ലോക്ക്ഡൗണിന്റെ ആലസ്യത്തിൽ നിന്ന് നാടും നഗരവും മെല്ലെ മെല്ലെ ഉയർത്തെണീക്കുകയാണ് . എങ്കിലും കുടുംബ സമേതമുള്ള ദൂരയാത്രകളും വിനോദ യാത്രകളും ഇപ്പോഴും സുരക്ഷിതമല്ല. എന്നാൽ സ്വന്തം വാഹനത്തിൽ സൗകര്യപ്രദമായ സ്ഥലം ഒന്ന് സന്ദർശിച്ച് ഈ കാലത്തിന്റെ വിരസത അകറ്റുന്നവർ നിരവധിയാണ്.മാസങ്ങൾക്ക് മുമ്പ് കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ പോയതും മൈൻഡ് റിഫ്രഷ്മെന്റിന് വേണ്ടിയായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ഒരു ഡിസമ്പർ വെക്കേഷൻ മുഴുവനായി എനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടിയത്. അതിനാൽ പേരിന് ഒരു യാത്രയെങ്കിലും നടത്തണം എന്ന് എൻ്റെ വെക്കേഷൻ പ്ലാനിൽ ഞാനും തീരുമാനിച്ചിരുന്നു.
വയനാടിന്റെ കുളിര് നുകരാനായിരുന്നു എനിക്കിഷ്ടം. പക്ഷെ തിരക്ക് പിടിച്ച് പോയി വരാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അതൊഴിവാക്കി. എങ്കിൽ ഒരു ലോക്കൽ ലൊക്കേഷൻ ആകട്ടെ എന്ന് എനിക്ക് തോന്നി. വീട്ടിൽ തേൻ കൊണ്ട് വരാറുള്ള അബ്ദ്വാക്കയുടെ ഒരു ഓഫറും ഉണ്ടായിരുന്നതിനാൽ ഓടക്കയം എന്ന ഓണംകേറാ മൂലയിലേക്ക് തിരിക്കാൻ തീരുമാനമായി.
സർക്കാർ സർവീസിൽ കയറിയ അന്ന് മുതലേ ഞാൻ കേൾക്കുന്ന സ്ഥലമാണ് ഓടക്കയം. ഞാൻ ജോലി ചെയ്തിരുന്ന മൃഗാശുപത്രിയുടെ കീഴിൽ വരുന്ന ഈ സ്ഥലം, ആദിവാസി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണ്. അന്ന് ഞങ്ങളുടെ അധികാര പരിധിയുടെ ഉച്ചിയിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലൂടെ കയറി മറിഞ്ഞ് എത്തണമായിരുന്നു. അതും മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്തിട്ട്. ഇന്നും ഈ ഭാഗത്തെ പല സ്ഥലങ്ങളിലും എത്തിച്ചേരാൻ നമുക്ക് പ്രയാസമാണ്.
എൻ്റെ നാട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഓടക്കയത്തിന്റെ പ്രകൃതി രമണീയത ഇത്രയും കാലമായി ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട ദിവസമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ഈവ്. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങൾ കാഴ്ച സദ്യ ഒരുക്കുന്ന പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്. ആദിവാസി മേഖല ആയതിനാലും വനം വകുപ്പിന്റെ ചില കർശന നിബന്ധനകൾ ഉള്ളതിനാലും ഇതിൽ പലതും അടുത്ത് ചെന്നാസ്വദിക്കാൻ സാധ്യമല്ല .എങ്കിലും ദൂരക്കാഴ്ചകളും മനം നിറയ്ക്കും.
പാറക്കൂട്ടങ്ങൾ നിറഞ്ഞ വറ്റി വരണ്ട ഒരു പുഴയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അല്പം മുകളിൽ നീരൊഴുക്കിന്റെ ചിലമ്പൊലി കേൾക്കുന്നുണ്ടെങ്കിലും താഴേക്ക് എത്താതെ അതെവിടെയോ മറയുന്നു. പുഴയിലെ വലിയ പാറകൾ മിക്കതും ഓരോ വർഷങ്ങളിലും ഉണ്ടാകാറുള്ള ഉരുൾ പൊട്ടലിന്റെ ബാക്കി പത്രമാണെന്ന് പറയപ്പെടുന്നു.
ഗതാഗത യോഗ്യമായ റോഡിന് ശേഷം പിന്നെ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയാണ് . ചെങ്കുത്തായ മലയുടെ താഴ്വാരത്തിലേക്കാണ് ആ പാത നീളുന്നത്. അരക്കിലോമീറ്റർ കൂടി മുന്നോട്ട് നടന്ന ശേഷം ഞങ്ങൾ കാട്ടാറിലേക്കിറങ്ങി.
തെളിഞ്ഞ വെള്ളം, വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു ഫോട്ടോയെ ഓർമ്മപ്പെടുത്തി.ജലാശയത്തിന്റെ അടി വരെ കാണുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന് കാടിൻറെ തണുപ്പും ഉണ്ടായിരുന്നു. ഒരു ഭാഗം വനം അതിർത്തി ഇടുന്നതിനാൽ സന്ധ്യയായാൽ കാട്ടാനയുടെ ശല്യവും ഉണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരി പറഞ്ഞു.
ഓണം സീസണിലാണ് ആറിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാലമെന്ന് ഞങ്ങൾക്ക് വിവരം കിട്ടി. ഒഴുക്ക് നിലച്ച ചാലിയാറിൽ മുങ്ങിക്കുളിക്കാനും നീന്തിത്തുടിക്കാനും കഴിയാത്തതിന്റെ ദുഃഖം മുഴുവൻ ഞാനും മക്കളും ഇവിടെ തീർത്തു.
വെള്ളത്തിന്റെ തണുപ്പും ഇരുട്ടിന്റെ പരപ്പും കൂടി വരുന്നത് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ നീരാട്ട് നിർത്തി തിരിച്ച് കയറി.
5 comments:
ജലാശയത്തിന്റെ അടി വരെ കാണുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന് കാടിൻറെ തണുപ്പും ഉണ്ടായിരുന്നു.....ഒരു കുഞ്ഞ് യാത്ര കൂടി.
സുന്ദരമായ ഒരു വിനോദസഞ്ചാര സ്ഥലമാണല്ലൊ ഓടക്കയം
മുരളിയേട്ടാ....നാട്ടിൻ പുറത്തിന്റെ നൻമയും കൂടി ചേരുമ്പോൾ അതിമനോഹരം ഈ ഓടക്കയം
ഓടക്കയം മനോഹരമാണല്ലോ മാഷേ...
മുബീ ... പ്രകൃതിയെ ഉപദ്രവിച്ചില്ലെങ്കിൽ ഇതുപോലെ മനോഹര തീരങ്ങൾ അവൾ പ്രദാനം ചെയ്യും. ഗൂഗിളമ്മച്ചി സ്ഥല പരിമിതി കാണിച്ച് കണ്ണുരുട്ടുന്നതിനാൽ അധികം ഫോട്ടോയും വീഡിയോയും ഇടാൻ വയ്യ.
Post a Comment
നന്ദി....വീണ്ടും വരിക