ബാപ്പയുടെ ജന്മനാടായ പേരാമ്പ്രക്കടുത്തുള്ള പെരുവണ്ണാമൂഴിയെപ്പറ്റി ഞാൻ കുഞ്ഞുനാളിൽ തന്നെ കേട്ടിരുന്നു. പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി ഡാം ആദ്യമായി സന്ദർശിക്കാൻ അവസരം ലഭിച്ചതും പിതാവിന്റെ കൂടെ തന്നെയായിരുന്നു.ഏഴിലോ എട്ടിലോ പഠിക്കുമ്പോഴുള്ള പ്രസ്തുത സന്ദർശനത്തിന്റെ ചിത്രം മനസ്സിൽ ഇപ്പോൾ ഇല്ലേ ഇല്ല.ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു അണക്കെട്ട് കണ്ടത് അന്നാണ് എന്നാണ് എന്റെ വിശ്വാസം.പിന്നീട് കുടുംബ സമേതവും അല്ലാതെയും എല്ലാം ഞാൻ പെരുവണ്ണാമൂഴി ഡാമിൽ പോയിട്ടുണ്ട്. ഈ ജനുവരി പതിനൊന്നിന് ഞാനും കുടുംബവും വീണ്ടും പെരുവണ്ണാമൂഴിയിൽ എത്തി.
മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പതിനഞ്ച് രൂപയും ആണ് പ്രവേശന ഫീസ്. എട്ട് വയസുകാരനായ എൻ്റെ മകനും എമ്പത്തി മൂന്ന് വയസുകാരിയായ എൻ്റെ ഉമ്മയ്ക്കും സൗജന്യ പ്രവേശനം അനുവദിച്ചു. പ്രയാസപ്പെട്ട് നടക്കുന്ന ഉമ്മയെ കണ്ട ഡ്യൂട്ടിയിലുള്ള പോലീസുകാർ വീൽ ചെയർ കൊണ്ടു വന്നതിനാൽ ഉമ്മ പിന്നീട് അതിലിരുന്ന് കാഴ്ചകൾ കാണാൻ നീങ്ങി.
ഡാമിൻ്റെ മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോഴാണ് നഷ്ടബോധം തോന്നിയത്. ചീപ്പ് അടച്ചതിനാൽ താഴേക്കുള്ള ജലപ്രവാഹം നിലച്ചിരുന്നു. ഡാമിന് താഴെയുള്ള പൂന്തോട്ടം പരിപാലനം ഇല്ലാത്തതിനാൽ ആകെ അലങ്കോലവുമായിരുന്നു. പൊതു അവധി ദിനമായിട്ട് പോലും സന്ദർശകർ ഇല്ലാത്തതിൻ്റെ കാരണം ചികയാൻ പിന്നെ എനിക്ക് എങ്ങും പോകേണ്ടി വന്നില്ല. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്നിറങ്ങി ജാനകിക്കാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായിരിക്കെ പ്രകൃതി സഹവാസ ക്യാമ്പുകൾ നടക്കുന്ന ഒരിടമായിട്ടാണ് ജാനകിക്കാടിനെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. ഞാനിതുവരെ അവിടെ സന്ദർശിച്ചിട്ടില്ലായിരുന്നു.. വന്യ മൃഗങ്ങൾ ഇല്ലാത്ത ചെറിയ ഒരു കാട് ആയതിനാൽ ഈ സന്ദർശനം എത്രത്തോളം ഫലപ്രദമാകും എന്ന് ധാരണയുമില്ലായിരുന്നു.
ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്ററിൻ്റെ പ്രധാന കവാടം എത്തുന്നതിന് നാല് കിലോമീറ്റർ മുമ്പ് തന്നെ ഞങ്ങൾ ആ യാത്ര അവസാനിപ്പിച്ചു. ജാനകിക്കാട് എന്ന പേരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ലൊക്കേഷൻ ആയിരുന്നു പ്രസ്തുത സ്ഥലം. പരന്നതും ഉരുണ്ടതുമായ പാറകൾക്ക് മുകളിലൂടെ മന്ദം മന്ദം ഒഴുകിപ്പോകുന്ന വെള്ളത്തിൻ്റെ കാഴ്ച ആരെയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വണ്ടി പാർക്ക് ചെയ്ത് ഞങ്ങളും ആ വെള്ളത്തിലേക്ക് ഇറങ്ങി.
മുട്ടോളമെത്തുന്ന വെള്ളത്തിൽ അൽപസ്വൽപം തെന്നലുള്ള പാറകളിലൂടെ ഞങ്ങൾ നടന്നു. വെള്ളത്തിൽ ഇറങ്ങരുത് എന്നും പെട്ടെന്ന് വെള്ളം ഉയരും എന്നും ഒരു സമീപവാസി മുന്നറിയിപ്പ് തന്നതിനാൽ പലരും വേഗം കരക്ക് കയറി. എങ്കിലും ആവോളം ആസ്വദിച്ചു കൊണ്ട് കുറ്റ്യാടി ഡാം സന്ദർശന നഷ്ടം ഞങ്ങൾ ഇവിടെ നികത്തി.
1 comments:
പെരുവണ്ണാമൂഴിയിലെ വിശേഷങ്ങൾ
Post a Comment
നന്ദി....വീണ്ടും വരിക