തെരഞ്ഞെടുപ്പ് ജോലി ഇപ്രാവശ്യം അനന്തമായ കാത്തിരിപ്പാകാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒരു മുൻകരുതൽ ഞാൻ എടുത്തിരുന്നു. സമയം ഉപയോഗപ്പെടുത്താനായി ഞാൻ അനുവർത്തിക്കുന്ന സ്ഥിരം പരിപാടികളിൽ ഒന്നായ വായനക്കായി ഒരു പുസ്തകം. വിതരണ കേന്ദ്രത്തിലെ ബഹളത്തിനിടയിൽ ഗഹനമായ വായന സാധ്യമല്ല എന്നതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകമായിരുന്നു ഞാൻ എൻ്റെ ശേഖരത്തിൽ നിന്നും എടുത്തത്. അനിയൻ എൻ്റെ മകൾക്ക് നൽകിയ സ്നേഹമുദ്ര എന്ന കുഞ്ഞുപുസ്തകം.
ഏഴ് കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. തലമുറ എന്ന ആദ്യകഥയുടെ തുടക്കം വളരെ മികച്ചതായിരുന്നു. പക്ഷെ ഗതി പെട്ടെന്ന് മാറി ഒരു ശോകപര്യവസാനിയായി എന്ന് മാത്രമല്ല, കഥയില്ലാ കഥയായി അനുഭവപ്പെട്ടു.തേൻകൊഞ്ചലിന്റെ മാധുര്യം എന്ന രണ്ടാമത്തെ കഥയും ദു:ഖ സാന്ദ്രമായി തന്നെ അവസാനിച്ചു.മൂന്നാമത്തെ, ഏകാന്തപഥിക എന്ന കഥ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല. എൻ്റെ കുഴപ്പമോ അതല്ല കഥയുടെ ഗുണമോ എന്നെനിക്കറിയില്ല.ദേശാടന പറവകൾ എന്ന നാലാമത്തെ കഥയും പ്രതീക്ഷക്കനുസരിച്ച് എത്തുന്നില്ല എന്ന്, വായനക്കിടയിൽ ക്ഷണിക്കാതെ കയറിവന്ന ഉറക്കം ഉണർത്തി.എങ്കിലും പുസ്തകം ഞാൻ മുഴുവൻ വായിച്ച് തീർത്തു.
രചയിതാവിന്റെ ബയോഡാറ്റയിൽ നിന്നും ഇത് അവരുടെ മൂന്നാമത്തെ പുസ്തകമാണെന്ന് മനസ്സിലാക്കുന്നു. കാത്തിരിപ്പിന്റെ വിരസത അകറ്റാൻ ഞാൻ തെരഞ്ഞെടുത്ത പുസ്തകം വിരസത കൂട്ടിയതായാണ് എനിക്കനുഭവപ്പെട്ടത്. കുട്ടികൾക്ക് വായിക്കാനായി ഇത് നൽകിയ അനിയന്റെ തീരുമാനവും എന്നെ അത്ഭുതപ്പെടുത്തുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും തമ്മിലുള്ള ബന്ധവും വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും പ്രോത്സാഹനം അർഹിക്കുന്ന കഥാകാരിയാണ് സായിപ്രഭ .
പുസ്തകം : സ്നേഹമുദ്ര
രചയിതാവ്: സായിപ്രഭ
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
പേജ്: 56
വില : 60 രൂപ
7 comments:
പ്രോത്സാഹനം അർഹിക്കുന്ന കഥാകാരിയാണ് സായിപ്രഭ .
മാഷേ, ഇങ്ങനെയും കൂടിയാണ് ചില വായനകൾ...
മുബീ...വായന ഒരിക്കലും വൃഥാവിലാവില്ല എന്നാണ് എന്റെയും അനുഭവം.
സായിപ്രഭയെ ഇതുവരെ വായിച്ചിട്ടില്ല ...
നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു
മുരളിയേട്ടാ.... ഈ പുസ്തകം ഇഷ്ടപ്പെടാൻ സാധ്യതയില്ല.
'സ്നേഹമുദ്ര'എന്നുള്ള പുസ്തകപ്പേരുക്കണ്ടായിരിക്കും അനിയൻ പുസ്തകംവാങ്ങി മകൾക്കു സമ്മാനിച്ചിരിക്കുക...
ആശംസകൾ മാഷേ
തങ്കപ്പേട്ടാ .... അതിന് സാധ്യതയുണ്ട്
Post a Comment
നന്ദി....വീണ്ടും വരിക