'എട്ടാം വാർഡിലേക്ക് അബ്ദുൾ സത്താറിന് (ചെറ്യമാൻ) സ്വാഗതം' എന്ന ഫ്ലക്സ് കണ്ടാണ് അന്ന് നാടുണർന്നത്.
'ങേ! ചെറ്യമാനോ?' സ്ഥാനാർത്ഥി കുപ്പായം തുന്നി നില്ക്കുന്നവരും തുന്നാൻ പോകുന്നവരും എല്ലാം ഒരു ഞെട്ടൽ രേഖപ്പെടുത്തി. കാരണം നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചെറ്യമാൻ. അവൻ മത്സരിച്ചാൽ ആര് എതിര് നിന്നാലും ജയിക്കാൻ പോകുന്നില്ല എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.
'ഇതിപ്പോ മറ്റവന്മാരുടെ പരിപാടിയാ...' നാട്ടിലെ പ്രധാന കക്ഷികൾ പരസ്പരം പഴിചാരാൻ തുടങ്ങി.
'എന്നാലും ആരായിരിക്കും ഈ ഫ്ലക്സ് കെട്ടിയത്?' എല്ലാ കക്ഷികളും അവനവൻ്റെ ഓഫീസിൽ ഇരുന്ന് തല പുകയ്ക്കാൻ തുടങ്ങി.
"മീത്തലെ കാത്തു തൂങ്ങിച്ചത്ത കശുമാവിലാണ് ഫ്ലക്സ് കെട്ടിയത്. പകൽ സമയത്ത് പോലും അവിടെ എത്തുമ്പോൾ എല്ലാവരും വേഗത കൂട്ടി നടക്കാറാണ് പതിവ്. അവിടെ രാത്രി ഈ ഫ്ലക്സ് കെട്ടിയവനെ എന്തായാലും സമ്മതിക്കണം..." മീറ്റിംഗിൽ ആരോ പറഞ്ഞു.
"പാത്തുവോ ? ഏത് പാത്തു?" കമ്മിറ്റിയിലെ ഒരു ന്യൂജെൻ ചോദിച്ചു.
"പാത്തുവല്ല... കാത്തു...നീയൊക്കെ ജനിക്കുന്നതിനും പത്ത് പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവമാ. ഈ പഞ്ചായത്തിലെ ആദ്യത്തെ തൂങ്ങി മരണം ...." കൂട്ടത്തിലെ കാരണവർ വിശദീകരിച്ചു.
"ആഹാ.. അപ്പോ പഞ്ചായത്ത് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് കാത്തു അല്ലേ?"
"ഫൂ!! തങ്കലിപി... കാത്തു ആരായിരുന്നു എന്ന് നിനക്കറിയാത്തത് കൊണ്ടാ... ആ... അതു വിട്... ചർച്ച വഴിമാറും.."
"ഇനി ഒരൊറ്റ വഴിയേ ഉള്ളൂ ..." ഇത്തവണ സീറ്റ് കിട്ടാത്ത മാനുപ്പ പറഞ്ഞു. എല്ലാവരും അയാളുടെ വായിലേക്ക് നോക്കി.
"പറയൂ... എന്താണാ വഴി?" എല്ലാവർക്കും അറിയാൻ ആകാംക്ഷയായി.
"അതിൻ്റെ വരും വരായ്കളെപ്പറ്റി ഞാനൊന്ന് ആലോചിക്കട്ടെ ... എന്നിട്ട് പറയാം...." തൻ്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേക്കും നോക്കിക്കൊണ്ട് മാനുപ്പ പറഞ്ഞു.
* * * *
ഇതേ സമയം സത്താറിൻ്റെ വീട്ടിൽ ചെറുപ്പക്കാരുടെ ഒരു സമ്മേളനം തന്നെ നടക്കുകയാണ്. സത്താർ മത്സരിക്കുന്നു എന്നറിഞ്ഞ് വന്നവരാണവർ. രാവിലെ തന്നെ നാല് കിലോ പഞ്ചസാരയും രണ്ട് കിലോ ചെറുനാരങ്ങയും അലിഞ്ഞ് ചേർന്ന് പല വായിലൂടെയും ചോർന്ന് പോയി. ഉച്ചയ്ക്കും ഇവരാരും വിട്ടു പോകാൻ സാധ്യത ഇല്ല എന്ന് സത്താറിന് മനസ്സിലായി. കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് എണ്ണുമ്പോൾ അവരുടെ സ്ഥാനാർത്ഥിയും പ്ലേറ്റ് എണ്ണുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയും ജയിക്കുന്ന വിചിത്ര സ്വഭാവം ഉണ്ടാകരുത് എന്ന് സത്താർ തീരുമാനിച്ചിരുന്നു. അതിനാൽ നെയ്ചോറിലേക്കുള്ള കറിയിൽ പീസ് കുറഞ്ഞാലും വേണ്ടില്ല, വെള്ളം കൂടണം എന്ന പ്രത്യേക നിർദ്ദേശം സത്താർ കുശ്നിക്കാരന് നൽകിയിരുന്നു.
ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട വിവരം മൂന്നാം ദിവസം വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞാനറിഞ്ഞത്. അപ്പോൾ തന്നെ സത്താറിനെ സന്ദർശിച്ച് വിവരങ്ങൾ അറിയാം എന്ന് കരുതി ഞാൻ അവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. സത്താറിൻ്റെ കൂടെയുള്ള യൂത്തന്മാർ നെയ്ച്ചോർ തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവിടെ എത്തിയത്. സത്താർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു.
"നല്ല സമയത്താ നീ എത്തിയത്..." എൻ്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സത്താർ പറഞ്ഞു. മുറ്റത്തും അരമതിലിലും കോലായിലും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തായിരുന്നു എൻ്റെ കണ്ണ്.
"ആബിദേ... അത് നോക്കണ്ട... ഇതൊക്കെ ഒരു എൻജോയ്മെൻ്റ് ആണ്. വെറും എൻജോയ്മെൻ്റ്" എൻ്റെ നോട്ടം ശ്രദ്ധിച്ച സത്താർ പറഞ്ഞു.
"നാട്ടാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ.... പക്ഷെ, അതിൽ എൻജോയ്മെൻ്റ് എങ്ങനാ?" മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.
"അനക്കറിയോ ഇപ്പോ എൻ്റെ വയസ്സ് 54... ഇനി ഒരു തെരഞ്ഞെടുപ്പ് വരുമ്പഴേക്കും വയസ്സ് 59 ... അന്ന് ഈ വാർഡ് വനിതാ സംവരണം ആകും..... അതും കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ വയസ്സ് 64..... അന്ന് ഈ വാർഡ് പട്ടികജാതി സംവരണം ആകും ..... പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ എൻ്റെ വയസ്സ് 69 ... അന്ന് തെരഞ്ഞെടുപ്പ് നടക്കും... പക്ഷേ,സത്താർ ജീവിച്ചിരിക്കോ ഇല്ലേ എന്നറിയില്ല.." വീട്ടിനകത്തേക്ക് നടക്കുന്നതിനിടയിൽ സത്താർ പറഞ്ഞു.
"ങാ..... അതൊക്കെ ശരി... അപ്പോളും ഈ എൻജോയ്മെൻ്റ് എനിക്ക് മനസ്സിലാകുന്നില്ല ..."
" ആ... അത് പറയാം... ർണിം... ർണിം..." സത്താറിൻ്റെ ഫോൺ ബെല്ലടിച്ചു.എന്നോട് പറഞ്ഞ അതേ സംഗതികൾ അവൻ ഫോണിലൂടെയും പറയുന്നത് ഞാൻ കേട്ടു.
"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.
"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.
"ആ...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേ? ഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം... " സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചു. നേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചു. ഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നു. അത് സത്താർ തന്നെ കട്ട് ചെയ്തു.
"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''
"ഉം…" ഞാൻ മൂളി.
"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ ഈ സത്താറിന് കഴിയോന്ന് നോക്കട്ടെ .."
"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.
"ഏയ് ....ഒരിക്കലുമില്ല..."
"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.
(തുടരും....)
