Pages

Sunday, October 19, 2008

നഷ്ടപ്പെട്ട ലോകറിക്കാര്‍ഡ്‌ ('മേടിക്കല്‍ എഞ്ചിനീയര്‍' രണ്ടാം ഭാഗം)

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ നാല്‍വര്‍ സംഘം ഉച്ചക്ക്‌ ശേഷവും പാര്‍ടൈം ആയി കോളേജില്‍ പോകാന്‍ തുടങ്ങി.ലോക ചരിത്രത്തില്‍ ആദ്യമായി (ഒരു പക്ഷേ അവസാനവും) രണ്ട്‌ ഗ്രൂപ്പുകള്‍ക്ക്‌ ഒരേ കോളേജില്‍ പഠിക്കുന്ന റിക്കാര്‍ഡ്‌ ഞങ്ങള്‍ക്ക്‌ സ്വന്തമായി.(അന്ന് SSLC ബുക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ,ഗിന്നസ്‌ ബുക്ക്‌ കേട്ടിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ലോകറിക്കാര്‍ഡ്‌ നഷ്ടമായി)

മാത്‌സ്‌ ക്ലാസ്സിലെ ആദ്യ ദിനം.ആണ്‍കുട്ടികള്‍ മാത്രം തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സില്‍ ഞങ്ങള്‍ക്ക്‌ ഇടം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.ഹോസ്റ്റലിലെ സഹമുറിയന്മാര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നതിനാല്‍, നിന്ന് ക്ലാസിലിരിക്കേണ്ട അപൂര്‍വ്വ ഗതികേട്‌ ഉണ്ടായില്ല.

അന്ന് അസീസ്‌ സാറായിരുന്നു മാത്‌സ്‌ ക്ലാസ്സിന്‌ വന്നത്‌.മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു സാറ്‌.ക്ലാസ്സ്‌ തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷമാണ്‌ ഞങ്ങള്‍ ഈ ക്ലാസ്സില്‍ വന്നിരിക്കുന്നത്‌ എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കും ബോധ്യമുണ്ടായിരുന്നില്ല.നേര്‍രേഖകളെ(straight line)ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ്‌ എനിക്ക്‌ ഒരു കുന്തവും മനസ്സിലായില്ല(മറ്റുള്ളവര്‍ക്കും തഥൈവ എന്ന് അവരുടെ പൊളിച്ച വായ സൂചിപ്പിച്ചു)

ഒന്നും മനസ്സിലായില്ലെങ്കിലും അടുത്ത ദിവസങ്ങളിലും ഉച്ചയുറക്കം ഉപേക്ഷിച്ച്‌ ഞങ്ങള്‍ ക്ലാസ്സില്‍ പോയി.അന്നും അസീസ്‌ സാര്‍ തന്നെയായിരുന്നു വന്നത്‌.ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ തലേ ദിവസം എടുത്ത ഭാഗത്ത്‌ നിന്നും അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

"വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

എല്ലാവരുടേയും തല താഴാന്‍ തുടങ്ങി.സീറ്റില്ലാത്തതിനാല്‍ ഇടുങ്ങി പൊട്ടി ഇരുന്ന ഞാന്‍ അല്‍പം ഉയര്‍ന്നിരുന്നതിനാല്‍ സാര്‍ എന്റെ നേരെ ചോദ്യമെറിഞ്ഞു.

"ങാ...നീ തന്നെ...ചന്തിപൊന്തിച്ചിരിക്കുന്നവന്‍.."

ഞാന്‍ മെല്ലെ എഴുന്നേറ്റ്‌ നിന്ന്‌ പറയാന്‍ തുടങ്ങി.

"സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ എ ലൈന്‍ വിതൗട്ട്‌ കര്‍വ്‌ ഓര്‍ ബെന്‍ഡ്‌!!" ഞാന്‍ പഠിച്ച സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നു.(അസീസ്‌ സാറിന്റെ സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നില്ല).ക്ലാസ്സിലിരിക്കുന്നവരെല്ലാം തനി പൊട്ടന്മാര്‍ ആയതിനാലോ അതല്ല അസീസ്‌ സാറിന്റെ ക്ലാസ്സ്‌ അവര്‍ക്കും മനസ്സിലാവാത്തതിനാലോ എന്നറിയില്ല എന്റെ പരിശുദ്ധ മണ്ടന്‍ ഉത്തരം കേട്ട്‌ ആരും ചിരിച്ചില്ല.ഞാന്‍ പറഞ്ഞത്‌ സാറും കേട്ടില്ല എന്ന് തോന്നുന്നു, അദ്ദേഹം ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചു.

"ദെന്‍ വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

ഞാന്‍ പിന്നെ ഒന്നും പറയാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു.മറ്റൊരുത്തനും തല പൊക്കാത്തതിനാല്‍ ചോദ്യം ചോദിച്ച്‌ സാറും കുഴഞ്ഞു.അവസാനം സാറ്‌ തന്നെ ഉത്തരം പറഞ്ഞു.

" സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ അ ലൈന്‍ ദാറ്റ്‌ കാന്‍ ബീ എക്സ്പ്രെസ്സ്‌ഡ്‌ ഇന്‍ ദ ഫോം y = mX + C"

"എന്റമ്മോ...".ഞാന്‍ ഞെട്ടി.ആദ്യാമായിട്ടായിരുന്നു ഞാന്‍ ആ നിര്‍വ്വചനം കേള്‍ക്കുന്നത്‌.

വളയാതെ വരക്കുന്ന എല്ലാ വരകളേയും ഇങ്ങനെ സൂത്രവാക്യത്തില്‍ തളക്കുന്ന ഈ പരിപാടി എനിക്ക്‌ യോജിച്ചതല്ല എന്ന ബോധോദയത്തില്‍ അന്ന് ഞാന്‍ അസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നിറങ്ങി.പിന്നെ പ്രീഡിഗ്രിയുടെ മാത്‌സ്‌ ക്ലാസ്സില്‍ ഞാന്‍ കയറിയിട്ടില്ല.

(തുടരും..)

Wednesday, October 15, 2008

ഈ സ്വഭാവം ശരിയോ തെറ്റോ?

