Pages

Monday, October 13, 2008

'മേടിക്കല്‍ എഞ്ചിനീയര്‍'

പ്രീഡിഗ്രിക്ക്‌ ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌.(പ്രീഡിഗ്രി എന്തെന്നറിയാത്തവര്‍ നാടോടിക്കാറ്റ്‌ പോയി കാണുക). "പഠിച്ച്‌ പഠിച്ച്‌ നീ ഒരു ഡോക്ടറാകുമ്പോള്‍ കുരച്ച്‌ കുരച്ച്‌ ഞാന്‍ വരുമ്പോള്‍.....(ബാക്കി ഓര്‍മ്മയില്ല)" എന്ന് ഏതോ ഒരുത്തി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതു കൊണ്ട്‌ ഡോക്ടറാകാമെന്ന് കരുതിയല്ല ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തത്‌,മറിച്ച്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താല്‍ ഫസ്റ്റ്‌ ഗ്രൂപ്പിലെ മാത്‌സ്‌ മാത്രം അഡീഷണലായി പഠിച്ച്‌ മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും എഴുതി ഒരു 'മേടിക്കല്‍ എഞ്ചിനീയര്‍' ആവാം എന്ന ഏതോ ഒരു തുലയന്റെ വിദഗ്ദ ഉപദേശപ്രകാരമായിരുന്നു അത്‌. അങ്ങനെ തിരൂരങ്ങാടി PSMO കോളേജില്‍ ഞാന്‍ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പിന്‌ ചേര്‍ന്നു.എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും) വാണ്ടറേര്‍സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വണ്ടറടിപ്പിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ആസ്ത്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ സ്കോര്‍ പോലെയായിരുന്നു SSLC ബുക്കില്‍ എന്റെ മാര്‍ക്ക്‌.അതിനാല്‍ തരുണീമണികള്‍ക്കും പഠിപ്പിസ്റ്റുകള്‍ക്കും മാത്രം ലഭിച്ചിരുന്ന മോര്‍ണിംഗ്‌ ബാച്ചില്‍ ഇരിക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. രാവിലെ എട്ടര മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെയായിരുന്നു ഞങ്ങളുടെ ക്ലാസ്‌ സമയം.ഉച്ചയൂണും കഴിഞ്ഞ്‌ ഹോസ്റ്റല്‍ മുറിയില്‍ സുന്ദരമായി കൂര്‍ക്കം വലിച്ചുറങ്ങാന്‍ കിട്ടിയ അവസരം ഞാനൊരിക്കലും പാഴാക്കിയില്ല.ഉച്ചക്ക്‌ ശേഷം , നാരികളില്ലാത്ത ,നരികള്‍ മാത്രമുള്ള കാമ്പസില്‍ പോയി 'കൊട്ടാവി' (കോട്ടുവാ) ഇടുന്ന ഹോസ്റ്റലിലെ മറ്റ്‌ അന്തേവാസികളോട്‌ മോര്‍ണിംഗ്‌ ബാച്ചിലുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌(ഞാന്‍,നൗഫല്‍,സുനില്‍,യാസിര്‍) സഹതാപം തോന്നി. അങ്ങനെ കാലം നീങ്ങുന്നതിനിടയിലാണ്‌ മാത്‌സ്‌ പഠിക്കുന്നതിനെപറ്റി ആര്‍ക്കോ വെള്ളിടി വന്നത്‌.ഒറ്റക്ക്‌ പഠിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പഠിക്കാനുള്ള പോംവഴി ആലോചിച്ചു.ട്യൂഷന്‍ പണച്ചിലവുള്ള ഏര്‍പ്പാടായതിനാല്‍ ആരുടെ ചിന്തയും ആ വഴിക്ക്‌ പോയില്ല.അപ്പോഴാണ്‌ യാസിറിന്റെ തലയില്‍ ആ ഐഡിയ ഉദിച്ചത്‌ - ഉച്ചക്ക്‌ ശേഷം പ്രീഡിഗ്രി ഫസ്റ്റ്‌ ഗ്രൂപ്പിന്റെ മാത്‌സ്‌ ക്ലാസ്സില്‍ പോയിരിക്കുക!(An idea can change your life എന്നത്‌ എത്ര വാസ്തവം) അത്‌ നല്ലൊരു പദ്ധതിയായി ഞങ്ങള്‍ എല്ലാവരും ഐക്യകണ്ഠേന അംഗീകരിച്ചു.റഗുലറായി നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലാസ്സില്‍ ചെന്നിരിക്കുന്നതിനാല്‍ കാശിന്റെ മുടാക്കും ഇല്ല.പക്ഷേ അങ്ങിനെയങ്ങ്‌ കയറിച്ചെന്ന് ഇരിക്കാന്‍ ഇതെന്താ കേരള നിയമസഭയോ എന്ന സന്ദേഹം ഞങ്ങള്‍ക്ക്‌ ഉണ്ടായി. അന്നത്തെ കോളേജ്‌ പ്രിന്‍സിപ്പല്‍ യാസിറിന്റെ അമ്മാവന്‍ ആയിരുന്നതിനാല്‍ ആ വഴി ഒരു ശ്രമം നടത്താന്‍ ഞങ്ങള്‍ പ്രമേയം പാസ്സാക്കി.അതുപ്രകാരം യാസിറിന്റെ നേതൃത്വത്തില്‍ തന്നെ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌ ഒരു 'തെണ്ടി മാര്‍ച്ച്‌' നടത്തി.പഠിക്കാന്‍ ഇത്ര ഉത്സാഹം കാണിക്കുന്ന അനന്തിരവന്‍ അടക്കമുള്ള ഈ വിദ്യാര്‍ത്ഥികളെ എങ്ങനെ തിരിച്ചയക്കും എന്ന ധര്‍മ്മസങ്കടത്തില്‍ നിന്നൊലിച്ച കണ്ണീരില്‍ പ്രിന്‍സിപ്പല്‍ മൂക്കും കുത്തി വീണു. (തുടരും)

