Friday, July 27, 2007
കോപ്പ അമേരിക്കയും ഒരു ഇന്റര്‍വ്യൂവും....
കോപ്പ അമേരിക്ക ഫുട്ബാള്‍ കിരീടത്തിനായുള്ള ഫൈനല്‍ മല്‍സരദിനം. ഞാന്‍ മുമ്പ് നടത്തിക്കൊണ്ടിരുന്ന കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ഫാക്കള്‍ട്ടിയെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂയും അന്നായിരുന്നു.ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഞാന്‍ , എന്റെ മുമ്പിലിരിക്കുന്ന ഉദ്യോഗാര്‍ഥിയുടെ ബയോഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ് അവന്റെ വിദ്യാഭ്യാസ യോഗ്യത ഞാന്‍ ശ്രദ്ധിച്ചത് - COPA ( Console Operator and Programming Assistant )
ഉടന്‍ ഞാന്‍ വെറുതെ ചോദിച്ചു.
" കോപ്പ അമേരിക്കയും നിന്റെ യോഗ്യതയായ കോപയും തമ്മിലുള്ള ബന്ധം എന്ത്?"
"അത്....ഈ കോഴ്സ് അമേരിക്കയിലാണ് ആദ്യം ആരംഭിച്ചത് !!!"
കൂസലില്ലാത്ത അവന്റെ ഉത്തരം കേട്ട് ഞാനും സഹബോര്‍ഡംഗങ്ങളും ഇന്റര്‍വ്യൂ തല്‍ക്കാലം നിര്‍ത്തിവച്ചു !!!!
Thursday, July 26, 2007
നമ്പൂരിയുടെ അന്തര്‍ജ്ജനം
ചാനല്‍ റിപ്പോര്‍ട്ടര്‍ നമ്പൂരിയെ ഇന്റര്‍വ്യൂ ചെയ്യുകയാണ്.
"നമ്പൂരിക്ക് ഏറ്റവും ഇഷ്ടം ആരെയാ..?"
"നമ്മുടെ അന്തര്‍ജ്ജനത്തെ.."
"ആ..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...??"
"പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.." ചെറുചിരിയോടെ നമ്പൂരി പറഞ്ഞു
"ങാഹാ!!..പിന്നെ ഏറ്റവും ഇഷ്ടം ആരെയാ..?"
"അത്...അത്??"
"പറഞ്ഞോളൂ...ധൈര്യമായി പറഞ്ഞോളൂ... "
"അത്‌പ്പോ..."
"പേടിക്കാതെ പറഞ്ഞോളൂ..."
"അന്തര്‍ജ്ജനത്തെ തന്നെ.!!!."
"ആഹാ....അങ്ങിനെയോ..?അന്തര്‍ജ്ജനത്തെ ഇത്രയും ഇഷ്ടപ്പെടാന്‍ വല്ല കാരണവും.?."
"ഏത് അന്തര്‍ജ്ജനത്തെ ??."
"ങേ!!!ഏത് അന്തര്‍ജ്ജനത്തെ എന്നോ..?"
"എടോ വിഡ്ഢീ....നോം പറഞ്ഞ മൂന്നും ഒന്നല്ല....മൂന്ന് ആളാ....അതിലാരുടെ കാര്യാ നീ തെരക്ക്‌ണേ??"
Tuesday, July 24, 2007
മൃഗവകുപ്പിലെ ഒരു മൃഗീയാനുഭവം ( സര്‍വീസ് കഥകള്‍ - 4 )
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പേരിലും കമ്മോണ്ടര്‍ എന്ന നാട്ടുപേരിലും മ്ര്ഗഡോക്ടര്‍ എന്ന വിളിപ്പേരിലുമായി ജോലിചെയ്തിരുന്ന കാലം.പരിശീലനം എന്ന പേരില്‍ ലഭിച്ചതും യാഥാര്‍ത്ഥ്യ്‌വും തമ്മില്‍ പുലബന്ധം പോലും ഇല്ലാത്തതിനാല്‍ ജോലി എനിക്ക് ഭാരമായി അനുഭവപ്പെട്ടു.വെറ്റിനറി സര്‍ജന്‍ (യഥാര്‍ത്ഥ മ്ര്ഗഡോക്ടര്‍) ഇല്ലാത്ത ദിവസങ്ങളില്‍ ആശുപത്രി മുറ്റത്ത് ആളനക്കം കണ്ടാല്‍ എന്റെ മനസ്സില്‍ ആധി പടരുമായിരുന്നു.
