Pages

Wednesday, November 04, 2026

കടൽ തുരങ്കം കടന്ന് മ്യൂസിക്കൽ റോഡിൽ (സഹ്യാദ്രി യാത്ര - 5)

 സഹ്യാദ്രി യാത്ര - 4

മുംബൈ കാഴ്ചകൾ കാണാൻ പലരും ഉപയോഗപ്പെടുത്തുന്നത് മുംബൈ ദർശൻ ബസ് പാക്കേജാണ്. ഇരുന്നൂറ് രൂപ മുതലാണ് ഒരാൾക്ക് നോൺ എ.സി ചാർജ്ജ് വരുന്നത്. നമ്മുടെ ഇഷ്‌ടത്തിനനുസരിച്ച് ഒരു സ്പോട്ടിലും സമയം ചെലവഴിക്കാൻ സാധിക്കില്ല എന്നതും നമുക്കു കാണാൻ താല്പര്യമില്ലാത്ത സ്ഥലങ്ങൾ കാണാനും താല്പര്യമുള്ളത് കാണാതിരിക്കാനും സാദ്ധ്യതയുണ്ട് എന്നതിനാലും ദില്ലി ദർശൻ അനുഭവം ഉള്ളതിനാലും ബസ് പാക്കേജ് വേണ്ട എന്ന് ആദ്യമേ ഞങ്ങൾ തീരുമാനിച്ചിരുന്നു. 

ടാക്സി പാക്കേജും വേണ്ട എന്നായിരുന്നു ഉദ്ദേശിച്ചതെങ്കിലും മുംബൈയുടെ ജീവനാഡികളായ കറുപ്പും മഞ്ഞയും നിറമുള്ള ടാക്സികൾ കണ്ടപ്പോൾ ഒരു നിമിഷം കൊണ്ട് തീരുമാനം മാറി. അങ്ങനെയാണ് ഏഴു പേർക്കും കയറാൻ പറ്റുന്ന ഒരു ടാക്സിയിൽ യാത്ര ആരംഭിച്ചത്. മുംബൈയിൽ എത്തിയിട്ട് ഒരിക്കലെങ്കിലും ഈ ടാക്സിയിൽ കയറിയില്ലെങ്കിൽ പിന്നീട് ഒരു നഷ്‌ടബോധം തോന്നും.

ടാക്സിവാല ഞങ്ങളെ ആദ്യം എത്തിച്ചത് മറൈൻ ഡ്രൈവിലാണ്. പൊരിയുന്ന വെയിലിൽ സ്നേഹത്തിൻ്റെ തണുപ്പ് നുകരുന്ന ഇണക്കുരുവികൾ മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ മറൈൻ ഡ്രൈവിൻ്റെ അറ്റത്തുള്ള നരിമാൻ പോയിൻ്റിലാണ് ഞങ്ങളിറങ്ങിയത്.

എൻ്റെ മനസ്സിൽ ബോംബെയുടെ ഒരു ചിത്രമുണ്ട്. അരീക്കോട്ടെ ഏറ്റവും പഴയ ബാർബറായിരുന്ന അബുറാക്കയുടെ (അദ്ദേഹത്തിൻ്റെ ശരിയായ പേരറിയില്ല) കടയിൽ തൂക്കിയിട്ടിരുന്ന വർണ്ണക്കലണ്ടറിൽ കാണുന്ന, നീല സാഗര തീരത്തെ അംബര ചുംബികളായ കെട്ടിടങ്ങൾ ബോംബെയാണ് എന്നാരോ അന്ന് പറഞ്ഞ് തന്നിരുന്നു. കുഞ്ഞു നാളിൽ മനസ്സിൽ വേരോടിയ ആ ചിത്രമാണ് എന്റെ ബോംബെ.നരിമാൻ പോയിൻ്റാണ് അന്ന് ആ കലണ്ടറിൽ കണ്ടത് എന്ന് ഇന്ന് മനസ്സിലായി.

മുംബൈ നഗരത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു സ്ഥലമാണ് നരിമാൻ പോയിന്റ്. ഒരു കാലത്ത് ഇന്ത്യൻ വാണിജ്യ രംഗത്തെ നരികളായിരുന്ന പല പ്രമുഖ സ്ഥാപനങ്ങളുടെയും ആസ്ഥാനം ഇവിടെയായിരുന്നു. ഖുർശിദ് നരിമാൻ എന്ന മുൻ ബോംബെ മേയറുടെ ബഹുമാനാർത്ഥം നൽകിയ പേരാണ് നരിമാൻ പോയിൻ്റ്.മുംബൈയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് നരിമാൻ പോയിൻ്റിലാണ്.

മുംബൈയിലെ ഏറ്റവും പുതിയ എഞ്ചിനീയറിംഗ് വിസ്മയമാണ് ബാന്ദ്രക്കും വർളിക്കും മധ്യേയുള്ള കടൽ തുരങ്കം. ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലുടെയുള്ള ഈ തുരങ്കം 2024 ൽ ആണ് ഉദ്ഘാടനം ചെയ്തത്. 2.07 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ ഒരു കിലോമീറ്റർ ദൂരം പൂർണ്ണമായും അറബിക്കടലിനടിയിൽ കൂടിയാണ്. ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മുംബൈ തീരദേശ പാത എന്നാണ് 29.2 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് പാതയുടെ ഔദ്യോഗിക പേര്. പ്രിൻസസ് സ്ട്രീറ്റ് ഫ്ലൈ ഓവർ മുതൽ വർളി വരെയുള്ള 10.58 കി.മീ ആണ് നിലവിൽ തുറന്നിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം, എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ കണ്ട  ശ്യാമപ്രസാദ് മുഖർജി തുരങ്കമാണ്. ചെനാനിക്കും നശ്‌രിക്കും ഇടയിലുള്ള ഇതിൻ്റെ നീളം 9.28 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ കാശ്മീരിലെ ഖാരിക്കും സുംബറിനും മധ്യേയുള്ള T-50 യിലൂടെയും കഴിഞ്ഞ വർഷം ഞാൻ സഞ്ചരിച്ചിരുന്നു.

കടൽ തുരങ്കത്തിൽ നിന്ന് പുറത്ത് കടന്ന ഉടനെ ഡ്രൈവർ മുരുകവേൽ എല്ലാവരോടും ഒരു നിമിഷം നിശബ്ദമാകാൻ പറഞ്ഞു. ശേഷം കാറിൻ്റെ വേഗത അല്പം കുറച്ചു. തുടർച്ചയായ ഹമ്പുകൾ കയറുന്നത് പോലെ കാറിൻ്റെ ചലനം ഒരു തരംഗ രൂപത്തിലായി.പതിയെ കാറിലെ സ്റ്റീരിയോ സ്പീക്കറിൽ നിന്ന് ഒരു ഗാനം ഉയരാൻ തുടങ്ങി. മുരുകവേൽ ഞങ്ങളെല്ലാവരോടും കാതോർക്കാൻ പറഞ്ഞു. മുംബൈ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനമായിരുന്നു അത്. 

ഏകദേശം അഞ്ഞൂറ് മീറ്റർ നീളത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡിലൂടെയാണ് ഞങ്ങളപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്ന് മുരുകവേൽ പറഞ്ഞു. വേഗത നിയന്ത്രിക്കാൻ റോഡിൽ ഉറപ്പിച്ച റംബിൾ സ്ട്രിപ്പുകളിലൂടെ വാഹനത്തിൻ്റെ ടയറുകൾ ഒരു പ്രത്യേക വേഗതയിൽ ( 70 - 80 KMpH ) കടന്നു പോകുമ്പോൾ മാത്രമേ ഈ സംഗീതം ശ്രവിക്കൂ !! ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിൻ്റെ ഉത്ഘാടനം കഴിഞ്ഞത്.

കാഴ്ചകൾ കണ്ട് തിരിച്ച് വരുമ്പോൾ ബാന്ദ്ര വർളി സീ ലിങ്ക് പാലത്തിലൂടെയും ഞങ്ങൾ കടന്നു പോയി. കേബിൾ ഉപയോഗിച്ച് വലിച്ചു കെട്ടിയ, കോൺക്രീറ്റ് അടിത്തറയോട് കൂടിയ എട്ട് വരിപ്പാലമാണ് ഇത്. രാജീവ് ഗാന്ധി സീ ലിങ്ക് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന  മനോഹരമായ ഈ പാലത്തിൻ്റെ നീളം 5.6 കിലോമീറ്ററാണ്. മുംബൈ സന്ദർശിക്കുന്നവർ നിശ്ചയമായും ഇതിലൂടെ സഞ്ചരിച്ച്  ഈ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ എല്ലാം അറിഞ്ഞിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

മുംബൈ സന്ദർശിക്കുന്നവർ നിശ്ചയമായും ഇതിലൂടെ സഞ്ചരിച്ച് ഈ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ എല്ലാം അറിഞ്ഞിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

Post a Comment

നന്ദി....വീണ്ടും വരിക