Pages

Wednesday, November 27, 2019

മത്തൻ പൂ തോരൻ

             കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഉച്ചക്കുള്ള ഉപ്പേരിയോ കറിയോ അല്ലെങ്കിൽ രണ്ടും കൂടിയോ വീട്ടുമുറ്റത്ത് നിന്നോ തൊടിയിൽ നിന്നോ ഉള്ള എന്തെങ്കിലും ഇലയോ കായോ ആണ്. ചീര, മത്തനില, കുമ്പളയില, മുളകില, മധുരക്കിഴങ്ങ് ഇല, മുരിങ്ങ, കോവക്ക ഇല അങ്ങനെ നിരവധി ഇലകൾ .... വെണ്ട , വഴുതന , കോവക്ക, വാഴക്കൂമ്പ് , വാഴപ്പിണ്ടി, കായ, പപ്പായ എന്നിവ കൊണ്ടുള്ള ഉപ്പേരികൾ... ഇതിലേക്ക് ചേർക്കാനുള്ള കാന്താരിയും പച്ചമുളകും പറമ്പിൽ നിന്ന് തന്നെ.

             ഇന്ന് പതിവ് പോലെ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടത് മത്തൻ വള്ളിയിലെ മഞ്ഞ പൂക്കളാണ്. മത്തൻ വള്ളി നീണ്ടു പടർന്ന് പോകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു കായ പോലും പിടിക്കാത്തതിനാൽ ഇല നുള്ളി കറിയോ തോരനോ വയ്ക്കും. അതിനെപ്പറ്റി ഒരു ദിവസം , പുതുതായി രൂപം കൊണ്ട എന്റെ പത്താം ക്ലാസ് ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടപ്പോഴാണ് പഴയ സഹപാഠി ശ്രീലത മത്തൻ പൂ തോരൻ വയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്. ഇന്ന് ഇത്രയും പൂ കണ്ട ഉടനെ അതോർമ്മ വന്നു. ഭാര്യയോട് വിവരം പറഞ്ഞ് തോരൻ ഉണ്ടാക്കാൻ കളമൊരുക്കി.

              ഭാഗ്യത്തിന് പൂക്കൾ എല്ലാം ആൺ വർഗ്ഗത്തിൽ പെട്ടതായിരുന്നു. ഏഴോ എട്ടോ എണ്ണം വിരിഞ്ഞത് ഉണ്ട്. ഇന്നലെ വിരിഞ്ഞ് വാടിയത് വേറെയും. ഞാൻ ഫ്രെഷ് പൂക്കൾ മാത്രം വള്ളിയിൽ നിന്നും അടർത്തി.
             നന്നായി കഴുകിയ ശേഷം പൂക്കൾ ചെറുതാക്കി അരിഞ്ഞു.  അല്പം എണ്ണ ചൂടാക്കി കറിവേപ്പിലയിട്ട് വഴറ്റി അതിലേക്ക് ഇതിട്ടു. ആവശ്യമായ ഉപ്പും മഞ്ഞൾപൊടിയും കൂടി ചേർത്ത് ഇളക്കിയ ശേഷം അല്പ നേരം അടച്ചു വച്ചു. ഇതിലേക്ക് തേങ്ങയും കാന്താരിയും കൂടി മിക്സിയിൽ അരച്ചെടുത്ത കൂട്ട് ചേർത്ത് ഇളക്കി പിന്നെയും അല്പ നേരം സ്റ്റൌവിൽ വച്ചു. അഞ്ചു മിനുട്ട് കൊണ്ട് തോരൻ റെഡി (ഈ ചെയ്തികളെല്ലാം ഭാര്യ വക).
             പൂക്കൾ കുറവായതിനാൽ തോരൻ വളരെ കുറഞ്ഞു പോയി. ഒന്ന് രണ്ട് തവണ ഞങ്ങൾ രണ്ട് പേരും കൂടി ടേസ്റ്റ് നോക്കിയതോടെ പാത്രം കാലിയായി ! സംഭവം ഏതായാലും കിടിലൻ ആണ്. അതുകൊണ്ട് തന്നെ അല്പം കൂടി മത്തൻ വീട്ടുവളപ്പിൽ കുത്താൻ തീരുമാനിച്ചു. ഇതിലേക്ക് മുട്ട കൂടി ചേർത്താൽ ഒന്നു കൂടി ഉത്സാഹിച്ച് കഴിക്കും എന്ന് പറയപ്പെടുന്നു. പക്ഷേ പൂവിന്റെ ടേസ്റ്റ് മുട്ടയിൽ കലങ്ങിപ്പോകും എന്ന് ഞാൻ ഭയക്കുന്നു. കുമ്പളപ്പൂവും വയ്ക്കാം എന്ന് പറയുന്നു - ദൈവത്തിനറിയാം !

               അപ്പോൾ മത്തൻ ഉണ്ടായില്ലെങ്കിലും ഇലയും പൂവും എടുത്ത് നന്നായി തട്ടിക്കോ. സൂപ്പർ ടേസ്റ്റാ.

14 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് പതിവ് പോലെ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടത് മത്തൻ വള്ളിയിലെ മഞ്ഞ പൂക്കളാണ്. മത്തൻ വള്ളി നീണ്ടു പടർന്ന് പോകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു കായ പോലും പിടിക്കാത്തതിനാൽ ഇല നുള്ളി കറിയോ തോരനോ വയ്ക്കും.

Cv Thankappan said...

സൂപ്പറായി മാഷേ!ഇന്നത്തെ പിള്ളേരിൽ പലർക്കും ഓൺലൈനിലല്ലേ ഭക്ഷണം,അതോണ്ടെന്താ വയറുക്കേടാവലും,തീരാവ്യാധിയും......
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...എല്ലാം ഓണ്‍ലൈനില്‍.അതുകൊണ്ട് രോഗങ്ങളും ഓണ്‍ ലൈനില്‍ !!

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് 'അമ്മ വീട്ടിൽ പോകുമ്പോഴൊക്കെ മുത്തശ്ശിയുടെ  താൾ വിഭവങ്ങൾക്കൊപ്പം  പരിപ്പിട്ട് താളിച്ച മത്തൻ പൂക്കറിയുടെ സ്വാദ് രുചിയിലെത്തി....

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അപ്പോ മത്തൻ പൂ താളിപ്പും ഉണ്ടല്ലേ?

ramanika said...

നാവിൽ വെള്ളം ഊറുന്നു വായിച്ചിട്ടു എന്തായാലും ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ ��

ramanika said...

നാവിൽ വെള്ളം ഊറുന്നു വായിച്ചിട്ടു എന്തായാലും ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ 😁

Areekkodan | അരീക്കോടന്‍ said...

Ramanika Chetta... മത്തൻ പൂ ഉണ്ടെങ്കിൽ ധൈര്യമായി പരീക്ഷിച്ചോളൂ

സുധി അറയ്ക്കൽ said...

പൂ കിട്ടുമോന്ന് നോക്കട്ടെ...

Areekkodan | അരീക്കോടന്‍ said...

സുധീ... അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കേണ്ട. ടേസ്റ്റ് പറ്റിയില്ലെങ്കി എന്റെ തലമണ്ട പൊളിയും

Geetha said...

മത്തന്റെ കിളിന്നിലയും പൂവും തോരൻ വക്കാൻ നല്ലതാണ്. മുട്ട കൂടി ചേർത്താൽ ഉഗ്രൻ. പിന്നെ മാഷേ നിങ്ങടെ ഒക്കെ സ്ഥലത്ത് ഇങ്ങനെ ഉണ്ടാക്കുന്നതിന് ഉപ്പേരി എന്ന പറയുക ല്ലെ..ഞങ്ങൾ കായ വറുത്തത് ആണ് ഉപ്പേരി എന്ന് പറയുക.

Areekkodan | അരീക്കോടന്‍ said...

ഗീതജി...ഇല ഞങ്ങൾ മുമ്പേ വയ്ക്കാറുണ്ട്.പൂ ആദ്യമായാ.ങാ , ഞങ്ങൾ ഉപ്പേരി എന്നാണ് പറയാറ്.വറുത്ത കായ ‘വർത്തായ്ക്ക’ ആണ്.

മാധവൻ said...

മാഷേ..ആദ്യമായി കേൾക്കാ..ഇങ്ങനൊരു റെസിപി.
കൊറെ പൂ വേണം ന്നാ തോന്നുന്നെ ലെ...ഇഷ്ടായി ട്ടാ

Areekkodan | അരീക്കോടന്‍ said...

വഴിമരങ്ങൾ...കൊറേ പൂ ഉണ്ടെങ്കിൽ എല്ലാവർക്കും കിട്ടും.ഇല്ലെങ്കി ഞാൻ പറഞ്ഞപോലെ ഉപ്പും മുളകും നോക്കിത്തന്നെ ചട്ടി കാലിയാകും.

Post a Comment

നന്ദി....വീണ്ടും വരിക