കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ഇക്കാലത്ത് വളരെ കൂടുതലാണ്. ലഹരിക്കടിമയാകുന്നത് പോലെ മൊബൈൽ ഫോണിന് അടിമകളായി മാറി പല തരത്തിലുള്ള കെണികളിലും ചെന്ന് വീഴുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. മൊബൈൽ ഉപയോഗത്തിൽ കർക്കശമായി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ മരണം വരെ സ്വീകരിക്കാൻ മടിയില്ലാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോകുന്നു.
വേനലവധിക്കാലത്തും ഓണം, ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങളോടനുബന്ധിച്ചുള്ള അവധിക്കാലത്തുമാണ് വീട്ടുകാർ ശരിക്കും ഈ ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത്. ഈ വിപത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ ഓണം അവധിക്കാലത്ത് അരീക്കോട് എസ്. ഒ.എച്ച്. എസ് എസ് സംഘടിപ്പിച്ച ഒരു മത്സരമായിരുന്നു "ബാക്ക് ടു ബുക്സ്". സ്‌കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുത്ത് ഓണം അവധിക്കാലത്ത് വായിച്ച ശേഷം അതിൻ്റെ വായനക്കുറിപ്പ് തയ്യാറാക്കുക എന്നതാണ് മത്സരം.
ഒരു വർഷം മുമ്പ് ഹരിതം ബുക്സിൻ്റെ വായനാ ചലഞ്ചിൽ പങ്കെടുത്ത് നൂറിലധികം പുസ്തകങ്ങൾ വായിച്ചതിൻ്റെ മധുരിക്കും ഓർമ്മകളും ഈ വർഷം നാട്ടിലെ ദേശസേവിനി ഗ്രന്ഥാലയത്തിൻ്റെ വായനാ ചലഞ്ചിൽ പങ്കെടുത്തതിൻ്റെ തുടിക്കും അനുഭവങ്ങളും ഉള്ളതിനാൽ ആരും നിർബന്ധിക്കാതെ തന്നെ ലിദുമോൻ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ആയിടെ കണ്ട "മുച്ചീട്ടു കളിക്കാരൻ്റെ മകൾ" എന്ന നാടകത്തിൻ്റെ മൂലകൃതിയായിരുന്നു അവൻ തെരഞ്ഞെടുത്ത പുസ്തകം.
ഒറ്റ ദിവസം കൊണ്ട് പുസ്തകം വായിച്ച് തീർത്ത് അവൻ കുറിപ്പും എഴുതി. ഞാനത് വായിച്ച് ചെറിയ ചെറിയ ചില തിരുത്തലുകൾ വരുത്തി.ഇക്കഴിഞ്ഞ ദിവസം മത്സരത്തിൻ്റെ ഫലപ്രഖ്യാപനം വന്നപ്പോൾ യു.പി വിഭാഗത്തിൽ ലിദുമോന് ഒന്നാം സ്ഥാനം ലഭിച്ചു. 'ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ' എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ആയിരുന്നു സമ്മാനം. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ റഹ്മത്ത് മാസ്റ്റർ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു ശിശുദിനത്തിൽ "ആടു ജീവിത" ത്തിൻ്റെ വായനക്കുറിപ്പ് എഴുതി ലൂന മോൾ ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിൻ്റെ ഒ.വി.വിജയൻ സ്മാരക പുരസ്കാരം നേടിയിരുന്നു. മക്കൾ സമ്മാനിതരാവുമ്പോൾ മാതാപിതാക്കൾ അഭിമാനിതരാകുന്നു. ദൈവത്തിന് നന്ദി.


1 comments:
മക്കൾ സമ്മാനിതരാവുമ്പോൾ മാതാപിതാക്കൾ അഭിമാനിതരാകുന്നു. ദൈവത്തിന് നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക