Pages

Thursday, October 30, 2008

ഞങ്ങളുടെ ദീപാവലി ആഘോഷം.

തിങ്കളാഴ്ച കുടുംബസമേതം ഞാന്‍ നാട്ടില്‍ നിന്നും ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തുമ്പോള്‍രാത്രിയായിരുന്നു.കാറ്‌ ക്വാര്‍ട്ടേഴ്സ്‌ മുറ്റത്തേക്കിറക്കുമ്പോള്‍ എന്റെ അയല്‍താമസക്കാരെല്ലാം പുറത്ത്‌ ഇരിപ്പായിരുന്നു - ലോഡ്‌ഷെഡിംഗ്‌ കാരണം.

എന്റെ തൊട്ടടുത്ത അയല്‍വാസികളായ മറാത്ത കുടുംബത്തിലെ കുട്ടികള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നുണ്ടായിരുന്നു.അവരുടെ ക്വാര്‍ട്ടേഴ്സിന്റെ ചുറ്റിലും സ്റ്റെപ്പുകളിലും മണ്‍ചിരാതുകള്‍ വെളിച്ചം വിതറുന്നുണ്ടായിരുന്നു.അവര്‍ ദീപാവലി ആഘോഷംആരംഭിക്കുമ്പോളാണ്‌ ഞങ്ങള്‍ എത്തിയത്‌.

യാത്രാക്ഷീണം തീര്‍ത്തതിന്‌ ശേഷം ഞങ്ങളും ദീപവലിക്കാഴ്ചകള്‍കാണാനായി പുറത്തേക്കിറങ്ങി.മറാത്ത കുട്ടികള്‍ പൂത്തിരിക്ക്‌ തീകൊളുത്തി.ഞങ്ങള്‍ ഞങ്ങളുടെ വാതിലില്‍ തന്നെ നിന്ന് ആസ്വദിച്ചു.ഇടക്ക്‌ ആരോഒരു പൂത്തിരി എന്റെ മൂത്തമോള്‍ക്ക്‌ നേരെ നീട്ടി.അവള്‍ അത്‌ വാങ്ങി ചിരാതില്‍നിന്നും തീ പകര്‍ന്ന് മറ്റുള്ള കുട്ടികളുടെ കൂടെ ചേര്‍ന്നു.ഇടക്ക്‌ മുതിര്‍ന്നവര്‍മത്താപ്പൂവിനും ചക്രത്തിനും തീ കൊളുത്തി തീ മഴയും സൃഷ്ടിച്ചുകൊണ്ടിരുന്നു.

കുട്ടികള്‍ പൂത്തിരി കത്തിക്കല്‍ തുടര്‍ന്നു.എന്റെ മോളും അവരുടെ ആഘോഷത്തില്‍ താല്‍പര്യത്തോടെ പങ്കെടുത്തു.ഉത്തരേന്ത്യന്‍ ആഘോഷമായ ദീപാവലിഎങ്ങനെ ആഘോഷിക്കുന്നു എന്ന് എന്റെ മക്കള്‍ക്ക്‌ നേരിട്ട്‌ മനസ്സിലാക്കാനും സാധിച്ചു.

വളരെ ആവേശത്തോടെ കുട്ടികള്‍ തിമര്‍ക്കുമ്പോള്‍ ആ തീക്കളി എന്നില്‍ അല്‍പംആശങ്ക ഉയര്‍ത്താതിരുന്നില്ല.എങ്കിലും മോളെ ഞാന്‍ തിരിച്ചുവിളിച്ചില്ല.തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ്‌ ദീപാവലി എന്ന്കേട്ടിട്ടുണ്ട്‌.മോളെ തിരിച്ചുവിളിച്ച്‌ ആഘോഷത്തിന്റെ രസച്ചരടും സൗഹാര്‍ദ്ദത്തിന്റെ കാണാച്ചരടും ഒരുമിച്ച്‌ പൊട്ടിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ ദീപാവലിയുടെ മധുരപലഹാരങ്ങളും മറാത്തകുടുംബത്തില്‍ നിന്നും ഞങ്ങളെ തേടി എത്തി.

യഥാര്‍ത്ഥത്തില്‍ ബഹുമതസമൂഹത്തില്‍ ജീവിച്ചുള്ള ശീലം മറാത്തക്കാര്‍ക്കില്ല.സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ അയല്‍വാസികള്‍ തന്നേ നന്നേ കുറവാണ്‌.ഉള്ളവര്‍സ്വന്തം മതത്തില്‍പെട്ടവരും.അതിനാല്‍ അന്യമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും അവരോടുള്ള പെരുമാറ്റ രീതിയെപറ്റിയും അവര്‍ തികച്ചും അജ്ഞരായിരുന്നു.എന്നാല്‍ ഞങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ ഹിന്ദു-കൃസ്ത്യ-ഇസ്ലാം മതക്കാര്‍ ഒരുമിച്ച്‌ താമസിക്കുന്നതിനാല്‍ വിവിധ മതാചാരങ്ങള്‍എല്ലാവര്‍ക്കും ഹൃദിസ്ഥമായിരുന്നു.മുസ്ലിംകളായ ഞങ്ങളും കൃസ്തുമത വിശ്വാസികളായ തൊട്ടടുത്ത റൂമിലെ കുടുംബവും പങ്ക്‌ ചേര്‍ന്നതോടെ മറാത്തക്കാരുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെകൂടി ഉത്സവമായി.

5 comments:

ശ്രീ said...

വളരെ നല്ലൊരു കാര്യം മാഷേ. പുതു തലമുറയ്ക്ക് നല്ലൊരു സന്ദേശം തന്നെ ഇത്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അല്ലെങ്കിലും അരീക്കോടുകാര്‍ക്കെന്നും മനസ്സില്‍ നന്മയേ ഉള്ളൂ...
ഇപ്പൊഴും കടത്തുവള്ളമുള്ള ചലിയാറിന്റെ തീരത്തെ നന്മ നിറഞ്ഞ ഒരു ചെറിയ പട്ടണം സമാധാന സ്നേഹികളാല്‍ ഭരിതം.
അതുപോലെയാവണം കേരളവും ഇന്ത്യയും എന്നു നമുക്കാശിക്കാം.

മാറുന്ന മലയാളി said...

:)

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു, അങ്ങിനെ വേലിക്കെട്ടുകളില്ലാതെ ആഘോഷിക്കാന്‍ കഴിയട്ടെ.. നല്ല സന്ദേശം.

നന്ദന്‍/നന്ദപര്‍വ്വം

Areekkodan | അരീക്കോടന്‍ said...

ശ്രീ...പുതുതലമുറ ഇങ്ങനെയാവട്ടെ
കു.ക.കു.കെ......നല്ല വാക്കുകള്‍ക്ക്‌ നന്ദി
മലയാളി....നന്ദി
നന്ദകുമാര്‍....സ്വാഗതം.അതേ എല്ലാ വേലികളും തകരട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക