Pages

Wednesday, May 14, 2008

പങ്കുവയ്ക്കപ്പെട്ട പാഥേയം

മാനന്തവാടി ലിറ്റ്‌ല്‍ ഫ്ലവര്‍ ഇംഗ്ലീഷ്‌ മീഡിയം എല്‍ പി സ്കൂളിലാണ്‌ എന്റെ മൂത്തമോള്‍ പഠിക്കുന്നത്‌.കേരള സിലബസ്‌ പിന്തുടരുന്നതിനാല്‍ സാധാരണപോലെയുള്ള ഒരു സ്കൂള്‍.വര്‍ഷത്തില്‍ എല്ലാ ഫീസുകളും അടക്കം മൂവ്വായിരം രൂപക്ക്‌ താഴെ മാത്രമായിരുന്നതിനാല്‍ മാനന്തവാടിയിലെ ഓട്ടോഡ്രൈവര്‍മാരടക്കമുള്ള സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂള്‍. സ്കൂളില്‍ ഇടക്കിടെ പല മല്‍സരങ്ങളും മല്‍സരപരീക്ഷകളും പതിവാണ്‌.അങ്ങനെയുള്ള ഒരു ദിവസം. "ഉപ്പച്ചീ....ഇന്ന് ഉച്ച വരെ മല്‍സരങ്ങളാണ്‌....ഉച്ച കഴിഞ്ഞ്‌ ക്ലാസ്സില്ല..." മോള്‍ എന്നോട്‌ പറഞ്ഞു. "ആ...." ഞാന്‍ മൂളി. "അപ്പോ ചോറ്‌ കൊണ്ടുപോകണോ?" അവളുടെ അടുത്ത സംശയം. വൈകുന്നേരം ഞാന്‍ കോളേജില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ സ്കൂളില്‍ പോയി അവളെയും കൂട്ടാറാണ്‌ പതിവ്‌.ഉച്ചക്ക്‌ സ്കൂള്‍ വിട്ടാല്‍ എനിക്ക്‌ അവളെ വീട്ടിലേക്ക്‌ കൂട്ടാന്‍ സാധിക്കില്ല എന്നതിനാല്‍ ഞാന്‍ പറഞ്ഞു."മോള്‍ ഊണ്‍ കൊണ്ടുപൊയ്ക്കോ.....ഊണുകഴിച്ച്‌ സ്കൂളില്‍ തന്നെ ഇരുന്നാല്‍ മതി.ഉപ്പച്ചി വൈകുന്നേരമേ വരൂ...." അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മോള്‍ എന്നോട്‌ പറഞ്ഞു. "ഉപ്പച്ചീ....ഇന്ന് വൈകുന്നേരം വരേ സ്കൂളുണ്ടായിരുന്നു.." "ആ....അപ്പോ ചോറ്‌ കൊണ്ടുപോയിരുന്നില്ലെങ്കിലോ...?" ഞാന്‍ തിരിച്ചു ചോദിച്ചു. "ആ...ഉച്ച വരേ സ്കൂള്‍ ഉണ്ടാകൂ എന്ന് കരുതി അലീന ജോസ്‌ ഭക്ഷണം കൊണ്ടുവന്നിരുന്നില്ല..." എന്റെ മോളെ അടുത്ത സുഹൃത്താണ്‌ അലീന ജോസ്‌.അതിനാല്‍ ഞാന്‍ ചോദിച്ചു."എങ്കില്‍ നിന്റെ ഊണില്‍ നിന്ന് അവള്‍ക്കും നല്‍കാമായിരുന്നില്ലേ ?" "അലീന ജേക്കബ്‌ അവളുടെ ഭക്ഷണം അലീന ജോസുമായി പങ്കുവച്ചു."മകളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.കേവലം മൂന്നാം ക്ലാസ്സില്‍ മാത്രം പഠിക്കുന്ന കുഞ്ഞുമക്കള്‍ക്കിടയില്‍ , സഹപാഠിയുടെ വിശപ്പ്‌ മനസ്സിലാക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനുമുള്ള സാമൂഹ്യബോധം വളര്‍ന്നുവന്നിരിക്കുന്നു!അതും എല്ലാവരും ഇകഴ്ത്തിപ്പറയുന്ന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍!! ഞാന്‍ മകളെ വിളിച്ച്‌ ഉടന്‍ ഉപദേശിച്ചു. "അലീന ജേക്കബ്‌ ചെയ്തത്‌ നല്ലൊരു പ്രവൃത്തിയാണ്‌.നിന്റെ കൂട്ടുകാരില്‍ ആരെങ്കിലും ഊണ്‌ കൊണ്ടുവരാത്തവരുണ്ടെങ്കില്‍ അവര്‍ക്ക്‌ നിന്റെ ഭക്ഷണത്തില്‍ നിന്ന്‌ നല്‍കണം.നീ കൊണ്ടുപോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒപ്പമുള്ളവരുമായി പങ്കുവയ്ക്കണം.അത്‌ ആണോ പെണ്ണോ,ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ,വെളുത്തവളോ കറുത്തവളോ,ധനികനോ ദരിദ്രനോ എന്നൊന്നും നോക്കരുത്‌.എങ്കിലേ നിങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വളരുകയുള്ളൂ..." "നീ ഇഷ്ടപ്പെടുന്നത്‌ നിന്റെ അയല്‍ക്കാരനും ഇഷ്ടപ്പെടുന്നത്‌ വരെ നീ യഥാര്‍ത്ഥ വിശ്വാസി ആവുകയില്ല എന്ന്‌ മുഹമ്മദ്‌ നബിയും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് ഈസാ നബിയും (യേശു) പറഞ്ഞിട്ടുണ്ട്‌"

Monday, May 12, 2008

കറന്റ്‌ പോകാനുള്ള കാരണങ്ങള്‍

പെട്ടെന്ന് വൈദ്യുതി നിലച്ചപ്പോള്‍ എന്റെ നാല്‌ വയസ്സ്‌കാരിയായ മോള്‍ ചോദിച്ചു:

"ഉമ്മാ.....കറന്റ്‌ പോയതെന്താ ?"

അപ്പോളാണ്‌ അവള്‍ മിന്നല്‍ ശ്രദ്ധിച്ചത്‌ എന്ന് തോന്നുന്നു.

"ഇടി മിന്നലുള്ളതു കൊണ്ടാ?" അടുത്ത ചോദ്യം.

ഭാര്യ മറുപടി പറയുന്നതിനു മുമ്പേ ഇടി നാദം കേട്ട മോളുടെ അടുത്ത ചോദ്യം എത്തി:

"ഇടി പൊട്ടിയതു കൊണ്ടാ?"

ഭാര്യ മൗനം ഭംഞ്ജിക്കുന്നതിന്‌ മുമ്പേ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നു:

"മഴ പെയ്യുന്നത്‌ കൊണ്ടാ?"

പുറത്ത്‌ കാറ്റടിക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ അഞ്ചാമത്തെ ചോദ്യവും കുതിച്ചെത്തി:" കാറ്റടിക്കുന്നത്‌ കൊണ്ടാ?"

വൈദ്യുതി പ്രവാഹം നിലക്കാനുള്ള വിവിധ കാരണങ്ങള്‍ ഈ കൊച്ചുപ്രായത്തിലേ അവള്‍ കണ്ടെത്തിയതില്‍ മുന്‍ വൈദ്യുതി വകുപ്പ്‌ ജീവനക്കാരനായ എനിക്ക്‌ അ(ഭി/പ)മാനം തോന്നി.ചോദ്യപ്രവാഹത്തിന്റെ അവസാനം വൈദ്യുതി പ്രവാഹം പുന:സ്ഥാപിക്കപ്പെട്ടതിനാല്‍ മുഖത്തോട്‌ മുഖം നോക്കിയിരുന്ന ഞാനും ഭാര്യയും ഐക്യകണ്ഠേന ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

Wednesday, May 07, 2008

സല്‍പേരിന്റെ ആയുസ്‌

ഞാന്‍ നാട്ടില്‍ നിന്നും കുടുംബ സമേതം മടങ്ങുന്ന ഒരു ദിവസം.ബസ്സില്‍ സാമാന്യം നല്ല തിരക്കാണ്‌.കുറേ പേര്‍ നിന്ന് യാത്രചെയ്യുന്നു.കണ്ടക്ടര്‍ മുന്നില്‍ കാശ്‌ പിരിച്ചുകൊണ്ടിരിക്കുകയാണ്‌.അതിനാല്‍ കണ്ടക്ടറുടെ സീറ്റില്‍ ഒരാള്‍ കയറി ഇരുന്നു.

കാശ്‌ പിരിച്ച്‌ പിരിച്ച്‌ കണ്ടക്ടര്‍ തിരിച്ച്‌ സീറ്റിനടുത്തെത്തി.സീറ്റിലിരുന്ന ആള്‍ മാന്യതയോടെ എണീറ്റ്‌ കൊടുത്തു.കണ്ടക്ടര്‍ അയാളെ അവിടെ തന്നെ ഇരുത്തി,ഡോറിന്റെ അടുത്തുള്ള കമ്പിയില്‍ ചാരി നിന്ന് തന്റേതായ പണികള്‍ ചെയ്തുകൊണ്ടിരുന്നു.

"എത്ര നല്ല കണ്ടക്ടര്‍, യാത്രക്കാരന്‌ ഒരിക്കലും ബുദ്ധിമുട്ടുണ്ടാകരുത്‌ എന്ന നയമുള്ളവന്‍" ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.

"ആ.... ഈ കണ്ടക്ടര്‍ നല്ലൊരു മനുഷ്യനാ.....മുമ്പ്‌ നിങ്ങളുടെ ഒരു സുഹൃത്ത്‌ കൈകുഞ്ഞിനെയും കൊണ്ട്‌ കയറിയത്‌ ഓര്‍മ്മയുണ്ടോ?അന്നും ഇദ്ദേഹമായിരുന്നു കണ്ടക്ടര്‍.കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന നിങ്ങളുടെ സുഹൃത്ത്‌ എണീക്കാന്‍ ഭാവിച്ചപ്പോഴേക്കും ഈ കണ്ടക്ടര്‍ അത്‌ വിലക്കി, അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു." ഭാര്യ പഴയ ഒരു സംഭവം കൂടി ഓര്‍ത്തെടുത്തു.

'അതെ...അതെ...ഇത്തരം നല്ല സ്വഭാവക്കാരുണ്ടായാല്‍ തന്നെ KSRTC നന്നാകും' ഞാന്‍ ആത്മഗതം ചെയ്തു.

ബസ്‌ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുകൊണ്ടിരുന്നു.ഇടക്കിടക്കുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരുന്നു.അങ്ങനെ ബസ്‌ വൈത്തിരി എത്തി.കല്‍പറ്റക്ക്‌ മുമ്പുള്ള വൈത്തിരിയില്‍ സാധാരണ ബസുകള്‍ക്ക്‌ രണ്ട്‌ സ്റ്റോപ്പുണ്ട്‌.

"വൈത്തിരി....വൈത്തിരി" കണ്ടക്ടര്‍ വിളിച്ച്‌ പറഞ്ഞു.രണ്ട്‌ പേരിറങ്ങി, നാല്‌ പേര്‍ കയറുകയും ചെയ്തു.ബസ്‌ വീണ്ടും മുന്നോട്ട്‌ നീങ്ങി.വൈത്തിരിയിലെ തന്നെ അടുത്ത സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്താന്‍ ഭാവമില്ല എന്ന് കണ്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു."ആളിറങ്ങാനുണ്ട്‌"

"ഇല്ല...ഇവിടെ സ്റ്റോപ്പില്ല..." കണ്ടക്ടര്‍ പറഞ്ഞു.

"അത്‌ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലല്ലോ...എല്ലാ ബസുകളും ഇവിടെ നിര്‍ത്തുന്നതാ..."

"ഞാന്‍ വിളിച്ച്‌ പറഞ്ഞിരുന്നല്ലോ....കേള്‍ക്കാന്‍ മേലായിരുന്നോ?" അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞുകൊണ്ട്‌, കണ്ടക്ടര്‍ ശക്തിയില്‍ സിംഗിള്‍ ബെല്ലടിച്ചു.സ്റ്റോപ്പില്‍ നിന്നും കുറേ മുന്നോട്ട്‌ മാറി ബസ്‌ നിര്‍ത്തി.കുപിതനായി ഇറങ്ങുന്ന യാത്രക്കാരനെ നോക്കി കണ്ടക്ടര്‍ പിറുപിറുത്തുകൊണ്ടിരുന്നു.

പെട്ടെന്ന് അതുവരെ എന്റെ മനസ്സില്‍ കണ്ടക്ടറെ പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായം മാറി.മേല്‍ സ്ഥലത്ത്‌ ഒരു സ്റ്റോപ്പിലേ ബസ്‌ നിര്‍ത്തൂ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ യാത്രക്കാരന്‍ ആദ്യ സ്റ്റോപ്പില്‍ തന്നെ ഇറങ്ങുമായിരുന്നു.ഒരു ഗുണവുമില്ലാത്ത ആ വാക്‌തര്‍ക്കം ഉണ്ടാകുമായിരുന്നില്ല.

