കൊല്ലം കൊല്ലി എന്ന പേര് ഞാൻ ആദ്യമായി കേട്ടത് കഴിഞ്ഞ വർഷമാണ്. സേവ് ചെക്കുന്ന് എന്ന ഒരു പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടത്തിൻ്റെ സ്റ്റാർട്ടിംഗ് പോയിൻ്റ് എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി എനിക്കറിയാമായിരുന്നുള്ളു... എന്നാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടം എൻ്റെ വീട്ടിൽ നിന്നും വെറും 12 കി.മീ ദൂരത്തുള്ളത് ഞാനറിഞ്ഞത് ഈ 48-ാം വയസ്സിലാണ്. കോവിഡ് ലോക്ക്ഡൗണിൽ വീട്ടിൽ തളക്കപ്പെട്ട മക്കളോട് വെള്ളച്ചാട്ടം എന്ന് പറഞ്ഞപ്പോഴേക്കും അവർ തുള്ളിച്ചാട്ടം തുടങ്ങി.
പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച സുഹൃത്തും സേവ് ചെക്കുന്ന് മൂവ്മെൻറിൻ്റെ അമരക്കാരനും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിനടുത്ത് താമസക്കാരനുമായ ഗോവിന്ദൻ്റെ ക്ഷണപ്രകാരമായിരുന്നു ഞാനും കുടുംബവും സൗഹൃദ സന്ദർശനത്തിന് അവൻ്റെ വീട്ടിൽ എത്തിയത്. ബാച്ച് മേറ്റും ആ നാട്ടുകാരിയുമായ ജ്യോതിയും ഞങ്ങളോടൊപ്പം ചേർന്നു . നല്ല മഴയുള്ള ദിവസമായിരുന്നെങ്കിലും മഴക്ക് ഒരൽപം ശമനം കിട്ടിയതോടെ ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ പോയി.
ഊർങ്ങാട്ടിരി പഞ്ചായത്തിൽ മുർക്കനാട് - ഒതായി റോഡിൽ ചൂളാട്ടിപ്പാറയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കാറ്റാടിപ്പൊയിലിലാണ് കൊല്ലംകൊല്ലി തല തല്ലുന്നത്. വർഷത്തിൽ ഒരാളെങ്കിലും ഇവിടെ അപമൃത്യു വരിക്കാറുണ്ട് എന്നതിനാലാണത്രെ ഈ പേര് വീണത്.
പേര് പേടിപ്പെടുത്തുമെങ്കിലും അഴകിന്റെ അലതല്ലിയാണ് കൊല്ലംകൊല്ലി വെള്ളച്ചാട്ടം എന്ന് പറയാതിരിക്കാൻ വയ്യ. ജൈവവൈവിധ്യത്തിന്റെ കലവറയായ ചെക്കുന്ന് മലയുടെ താഴ്വാരത്താണ് കൊല്ലംകൊല്ലി. പാറക്കെട്ടുകളിൽ തട്ടി ജലം ചിന്നിച്ചിതറി ഒഴുകുന്ന കാഴ്ച പഴയ ആ സിനിമാ ഗാനത്തെ മനസ്സിലെത്തിച്ചു.
വെള്ളിച്ചില്ലും വിതറീ...
തുള്ളി തുള്ളി ഒഴുകും...
പൊരി നുര ചിതറും കാട്ടരുവി
പറയാമോ നീ ....
മഴക്കാലത്ത് മാത്രമാണ് വെള്ളച്ചാട്ടം ദൃശ്യമാകുക എന്ന് ഗോവിന്ദൻ പറഞ്ഞു. മറ്റ് വെള്ളചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളം ചാടുന്ന സ്ഥലത്ത് വഴുതുന്ന പാറകൾ ഇല്ല. മാത്രമല്ല വെള്ളത്തിനടിയിൽ മണലാണ്. അരയോളം ഉയരത്തിലേ വെള്ളം ഈ മഴക്കാലത്ത് പോലും ഉള്ളു 'എന്നതിനാൽ കുട്ടികൾക്കടക്കം ധൈര്യമായി ഇറങ്ങാം.
ഏറനാടിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാവുന്ന ഒരു വെള്ളച്ചാട്ടമാണിത്. അധികം അറിയപ്പെടാത്തതിനാൽ സഞ്ചാരികളുടെ ഒഴുക്ക് കുറവാണ്. വെള്ളച്ചാട്ടത്തിൻ്റെ ഇരുഭാഗങ്ങളിലും ഉള്ള പാറകൾ ക്വാറി മുതലാളിമാരുടെ കയ്യിലമർന്ന് കഴിഞ്ഞതിനാൽ കൊല്ലം കൊല്ലിക്ക് ഒരു മരണമണി മുഴങ്ങുന്നത് അവിടെ ചെല്ലുമ്പോൾ നേരിട്ടറിയും.
വെള്ളച്ചാട്ടത്തിൻ്റെ 200 മീറ്റർ അടുത്ത് വരെ കാറടക്കമുള്ള വാഹനങ്ങൾ എത്തും. നടക്കാനുള്ള 200 മീറ്റർ ദൂരം ക്വാറിയിലേക്കുള്ള റോഡും സ്വകാര്യ തെങ്ങിൻ തോപ്പുമാണ്. അവർ പ്രവേശനം നിഷേധിച്ചാൽ കൊല്ലം കൊല്ലി സഞ്ചാരികൾക്ക് അന്യമാവുകയും ചെയ്യും.സഞ്ചാരികൾ ആരും തന്നെ പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ നിക്ഷേപിച്ച് കൊല്ലംകൊല്ലിയെ കൊല്ലരുത് എന്ന് കൂടി അപേക്ഷിക്കുന്നു.
6 comments:
ദൃശ്യഭംഗിയൊരുക്കി ഒരു വെള്ളച്ചാട്ടം
"സഞ്ചാരികൾ ആരും തന്നെ പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ നിക്ഷേപിച്ച് കൊല്ലംകൊല്ലിയെ കൊല്ലരുത് എന്ന് കൂടി അപേക്ഷിക്കുന്നു." അതാണ്...
Mubi...വെള്ളച്ചാട്ടത്തിൽ ആദ്യമെത്തിയതിന് നന്ദി
ചിത്രങ്ങളും വിവരങ്ങളും കണ്ടപ്പോൾ കാണാൻ തോന്നുന്നു..
മഴക്കാലത്ത് വിരുന്നുവരുന്ന ഒരു കൊച്ചു വെള്ളച്ചാട്ടം ..
Post a Comment
നന്ദി....വീണ്ടും വരിക