Pages

Sunday, June 10, 2012

ഒരപ്രതീക്ഷിത ക്ഷണം

ഒരാഴ്ച  മുമ്പ് അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. മെഡിക്കല്‍/എഞ്ചിനീയറിംഗ് ഹെല്പ് ഡെസ്ക് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കാളുകള്‍ക്കിടയില്‍ ഒന്നാകും എന്ന് കരുതി അതും ഞാന്‍ അറ്റെന്റ് ചെയ്തു.
“മാഷെ...ഞാന്‍ ശബ്ന....പൊന്നാടില്‍ നിന്ന്....അറിയോ? “

ആനുകാലികങ്ങളില്‍ പല സ്ഥലങ്ങളിലും ശബ്നയെ പറ്റി വായിച്ച എനിക്ക്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ബാഗ് വായിച്ചതും ഓര്‍മ്മയില്‍ വന്നതിനാല്‍ ബ്ലോഗര്‍ ശബ്നയെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഓ....ശബ്ന പൊന്നാട്......നന്നായി അറിയും.....കിണാശ്ശേരി സ്കൂളില്‍ പോയത് ഞാന്‍ ഈ അടുത്ത് വായിച്ചതേ ഉള്ളൂ‍....”

“ആ....എന്റെ ഒരു ചാരിറ്റബ്‌ള്‍ ട്രസ്റ്റ് ഉണ്ട്....അതിന്റെ രണ്ടാം വാര്‍ഷികം സാന്ത്വനകിരണം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ ഉദ്ദേശിക്കുന്നു....”

“ആഹാ...സന്തോഷം....” ട്രസ്റ്റിനെപറ്റി മുമ്പ് കേട്ടിട്ടില്ല എങ്കിലും ശബ്ന ഇത്തരം ഒരു സംരംഭം നടത്തുന്നു എന്നറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“പരിപാടി നടത്തുന്നത് അരീക്കോട് വച്ചാ....ജൂണ്‍ ഒമ്പതിന് ശനിയാഴ്ച....മാഷ് രാവിലെ തന്നെ അവിടെ ഉണ്ടാകണം....”

“ആഹാ...അരീക്കോട് വച്ചോ....എങ്കില്‍ ഞാന്‍  ഉണ്ടായിരിക്കും....”

“മാഷ് മാത്രം പോരാ...“

“ങേ....നാട്ടുകാരേയും ഞാന്‍ കൂട്ടണോ...?” ഞാന്‍ ഒന്ന് ഞെട്ടി.

“അതല്ല....കുടുംബ സമേതം വരണം...അന്ന്  ഞങ്ങളുടെ ഒരു സംഗമം കൂടി നടക്കുന്നുണ്ട് ...കൊട്ടോട്ടിക്കാരനും ഉണ്ടാകും....  ”

എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നതിനാല്‍ വീല്‍ ചെയറില്‍ തളക്കപ്പെട്ടവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍, മറ്റെന്ത് പ്രോഗ്രാം ഉണ്ടെങ്കിലും അതെല്ലാം  മാറ്റി വച്ച് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു.
“തീര്‍ച്ചയായും ഞാന്‍ കുടുംബ സമേതം മുഴുവന്‍ സമയവും അവിടെ ഉണ്ടാകും...ഇന്‍ഷാ അള്ളാഹ്”

പൊതുവെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളോടും ബ്ലോഗിനോടും വൈമുഖ്യം കാണിക്കുന്ന ഭാര്യയോട് അപ്പോള്‍ തന്നെ ഞാന്‍ ഈ വിവരം അറിയിച്ചു.അവളും കൂടെ വരാം എന്ന് അറിയിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ ബൂലോക വാസികളെ അറിയിക്കാം എന്ന് കരുതിയെങ്കിലും നാട്ടിലുള്ളവരില്‍ മന്‍സൂര്‍ ചെറുവാടിയെ മാത്രമേ പെട്ടെന്ന് ഓര്‍മ്മ വന്നുള്ളൂ.മന്‍സൂര്‍ തിരുവനന്തപുരത്ത് ആയതിനാല്‍ ഈ വിവരം ഞാന്‍ പറഞ്ഞില്ല.

ഇന്നലെ ആ പരിപാടി വളരെ ഭംഗിയായി നടന്നു.ആദ്യാവസാനം വരെ ഞാന്‍ അതില്‍ പങ്കെടുത്തു.അതിന്റെ റിപ്പോര്‍ട്ട് ശബ്നയുടെ ബ്ലോഗില്‍ വരുന്നില്ല എങ്കില്‍ അടുത്ത ദിവസം ഞാന്‍ തന്നെ പോസ്റ്റ് ചെയ്യാം...

Thursday, June 07, 2012

മാലിന്യ സംസ്കരണത്തിന് ഒരു എളുപ്പ വഴി.

           ഡിഗ്രിക്ക് ഫറോക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് ടൌണില്‍ പോകുമ്പോള്‍ ഞെളിയംപറമ്പ്  കടന്ന് വേണമായിര്ന്നു പോകാന്‍.അന്നും ഇന്നും നാം ഉണ്ടാക്കുന്ന മാലിന്യം നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്റെ ചിന്തയില്‍ എന്നും ഒരു വിഷയമായിരുന്നു.അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റിംഗ് എന്ന ലളിതമായ ഒരു മാലിന്യ സംസ്കരണ മാര്‍ഗ്ഗം മെയില്‍ വഴി കിട്ടിയത്. ഏവര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ആ രീതി ഇവിടെ പരിചയപ്പെടുത്തുന്നു.
            ആറിഞ്ച് വ്യാസവും 1.3 മീറ്റര്‍ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പുകളാണ് അവശ്യം വേണ്ടത്.(5 മീറ്റര്‍ നീളമുള്ള ഇത്തരം ഒരു പൈപ്പിന് എന്റെ നാട്ടിലെ വില 1350 രൂപ.ഇതു കൊണ്ട് ഞാന്‍ എന്റെ വീട്ടിലും തറവാട് വീട്ടിലും ഓരോ യൂണിറ്റുകള്‍ ഉണ്ടാക്കി).ഇവ 30 സെന്റിമീറ്റര്‍ ആഴമുള്ള രണ്ട് കുഴിയുണ്ടാക്കി (രണ്ടടി അകലത്തില്‍) അതില്‍ കുഴിച്ചിടുക.ഇപ്പോള്‍ പൈപ്പുകളുടെ 1 മീറ്റര്‍ ഭാഗം മണ്ണിന് മുകളിലേക്ക് കാണാം. കുഴലുകള്‍ മാര്‍ബിളിന്റെയോ ടൈലിന്റെയോ ഓടിന്റെയോ കഷ്ണം കൊണ്ട് മൂടി വയ്ക്കുക.

              ഓരോ ദിവസത്തേയും അടുക്കള മാലിന്യം (പ്ലാസ്റ്റിക് ഒഴികെ) ഇതില്‍ ഒരു കുഴലില്‍ ഇട്ട് അടച്ചു വയ്ക്കുക.ഇടക്കിടെ അല്പം ശര്‍ക്കര ദ്രാവകം (ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ശര്‍ക്കര കലക്കിയ വെള്ളത്തില്‍ നിന്ന് രണ്ട് അടപ്പ് വീതം) ഒഴിക്കുക.

               ശരാശരി 800- ഗ്രാം മാലിന്യമാണ് ഒരു ദിവസം നമ്മുടെ അടുക്കളകള്‍ ഉല്പാദിപ്പിക്കുന്നത്. അതിലെ വെള്ളം വാര്‍ന്നാല്‍ അത് 500 ഗ്രാമിലേക്ക് താഴും. ഒരു മാസം കൊണ്ട് ഒരു കുഴല്‍ നിറയും. പിന്നെ അടുത്ത കുഴല്‍ ഉപയോഗിച്ച് തുടങ്ങാം. അതും നിറഞ്ഞ് വരുമ്പോഴേക്കും ആദ്യത്തെ കുഴലിലേത് നല്ല വളമായി മാറിയിട്ടുണ്ടാകും. ആദ്യത്തെ കുഴല്‍ ഇളക്കിയെടുത്ത് ഒരു കുട്ടയിലേക്ക് കുത്തിയാല്‍ മാലിന്യം വളപ്പൊടിയായി  ലഭിക്കും.ഇത് ഉപയോഗിച്ച് അവിടെ തന്നെ നല്ലൊരു പച്ചക്കറി തോട്ടവും ഉണ്ടാക്കുക.

              സൂക്ഷ്മാണുക്കള്‍ പെരുകാന്‍ വേണ്ടിയാണ് ശര്‍ക്കര ദ്രാവകം ഒഴിക്കുന്നത്. ചാണകം കിട്ടുമെങ്കില്‍ ചാണകവും ശര്‍ക്കരയും ചേര്‍ത്ത ദ്രാവകമൊഴിച്ചാല്‍ മാലിന്യം എളുപ്പം വളമായി മാറും.
ടെക്നിക്കല്‍ സെല്‍  എന്‍.എസ്.എസ് യൂണിറ്റുകളുടെ വാര്‍ഷിക പദ്ധതിയായി സ്വീകരിച്ച ഈ പ്രവര്‍ത്തനം ““മാലിന്യം നമ്മുടെ സമ്പത്ത്  “ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം വീടുകളില്‍ ഈ പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഇത്തരം ഒരു ലളിത സംവിധാനം തുടങ്ങാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.






Tuesday, June 05, 2012

ഉണ്ണിമോന്‍ കണ്ട പ്രവേശനോത്സവം

“ഇച്ച് ഇഞ്ഞി സ്കൂള്‍ക്ക് പോണ്ടാ....മ്`..മ്....മ്...” ആദ്യ ദിവസം തന്നെ സ്കൂളില്‍ നിന്നും തിരിച്ചു  വന്ന ഉണ്ണിമോന്‍ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.

“മോന് ബലൂണ്‍ കിട്ടീല്ലേ ?” ഉമ്മ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“പ്പ്....അത് അപ്പം തെന്നെ പൊട്ടീലെ...”

“തൊപ്പിം കിട്ടീലെ...?” ഉമ്മ വീണ്ടും അനുരഞ്ചന ശ്രമം നടത്തി.

“പഴേ പേപ്പറോണ്ട് ണ്ടാക്ക്യ അതാര്‍ക്കാ മാണ്ട്യത്.....മ്...മ്...മ്...”

“കാണാന്‍ നല്ല രസള്ള ചിത്രങ്ങള്‍ കണ്ടില്ലേ, സ്കൂളിന്റെ ചുമരില്‍ ?” ഉമ്മ വീണ്ടും ശ്രമിച്ചു.

 “അയ്നെക്കാളും രസം ള്ളത് കളിക്കുടുക്കേല് ണ്ട്....മ്...മ്....മ്...”

“മിഠായിം കിട്ടീലെ ?”

“ മഞ്ച് ക്‌ട്ടും ന്ന് പറഞ്ഞ് മുട്ടായി തന്ന് പറ്റിച്ച്....മ്...മ്...മ്മ്...”

“ചെണ്ട മുട്ടും കണ്ടില്ലേ മോന്‍?” ഉമ്മ ശ്രമം തുടര്‍ന്നു.

“ച്ച് അത് പേട്യാ...”

“അത് പേടിക്കണ്ട...നാളെ അത് ണ്ടാവൂല...” ഉമ്മ പിടിവള്ളി കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു.

“അതെന്നാ ഇഞ്ഞി ഞാന്‍ പോവൂലാ ന്ന് പറഞ്ഞെ...നാളെ  ചണ്ട ണ്ടാവൂല ....ബലൂണും ണ്ടാവൂല...മുട്ടായിം ണ്ടാവൂല...പിന്നെത്ത്‌നാ ഞ്ഞി അങ്ങട്ട് പോണത് ?”

ഉണ്ണിമോന്റെ ചോദ്യത്തിന് മുന്നില്‍ ഉമ്മ എല്ലാ ശ്രമങ്ങളും നിര്‍ത്തി.

സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍

തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ്  ണ്ടായിട്ടും ഇര്ക്കാത്തെന്താ?”


ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി  നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”


പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!

Monday, June 04, 2012

“മാലിന്യം നമ്മുടെ സമ്പത്ത്”

ജൂണ്‍ 5.ഒരു പരിസ്ഥിതി ദിനം കൂടി നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു.നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ (എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും) യൂണിറ്റുകള്‍ പുതിയ ഒരു മുദ്രാവാക്യം കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു - “മാലിന്യം നമ്മുടെ സമ്പത്ത്”. വീട്ടില്‍ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിച്ച് അതിന്  ഉപയോഗിക്കുന്ന ഒരു പുത്തന്‍ സംസ്കാരം (പഴയതിന്റെ വീണ്ടെടുപ്പ് എന്നും പറയാം) കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു പദ്ധതിയാണിത്.

ഇതിന്റെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ.എം.കെ മുനീര്‍ കോഴിക്കോട് നിര്‍വ്വഹിച്ചു.കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍‌ചാണ്ടി ഇതിന്റെ ബ്രോഷര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.പൈപ് കമ്പോസ്റ്റിംഗ് എന്ന വളരെ ലളിതമായ ഒരു മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഈ പദ്ധതി കേരളത്തിലെ ഒരു ലക്ഷം വീടുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.കൃഷി വകുപ്പ്,തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവ ഈ സദുദ്യമത്തില്‍ ഞങ്ങളോട് സഹകരിക്കുന്നു.

ബൂലോകത്തെ മുഴുവന്‍ പരിസ്ഥിതി പ്രേമികളും അവരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കണം  എന്ന് വിനീതമായി അപേക്ഷിക്കുന്നു.