നല്ല അഭിപ്രായം ഉണ്ടാക്കാന്‍ ധാരാളം ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും.ഒരുപാട്‌ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും.ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടി വരും.ഇങ്ങനെ കഷ്ടപ്പെട്ട്‌, സഹിച്ച്‌,ക്ഷമിച്ച്‌ നേടി എടുത്ത സല്‍പേര്‌ കളയാന്‍ ഒരൊറ്റ നിമിഷം മാത്രം മതി.ആ നിമിഷത്തെ ഒരു വാക്കില്‍ അല്ലെങ്കില്‍ ഒരു ചെറു സംസാരത്തില്‍ നമ്മുടെ സല്‍പേര്‌ കളഞ്ഞുപോകുന്നത്‌ നാം അറിയുന്നുപോലുമുണ്ടാവില്ല.സംസാരത്തില്‍ മിതത്വവും ശ്രദ്ധയും പാലിക്കേണ്ടത്‌ സല്‍പേര്‌ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്‌.

വര്‍ക്കേരിയയിലെ കൊലപാതകം - ഒരു ഫ്ലാഷ്‌ ബാക്ക്‌

ഞാന്‍ വാടകക്കാരനാണെങ്കിലും , ഇത്‌ തന്റെ വീടാണെന്ന ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അവന്റെ വരവ്‌ എനിക്ക്‌ ഒട്ടും ദഹിച്ചില്ല.

പെട്ടെന്നുള്ള കോപത്തില്‍ ചെരിപ്പൂരി ഞാന്‍ അവന്റെ തലക്ക്‌ തന്നെ നന്നായൊന്ന് പൂശി !!!

തല ചതഞ്ഞരഞ്ഞ്‌ ആ കൂറ അപ്പോള്‍ തന്നെ വര്‍ക്കേരിയയില്‍ ചത്തുവീണു.

Thursday, May 01, 2008

ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌...

ഞാനും കുടുംബവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ എന്റെ മാതാപിതാക്കളും രണ്ട്‌ അനിയന്മാരും അനിയന്റെ ഭാര്യയും രണ്ട്‌ കുട്ടികളും താമസിക്കുന്നത്‌. പിതാവിന്റെ ഹോബികളില്‍ പ്രധാനപ്പെട്ടതായിരുന്നു ഉദ്യാനപരിപാലനം.അയല്‍പക്കത്തൊന്നും ഇല്ലാത്ത അപൂര്‍വ്വ ഇനം ചെടികളെക്കൊണ്ട്‌ നിറഞ്ഞതായിരുന്നു ഒരു കാലത്ത്‌ ഞങ്ങളുടെ മുറ്റം.കാലക്രമേണ അവയുടെ പുതുമ നശിച്ചപ്പോള്‍ അവ മുറ്റത്ത്‌ നിന്നും വേലിപ്പടര്‍പ്പിലേക്ക്‌ പറിച്ചു മാറ്റപ്പെട്ടു. പിതാവില്‍ നിന്നും കിട്ടിയതായിരിക്കും , ഇന്ന് എന്റെ ഹോബികളില്‍ ഒന്ന് ഉദ്യാനപരിപാലനമാണ്‌.എന്റെ വീട്ടിന്റെ മുറ്റത്തെ ചെടികളിലേക്ക്‌ നോക്കുമ്പോള്‍ തന്നെ പലരും ഓര്‍മ്മയില്‍ ഓടി എത്തും.തളിപ്പറമ്പുകാരി സബിതയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന എവര്‍ഗ്രീന്‍, കൊല്ലംകാരന്‍ ഷാജഹാന്റെ വീട്ടില്‍ നിന്നുള്ള പ്രത്യേകതരം ചെമ്പരത്തി,മണ്ണുത്തിയില്‍ ഔദ്യോഗിക ടൂര്‍ പോയപ്പോള്‍ കിട്ടിയ പേരറിയാത്ത ചെടി, കണ്ണൂര്‍ St.Angelose കോട്ടയില്‍ നിന്നും കിട്ടിയ പേരറിയാത്ത മറ്റൊരു ചെടി,കൊടുങ്ങല്ലൂരുകാരന്‍ ഖൈസിന്റെ വീട്ടില്‍ നിന്നും കിട്ടിയ ബ്ലീഡിഹര്‍ട്ട്‌,കൊണ്ടോട്ടി നൗഷാദിന്റെ വീട്ടില്‍ നിന്നുള്ള തെച്ചി,ഫാറൂഖ്‌ കോളേജിനടുത്ത്‌ താമസിക്കുന്ന മൂത്താപ്പയുടെ മകളുടെ വീട്ടില്‍ നിന്നുള്ള അരിപ്പൂ,മാനന്തവാടിയില്‍ നിന്നുള്ള റോസുകള്‍...അങ്ങിനെ അങ്ങിനെ ഗതകാലസ്മരണകള്‍ തികട്ടി വരുത്തുന്ന ചെടികള്‍. മിക്കവാറും എവിടെ പോയാലും എന്റെ വീട്ടില്‍ ഇല്ലാത്ത ചെടി കണ്ടാല്‍ , തരപ്പെടുമെങ്കില്‍ അത്‌ ഞാന്‍ എന്റെ വീട്ടിലും എത്തിക്കും.ചെടി എത്തിച്ച്‌ നടുക എന്ന കര്‍മ്മമേ ഇപ്പോള്‍ എനിക്ക്‌ ചെയ്യാനാവൂ, അല്ലെങ്കില്‍ ചെയ്യേണ്ടതുള്ളൂ.വെള്ളമൊഴിക്കലും മറ്റു പരിപാലനവും എല്ലാം എഴുപത്‌ കഴിഞ്ഞ എന്റെ പിതാവ്‌ തന്നെയാണ്‌ നിര്‍വ്വഹിക്കുന്നത്‌. ഒരു ഒഴിവുദിനത്തില്‍ മുറ്റത്ത്‌ മക്കളുമൊത്ത്‌ ഒഴിവ്‌ സമയം ചെലവഴിക്കുമ്പോള്‍ പിതാവിനെ ഞാന്‍ ശ്രദ്ധിച്ചു.ചട്ടിയിലും മുറ്റത്തും വേലിപടര്‍പ്പിലും തൊടിയിലുമായി നട്ടിരിക്കുന്ന ഓരോ ചെടിയുടെയും അടുത്ത്‌പോയി നോക്കുകയാണദ്ദേഹം.വെള്ളം വേണ്ടത്ര കിട്ടിയോ എന്ന് മണ്ണില്‍ തൊട്ട്‌ നോക്കി, പൂക്കള്‍ വിരിഞ്ഞിട്ടുണ്ടോ,പുതുനാമ്പുകള്‍ കിളിര്‍ക്കുന്നുണ്ടോ, പൂമൊട്ടുകള്‍ പിടിച്ചിട്ടുണ്ടോ, കമ്പ്‌ ചാഞ്ഞ്‌ വീണിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കി മുഖത്ത്‌ പുഞ്ചിരിയുമായി അദ്ദേഹം അവക്കിടയിലൂടെ നടക്കുകയായിരുന്നു.ജീവിതത്തിന്റെ സായം സന്ധ്യയില്‍ എത്തി നില്‍ക്കുന്ന ആ മുഖത്ത്‌ നിന്ന് ഞാന്‍ ചില കാര്യങ്ങള്‍ വായിച്ചെടുത്തു. നമ്മെ ആശ്രയിച്ച്‌ നമ്മുടെ കരുണയില്‍ ജീവിക്കുന്ന അനേകം ജീവികളുണ്ട്‌.ചെടികളും മൃഗങ്ങളും എന്തിനേറെ നമ്മുടെ ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും അതിലുള്‍പ്പെടുന്നു.അവര്‍ക്കത്യാവശ്യമായ സൗകര്യങ്ങളും വളരാനാവശ്യമായ സാഹചര്യങ്ങളും ഒരുക്കല്‍ അവരുടെ യജമാനന്റെ കര്‍ത്തവ്യമാണ്‌.ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ നമ്മോട്‌ നന്ദി കാണിക്കുന്നു.ചെടികളും മരങ്ങളും പൂക്കള്‍ വിടര്‍ത്തിയും കായ്ഫലങ്ങള്‍ തന്നും മൃഗങ്ങള്‍ പാല്‍ ചുരത്തിയും മനുഷ്യര്‍ മറ്റ്‌ രീതിയിലൂടെയും ഈ നന്ദി പ്രകടിപ്പിക്കുന്നു.അവരുടെ നന്ദിപ്രകടനം നമ്മുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിറക്കുന്നു.അതുവഴി നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.