ഇന്ത്യയുടെ പതിനാലാമത്
പ്രധാനമന്ത്രിയായി സാക്ഷാൽ ശ്രീ. നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. നരേന്ദ്ര
മോഡി എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക നരന്മാരുടേയും മോടിയും പത്രാസും നിലംപരിശായിരുന്ന
ഒരു കാലഘട്ടം കടന്നുപോയി.ഒപ്പം കുറേ നിരപരാധികൾ പരലോകത്തേക്കും ‘കിടന്നു’പോയി എന്നത്
പോയ ചരിത്രം.
പക്ഷേ ജനാധിപത്യ ഇന്ത്യയുടെ
ചരിത്രത്തിൽ കോൺഗ്രെസ്സ് എന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്` ശേഷം ഒറ്റക്ക് ഭൂരിപക്ഷം
ലഭിക്കുന്ന കക്ഷിയായി ബി.ജെ.പി മാറി എന്നത് വാഴ്ത്തപ്പെടേണ്ട ചരിത്രം തന്നെയാണ്.അതും മുപ്പത്
വർഷത്തിന് ശേഷം സംഭവിച്ച ഒരു അത്ഭുതം.കഴിഞ്ഞ ആറോ ഏഴോ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ, രാജ്യത്ത്
ഇനി ഒരിക്കലും ഒറ്റ പാർട്ടി ഭരണം ഉണ്ടാകില്ല എന്ന് രാഷ്ട്രീയ ബുദ്ധിജീവികൾ മുഴുവൻ പ്രവചിക്കാൻ
ഇടവരുത്തിയിരുന്നു.അതെല്ലാം കാറ്റിൽ പറത്തിയാണ് മോദി എന്ന തരംഗം ഇന്ത്യ മുഴുവൻ ആഞ്ഞു
വീശിയത്.
ഗുജറാത്ത് കലാപത്തിന്റെ
പച്ചയായ ചിത്രമായി , ജീവന് വേണ്ടി കൈകൂപ്പി യാചിക്കുന്ന അൻസാരി എന്ന മനുഷ്യനെ നാം ആരും
അത്ര എളുപ്പം മറക്കില്ല.അന്ന് ഗർഭിണികളെ വരെ വെറുതെ വിട്ടില്ല എന്ന് ഇരകളുടെ ചരിത്രം
പറഞ്ഞ പല കൃതികളും നമ്മോട് പറഞ്ഞു. മോഡിയുടെ മുഖ്യമന്ത്രി പദത്തിനേറ്റ ഏറ്റവും വലിയ
കളങ്കവും അതു തന്നെയായിരുന്നു. ഔദ്യ്യൊഗിക കണക്കും യഥാർത്ഥ കണക്കും ഗുജറാത്ത് കലാപത്തിലെ
രക്തസാക്ഷികളുടെ എണ്ണത്തിൽ അജഗജാന്തരം കാണിച്ചു.അതുകൊണ്ട് തന്നെ മോഡി എന്നത് ന്യൂനപക്ഷ
മനസ്സിൽ ഒരു രാക്ഷസനായി മാറി.ആ രൂപം ഇന്നും മനസ്സിൽ നിലനിൽക്കുന്നതിനാൽ മതന്യൂനപക്ഷങ്ങൾ
പ്രത്യേകിച്ചും മുസ്ലിംകൾ ഭയാശങ്കകളോടെയാണ് മോദിയുടെ വരവിനെ നോക്കിക്കാണുന്നത്.
ഹിന്ദു വർഗ്ഗീയതയുടെ പര്യായമായ
നിരവധി കക്ഷികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഉണ്ട്.അവർ അവരുടേതായ അജണ്ടകൾ
മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിലൂടെ നടപ്പാക്കിയാൽ പാവം ന്യൂനപക്ഷങ്ങൾക്ക് നോക്കി നിൽക്കാനേ
സാധിക്കൂ എന്നത് സത്യം.പക്ഷേ മറ്റൊരു കോണിലൂടെയും നമുക്ക് ചിന്തിക്കാം.സ്വന്തം സംസ്ഥാനത്ത് നടപ്പാക്കി
വന്ന വർഗ്ഗീയ അജണ്ടകളുടെ പിന്നിലെ തിണ്ണബലം ഇന്ത്യ എന്ന മഹാരാജ്യത്ത് നടക്കില്ല.അതിനാൽ
തന്നെ ബി.ജെ.പി യുടെ പ്രധാനമന്ത്രി എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ മോദിക്ക്
മുമ്പിൽ നിരവധി വെല്ലുവിളികളുണ്ട്. അത് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വരും ദിവസങ്ങളിൽ
മോദി നേരിടും എന്നത് തീർച്ച.എന്നിരുന്നാലും ബി.ജെ.പി എന്ന തൊട്ടുകൂടാത്ത പാർട്ടിയെ
അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള കടപ്പാട് എന്ന നിലക്ക് അവരുടെ പഴയ പല അജണ്ടകളും മാറ്റി
വയ്ക്കേണ്ടി വരും.അത് ആ പാർട്ടിയെ മിതവാദത്തിലേക്ക് നയിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യും.അങ്ങനെ
വന്നാൽ ഇന്ത്യയുടെ ഗതി നിർണ്ണയത്തിൽ അത് ഒരു നാഴികക്കല്ലായി മാറും.
എന്നാൽ മോദിയുടെ പ്രധാനമന്ത്രി പദാരോഹണ രക്തത്തിൽ
എല്ലാവർക്കും പങ്കുണ്ട് എന്നാണ് എന്റെ പക്ഷം..ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും
ഉറക്കം നടിച്ച ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ
ഈ വിജയം. ശത്രു കാടിളക്കി പ്രചാരണം നയിക്കുമ്പോഴും പരസ്പരം ചെളിവാരി എറിഞ്ഞ് വർഗ്ഗീയ
കക്ഷികൾക്ക് വളം വച്ചു കൊടുത്ത കോൺഗ്രെസ്സും സി.പി.എമ്മും അടക്കമുള്ള ഇടതും വലതുമുള്ള
എല്ലാവരും കാവി പുതച്ച ഇന്ത്യയെ കണ്ട് പകച്ചു നിൽക്കുകയാണ്.കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും
എന്നത് ഇപ്പോഴെങ്കിലും മനസ്സിലാക്കുക.അഞ്ചു വർഷത്തേക്ക് പ്രധാനമന്ത്രി കസേര ഭദ്രമായി
എന്നാണ് ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ നിയുക്ത പ്രധാനമന്ത്രി കരുതുന്നത്. പക്ഷേ ബി.ജെ.പിയുടെ
ദേശീയ നേതാക്കളായി പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള നിരവധി പേർ അവസരം കാത്ത് ഇരിക്കുന്നുണ്ട്
എന്നത് മോദിയുടെ ഉള്ളീൽ അല്പം ഭയാശങ്കകൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ
നാം ദർശിച്ച ആ കണ്ണീർ. ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ
സ്വതന്ത്രനായി ഇരിക്കണം എന്ന മോഹം വയസ്സുകാലത്തും കെടാതെ സൂക്ഷിക്കുന്ന സാക്ഷാൽ അദ്വാനിജിയുടെ
ഇപ്പോഴത്തെ മൌനം കൊടുങ്കാറ്റിന് മുമ്പെയുള്ള ശാന്തതയാണോ എന്ന് ന്യായമായും സംശയിക്കുന്നു.
ഗുജരാത്ത്
നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും
ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല
എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ
ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന
ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട് 280ന് മുകളിൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും
500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം. “IF WINTER
COMES , CAN SPRING BE FAR BEHIND” എന്നാണല്ലോ .
