ! കാരണം മറ്റൊന്നുമല്ല , സാറിന്റെ പാലക്കാട്ടെ  അക്കൌണ്ട് നമ്പറും വയനാട്ടിലെ രാമചന്ദ്രന്റെ അക്കൌണ്ട് നമ്പറും ഒന്നായിരുന്നു!പൊട്ടൻ കമ്പ്യൂട്ടറിനുണ്ടോ അക്കൌണ്ട് നമ്പറിൽ നിന്ന് അക്ബറിനെയും രാമചന്ദ്രനെയും തിരിച്ചറിയുന്നു.

              കാശ് കൂട് വിട്ട് കൂട് മാറിപ്പോയി എന്നുറപ്പായതിനാൽ ട്രഷറി അധികൃതരും പ്രതിസന്ധിയിലായി. ട്രഷറിയിൽ നിന്ന് തന്നെ നമ്പർ തപ്പിയെടുത്ത് ഫോൺ വിളിച്ചപ്പോൾ, രാമചന്ദ്രൻ പാൽ‌വെളിച്ചം സ്വദേശി ആണെന്നും റിട്ടയേഡ് ഹെഡ്‌മാസ്റ്റർ ആണെന്നും മനസ്സിലായി. എന്തോ ഭാഗ്യത്തിന് അദ്ദേഹം അപ്പോൾ മാനന്തവാടിയിൽ തന്നെ ഉണ്ടായിരുന്നു. ട്രഷറി ഓഫീസറുടെ നിർദ്ദേശ പ്രകാരം അദ്ദേഹം ട്രഷറിയിൽ എത്തി. ഓഫീസർ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ചെക്ക് ബുക്ക് അന്ന് അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു.പുതിയ ചെക്ക് ബുക്ക് വാങ്ങി, അലി സാറുടെ ശമ്പളം എഴുതിയ ചെക്ക്, സാറിന്റെ കയ്യിൽ ഏല്പിച്ച് അദ്ദേഹം തിരിച്ചു പോയി.

               പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയത് ഇതിന്റെ നേർ വിപരീതമായ ഒരു സംഭവമാണ്. തിരുവനന്തപുരം SUT ആശുപത്രിയുടെ അടുത്തെത്തി ആശുപത്രിയിലേക്ക് വഴി ചോദിച്ചപ്പോൾ നേരെ എതിർദിശയിലേക്ക് തിരിച്ചു വിട്ട അനുഭവം. അർഹതപ്പെടാത്തത് വേണ്ട എന്ന് തീരുമാനിക്കുന്ന രാമചന്ദ്രൻ മാഷെപ്പോലെയുള്ള നന്മ‌മരങ്ങൾ ഇനിയും ഇനിയും വളർന്ന് വരട്ടെ.

9 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ അലി അക്ബർ സാറിന്റെ അനുഭവം...

മാധവൻ said...

കുറവാണ് മാഷേ ഇത്തരം ആളുകൾ..
നല്ല പോസിറ്റീവ് വൈബ് ഉണ്ടാക്കുന്ന പോസ്റ്റ്..സലാം

Areekkodan | അരീക്കോടന്‍ said...

വഴിമരങ്ങള്‍...കുറവാണ്, പക്ഷെ പറയാതിരിക്കാന്‍ വയ്യ ഈ നന്മ.

Geetha said...

സത്യസന്ധത കാണിക്കുന്നവർ ചുരുക്കമാണ് ഇന്നത്തെ കാലത്ത് .

Areekkodan | അരീക്കോടന്‍ said...

ഗീതാജി...അതാണോ കാരണം അതല്ല തിന്മകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതോ?

Cv Thankappan said...

തീർച്ചയായും,നന്മകൾ തിരിച്ചറിയണം...
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

അർഹതപ്പെടാത്തത് വേണ്ട എന്ന് തീരുമാനിക്കുന്ന രാമചന്ദ്രൻ മാഷെപ്പോലെയുള്ള നന്മ‌മരങ്ങൾ ഇനിയും ഇനിയും വളർന്ന് വരട്ടെ.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക