Pages

Friday, October 09, 2020

ആയിരത്തൊന്ന് മലബാർ രാവുകൾ

"ഫിക്ഷന്റെ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തെയും സവിശേഷതകളെയും ഇത്രയും സഫലമായി പരിചരിക്കുന്ന നോവലുകൾ നമ്മുടെ ഭാഷയിൽ അധികമുണ്ടെന്ന് തോന്നുന്നില്ല.കഥകളുടെ അനന്തമായ രാവണൻ കോട്ടയിൽ അലയാൻ പ്രേരിപ്പിക്കുന്ന കഥാപരത തന്നെയാണ് ആയിരത്തൊന്ന് മലബാർ രാവുകളുടെ സവിശേഷത. ഫിക്ഷനുകളെക്കുറിച്ചുള്ള ഫിക്ഷൻ."

താഹ മാടായിയുടെ ഏറ്റവും പുതിയ പുസ്തകമായ ആയിരത്തൊന്ന് മലബാർ രാവുകളുടെ,  ഈ പിൻകുറിപ്പ് വായിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുസ്തകത്തിന്റെ കവറും എന്നെപ്പോലുള്ള അന്തം കമ്മികളെ കുമ്മിയടിപ്പിക്കും. എന്നാൽ കുഞ്ഞുമൊയ്തീൻ,കുഞ്ഞാലി,കുട്യാലി, കുഞ്ഞാമിനു , കുഞ്ഞപ്പ, കുഞ്ഞലിമ , കുഞ്ഞായിൻ മുസ്ല്യാർ എന്നീ "കു" കഥാപാത്രങ്ങളൂം പുസ്തകത്തിന്റെ പേരും ഒരു മലബാറുകാരനെ  ഈ പുസ്തകം കയ്യിലെടുപ്പിക്കും.

പ്രായപൂർത്തിയായ ഒരു സ്ത്രീ ഒരു യുവാവിനോട് ഒരു സഹായം ആവശ്യപ്പെടുന്നതും അതിന്റെ മേൽ തല പുകച്ച് തല പുകഞ്ഞു പോകുന്ന ആ യുവാവിന്റെയും കഥയാണ് ഈ നോവൽ.  ഇതിനിടയിലൂടെ നാട്ടിലെ ചില രഹസ്യങ്ങൾ കൂടി പുറത്ത് വരുന്നുണ്ട്. എം.മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്ന നോവലും ഇതേ പോലെ ഒരു ദുരൂഹതക്ക് പിന്നിലൂടെയാണ് പുരോഗമിക്കുന്നത്.

 ആയിരത്തൊന്ന് രാവുകളിൽ ഷെഹ്റാസാദ പറയുന്ന കഥകൾ പോലെയല്ല ആയിരത്തൊന്ന് മലബാർ രാവുകളിലെ കഥകൾ. അതിന്റെ നാലയലത്ത് പോലും എത്തില്ല എന്ന് ഞാൻ പറയും.എന്നാൽ കഥയുടെ ആഖ്യാന ശൈലി വ്യത്യസ്തമായതിനാലും തുടക്കം വല്ലാത്തൊരു 'പരിചയപ്പെടുത്തൽ' ആയതിനാലും വായന തുടരാൻ പ്രേരിപ്പിക്കും.ഒരു കൗമാര വായനക്കാരൻ കുഞ്ഞാലിയുടെ വഴികളിലൂടെ അപഥ സഞ്ചാരം നടത്താനും ഒരു പക്ഷെ ഈ പുസ്തകം കാരണമായേക്കും എന്ന് ഞാൻ ആശങ്കപ്പെടുന്നു.

മൂസാപ്പി ആയഞ്ചേരിയുടെ കുറിക്ക് കൊള്ളുന്ന വരികളും മീസാൻ കല്ലുകൾ ഇളക്കി കുഞ്ഞായിൻ മുസ്ല്യാർ പ്രത്യക്ഷപ്പെടുന്നതും എല്ലാം രസകരമായ ഒരു വായനാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പക്ഷെ പുസ്തകാവസാനം വായിച്ചെത്തുമ്പോൾ ആയിരത്തൊന്ന് രാവുകൾക്കിടയിൽ കണ്ട ഒരു സ്വപ്നം പോലെ അവ്യക്തമായിരിക്കും മനസ്സ് എന്നാണ് എൻ്റെ അനുഭവം. 


പുസ്തകം : ആയിരത്തൊന്ന് മലബാർ രാവുകൾ

രചയിതാവ്:  താഹ മാടായി

പ്രസാധകർ:  DC Books

പേജ്: 120

വില : 120 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

ആയിരത്തൊന്ന് രാവുകളിൽ ഷെഹ്റാസാദ പറയുന്ന കഥകൾ പോലെയല്ല ആയിരത്തൊന്ന് മലബാർ രാവുകളിലെ കഥകൾ.

© Mubi said...

1001 മലബാർ രാവുകൾ - പേരിനൊരു പുതമയുണ്ട് മാഷേ :) നോവലിനെ പരിചയപ്പെടുത്തിയത് നന്നായി.

Areekkodan | അരീക്കോടന്‍ said...

Mubi...പേരിലും ആഖ്യാന ശൈലിയിലും പുതുമയുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചില്ലെങ്കിലും വായിക്കപ്പെടേണ്ടതാണ് എന്നു മനസ്സിലാക്കിത്തരുന്നു, ഈ വരികൾ

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ

Post a Comment

നന്ദി....വീണ്ടും വരിക