വി.എസ്. എസ്.സി യിലെ സ്പേസ് മ്യൂസിയം കാണാൻ മുൻകൂട്ടി പ്രവേശന പാസ് എടുക്കണം. അതിനായി https://share.google/VILmmi3eMhjfMCSSy എന്ന ലിങ്കിലൂടെ കയറി New Visit Request എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ വിസിറ്റ് ഐഡൻ്റിഫിക്കേക്ഷൻ നമ്പർ അടക്കമുള്ള പാസ് മെയിലിൽ ലഭിക്കും. എൻട്രി ഗേറ്റിനടുത്തുള്ള കൗണ്ടറിൽ നിന്ന് അത് പ്രിൻ്റെടുത്ത് ഒപ്പും സീലും വാങ്ങിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന ഫീസില്ല.
കിഴക്കേകോട്ടയിൽ നിന്ന് പെരുമാതുറ പോകുന്ന ബസിന് കയറിയാൽ മതി എന്ന് സുഹൃത്ത് ശറഫുദ്ദീൻ എന്നോട് പറഞ്ഞിരുന്നു. ഇത് പ്രകാരം തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ എത്തി അവിടെ കണ്ട ട്രാഫിക് പോലീസുകാരനോട് ഞങ്ങൾ ദിശ ചോദിച്ചു. അദ്ദേഹം നേരെ വിപരീത ദിശയിലേക്ക് ആണ് പോകേണ്ടത് എന്ന് പറഞ്ഞതിനാൽ സിഗ്നലിൽ കാത്തു നിൽക്കുന്ന ഒരു ബസ്സിൽ ഞങ്ങൾ ചാടിക്കയറി. അല്പം കഴിഞ്ഞ് അതേ പോലീസുകാരൻ ഓടി വന്ന് ഞങ്ങളോട് തിരിച്ചിറങ്ങാനും പറഞ്ഞു! സിഗ്നലിൽ നിയമം തെറ്റിച്ച് കയറിയതിനാണ് തിരിച്ചിറക്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്. തെറ്റുപറ്റി എന്നും ഞങ്ങൾ നിന്ന അതേ ദിശയിൽ തന്നെയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സമാധാനമായത്.
സ്റ്റോപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ പലരും പല വഴികളും പറയുന്നുണ്ടായിരുന്നു.ഊബർ ടാക്സി വിളിച്ച് പോകാനും ഇടക്ക് ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ, ഒരാൾക്ക് നൂറ് രൂപയോളം വരും എന്നതിനാൽ ഒഴിവാക്കി. അല്പനേരം കാത്തു നിന്ന ശേഷമാണ് പെരുമാതുറ ബസ് വന്നത്. അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്റ്റേഷൻകടവ് എന്ന സ്റ്റോപ്പിൽ എത്തി. ഇടത്തോട്ടുള്ള റോഡിലൂടെ അല്പം മുന്നോട്ട് നടന്നപ്പോൾ മെൽവിൻ കോശി പറഞ്ഞ് തന്ന കനാൽ ഗേറ്റിൽ ഞങ്ങളെത്തി. അപ്പോൾ സമയം എട്ടര മണിയേ ആയിരുന്നുള്ളൂ. ഒമ്പതര മുതലേ പാസ് കൊടുക്കൂ എന്നും അതിന് മുമ്പ് ബാഗും ഫോണും സ്മാർട്ട് വാച്ച് അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൗണ്ടറിൽ ഏല്പിക്കണം എന്നും അറിയിപ്പ് കിട്ടി.
കൗണ്ടറിൽ മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് തന്നെ ആവശ്യമായതിലധികം ഫോട്ടോകൾ ഞങ്ങൾ ക്യാമറയിൽ പകർത്തി. ഒമ്പതരയോടെ പാസ് കൈപ്പറ്റിയപ്പോഴാണ് ബാഗ് അവിടെ വയ്ക്കാൻ സൗകര്യമില്ല എന്നറിഞ്ഞത്. മൊബൈൽ ഫോണുകളും വണ്ടിയിൽ വയ്ക്കാൻ പറഞ്ഞെങ്കിലും സ്വന്തം വണ്ടി ഇല്ലാത്തതിനാൽ കൗണ്ടറിൽ വാങ്ങി വെച്ചു. ബാഗ് അകത്തേക്ക് കൊണ്ടു പോകാൻ അനുമതിയും തന്നു.
എൻട്രി ഗേറ്റിലെ ശാരീരിക പരിശോധനകൾക്കും ബാഗ് സ്‌കാനിംഗിനും ശേഷം ഞങ്ങൾ അകത്ത് പ്രവേശിച്ചു. നിരനിരയായി നിർത്തിയിട്ട എ.സി ഷട്ടിൽ ബസ്സുകളിൽ ഒന്നിൽ ഞങ്ങളും കയറി.സീറ്റ് ലോഡ് ആയതോടെ ബസ് പുറപ്പെടുകയും ചെയ്തു. അല്പ സമയത്തെ യാത്രക്ക് ശേഷം ചർച്ച് പോലെ തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിന് സമീപത്തെ ഗേറ്റിന് മുന്നിൽ ബസ് നിർത്തി. എല്ലാവരോടും അവിടെ ഇറങ്ങാനും പറഞ്ഞു.