വീട്ടില്‍ നിന്നും ഊണ്‌ തയ്യാറാക്കി കൊണ്ടുപോകലാണ്‌ എന്റെ പതിവ്‌.കോളേജിലെവിവിധ തിരക്കുകള്‍ക്കിടയില്‍ മിക്ക ദിവസങ്ങളിലും ഒന്നരക്ക്‌ ശേഷമേ ഊണ്‍കഴിക്കാന്‍ സാധിക്കാറുള്ളൂ.സഹപ്രവര്‍ത്തകരായ സുജിത്തും(പേരാമ്പ്ര)രാജനും(കാസര്‍ഗോഡ്‌) മിക്ക ദിവസങ്ങളിലും ഊണ്‍ കഴിക്കാന്‍ എന്റെ കൂടെയുണ്ടാകും. പൊതുവെ മധുരം കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളോട്‌ എനിക്ക്‌ ഇഷ്ടമില്ല.എരിവുള്ള ഭക്ഷണമാണ്‌ കൂടുതല്‍ പ്രിയം.അതിനാല്‍ തന്നെ എന്റെ കറികളിലുംഉപ്പേരികളിലും എരിവ്‌ കൂടുതലായിരുന്നു.പോരാത്തതിന്‌ അച്ചാറും കൂട്ടും. സഹപ്രവര്‍ത്തകരില്‍ സുജിത്തിന്‌ മിതമായ എരിവ്‌ മതി.മിക്ക ദിവസങ്ങളിലുംതേങ്ങ അരച്ച കറിയാണ്‌ സുജിത്ത്‌ കൊണ്ടുവരാറ്‌.കോഴിക്കോട്ടുകാര്‍ പൊതുവെതേങ്ങ ഉപയോഗത്തില്‍ മുമ്പന്മാരുമാണ്‌.എന്നാല്‍ രാജന്‌ അല്‍പം പോലും എരിവ്‌ഇഷ്ടമില്ല.അല്ല,കൂട്ടാന്‍ പറ്റില്ല.അള്‍സര്‍ എന്ന രോഗം രാജനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം സാധാരണപോലെ ഞങ്ങള്‍ വൈകി ഊണ്‌ കഴിക്കാനിരുന്നു.പതിവ്‌ പോലെ രാജന്‍ ഭക്ഷണം ആദ്യം തിന്നു തീര്‍ത്തു.പിന്നാലെ ഞാനുംമുഴുവനാക്കി.ഭക്ഷണത്തിന്റെ അളവ്‌ കൂടുതലുള്ളതു കൊണ്ടോ സാവധാനംതിന്നുന്നതുകൊണ്ടോ എന്നറിയില്ല സുജിത്ത്‌ എന്നും അവസാനമാണ്‌ ഭക്ഷണം പൂര്‍ത്തിയാക്കാറ്‌. എന്റെ ഊണ്‌ കഴിഞ്ഞപ്പോള്‍ അല്‍പം മുമ്പേ തീറ്റ നിര്‍ത്തിയ രാജന്റെ പ്ലേറ്റിലേക്ക്‌ഞാന്‍ വെറുതേ ഒന്ന് നോക്കി.രാജന്റെ പാത്രത്തില്‍ ഭക്ഷണം ബാക്കി കിടക്കുന്നുണ്ടായിരുന്നു. "എന്താ രാജാ....ഭക്ഷണം മതിയാക്കിയത്‌?"ഞാന്‍ ചോദിച്ചു. "കറി അല്‍പം അധികമാണ്‌ സാര്‍....അതു കൊണ്ടാ...." "എന്നാലും ഒന്ന് കൂടി ശ്രമിക്കാമായിരുന്നില്ലേ?"ഞാന്‍ വീണ്ടും ചോദിച്ചു. "മതിയായി സാര്‍..." "ഇക്കഴിഞ്ഞ ദിവസം എനിക്ക്‌ വന്ന ഒരു ഇ-മെയില്‍ സന്ദേശം ഇതിനെപറ്റിയായിരുന്നു.നമുക്ക്‌ തിരഞ്ഞെടുക്കാന്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍....തിന്നാന്‍ ഇഷ്ടം പോലെ വിഭവങ്ങള്‍...കൂടുതല്‍ ഇഷ്ടപ്പെട്ടത്‌ തിരയാനും വാങ്ങാനുമുള്ള സൗകര്യങ്ങള്‍....എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ലോക ജനസംഖ്യയുടെഎഴുപത്‌ ശതമാനത്തിലേറെ പേര്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെവിശന്നു വലയുന്നു.ഭക്ഷണം പാഴാക്കുമ്പോളൊരു നിമിഷം അവരെക്കുറിച്ച്‌ആലോചിക്കുക." ഞാന്‍ രാജനെ ഓര്‍മ്മപ്പെടുത്തി(ഇത്‌ കേട്ട്‌ നിന്ന സുജിത്ത്‌പറഞ്ഞ വാക്കുകള്‍ ഞാനിവിടെ കുറിച്ചാല്‍ അത്‌ സ്വയം പൊക്കലാകും എന്നതിനാല്‍പറയാന്‍ ആഗ്രഹിക്കുന്നില്ല) പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്‌ ഭക്ഷണം പാഴാക്കുന്ന ഈസ്വഭാവം.പാത്രത്തിനകത്തും പുറത്തും അല്‍പം ബാക്കിയില്ലെങ്കില്‍ അഭിമാനത്തിന്‌ ക്ഷതമാണ്‌ എന്ന് കരുതുന്നവരുണ്ട്‌.ഭക്ഷണം ഒട്ടും അവശേഷിപ്പിക്കാതെ പാത്രം വടിച്ച്‌ വൃത്തിയാക്കി തിന്നുന്നത്‌ ഒരിക്കലുംഅന്തസ്സിന്‌ കളങ്കം ചാര്‍ത്തില്ല.ചായയും മറ്റും കുടിക്കുമ്പോളും മുഴുവനായുംകുടിക്കുക.ഗ്ലാസ്സിന്റെ കാല്‍ ഭാഗത്തോളം ബാക്കി വയ്ക്കുന്നത്‌ പലരിലും കണ്ടു വരുന്ന ഒരു ദു:സ്വഭാവമാണ്‌.ഭക്ഷണ പാനീയങ്ങള്‍ ഇങ്ങനെ വേസ്റ്റാക്കുമ്പോള്‍ ,ഒരു പിടി അന്നത്തിനായി തെരുവ്‌പട്ടികളോട്‌ പോരാടുന്ന മനുഷ്യമക്കളെപ്പറ്റിഒരു നിമിഷം ആലോചിക്കുക.ശേഷം സ്വയം തീരുമാനിക്കുക - ഈ സ്വഭാവംശരിയോ തെറ്റോ എന്ന്.