അങ്ങനെയിരിക്കെ ജോലിയില്‍ താല്‍പര്യമുള്ള ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ എന്റെ ഒരു സുഹ്രുത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ വാങ്ങി.അങ്ങിനെ മറ്റാരും നിയന്ത്രിക്കാനില്ലാത്ത മരുന്നും മന്ത്രവും ഇല്ലാത്ത ഒരു കന്നുകാലി പ്രജനന ഉപകേന്ദ്രത്തിലേക്ക് ഞാനെത്തി.എനിക്കിരിക്കാനുള്ള ഒരു കസേരയും ഉറക്കം വരുമ്പോള്‍ തല ചായ്ക്കാനുള്ള മേശയും മാത്രമുള്ള ഒരു സര്‍ക്കാര്‍വിലാസം സുഖവാസ കേന്ദ്രത്തില്‍ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ഒരു പഴയ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലായിരുന്നു എന്റെ കുടുസ്സ് മുറി.തൊട്ടടുത്ത മുറിയില്‍ ഒരു തയ്യല്‍ക്കാരനും.ആ നാട്ടുകാരന്‍ തന്നെ ആയതിനാല്‍ അദ്ദേഹത്തിന് ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.അവരാരെങ്കിലും എന്റെ മുറിയിലേക്ക് വെറുതെ വലിഞ്ഞ് കയറുമോ എന്നായിരുന്നു എന്റെ ഭയം.
അങ്ങിനെ ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ എന്റെ ഈ 'ആശുപത്രിയില്‍' കയറി വന്നു.ആഗതര്‍ക്ക് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലം ഇല്ലാത്തതിനാല്‍ വന്ന പാടേ ചോദ്യഭാവത്തില്‍ ഞാന്‍ അയാളെ നോക്കി.
അയാള്‍ പറഞ്ഞത് ഞാന്‍ കേട്ടത് ഇങ്ങിനെയായിരുന്നു - "ആടിന്റെ ചെവിയില്‍ ഒരു തീപ്പെട്ടിക്കമ്പ് പോയി ! ഇപ്പോള്‍ വേദന തോന്നുന്നു...ചെവി ഇട്ടടിക്കുമ്പോളും തല ചരിക്കുമ്പോളും സുഖം തോന്നുന്നു...!!"
ചികിത്സ അറിയില്ലെങ്കിലും ഒരാടിന്റെ വേദനയും സുഖവും ഈ മനുഷ്യന്‍ ഇത്ര കൃത്യമായി അറിയുന്നതെങ്ങനെ എന്ന അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.
" എന്നിട്ട് എവിടെ ?"
"ഇതാ ഈ ചെവിയില്‍...!!" എന്ന് പറഞ്ഞുകൊണ്ട് അവന്‍ അവന്റെ ചെവി കാണിച്ചു തന്നു !!
"ങേ!! നിന്റെ ചെവിയിലോ? ഞാന്‍ ആടിന്റെ ചെവിയാ ചോദിച്ചത്..?" ഞെട്ടലോടെ ഞാന്‍ പറഞ്ഞു.
"അപ്പോള്‍ നിങ്ങള്‍..." ബാക്കി പറയാതെ ആഗതന്‍ നേരെ തയ്യല്‍ക്കാരന്റെ അടുത്തെത്തി.
"എടോ ്*%+* , അയാള്‍ മ്ര്ഗഡോക്ടറാണല്ലേ... %^&*$്? " ശേഷം തയ്യല്‍ക്കാരനെ തെറിയില്‍ മുക്കിക്കൊന്ന് അയാള്‍ കടന്നുപോയപ്പോള്‍ ഞാന്‍ ശ്വാസം നേരെ വിട്ടു.
Saturday, July 21, 2007
മഴയുടെ കണ്ണുനീര്‍.
"ഹൊ..!! നാശം പിടിച്ച മഴ...പെയ്യുന്നുമില്ല....." ഉണങ്ങിക്കരിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു.
"ഹൊ..!! നാശം പിടിച്ച മഴ...തോരുന്നുമില്ല....." ചീഞ്ഞളിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു.
എല്ലാം കേട്ട് മഴ പിന്നെയും കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു.
അര്‍മാന്‍ മോല്യാര്‍ കല്ലായിയില്
ബീപാത്തുവിനെ കല്ല്യാണം കഴിച്ച കല്ലായിക്കാരനായ അബുവിന്റെ ബാപ്പ, നാട്ടുനടപ്പനുസരിച്ച് പെണ്‍വീട്ടില്‍ താമസമാക്കിയതിനാലാണ് അരീക്കോട്ടെത്തിയത്.അര്‍മാന്‍ മോല്യാര്‍ കല്ലായിയില്‍ അബുവിന്റെ ബാപ്പയുടെ ജ്യേഷ്ഠന്മാരെ അന്വേഷിച്ച് നടന്നു.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരുജ്യേഷ്ഠനെ കണ്ടെത്തി.ചായ കുടിക്കുന്നതിനിടെ ഇതുവരെ നടന്ന സംഭവങ്ങളെല്ലാം അര്‍മാന്‍ മോല്യാര്‍ അയാളെ ധരിപ്പിച്ചു.
"ആ...പൂക്കോയ മര്‌ച്ചതില്‍ പിന്നെ ഞാനങ്ങട്ട് പോയ്ട്ടേ ഇല്ല.....പത്ത് പതിമൂന്ന് കൊല്ലം കയ്ഞ്ഞ്ല്ലേ......ആ ചെക്കന്‌പ്പം ബാല്യേക്കാരനായ്‌ട്ട്‌ണ്ടാവും അല്ലേ...?"
"ആ....ന്നാലും ഞമ്മളെ ഓത്തള്ളീല് ബെര്‌ണ്‌ണ്ട്...."
"ആ...അത് നല്ലതാ..അല്ലേല് ഈ ബാല്യേക്കാര് ചോര്‌മ്മക്കളി* കണ്ടും മുച്ചീട്ട്‌കളിച്ചും സമയം അങ്ങനണ്ട് കളയും.."
"ആ....പച്ചേങ്കില് ഞമ്മളെ നാട്ട്‌ല് അമ്മാതിരി കള്യേളൊന്നും ല്ല.."
"ആ നന്നായി.....ചെക്കന്‌പ്പം ബയസ്...?"
"പയിമൂന്നോ പയിനാലോ ആയ്‌ണ്ടാവും.."
"ആ...ഓല് എത്ര ഉറുപ്പ്യേന്റെ അറ*ണ്ടാക്കും..?"
"അറേ..?ങള് എത്താ പറ്യേണ.....ഞമ്മളെ നാട്ട്‌ല് അങ്ങനെത്തെ കുലുമാലോളൊന്നും ല്ല...പിന്നെ.."
"പിന്നെ...??"
"ഓന് ഓളോട് മൊഹബത്താ..അപ്പം ഓന്റെ ഇസ്ടത്തിന്‌ള്ള കെട്ടാ....സ്രീതനോം ക്‌ട്ട്‌ന്നും തോന്ന്‌ണ്‌ല്ല....പിന്നെ കെട്ട് പ്പം തെന്നെ ണ്ടാവൂല.....രണ്ടാം കൊല്ലം ബല്ല്യര്‌ന്നാള് കയ്ഞ്ഞ്ട്ട്..."