പാദരക്ഷകൾ ഊരി വെച്ച് അകത്ത് പ്രവേശിക്കാൻ പറഞ്ഞപ്പോഴാണ് ആ ബോർഡ് ഞാൻ കണ്ടത് - സെൻ്റ് മേരി മഗ്ദലീൻ ചർച്ച്! 1962 വരെ ഒരു ചർച്ച് ആയിരുന്നു അത്. 1962ൽ ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനായി വിക്രം സാരാഭായിക്ക് ഈ ചർച്ചും പരിസരവും കൈമാറി. 1963 ൽ തന്നെ ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ സൗണ്ടിംഗ് റോക്കറ്റ് ഇവിടെ നിന്നും വിക്ഷേപണം ചെയ്തു. Dr. അബ്ദുൽ കലാം അടയ്ക്കമുള്ള പ്രമുഖർ ഇവിടെ സേവനമനുഷ്ടിച്ചവരിൽ ഉൾപ്പെടുന്നു.
സ്പേസ് മ്യൂസിയത്തിന് മൂന്ന് സെക്ഷനുകൾ ആണുള്ളത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെയും ഉപഗ്രഹ വിക്ഷേപണങ്ങളുടെയും വിവിധതരം വിക്ഷേപണ വാഹനങ്ങളുടെയും വിശദ വിവരങ്ങളും യഥാർത്ഥ മോഡലുകളും പ്രദർശിപ്പിക്കുന്ന മെയിൻ മ്യൂസിയമാണ് ആദ്യ സെക്ഷൻ. വിവരണം നൽകാൻ പരിശീലനം ലഭിച്ച ട്രെയ്നികൾ ഇവിടെയുണ്ട്. PSLV റോക്കറ്റിൻ്റെ യഥാർത്ഥ വലിപ്പത്തിലുള്ള മാതൃകയും ഒറിജിനൽ റോക്കറ്റിൻ്റെ വിവിധ ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന റോക്കറ്റ് ഗാർഡൻ ആണ് രണ്ടാമത്തെ സെക്ഷൻ.ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളായ ഗഗൻയാനിൻ്റെ ക്രൂ മോഡ്യൂളും ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും അടക്കമുള്ളവ പ്രദർശിപ്പിക്കുന്ന സ്പേസ് തീം പാർക്കാണ് മൂന്നാമത്തെ സെക്ഷൻ.ഒരു മണിക്കൂറിലധികം കാണാനും പഠിക്കാനുമുള്ള വിഭവങ്ങൾ സ്പേസ് മ്യൂസിയത്തിൽ ഉണ്ട്.
മ്യൂസിയം കണ്ട ശേഷം, കടൽ തീരത്തോട് ചേർന്നുള്ള ഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ആയതിനാൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരുന്നു. ലോഞ്ച് വ്യൂവിങ്ങ് ഷെൽട്ടറിൽ നിന്നേ അത് വീക്ഷിക്കാൻ പറ്റൂ. ഞങ്ങളെത്തുമ്പഴേക്കും അവിടം ജന നിബിഡമായിരുന്നു. എവിടെ നിന്നാണ് എങ്ങനെയാണ് വിക്ഷേപണം എന്ന് ആർക്കും ധാരണയില്ലാത്തതിനാൽ കിട്ടിയ സ്ഥലത്ത് ഓരോരുത്തരും ഇരുന്നു. വണ്ടിയിൽ റോക്കറ്റ് എത്തിച്ച് ഷെൽട്ടറിൻ്റെ മുന്നിലുള്ള തുറന്ന സ്ഥലത്ത് വെച്ച് കത്തിച്ച് വിടും എന്ന് മുജീബ് പറഞ്ഞത് ഗോവിന്ദൻ വിശ്വസിച്ചതിനാൽ ഇറങ്ങി ഓടാനായി അവൻ എണീറ്റ് നിന്നു. കൃത്യം 11.45 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഫോടന ശബ്‌ദത്തോടെ ഒരു റോക്കറ്റ് കുതിച്ച് പൊങ്ങി ആകാശത്ത് മറഞ്ഞു.പ്രതീക്ഷയോടെ കാത്തിരുന്ന റോക്കറ്റ് വിക്ഷേപണം ഒരു മിനുട്ട് പോലും കാണാൻ കഴിയാത്തത് ഞങ്ങളിൽ നിരാശ പടർത്തി.
പ്ലസ് ടു തലം വരെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് സ്പേസ് മ്യൂസിയം എന്നാണ് ഒരു മുൻ ഫിസിക്സ് അദ്ധ്യാപകനായ എൻ്റെ അഭിപ്രായം. ബഹിരാകാശ ശാസ്ത്രത്തിൽ താല്പര്യം സൃഷ്‌ടിക്കാൻ ഈ സന്ദർശനവും അവിടെ നിന്നുള്ള അനുഭവങ്ങളും ഉതകും.
അകത്ത് എത്തിയതു പോലെ തന്നെ ബസ്സിൽ ഞങ്ങൾ എൻട്രി ഗേറ്റിൽ തിരിച്ചെത്തി. കൗണ്ടറിൽ നൽകിയ സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി, തൊട്ടടുത്തുള്ള വേളി ടൂറിസ്റ്റ് വില്ലേജ് കാണാൻ പോയി. പക്ഷേ, ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ പൊരി വെയിലിൽ നടന്ന് കാണാൻ പലർക്കും വിമ്മിഷ്ടം തോന്നി. അതിനാൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ വർക്കലക്ക് ട്രെയിൻ കയറി.
(തുടരും...



1 comments:
ശരിക്കും കാണുന്നതിന് മുമ്പേ റോക്കറ്റ് ആകാശത്ത് മറഞ്ഞു
Post a Comment
നന്ദി....വീണ്ടും വരിക