14 comments:

Areekkodan | അരീക്കോടന്‍ said...

എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും) വാണ്ടറേര്‍സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വണ്ടറടിപ്പിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ആസ്ത്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ സ്കോര്‍ പോലെയായിരുന്നു SSLC ബുക്കില്‍ എന്റെ മാര്‍ക്ക്‌.

കുഞ്ഞന്‍ said...

തുടരട്ടെ രണ്ടാം ഭാഗവും അ.മാഷെ..
അപ്പോള്‍ എന്നെക്കാളും എളപ്പനാണല്ലെ..

Chinthakan said...

ഞാൻ അരീക്കോടുനിന്നും അധികം ദൂരെയല്ലാത്ത കു ന്ദമംഗലത്തുകാരനാണ്‌...............(പറയാൻ മാത്രം ചരിത്രമുണ്ടോ എന്നറിയില്ല..)
തുടർന്നു വായിക്കാൻ കാത്തിരിക്കുന്നു

അശ്വതി/Aswathy said...

തുടരന്‍ ഉടന്‍ പോരട്ടെ ...
എന്റെ ഏട്ടന്‍ ആയിരുന്നു ആ എല്ല് ഇല്ലാത്ത SSLC പഠിച്ച ഒരാള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അടുത്ത ത്‌ വരട്ടെ. പിന്നെ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല എന്നല്ലേ..

OT
ആ കോളേജില്‍ ഉണ്ടായിരുന്ന പ്രൊഫ. യു.സി മജീദ്‌ സാറിനെ അറിയുമോ ?

കുറ്റ്യാടിക്കാരന്‍ said...

“കോട്ടാവി”... അത് കൊള്ളാല്ലോ...

അടുത്തത് വേഗം വരട്ടെ മാഷേ...

ശിവ said...

നരികള്‍ മാത്രമുള്ള ആ കാമ്പസിന്റെ വിശേഷങ്ങള്‍ കൂടുതല്‍ അറിയണം എനിക്ക്...പിന്നെ നിങ്ങളുടെ മാത്സ് പഠനവും...

മലമൂട്ടില്‍ മത്തായി said...

അങ്ങിനെ അരീകോടന്‍ മാഷും തുടരന്‍ എഴുതാന്‍ തുടങ്ങി. എന്തായാലും എഴുത്ത് നന്നായിടുണ്ട്, ഇനിയും പോരട്ടെ.

Areekkodan | അരീക്കോടന്‍ said...

സുഹൃത്തുക്കളേ ഇതിന്റെ അടുത്ത ഭാഗം ഇവിടെ റെഡിയായി നില്‍ക്കുന്നുണ്ട്‌.
കുഞ്ഞാ....എളപ്പനാണെങ്കിലും വയസ്സനാ....
ചിന്തകാ...സ്വാഗതം.അപ്പോ അടുത്ത്‌ തന്നെയാണല്ലേ?കാണാം , എന്നെങ്കിലും...എവിടെയെങ്കിലും വച്ച്‌...
അശ്വതി...സ്വാഗതം.അപ്പോ ഏട്ടനും എല്ലില്ല!!!
ബഷീര്‍....സാറിനെ ഓര്‍മ്മ കിട്ടുന്നില്ല..ഡിപ്പാര്‍ട്ട്‌മന്റ്‌???
കുറ്റ്യാടിക്കാരാ....കൊട്ടാവി കേട്ടിട്ടില്ലേ?ഒരു OT:(എന്റെ കൂടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന) അന്‍വര്‍ സാദത്തിനെ അറിയോ?ദേവര്‍കോവില്‍ ആണ്‌ വീട്‌.
ശിവ...അറിയിക്കാം
മത്തായീ....ഒരു തുടരന്‍ 32 എപിസോഡ്‌ കഴിഞ്ഞ്‌ ആണ്‌ ഈ ചെറു ചെറു തുടരന്‍ പരിപാടി.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

OT
യു.സി അബ്ദുല്‍ മജീദ്‌ -അദ്ധേഹം 81 മുതല്‍ 94 വരെയും 99 മുതല്‍ 2004 വരെയും ആ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അബുദാബിയില്‍..പിടികിട്ട്യാ..

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...സോറി,ഓര്‍മ്മ കിട്ടുന്നില്ല.ഹിസ്റ്ററിയുമായി ഒരു ബന്ധവും ഇല്ലായിരുന്നു.അന്ന് ഹിസ്റ്ററിയില്‍ ഉണ്ടായിരുന്ന പുത്തൂര്‍ മുസ്തഫ സാറെ അറിയാം,ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നതിനാല്‍.

അനില്‍@ബ്ലോഗ് said...

ബാക്കി കൂടി വരട്ടെ.
ഞമ്മളു പിന്നെ മാത്സ് വേണ്ട എന്നു വച്ചു, ഫസ്റ്റ് ഗ്രൂപ്പിനു പോകണം എന്നായിരുന്നു എന്റെ പൂതി, സെക്കന്റ് മതിയെന്ന് അച്ഛനും. എങ്കില്‍ അങ്ങനെ പോകട്ടെ എന്നു കരുതി

ബീരാന്‍ കുട്ടി said...

മഷെ,
“എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും)“

ഇത്‌ മാത്രം ഞമ്മൾ വിശ്വസിക്കൂല, ഈ 4മുല തെറ്റാണ്‌.

അങ്ങനെ കണക്ക്‌ കൂട്ടിയാൽ മാഷ്‌ എന്നെ മുത്തപ്പെന്ന് വിളിക്കേണ്ടിവരും.

എന്നാലും, PSMO കോളെജിന്റെ പിന്നിലുള്ള വിശാലമായ പാടവും, ഇച്ചിരിപോന്ന പുഴയും, നോസ്റ്റാൽജിക്കാവുന്നു.

അനില്‍ശ്രീ... said...

അരീക്കോടാ... ജേക്കബിന്റെ ഭരണപരിഷ്കാരം കൊണ്ട് എല്ലില്ലാതെ പത്താം ക്ലാസ് എഴുതിയ ഒരാളാണ് ഞാനും. അതു കൊണ്ടെന്താ, ഫോട്ടൊയും ബ്ലഡ് ഗ്രൂപ്പും എല്ലാം വച്ച ഒരു പാള പോലത്തെ ബൂക്ക് കിട്ടിയില്ലേ.. ബാക്കിയുള്ളവര്‍ക്കൊന്നും സ്വപ്നം കാണാന്‍ പോലുമാകാത്ത മാര്‍ക്കും കിട്ടിയില്ലേ... അത് പോരേ...

Post a Comment

നന്ദി....വീണ്ടും വരിക