"ങേ!!!! അപ്പം പിന്നെ മോല്യാര്‍ എന്ത്‌നാ ഇങ്ങട്ട് വന്ന?"
"തന്തല്ലാത്ത ചെക്കനല്ലേ...അപ്പം തന്തന്റെ ബാക്കിള്ളൊലോട് ഇപ്പം തന്നെ ബീരം പറ്യാന്ന് ബിചാരിച്ചാ..."
"ആ..എനെക്കൊന്നും കേക്കണ്ട...അറ്യേംല്ല ....സ്ത്രീധനോംല്ല...പിന്നെന്ത് കല്ല്യാണാ.??"
"ഞമ്മളെ നാട്ട്‌ലായതോണ്ടും പൂക്കോയ ഇന്റെ അട്‌ത്ത ലോഹ്യക്കാരനായതോണ്ടും* മാ ഞമ്മള് ഇത്‌ന് ബെന്നെ..."
"ആ...അയ്ക്കോട്ടെ.....ഞമ്മക്കത്‌ല് ഒര് താല്‍പര്യോംല്ല..."
"ന്നാലും ങള് മൊടക്കം പറ്യര്‌ത്.."
"ആ...ഞമ്മളത് അറ്‌ഞ്ഞ്ട്ടേ ല്ല..."
"പിന്നെ പൂക്കോയന്റെ ഒര് കാക്കിം* മ്പാടെ ണ്ടല്ലോ...മൂപ്പരെ ബീട് ബടെ അട്ത്താ..?"
"ആ...കോയ..ഓന്‌ക്ക് കച്ചോടാന്ന് കേട്ട്ട്ട്ണ്ട്..."
"ങ്‌ഹേ!! അപ്പം ങക്ക് ങളെ കൂടപ്പൊറപ്പ്‌ന്റെ ബീരം നിച്ചംല്ലാന്നോ...ബദ്‌രീങ്ങളേ..."
"ഓനും പണ്ടേ കല്ലായി വിട്ട്...ഇപ്പോ കോഴിക്കോട്ട് എവിട്യോ കച്ചോടം നടത്താണ്...പൂക്കോയ മര്‌ച്ചത് പോലും ഓന്‍ അറിഞ്ഞോന്ന് സംശയാ.."
"എത്ത് കച്ചോടം?"
"ചായ മക്കാനി..."
"കോയ്ക്കോട്ട്‌ല് യൗട്യാ..?"
"അതറ്യേങ്കി ഞമ്മള് ങനെ പറ്യോ മോല്യാരെ..?"
"ആ...ന്നാല് ഞമ്മളെ പണി ഞമ്മള് മുയ്മനാക്കി...ഇങ്ങളെ ഞമ്മളറീച്ചി...കോയന്റെ ബീരം ഇച്ചുംല്ല ഇങ്ങക്കും ല്ല.....ഞി നാട്ട് ചെന്ന്ട്ട് ഞമ്മക്കൊര്‌പാട് പണിണ്ട്...ബെയ്ന്നാരത്തെ* ബണ്ടിക്ക് ഞമ്മക്ക് തിര്‌ച്ച് പോണം....ബെരട്ടേ....അസ്സലാമലൈക്കും..." അര്‍മാന്‍ മോല്യാര്‍ എണീറ്റു.
"വലൈകുമുസ്സലാം..." അയാള്‍ സലാം മടക്കി.
(തുടരും...)
**************************************
ചോര്‌മ്മക്കളി = സിനിമ
അറ = ഒരു വിവാഹാചാരം
ലോഹ്യക്കാരന്‍ = ചങ്ങാതി.
കാക്ക = ജ്യേഷ്ഠന്
ബെയ്ന്നാരം = വൈകുന്നേരം
