Pages

Thursday, September 17, 2020

കോവിഡും മാനസിക പിരിമുറുക്കവും

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയപ്പെടുമ്പോൾ അത് നമ്മുടെ വീടിൻ്റെ വാതിലും തട്ടിത്തുറന്ന് കടന്ന് വരും എന്ന് നമ്മിൽ പലരും പ്രതീക്ഷിച്ചിരുന്നില്ല. ചൈനയുടെ വൻമതിലും കടന്ന് ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും റഷ്യയിലും എല്ലാം കൊറോണ താണ്ഡവമാടിയപ്പോഴും നാമിത് പ്രതീക്ഷിച്ചില്ല. 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന കോവിഡ്- 19 എന്ന പേരിൽ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും നമ്മുടെ വീട്ടിൽ ഒരു കോവിഡ് രോഗി ഉണ്ടാകുന്നത് നാം സ്വപ്നത്തിൽ പോലും കണ്ടില്ല. 

മാർച്ചിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്രതീക്ഷിതമായി അടച്ച് പൂട്ടിയപ്പോഴും ജൂണിൽ പഴയപടി തുറന്ന് പ്രവർത്തിക്കും എന്നായിരുന്നു പലരുടെയും പോലെ എൻ്റെയും പ്രതീക്ഷ. അത് ജൂണും ജൂലായും കടന്നതോടെ നമ്മുടെ കുഗ്രാമങ്ങളും ഓരോന്നോരോന്നായി പോസിറ്റീവ് കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടാൻ തുടങ്ങി. ഇന്നത്തെ നെഗറ്റീവ് നാളത്തെ പോസിറ്റീവ് എന്നതാണ് കൊറോണയുടെ അനുഭവ പാഠം.

മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോൾ നിരവധി പേർ അവനവൻ്റെ നാട്ടിലോ വീട്ടിലോ കഴിയുകയാണ്. രോഗത്തെ പേടിച്ച് പുറത്ത് പോകാത്തവരും പ്രതിരോധമെന്ന നിലയിൽ പുറത്ത് പോകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ക്യാ ഹെ മട്ടിൽ ആവശ്യമില്ലാതെ പല സ്ഥലങ്ങളിലും പോകുന്നവരും മനുഷ്യർക്കിടയിലുണ്ട്. ഇതിൽ വീട്ടിലിരിക്കുന്നവരിൽ പലർക്കും പല മാനസിക പിരിമുറുക്കങ്ങളും വരാൻ സാധ്യത വളരെ കൂടുതലാണ്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഡ്യൂട്ടിക്ക് പോയി ശനിയും ഞായറും കിട്ടുന്ന അവധി ആസ്വദിക്കലായിരുന്നു എൻ്റെ പതിവ്. യാത്രയും അതിനിടയിലെ കൊച്ചു കൊച്ചു സംഭവങ്ങളും നൽകിയ അനുഭവ പാഠങ്ങൾ എത്ര മഹത്തരമായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. വർക്ക് ഫ്രം ഹോം എന്നതും ഓൺലൈൻ വർക്കിംഗ് എന്നതും ഒക്കെ ആദ്യം രസകരവും ആസ്വാദ്യകരവും ആയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ബോറിംഗ് ആണെന്ന് മാത്രമല്ല , ഒരേ തരം പ്രവൃത്തി ആയതിനാൽ മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി എനിക്ക് തോന്നുന്നു. 

എൻ്റെ അനുഭവത്തിൽ തന്നെ തിങ്കളാഴ്ച ആകുന്നത് ഒരു ആധിയായി മാറുന്നു. പ്രത്യേകിച്ച് ഒരു മാറ്റമില്ലെങ്കിലും ശനിയും ഞായറും അൽപമെങ്കിലും മാനസികോല്ലാസം തരുന്നു. പുറത്ത് എന്നും ജോലിക്ക് പോകുന്നവർക്ക് ഈ വ്യഥ അറിയില്ലായിരിക്കും. ജോലിക്കാരായ മാതാപിതാക്കളെ വീട്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്ന മക്കൾ, നാമറിയാതെ വിഷാദത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പ്രത്യേകിച്ചും കൗമാര പ്രായക്കാരായ കുട്ടികൾ. അവരുടെ ചങ്ങാത്തം മുഴുവൻ സ്മാർട്ട് ഫോണിലൂടെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 

ഇതിന് ഏറ്റവും പെട്ടെന്ന് ഒരു അന്ത്യം കുറിച്ചില്ലെങ്കിൽ കോവിഡ്- 19 ന് വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തലമുറയിൽ പെട്ടവർ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരായി കണ്ടേക്കും. ആയതിനാൽ കുടുംബസമേതം ചെറിയൊരു മാനസികോല്ലാസ പ്രക്രിയയിൽ ഏർപ്പെടുന്നത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും നല്ലതായിരിക്കും. 

ഒരുമിച്ചുള്ള ഒരു കുക്കിംഗ് പരീക്ഷണം നടത്തിയാൽ അതിനിടക്ക് സംഭവിക്കുന്ന പലതും തമാശക്ക് വക നൽകും. അത് മാനസിക പിരിമുറുക്കം കുറക്കാൻ സഹായിക്കും.തൊട്ടടുത്ത് പുഴയോ ബീച്ചോ ഉദ്യാനമോ വെള്ളച്ചാട്ടമോ ഉണ്ടെങ്കിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് കൊണ്ട് അതാസ്വദിക്കാൻ പറ്റുമെങ്കിൽ അതും മനസ്സിന് ആശ്വാസം നൽകും. 

അതിനാൽ മക്കളെ ശ്രദ്ധിക്കുക. അവരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ മാതാപിതാക്കൾ കണ്ടെത്തുക.

7 comments:

Areekkodan | അരീക്കോടന്‍ said...

കുടുംബസമേതം ചെറിയൊരു മാനസികോല്ലാസ പ്രക്രിയയിൽ ഏർപ്പെടുന്നത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും നല്ലതായിരിക്കും.

Geetha said...

കുട്ടികളെയും മുതിർന്നവരെയും എല്ലാം ബാധിച്ചേക്കാം ഈ മനസികപിരിമുറുക്കങ്ങൾ . വല്ലാത്തൊരു മാനസികാവസ്ഥ തന്നെ . ഇനീ കുഞ്ഞുങ്ങളുടെ കാര്യം എടുത്താൽ ചെറിയ കുട്ടികളുടെ അമ്മമാരുടെ അവസ്ഥ നല്ല കഷ്ടമാണ് . അതുങ്ങളെ ഒന്നടക്കി ഇരുത്തി എഴുതിക്കാനും വായിപ്പിക്കനും ഒക്കെ എന്തോരം പ്രയാസപ്പെടു ന്നുണ്ടാവും ഈ അമ്മമാർ . എല്ലാം വേഗം മാറി നല്ല കാലം വരട്ടെ എന്നാശയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാം . അതിനായി പ്രാർത്ഥിക്കാം .

വീകെ. said...

പഴയ ശീലങ്ങൾ വിട്ട് പുതിയൊരു ജീവിത ശൈലി രൂപീകരിക്കാൻ പ്രകൃതി നമ്മെ നിർബ്ബന്ധിക്കുകയാണ്. തോടുകളും പുഴകളും കടലും മണ്ണും മലിനമായിരിക്കുന്നു. അവിടന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ പ്രകൃതി നന്നായി കാണിച്ചുതരുന്നുണ്ട്. ഇതുവരെയില്ലാത്ത പ്രളയം, കടൽക്ഷോഭം, മണ്ണിടിച്ചിലിൽ ഒരു പ്രദേശം അപ്പാടെ ഒലിച്ചുപോകൽ, എല്ലാം എന്തെല്ലാമോ നമ്മെ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്...
നാമത് തിരിച്ചറിയാൻ ഇനിയും സമയം പിടിക്കുമായിരിക്കും....!

Areekkodan | അരീക്കോടന്‍ said...

ഗീതാജി...LKG മുതൽ Degree വരെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന നാലെണ്ണം ഉള്ളതിനാൽ എല്ലാം അനുഭവിക്കുന്നു .

Areekkodan | അരീക്കോടന്‍ said...

വീ.കെ.... ആധുനിക ശീലങ്ങൾ കൈവിട്ട് പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള പഴയ ശീലങ്ങളിലേക്ക് മടങ്ങുകയല്ലേ വേണ്ടത്?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓരോ ദിവസവും പേടി കൂടിവരുന്ന മനുഷ്യർ മാനസീകോല്ലാസം പോയിട്ട് നിത്യച്ചെലവിന് മാർഗ്ഗം കാണാതെ ഉഴലുന്ന സാധാരണക്കാരിൽ സാധാരണക്കാർ.. വായ്പ്പയും പണയവും ഉറക്കം കെടുത്തിയവർ.. അങ്ങിനെയൊരു മഹാ ഭൂരിപക്ഷം വേറെയും..അവർക്ക് ഉല്ലാസം ബഹുദൂരം മുന്നിലാണ്..
അങ്ങനെ എല്ലാവർക്കും വേണ്ടി ഈ മഹാമാരി വേഗം വിട്ടൊഴിയട്ടെ എന്ന് പ്രത്യാശിക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

ഇക്കാലത്ത് എനിക്ക് പോലും വിഷാദരോഗം പിടിപ്പെട്ടു

Post a Comment

നന്ദി....വീണ്ടും വരിക