Monday, October 13, 2008

'മേടിക്കല്‍ എഞ്ചിനീയര്‍'

പ്രീഡിഗ്രിക്ക്‌ ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌.(പ്രീഡിഗ്രി എന്തെന്നറിയാത്തവര്‍ നാടോടിക്കാറ്റ്‌ പോയി കാണുക). "പഠിച്ച്‌ പഠിച്ച്‌ നീ ഒരു ഡോക്ടറാകുമ്പോള്‍ കുരച്ച്‌ കുരച്ച്‌ ഞാന്‍ വരുമ്പോള്‍.....(ബാക്കി ഓര്‍മ്മയില്ല)" എന്ന് ഏതോ ഒരുത്തി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതു കൊണ്ട്‌ ഡോക്ടറാകാമെന്ന് കരുതിയല്ല ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തത്‌,മറിച്ച്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താല്‍ ഫസ്റ്റ്‌ ഗ്രൂപ്പിലെ മാത്‌സ്‌ മാത്രം അഡീഷണലായി പഠിച്ച്‌ മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും എഴുതി ഒരു 'മേടിക്കല്‍ എഞ്ചിനീയര്‍' ആവാം എന്ന ഏതോ ഒരു തുലയന്റെ വിദഗ്ദ ഉപദേശപ്രകാരമായിരുന്നു അത്‌. അങ്ങനെ തിരൂരങ്ങാടി PSMO കോളേജില്‍ ഞാന്‍ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പിന്‌ ചേര്‍ന്നു.എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും) വാണ്ടറേര്‍സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വണ്ടറടിപ്പിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ആസ്ത്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ സ്കോര്‍ പോലെയായിരുന്നു SSLC ബുക്കില്‍ എന്റെ മാര്‍ക്ക്‌.അതിനാല്‍ തരുണീമണികള്‍ക്കും പഠിപ്പിസ്റ്റുകള്‍ക്കും മാത്രം ലഭിച്ചിരുന്ന മോര്‍ണിംഗ്‌ ബാച്ചില്‍ ഇരിക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. രാവിലെ എട്ടര മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെയായിരുന്നു ഞങ്ങളുടെ ക്ലാസ്‌ സമയം.ഉച്ചയൂണും കഴിഞ്ഞ്‌ ഹോസ്റ്റല്‍ മുറിയില്‍ സുന്ദരമായി കൂര്‍ക്കം വലിച്ചുറങ്ങാന്‍ കിട്ടിയ അവസരം ഞാനൊരിക്കലും പാഴാക്കിയില്ല.ഉച്ചക്ക്‌ ശേഷം , നാരികളില്ലാത്ത ,നരികള്‍ മാത്രമുള്ള കാമ്പസില്‍ പോയി 'കൊട്ടാവി' (കോട്ടുവാ) ഇടുന്ന ഹോസ്റ്റലിലെ മറ്റ്‌ അന്തേവാസികളോട്‌ മോര്‍ണിംഗ്‌ ബാച്ചിലുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌(ഞാന്‍,നൗഫല്‍,സുനില്‍,യാസിര്‍) സഹതാപം തോന്നി. അങ്ങനെ കാലം നീങ്ങുന്നതിനിടയിലാണ്‌ മാത്‌സ്‌ പഠിക്കുന്നതിനെപറ്റി ആര്‍ക്കോ വെള്ളിടി വന്നത്‌.ഒറ്റക്ക്‌ പഠിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പഠിക്കാനുള്ള പോംവഴി ആലോചിച്ചു.ട്യൂഷന്‍ പണച്ചിലവുള്ള ഏര്‍പ്പാടായതിനാല്‍ ആരുടെ ചിന്തയും ആ വഴിക്ക്‌ പോയില്ല.അപ്പോഴാണ്‌ യാസിറിന്റെ തലയില്‍ ആ ഐഡിയ ഉദിച്ചത്‌ - ഉച്ചക്ക്‌ ശേഷം പ്രീഡിഗ്രി ഫസ്റ്റ്‌ ഗ്രൂപ്പിന്റെ മാത്‌സ്‌ ക്ലാസ്സില്‍ പോയിരിക്കുക!(An idea can change your life എന്നത്‌ എത്ര വാസ്തവം) അത്‌ നല്ലൊരു പദ്ധതിയായി ഞങ്ങള്‍ എല്ലാവരും ഐക്യകണ്ഠേന അംഗീകരിച്ചു.റഗുലറായി നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലാസ്സില്‍ ചെന്നിരിക്കുന്നതിനാല്‍ കാശിന്റെ മുടാക്കും ഇല്ല.പക്ഷേ അങ്ങിനെയങ്ങ്‌ കയറിച്ചെന്ന് ഇരിക്കാന്‍ ഇതെന്താ കേരള നിയമസഭയോ എന്ന സന്ദേഹം ഞങ്ങള്‍ക്ക്‌ ഉണ്ടായി. അന്നത്തെ കോളേജ്‌ പ്രിന്‍സിപ്പല്‍ യാസിറിന്റെ അമ്മാവന്‍ ആയിരുന്നതിനാല്‍ ആ വഴി ഒരു ശ്രമം നടത്താന്‍ ഞങ്ങള്‍ പ്രമേയം പാസ്സാക്കി.അതുപ്രകാരം യാസിറിന്റെ നേതൃത്വത്തില്‍ തന്നെ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌ ഒരു 'തെണ്ടി മാര്‍ച്ച്‌' നടത്തി.പഠിക്കാന്‍ ഇത്ര ഉത്സാഹം കാണിക്കുന്ന അനന്തിരവന്‍ അടക്കമുള്ള ഈ വിദ്യാര്‍ത്ഥികളെ എങ്ങനെ തിരിച്ചയക്കും എന്ന ധര്‍മ്മസങ്കടത്തില്‍ നിന്നൊലിച്ച കണ്ണീരില്‍ പ്രിന്‍സിപ്പല്‍ മൂക്കും കുത്തി വീണു. (തുടരും)

Wednesday, October 08, 2008

തെറ്റില്ലാത്ത തെറ്റ്‌!

ഞാന്‍ പണിതുകൊണ്ടിരിക്കുന്ന എന്റെ പുതിയ വീടിന്റെ സൈറ്റിന്‌ മുന്നിലൂടെ ഒരു പൊതുറോഡ്‌ കടന്നുപോകുന്നുണ്ട്‌.സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും തുടങ്ങീ എല്ലാവരും ടൗണിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ്‌ ഉപയോഗപ്പെടുത്തുന്നു.

മുമ്പ്‌ എന്റെ സൈറ്റിനും ഈ വഴിക്കും ഇടയില്‍ ഉയര്‍ന്ന ഒരു സൈറ്റ്‌ കൂടി ഉണ്ടായിരുന്നതിനാല്‍ എന്റെ സൈറ്റില്‍ നിന്നും റോഡിലേക്ക്‌ നേരിട്ട്‌ കാണുമായിരുന്നില്ല.അന്ന് ആ സൈറ്റ്‌ കാട്‌ മൂടി കിടന്നിരുന്നതിനാല്‍ എല്ലാ തരം വേസ്റ്റുകളുടേയും നിക്ഷേപസ്ഥാനം കൂടിയായിരുന്നു അത്‌.ഇന്ന് ആ സ്ഥലം അതിന്റെ ഉടമ ഇടിച്ചു നിരപ്പാക്കി മറ്റൊരു വീടിനുള്ള സൈറ്റാക്കി മാറ്റി.അതിനാല്‍ തന്നെ ഇപ്പോള്‍ എന്റെ വീടിന്റെ മുകളില്‍ കയറിയാല്‍ ആ റോഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക്‌ നേരില്‍ കാണാം.

ഇന്ന് രാവിലെ ഞാന്‍ വീടിന്റെ പണിയുടെ പുരോഗതി നിരീക്ഷിക്കാന്‍ അതിന്‌ മുകളില്‍ കയറി.ഒരു പറമ്പിനപ്പുറം കടന്നുപോകുന്ന റോഡിലേക്ക്‌ വെറുതെ ഒന്ന് കണ്ണയച്ചു.

എന്റെ വീടിന്റെ അല്‍പം മാത്രം അകലെയുള്ള അനില്‍ റോഡിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.അവന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല.വഴിയെ പോകുന്നവനെ വെറുതേ മാടിവിളിച്ച്‌ എന്റെ വീടാണിത്‌ എന്ന് തെളിയിക്കേണ്ട എന്നതിനാല്‍ ഞാന്‍ അവനെ വിളിച്ചില്ല.ഞാന്‍ എന്റേതായ സംഗതികള്‍ ചെയ്യാന്‍ തിരിഞ്ഞു.

അല്‍പം കഴിഞ്ഞ്‌ ഞാന്‍ വീണ്ടും റോഡിലേക്ക്‌ നോക്കിയപ്പോള്‍ അനില്‍ റോഡ്‌ സൈഡില്‍ മൂത്രമൊഴിച്ച്‌ എണീറ്റ്‌ പോകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടത്‌!

മൂത്രമൊഴിക്കുന്നത്‌ തെറ്റല്ല.പക്ഷേ അത്‌ പൊതുവഴിയില്‍ ഒഴിക്കുന്നത്‌ തെറ്റ്‌ തന്നെയാണ്‌. പൊതുവഴിയില്‍ രോഗാണുക്കള്‍ പെരുകാനും ദുര്‍ഗന്ധം വമിക്കാനും ഈ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നു.പൊതുജനം ഉപയോഗിക്കുന്ന വഴി മലിനപ്പെടുത്താന്‍ പാടില്ല.നാം പലരും നിസ്സാരമായി കാണുന്ന ഇത്തരം സംഗതികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.

നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്‌ ഇവിടെ അനില്‍.അവന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ട്‌ കൂടിയാല്‍ അഞ്ച്‌ മിനുട്ടേ ആയിട്ടുണ്ടാകൂ.അപ്പോള്‍ ഈ കാര്യം വീട്ടില്‍ തന്നെ സാധിച്ച്‌ ഇറങ്ങാമായിരുന്നു.എന്നിട്ടും....???

ദുര്‍ഗന്ധം വമിക്കുന്ന ഒരു വഴിയിലൂടെ കടന്നുപോകുന്നയാള്‍ ആ ദുര്‍ഗന്ധത്തിന്‌ കാരണമായവരെ പഴിക്കാതെ കടന്നുപോകില്ല.വെറുതേ പഴി കേള്‍ക്കണോ?അടുത്ത പ്രാവശ്യം മൂത്രമൊഴിക്കാനായി വാല്‌ പൊക്കുമ്പോളെങ്കിലും (സോറി,സിബ്‌ താഴ്ത്തുമ്പോളെങ്കിലും) ഒന്നാലോചിക്കുക.

Wednesday, October 01, 2008

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഈദ്‌

ഞാന്‍ MSc രണ്ടാം വര്‍ഷത്തിന്‌ പൊന്നാനിയില്‍ പഠിക്കുന്ന സമയം.ഹോസ്റ്റലില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളായിരുന്നു.ഹിന്ദു സഹോദരങ്ങളും ഇല്ലാതില്ല.

പെരുന്നാള്‍ തലേന്ന് യൂനിവേഴ്‌സിറ്റി പരീക്ഷ ആയതിനാല്‍ നോമ്പും നോറ്റ്‌ അത്‌ അറ്റെന്റ്‌ ചെയ്യേണ്ടി വന്നു.PG ക്ക്‌ മാത്രമല്ല Degree ക്കാര്‍ക്കും അന്ന് പരീക്ഷ ഉണ്ടായിരുന്നു.അതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും പെരുന്നാള്‍ തലേന്ന് കോളേജില്‍ ഒത്തു കൂടി.

പരീക്ഷ കഴിഞ്ഞ്‌ എല്ലാവരും വേഗം വീടണയാനുള്ള തിരക്കിലായിരുന്നു.പരീക്ഷ ഉച്ചക്ക്‌ ശേഷമായിരുന്നതിനാല്‍ ആര്‍ക്കും വീട്ടിലെത്തി നോമ്പ്‌ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

പൊന്നാനിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലേ എനിക്ക്‌ വീട്ടിലെത്താന്‍ പറ്റൂ.അതിനാല്‍ നോമ്പ്‌ തുറക്കാനുള്ള ഈത്തപഴവും കരുതിയാണ്‌ പരീക്ഷക്ക്‌ ശേഷം ഞാന്‍ അന്ന് ബസ്സ്‌ കയറിയത്‌.

ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിക്കുന്ന കോമുവും എന്റെ അതേ റൂട്ടില്‍ കുറ്റിപ്പുറം വരെ ഞാന്‍ കയറിയ ബസ്സില്‍ കയറി.ആശയപരമായി ഞാനും കോമുവും രണ്ട്‌ തട്ടിലായിരുന്നു.അതിനാല്‍ തന്നെ പല കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ ഭിന്നത പതിവായിരുന്നു.

അന്ന് ബസ്സില്‍ വച്ചുണ്ടായ സംസാരത്തില്‍ നിന്ന് ഞാന്‍ നോമ്പ്‌ നോറ്റതായും ബസ്സില്‍ വച്ച്‌ തന്നെ നോമ്പ്‌ തുറക്കേണ്ടി വരും എന്നും കോമു മനസ്സിലാക്കി.അതുപ്രകാരം അവന്‍ എന്നോട്‌ ചോദിച്ചു.

"എന്നിട്ട്‌ നോമ്പ്‌ തുറക്കാന്‍ നീ ഒന്നും കരുതിയില്ലേ?"

"ങാ....എന്റെ കയ്യില്‍ ഈത്തപഴം ഉണ്ട്‌.."

"ഈത്തപഴം മാത്രമോ?"

"അതേ..."

ബസ്സ്‌ കുറ്റിപ്പുറം എത്തിയതും കോമു ധൃതിയില്‍ ചാടിയിറങ്ങി(കോമുവിന്‌ ഇറങ്ങേണ്ടത്‌ അവിടെ തന്നെയായിരുന്നു).അടുത്ത്‌ കണ്ട കടയിലേക്ക്‌ അവന്‍ ഓടി .ഒരു ഫ്രൂട്ടി ജൂസ്‌ പാക്കുമായി അവന്‍ തിരിച്ചു വന്ന്‌ എന്റെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു.

"ഇതാ ഇതു വച്ചോ.....നോമ്പ്‌ നോറ്റവനെ നോമ്പ്‌ തുറപ്പിക്കുന്നതും നോമ്പ്‌ പോലെ പുണ്യം ലഭിക്കുന്ന കര്‍മ്മമാണ്‌"

ആശയപരമായി രണ്ട്‌ ധ്രുവങ്ങളിലായിട്ടും നോമ്പ്‌ നോറ്റവനെ ആദരിച്ച കോമുവിന്റെ ആ മനസ്സ്‌ എന്നെ ആകര്‍ഷിച്ചു.

ആശയങ്ങളും അഭിപ്രായങ്ങളും ഭിന്നമായിരിക്കാം.എങ്കിലും മുസ്ലിം സമുദായം ഒന്നിച്ച്‌ ഒരു ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേള വളരെ സന്തോഷകരമാണ്‌.ഈ ഐക്യം എന്നെന്നും കാത്തു സൂക്ഷിക്കാനും സഹോദരസമുദായങ്ങളിലേക്കും ഈ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനും നമുക്ക്‌ സാധിക്കട്ടെ.ഇങ്ങനെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ നമ്മുടെ ഈ വര്‍ഷത്തെ ഈദ്‌ ആഘോഷം.

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു.