Pages

Saturday, July 09, 2022

സോനാമാർഗ്ഗിലേക്ക് ... (കാശ്മീർ ഫയൽസ് - 10)

കാശ്മീർ ഫയൽസ് - 9  (Click & Read)

കാശ്മീർ കാഴ്ചകളുടെ രണ്ടാം ദിവസമാണിന്ന് .സോനാമാർഗ് ആണ് ഇന്നത്തെ ലക്ഷ്യസ്ഥാനം. ശ്രീനഗറിൽ നിന്ന് ലഡാക് - കാർഗിൽ റൂട്ടിൽ 80 കിലോമീറ്ററോളം ദൂരെയാണ് സോനാമാർഗ്. സോനമാർഗെന്നാൽ സുവർണ വീഥി എന്നാണർത്ഥം. ഏതെങ്കിലും കാലത്ത് സ്വർണ്ണവ്യാപാരത്തിന് ഉപയോഗിച്ചിരുന്ന പാതയായിരുന്നോ ഇതെന്ന് നിശ്ചയമില്ല. പ്രാചീന കാലത്തെ സിൽക്ക് റോഡിന്റെ ഭാഗമാണ് ഈ റൂട്ട് എന്നും പറയപ്പെടുന്നു. ഏഷ്യയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുള്ളതുമായ ഒരു ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നത് ഈ വഴികളിലൂടെയാണ്. വർഷത്തിൽ ആറുമാസം മാത്രമെ ഈ റോഡ്‌ തുറക്കുകയുള്ളൂ. മഞ്ഞു പെയ്തിറങ്ങുന്ന നവംബർ മുതൽ ഫെബ്രുവരി വരെ ഈ വഴി ഗതാഗതം സാധ്യമല്ല പോലും.

രാവിലെ നേരത്തെ പുറപ്പെട്ടതിനാലാണോ എന്നറിയില്ല റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. അല്ലെങ്കിലും ഈ മല മുകളിലേക്ക് പോകാൻ ഞങ്ങളെപ്പോലെയുള്ള ടൂറിസ്റ്റുകൾ അല്ലാതെ ആരുണ്ടാകാനാ എന്ന് പിന്നീടാണ് ആലോചിച്ചത്.റോഡിന്റെ ഒരു വശത്ത് കൂടി കളകളാരവം പൊഴിച്ച് കൊണ്ട് ഒരു നദി ഒഴുകുന്നുണ്ട്.നദിയുടെയും പരിസരത്തിന്റെയും സൗന്ദര്യം ഞങ്ങളെ അതിലേക്ക് മാടി വിളിച്ചു.തിരിച്ചു പോരുമ്പോൾ ഡ്രൈവറോട് പറഞ്ഞ് അവിടെ ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.ശാന്ത സുന്ദരിയായി ഒഴുകുന്ന ആ നദി സിന്ധു ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.

റോഡിന്റെ വശങ്ങളിലായി ഇടയ്ക്കിടെ മണ്ണുനിറച്ച ചാക്കുകളും പാറക്കല്ലുകളും കൊണ്ട് ഉണ്ടാക്കിയ  ചെറിയ ചെറിയ ബങ്കറുകൾ   കാണാം.അതിൽ നിന്ന് വെളിയിലേക്ക് കാണുന്നത് തോക്കിന്റെ പാത്തി മാത്രമാണ് .അതിന് പിന്നിൽ സ്വന്തം ജീവൻ പണയം വച്ച് ,കൊടും മഞ്ഞിലും തണുപ്പിലും പതറാതെ ഇന്ത്യാ രാജ്യത്തെ കാക്കുന്ന പട്ടാളക്കാരുണ്ട്.ആ ജീവിതത്തെ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിച്ചിട്ടേ നമുക്ക് മുന്നോട്ട് പോകാൻ തോന്നൂ . 

കാശ്മീരിലെ ഏറ്റവും സുന്ദരമായ റോഡുകളിൽ ഒന്നാണ് സിൽക്ക് റോഡ്.വാൾനട്ട് മരങ്ങളും പൈൻ മരങ്ങളും റോഡിന്റെ ഇരുവശങ്ങളിലും തല ഉയർത്തി നിൽക്കുന്നുണ്ട് . അങ്ങകലെ നീല മലകളും വെള്ള മലകളും നെഞ്ച് വിരിച്ചും നിൽക്കുന്നുണ്ട് .മഞ്ഞ് പുതച്ച് നിൽക്കുന്ന ആ വെള്ളമലകളിലേക്കാണ് ഞങ്ങളുടെ യാത്ര എന്ന് അന്നേരം മനസ്സിൽ വന്നില്ല. പോകുന്ന വഴിയിൽ അധികം കടകൾ ഇല്ലാത്തതിനാൽ തണുപ്പകറ്റാൻ കുറേ നേരം ഒന്നും കിട്ടിയതുമില്ല. മഴ പെയ്യാനും കൂടി തുടങ്ങിയതോടെ തണുപ്പ് കൂടിക്കൂടി വന്നു.

സോനാമർഗ്ഗിൽ സ്ഥിരതാമസക്കാർ വളരെകുറവാണ്‌. ച്ചവടക്കാരും കുതിരക്കാരും ടാക്സികളും ഹോട്ടലുകളും ടൂറിസ്റ്റ്‌ സീസണിൽ മാത്രം സജീവമാകുന്നവയാണ്.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെട്ടിരുന്ന ലേഹ് , ലഡാക് , സോജിലാ പാസ് എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നത് സോനാമാർഗ്ഗ് വഴിയാണ്. അമർനാഥിലേക്കുള്ള തീർത്ഥയാത്ര ആരംഭിക്കുന്നതും സോനാമാർഗ്ഗിൽ നിന്നാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ, ഒമ്പതര മണിയോടെ ഞങ്ങൾ സോനാമാർഗ്ഗിലെത്തി. തണുപ്പകറ്റാൻ ചുടുചായ നിർബന്ധമായതിനാൽ എല്ലാവരും ഒരു ചായക്കൂടാരത്തിലേക്ക് കയറി. ശരീരം ചൂടാക്കിയ ശേഷം ഞങ്ങൾ വിഹഗ വീക്ഷണത്തിനായി പുറത്തിറങ്ങി നടന്നു. അപ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽപ്പെട്ടത് ; താജിവാസ് ഗ്ലേസ്യർ - 5 കിലോമീറ്റർ !!

(തുടരും...)

 കാശ്മീർ ഫയൽസ് - 11

Thursday, July 07, 2022

ഇഷ്‌ഫാഖിന്റെ വീട് (കാശ്മീർ ഫയൽസ് - 9)

കാശ്മീർ ഫയൽസ് - 8 (Click & Read)

കാശ്മീരിലെ എന്റെ ആതിഥേയനായ ഇഷ്ഫാഖ്, എന്റെ വീട്ടിൽ വന്ന സമയത്ത് വീട്ടിലെ സ്ട്രോബറി ചെടി കണ്ടിരുന്നു.കാശ്മീരിൽ വന്നാൽ സ്ട്രോബറി നടേണ്ടത് എങ്ങനെ എന്നും അതിലുണ്ടാകുന്ന സ്‌ട്രോബറിയുടെ വലിപ്പവും നിറവും എങ്ങനെ എന്ന് കാണിക്കാം എന്നു പറയുകയും ചെയ്തിരുന്നു.കാശ്മീർ യാത്ര ഞാൻ അറിയിച്ച ഉടനെ അവൻ പറഞ്ഞതും ഇപ്പോൾ സ്ട്രോബറി, ചെറി എന്നിവയുടെ സീസണാണെന്നും ആയിരുന്നു. അതിനാൽ മുമ്പ് ബാംഗ്ലൂരിൽ മുന്തിരിത്തോട്ടത്തിൽ  (Click & Read-193) കയറിയ ഒരു അനുഭവം ഞാൻ പ്രതീക്ഷിച്ചിരുന്നു.

ആദ്യ ദിവസത്തെ കാഴ്ചകൾക്ക് ശേഷം ഗുൽമാർഗ്ഗിൽ നിന്ന് ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം വൈകിട്ട് ഏഴര മണിയായിരുന്നു.പക്ഷെ ഇരുട്ടിന്റെ ഒരു കണിക പോലും ഭൂമിയിൽ വീണിരുന്നില്ല!അതിനാൽ തന്നെ ഞങ്ങൾ ഇഷ്‌ഫാഖിന്റെ വീടിന് ചുറ്റുമുള്ള കൃഷികൾ കാണാനിറങ്ങി.

വീടിന്റെ മുൻഭാഗത്ത് തന്നെ ചുറ്റും ഷീറ്റ് കെട്ടി വേർതിരിച്ചതായിരുന്നു കൃഷിയിടം.വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ആയിരുന്നു അവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്.ഗേറ്റ് കടന്ന ഉടനെ, നീണ്ടു നിവർന്നു നിൽക്കുന്ന പച്ചത്തണ്ടിന്റെ അറ്റത്തെ വെള്ള പൂക്കളിലാണ് ഞങ്ങളുടെ കണ്ണുടക്കിയത്.പൂവ് അത്ര  പരിചയമില്ലെങ്കിലും ആ തണ്ട് സുപരിചിതമായിരുന്നു.വിത്തെടുക്കാനായി പൂക്കൾ നിലനിർത്തിയ സവാള അഥവാ വലിയ ഉള്ളിയുടെ ചെടികളായിരുന്നു അത്. തൊട്ടടുത്ത് തന്നെ ചെറിയ തണ്ടുള്ള പൂക്കളില്ലാത്ത ചെടികളും കണ്ടു.വെളുത്തുള്ളി ചെടികളായിരുന്നു അത്.

ഇടതൂർന്ന് വളരുന്നതും ഒരു വിരലിന്റെ അത്ര മാത്രം വലുപ്പമുള്ളതുമായ ചെടിയും നാട്ടിൽ കണ്ട ഏതോ ഒരു പച്ചക്കറിയോട് സാമ്യം തോന്നി.നമ്മുടെ നാട്ടിൽ കറികൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന കാശ്മീരി ചില്ലിയുടെ പൈതങ്ങളായിരുന്നു അവ.തൊട്ടടുത്ത് തന്നെ ബ്രക്കോളിയും കാബേജും ഉണ്ടായിരുന്നു.വീട്ടിൽ ഉണ്ടാക്കുന്നതിനാൽ അവയും എനിക്ക് പരിചിതങ്ങളായിരുന്നു.

നാട്ടിലെ ചീര പോലെ തോരൻ വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തരം ഇലച്ചെടിയും ധാരാളമായി കണ്ടു.തലേ ദിവസം രാത്രി ഞങ്ങൾക്ക് തോരനായി തന്നത് അതായിരുന്നു എന്ന് ഇഷ്‌ഫാഖ്‌ പറഞ്ഞു. എനിക്കത് നല്ല രുചിയും തോന്നിയിരുന്നു.ചെറിയ ഇലകളോട് കൂടിയ മറ്റൊരു ചെടിയിൽ ധാരാളം കുഞ്ഞു മഞ്ഞപ്പൂക്കളും നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.അടുത്ത് ചെന്ന് നോക്കിയപ്പോൾ അതിൽ ഒരിഞ്ചോളം നീളമുള്ള ചെറിയ പയറു പോലെ ഒരു കായ തൂങ്ങുന്നുണ്ടായിരുന്നു.ഒന്നെടുത്ത് പൊട്ടിച്ചപ്പോഴാണ് കടുകാണെന്നറിഞ്ഞത്.

അല്പം കൂടി അകലെ ഇടത്തരം വലിപ്പത്തിലുള്ള ഇലകളുമായി നല്ല ആരോഗ്യത്തോടെ കുറെ കുറ്റിച്ചെടികളുണ്ട്.അതിൽ വെള്ളപ്പൂക്കളുമുണ്ട്. സംഗതി നമ്മുടെ നാട്ടിലെ ബീൻസ് ആണ്.അവർ അതിന്റെ പയർ എടുത്ത് ഉണക്കി രാജ്മാ എന്ന പേരിൽ കറിയുണ്ടാക്കാൻ ഉപയോഗിക്കുന്നു.നമ്മുടെ വൻപയറിനേക്കാളും അല്പം കൂടി വലിപ്പം ഉണ്ടാകും രാജ്മാ പയറിന്.

പിന്നെയാണ് ഞങ്ങളുടെ മനം മയക്കിയ ആ കാഴ്ച കണ്ടത്.നിലത്താകെ പടർന്നു കിടന്ന് പച്ച പരവതാനി വിരിച്ച സ്ട്രോബറി ചെടികൾ!നാട്ടിലേതിനേക്കാളും വലിയ ഇലകളും പച്ചപ്പും.ഇലകൾക്കടിയിൽ നിന്നും ഞങ്ങളെ തുറിച്ച് നോക്കുന്ന സ്ട്രോബറി സുന്ദരികൾ!!പലതും ആർക്കും വേണ്ടാതെ ചീഞ്ഞ് തുടങ്ങിയിരുന്നു.ഒന്ന് രണ്ടെണ്ണം പറിച്ച് കഴുകി വായിലിട്ടപ്പോഴേക്കും അകത്ത് നിന്ന് വലിയൊരു പാത്രവുമായി ഇഷ്ഫാഖിന്റെ അനിയത്തി സായിമ എത്തി. ഹോ, എന്താ പറയാ... സ്ട്രോബറി കണ്ടും തിന്നും ഞങ്ങൾക്ക് മടുത്തു പോയി.വിളവെടുപ്പ് കഴിഞ്ഞ് ബാക്കിയുള്ളതാണ് പോലും ആ ചെടിയിൽ കിടക്കുന്നത്.പത്തിരുപത് കിലോയോളം ഉണ്ടാകും അങ്ങനെ ചെടിയിൽ ഉപേക്ഷിച്ചത് !!

പിറ്റേ ദിവസം രാവിലെ, നടക്കാവുന്ന ദൂരത്തിലുള്ള ദ്രുരൂ അങ്ങാടിയിലും ഒന്ന് പോയി നോക്കി. മട്ടൻ ഷോപ്പിലെ ഇറച്ചി വെട്ടുകാരന്റെ വൃത്തി എന്നെ അത്ഭുതപ്പെടുത്തി.



(തുടരും...)

കാശ്മീർ ഫയൽസ് - 10

Tuesday, July 05, 2022

ഗുൽമാർഗ് അഥവാ പൂമേട് (കാശ്മീർ ഫയൽസ് - 8)

 കാശ്മീർ ഫയൽസ് - 7

കോങ്ദൂരി ഗണ്ടോല സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ മുന്നോട്ട് നടന്നു.തണുപ്പ് അകറ്റാനുള്ള ഫുൾ ഡ്രസ്സ് അണിഞ്ഞിരുന്നെങ്കിലും മഞ്ഞ് അല്പം പോലും അടുത്തെങ്ങും കണ്ടില്ല.ഗണ്ടോലയുടെ രണ്ടാം ഘട്ടത്തിലേക്ക് പോകുന്നവർക്കായിരുന്നു യഥാർത്ഥത്തിൽ ആ ഡ്രെസ്സിന്റെ ആവശ്യം എന്ന് അപ്പോഴാണ് മനസ്സിലായത്.പതിനൊന്ന് പേരുടെ ഡ്രസ്സ് വാടക ഇനത്തിൽ 3300 രൂപ നഷ്ടം ആയതിന് പുറമെ അത് ഇട്ടു നടക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടും സഹിക്കേണ്ടി വന്നു.

അല്പം മുന്നോട്ട് നടന്നപ്പോഴേക്കും നേരത്തെ കണ്ട ഗൈഡ് ഞങ്ങളുടെ സമീപത്തെത്തി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ എന്തെന്ന് പ്രത്യേകിച്ച് ഒരു ഐഡിയ ഇല്ലാത്തതിനാൽ അയാൾ പറയുന്ന പോലെ നീങ്ങാം എന്നായിരുന്നു കരുതിയത്.അദ്ദേഹം ഞങ്ങളെ നേരെ കൊണ്ട് പോയത് കുതിരക്കാരുടെ അടുത്തേക്കാണ്.ഐസ് മൂടിയ ഭാഗത്തേക്ക് നാലഞ്ച് കിലോമീറ്റർ ദൂരമുണ്ടെന്നും ഒരു കുതിരക്ക് ആയിരത്തി ഇരുനൂറ്റമ്പത് രൂപ എന്ന നിരക്കിൽ പോകാമെന്നും കുതിരക്കാർ ഗൈഡ് വഴി അറിയിച്ചു.900 രൂപക്ക് ഗണ്ടോലയുടെ രണ്ടാം സ്റ്റേജിൽ എത്താമെന്നിരിക്കെ കുതിരക്ക് 1250 രൂപ വളരെ അധികമായിരുന്നു.അതിന് ഞാൻ സമ്മതിക്കാതെ വന്നപ്പോൾ എത്ര നൽകാൻ പറ്റും എന്നായി ഗൈഡിന്റെ ചോദ്യം.ഗൈഡ് ആയി ഞങ്ങളുടെ കൂടെ വരുന്ന നീയാണ് ഞങ്ങൾക്ക് അത് പറഞ്ഞു തരേണ്ടത് എന്ന എന്റെ വാദം സ്വീകരിച്ച് അവൻ അത് 750 രൂപയാക്കി.തൽക്കാലം കുതിര വേണ്ട എന്ന് തീരുമാനിച്ച് ഒരു ചായ കുടിക്കാൻ ഞങ്ങൾ നീങ്ങി.അവിടെയും ഗൈഡ് ഞങ്ങളെ ഒരു കടയിലേക്ക് ആനയിച്ചു.ഒരു ചായക്ക് 50 രൂപ പറഞ്ഞതോടെ അവിടെ നിന്നും ഞങ്ങളിറങ്ങി.ഗൈഡ് കുതിര സവാരിക്ക് പിന്നെയും പിന്നെയും നിർബന്ധിച്ചെങ്കിലും ഞങ്ങൾ വഴങ്ങുന്നില്ല എന്ന് കണ്ടതോടെ അവൻ മറ്റൊരു ടീമിനെ നോക്കി പോയി.

പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്തതിനാൽ ഞങ്ങൾ അവിടെയും ഇവിടെയും നടക്കാൻ തുടങ്ങി.ശരിക്കും ഗുൽമാർഗ്ഗിന്റെ പേരിന്റെ പൊരുൾ അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്.പല തരത്തിലുള്ള കാട്ടുപൂക്കളാൽ സമ്പന്നമായിരുന്നു ആ പ്രദേശം.മഞ്ഞ നിറത്തിലുള്ള ബട്ടർ കപ്പ്, നീല നിറത്തിലുള്ള ഒരു പേരറിയാ പൂവ്,പിന്നെ വെള്ള നിറത്തിലുള്ള ഡെയ്‌സി.പെട്ടെന്ന് പഴയ ഒരു സിനിമാഗാനമാണ് മനസ്സിൽ ഓടി എത്തിയത്.

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ


അവ തീർക്കുന്ന വർണ്ണപ്രപഞ്ചത്തിൽ മുഴുകി ഞങ്ങളങ്ങനെ അലയുമ്പോഴാണ് ഒരു താഴ്വര നിറയെ പാറകൾ കണ്ടത്. അതിൽ അൽപ നേരം ഇരിക്കാം എന്ന് കരുതി അങ്ങോട്ട് നീങ്ങുന്തോറും പാറകൾ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു !! പിന്നീടാണ് മനസ്സിലായത് താഴ്‌വരയിൽ കിടന്നിരുന്ന ചെമ്മരിയാടുകളുടെ കൂട്ടമായിരുന്നു അത് എന്ന്.


ആകാശവും ഭൂമിയും കൂടി ഒരുക്കിയ ആ അവർണ്ണനീയ കാൻവാസിൽ എത്ര ഫോട്ടോകൾ പിടിച്ചു എന്ന് ഒരു കണക്കും ഇല്ല.



അടുത്ത് കാണുന്ന കുന്നുകൾ കയറി ഇറങ്ങിയാൽ മഞ്ഞിൽ എത്തിയേക്കാം എന്ന ആഗ്രഹത്തിൽ ഞാനും കുട്ടികളും  ചില കുന്നുകൾ കയറി.ഒരു കുന്ന് കയറി ഇറങ്ങി അടുത്തത് കയറി അങ്ങനെ അങ്ങനെ പോയാൽ മഞ്ഞിൽ എത്താം എന്ന് അവിടെ വച്ച് കണ്ട കാശ്മീരി പയ്യന്മാർ പറഞ്ഞെങ്കിലും അത്ര മതി എന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ ഭാര്യമാർ കുതിരകളുടെ പിന്നാലെ നടന്നു നോക്കാം എന്ന തീരുമാനത്തിൽ അവയെ പിന്തുടർന്നു. അൽപ സമയം കഴിഞ്ഞതും അവർ മഞ്ഞിലിരിക്കുന്ന ഫോട്ടോകൾ വരാൻ തുടങ്ങി !!ഞങ്ങൾ മറ്റൊരു ദിശയിൽ ആയിരുന്നതിനാൽ ഞങ്ങൾക്ക് അങ്ങോട്ട് പോകാനും സാധിച്ചില്ല.

ഏഷ്യയിൽ തന്നെ സ്കീയിംഗ് ആക്ടിവിറ്റീസിന് ഏറ്റവും പേരുകേട്ട സ്ഥലം കൂടിയാണ് ഗുൽമാർഗ്ഗ് .എത്ര മണിക്കൂർ ആ ദൃശ്യ ഭംഗി ആസ്വദിച്ചു നിന്നാലും മതി വരില്ല. എങ്കിലും കണ്ണിനെയും മനസ്സിനെയും പറിച്ചെടുത്ത് ഞങ്ങൾ തിരിച്ചിറങ്ങി.താഴെ കാണുന്ന ആ സ്തൂപം വളരെ കറക്ട് ആണ്... ഗുൽമാർഗ്ഗിൽ എത്തുന്ന ഏതൊരു സഞ്ചാരിയും പറയും , ഐ ലവ് ഗുൽമാർഗ്ഗ് !!

തിരിച്ചു പോരുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടം ഉണ്ടെന്നും അത് കാണാമെന്നും ഇഷ്‌ഫാഖ്‌ പറഞ്ഞതനുസരിച്ച് വണ്ടി അങ്ങോട്ട് തിരിഞ്ഞു.ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്ന് മഴക്കാലത്ത് താഴേക്ക് പതിക്കുന്ന ഡ്രങ്ക് എന്ന  വെള്ളച്ചാട്ടം കാണാൻ സൗന്ദര്യമുണ്ട്.പക്ഷെ ഇപ്പോൾ അതിന് ഒട്ടും സൗന്ദര്യമില്ലാത്തതിനാൽ ഞങ്ങൾ വേഗം തിരിച്ചു പോന്നു.


(തുടരും...)

കാശ്മീർ ഫയൽസ് - 9

Sunday, July 03, 2022

ഗുൽമാർഗ് ഗണ്ടോല (കാശ്മീർ ഫയൽസ് - 7)

 കാശ്മീർ ഫയൽസ് - 6

ഗുൽമാർഗ്ഗിലെ പാർക്കിംഗ് പോയിന്റിൽ നിന്ന് തന്നെ കുതിരക്കാർ നമ്മുടെ പിന്നാലെ കൂടും. ഗണ്ടോല സ്റ്റേഷൻ വരെ രണ്ട് രണ്ടര കിലോമീറ്റർ ദൂരമുണ്ടെന്നും കുതിരക്ക് 300 രൂപ നൽകിയാൽ മതി എന്നുമൊക്കെ പറയും. 100 രൂപ മതി എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ നടന്ന ഞങ്ങൾ ഇരുപത് മിനുട്ട് കൊണ്ട് ലക്ഷ്യത്തിലെത്തി. അതായത് അവർ പറയുന്ന അത്രയും കിലോമീറ്റർ ഒന്നും ഇല്ല എന്നർത്ഥം. കുതിരപ്പുറത്തിരുന്നുള്ള ഫോട്ടോ എടുക്കാനും കുറഞ്ഞ ദൂരം സഞ്ചരിക്കാനും ആഗ്രഹമുള്ളവർക്ക് കുതിരപ്പുറത്ത് കയറാം.

പശ്ചിമ ഹിമാലയൻ മലനിരയിലെ പീർ പഞ്ചൽ റേഞ്ചിലെ ഒരു കൊച്ചു പട്ടണമാണ് ഗുൽമാർഗ്ഗ് .കാശ്മീരി ഭാഷയിൽ ഗുൽമാർഗ്ഗ് എന്നതിന്റെ അർത്ഥം Meadow of Flowers അഥവാ പൂമേട് എന്നാണ്. മനഷ്യകരങ്ങളുടെ സഹായം ഇല്ലാതെ, പ്രകൃതി ഒരുക്കുന്ന പുൽ പരവതാനിയെ പുൽമേട് എന്ന് പറയുന്ന പോലെ പ്രകൃതി ഒരുക്കുന്ന കാട്ടുപൂക്കളുടെ ഉത്സവമാണ് പൂമേട്. ഗുൽമാർഗ്ഗിൽ കാട്ടുപൂക്കൾ ഒരുക്കുന്ന വർണ്ണവൈവിധ്യം തന്നെയായിരിക്കാം അമീർ ഖുസ്രുവിന്റെ വരികളിലൂടെ പണ്ട് ജഹാംഗീർ ചക്രവർത്തി പാടിയത്.

गर फ़िरदौस बर्-रूए- ज़मीन अस्त! 

हमीं अस्त! हमीं अस्तो -हमीं अस्त!

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ

അതിവിടെയാണ് ,  അതിവിടെയാണ് , അതിവിടെയാണ്.

ഗുൽമാർഗ്ഗിലെ കേബിൾ കാർ രണ്ട് ഫേസുകളായിട്ടാണ് ഉള്ളത്. ഏഷ്യയിലെ നീളം കൂടിയതും ഉയരം കൂടിയതുമായ റോപ് വേകളിൽ ഒന്നാണ് ഇത്.1988 ൽ കമ്മീഷൻ ചെയ്തതെങ്കിലും 1998 മുതലാണ് മുഴുവനായും പ്രവർത്തന സജ്ജമായത്.  ഗുൽമാർഗ് മുതൽ കൊങ്ങ്ദോരി വരെയാണ് കേബിൾ കാറിന്റെ ആദ്യ ഘട്ടം. 3080മീറ്റർ ഉയരത്തിലാണ് ആദ്യ സ്റ്റേജ് അവസാനിക്കുന്നത്. ഒരാൾക്ക് 740 രൂപയാണ് ചാർജ്ജ്.കൊങ്ങ്ദോരി മുതൽ എക്കാലത്തും മഞ്ഞ് മൂടിയ അഫാർവദ് വരെയുള്ള രണ്ടാം ഘട്ടം ദുർഘടവും സാഹസികത നിറഞ്ഞതുമാണ്.4200 മീറ്റർ ഉയരത്തിലേക്കാണ് അതെത്തിച്ചേരുന്നത്. 900 രൂപയുടെ അഡീഷണൽ ടിക്കറ്റ് ഫസ്റ്റ് ബോർഡിംഗ് സമയത്ത് തന്നെ എടുക്കണം. ടിക്കറ്റുകൾ ഓൺലൈൻ ആയും ലഭ്യമാണ്. ഓൺലൈൻ ആയി എടുത്താലും ബോർഡിംഗിന് നിൽക്കേണ്ടത് ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരുടെ ക്യൂവിൽ തന്നെയാണ് എന്നതിനാൽ പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല .

ഞായറാഴ്ച ആയിട്ടും കേബിൾ കാർ ബോർഡിംഗ് സ്റ്റേഷന് മുന്നിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി മാത്രം അല്പനേരം ഞങ്ങൾ ക്യൂവിൽ നിന്നു. ചാറൽ മഴയിൽ ഗുൽമാർഗ് കൂടുതൽ സുന്ദരിയായി. ഇഷ്ഫാഖ് ഏർപ്പാടാക്കിയ ഗൈഡ് (എന്തിനാണാവോ?) കൊങ്ദൂരിയിൽ കാണാം എന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. 


സ്റ്റേഷന് അകത്ത് ആയിരുന്നു യഥാർത്ഥ പൂരം. ഗൈഡുകൾ പലരെയും തന്ത്ര പൂർവ്വം കയറ്റി വിടുന്നത് അവിടെ കാണാം. ഞങ്ങൾ ക്യൂവിൽ തന്നെ മെല്ലെ മെല്ലെ നീങ്ങി. ഒരു മണിക്കൂറിലധികം കാത്ത് നിന്ന ശേഷം ഞങ്ങളും ബോർഡിംഗ് പോയിന്റിൽ എത്തി.

ഒഴിഞ്ഞ് വരുന്ന കേബിൾ കാറുകൾ സാവധാനം ചലിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ മുമ്പിൽ എത്തുമ്പോൾ അതിലേക്ക് കയറണം. ആറ് പേരാണ് ഒരു കാറിലെ അംഗസംഖ്യ . ഫാമിലികളെ അതേ പോലെ തന്നെ കയറ്റാൻ ഓപ്പറേറ്റേഴ്സ് ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളും ബുദ്ധിമുട്ട് ഇല്ലാതെ ഒരു കേബിൾ കാറിൽ കയറി.

കാറിന്റെ ഡോർ സാവധാനം അടഞ്ഞു. പെട്ടെന്ന് ഒരു കുലുക്കത്തോടെ കാർ അടുത്ത ടവറിലേക്ക് പായാൻ തുടങ്ങി. ടവറിൽ എത്തുമ്പോൾ അല്പം കുലുക്കവും ശബ്ദവും ഉണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ല. താഴെ ആളുകളും ആടുകളും പൊട്ട് പോലെ ചെറുതാകാൻ തുടങ്ങിയപ്പോഴാണ് കയറിലൂടെ തൂങ്ങി പോകുന്ന ഉയരത്തെപ്പറ്റി ബോധം വന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഗുൽമാർഗ്ഗിലെ കേബിൾ കാറപകടത്തിൽ ആറ് പേർ താഴേക്ക് പതിച്ചത് ഓർമ്മ വന്നെങ്കിലും തൽക്കാലം ആരോടും പറഞ്ഞില്ല. ഏകദേശം പത്ത് മിനുട്ട് സഞ്ചരിച്ച ശേഷം ഞങ്ങൾ കൊങ്ങ്ദൂരിയിൽ ഇറങ്ങി.


(തുടരും...)

Next : ഗുൽമാർഗ്ഗ് - അഥവാ പൂമേട്

Friday, July 01, 2022

ഗുൽമാർഗ്ഗിലേക്ക്... (കാശ്മീർ ഫയൽസ് - 6)

 കാശ്മീർ ഫയൽസ് - 5 (click & read)

തലേ ദിവസം സൂചിപ്പിച്ച കേബിൾ കാർ ആരുടെയും ഉറക്കം കെടുത്തിയില്ല. എല്ലാവരും കാശ്മീരിന്റെ ഭംഗി ആസ്വദിക്കാനായി നേരത്തെ തന്നെ എണീറ്റ് റെഡിയായി. ചൂടുവെള്ളം ലഭ്യമായിരുന്നെങ്കിലും പലരും അന്ന് കുളിക്ക് അവധി നൽകി.പ്രാതൽ പുറത്ത് നിന്ന് കഴിക്കാം എന്നായിരുന്നു എന്റെ പ്ലാൻ. ബട്ട്, തലേ ദിവസത്തെ പോലെ കിണ്ടിയും കോളാമ്പിയുമായി ഇഷ്ഫാഖ് വന്നതോടെ ബ്രേക്ക്ഫാസ്റ്റ് റെഡിയായതായി മനസ്സിലായി. പിന്നാലെ വെണ്ണയിൽ ചുട്ടെടുത്ത ചപ്പാത്തിയും പാലിൽ തയ്യാറാക്കിയ ചായയും എത്തി.

ചപ്പാത്തിയിലേക്ക് കറി ഇപ്പോൾ വരും എന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അത് വന്നില്ല. മുതിർന്നവർ ബുദ്ധിമുട്ടില്ലാതെ ചപ്പാത്തി അകത്താക്കിയെങ്കിലും കുട്ടികൾക്ക് അത് അത്ര എളുപ്പമായില്ല. 

"ആബിദ് സാർ .... ഹം റോട്ടി മേം കറി ന ഡാലേഗേ " ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇഷ്ഫാഖ് പറഞ്ഞു.

" ക്യോം "

"കറി ഡാൽകർ റോട്ടി ഖായേ തൊ നീന്ദ് ആയേഗ " 

കറി കൂട്ടി ചപ്പാത്തി തിന്നാൽ ഉറക്കം വരുമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. രാത്രി നേരത്തെ കിടന്ന്, രാവിലെ കറിയും കൂട്ടി ചപ്പാത്തി കഴിച്ചാൽ ആ പറഞ്ഞ ഉറക്ക പ്രശ്നം ഉണ്ടാകില്ല എന്ന് ഈ ചങ്ങാതിമാർക്ക് അറിയാഞ്ഞിട്ടല്ല, പ്രാക്ടീസ് ചെയ്യാഞ്ഞിട്ടാണ്.

എല്ലാവരും കഴിച്ച് കഴിഞ്ഞ ശേഷം പുറപ്പെടാനായി ഞങ്ങൾ റെഡിയായി. തലേന്ന് രാത്രി അനുഭവിച്ചതിലും കൂടുതലായിരുന്നു രാവിലെ പുറത്ത് ഉണ്ടായിരുന്ന തണുപ്പ്. 

" ഇഷ്ഫാഖ് ... ഹമേം സ്വറ്റർ പഹ്ന പടേഗ ... "

"വഹാം സെ ജാക്കറ്റ് മിലേഗ സർ ... "

"ഓകെ "  വിറച്ച് കൊണ്ടിരുന്ന എല്ലാവർക്കും ആ മറുപടി ഇത്തിരി ചൂട് നൽകി.

"ദേഖൊ ... ദൂർ മേം സഫേദ് പഹാഡ് ... " പുറത്തിറങ്ങി തന്റെ വീടിന്റെ പിന്നിൽ ദൂരെ ഉയർന്ന് നിൽക്കുന്ന വെള്ള പുതച്ച പർവ്വതങ്ങളെ ചൂണ്ടിക്കാട്ടി ഇഷ്ഫാഖ് പറഞ്ഞു.

"ഹായ്... മഞ്ഞു മല...." എല്ലാവരും കൂടി ഉച്ചത്തിൽ പറഞ്ഞു.

"ഹാം... മഞ്ഞ മലം ... " ഇഷ്ഫാഖിന്റെ മലയാളം കേട്ട് ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.

" വഹ് ഹെ ഗുൽമാർഗ്.... ആപ് ഗണ്ടോല മേം വഹാം തക് ജായേഗ ... "

" ഇമ്മേ .... മഞ്ഞിൽ കളിക്കാനോ ...?" സമ്മറിൽ മഞ്ഞ് പ്രതീക്ഷിക്കാത്തതിനാൽ എല്ലാവരും ആ രംഗമോർത്ത് ഉത്സാഹഭരിതരായി. 

കൃത്യം എട്ട് മണിക്ക് തന്നെ ഇഷ്ഫാഖിന്റെ സുഹൃത്തിന്റെ വണ്ടി ഗേറ്റിൽ എത്തി. കേട്ടറിഞ്ഞ ഗുൽമാർഗിനെ കണ്ടും അനുഭവിച്ചും അറിയാനായി എല്ലാവരും ആ ടവേരയിൽ കയറി. ടാങ്ങ് മാർഗ്ഗ് സിറ്റിയിൽ വണ്ടി എത്തിയപ്പോൾ ഡ്രൈവറും ഇഷ്ഫാഖും മാറി മാറി ആരെയോ വിളിച്ചു കൊണ്ടിരുന്നു.അവസാനം ഇടുങ്ങിയ  കുറെ കെട്ടിടങ്ങൾക്കിടയിലൂടെ, പണി തീരാത്ത ഒരു ബിൽഡിംഗിന്റെ മുമ്പിൽ വണ്ടി നിർത്തി.

"സർ... സബ് ഊപർ ചലോ... " ഇഷ്ഫാഖ് എന്നോട് പറഞ്ഞു.

വണ്ടിയിൽ നിന്നിറങ്ങി എല്ലാവരും പണിതീരാത്ത ആ കെട്ടിടത്തിന്റെ മുകൾ നിലയിൽ എത്തി. പ്ലൈവുഡ് അടിച്ച് വേർതിരിച്ച അഞ്ചാറ് റൂമുകളിൽ വിവിധ വലിപ്പത്തിലും നിറത്തിലും ഉള്ള ജാക്കറ്റുകളും ബൂട്ടുകളും അടുക്കി വച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് അവയിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം. ഒരു ദിവസത്തെ വാടക 500 രൂപയാണ്; പക്ഷെ അവരുടെ സുഹൃത്തിന്റെ ആൾക്കാരായതു കൊണ്ട് 300 രൂപക്ക് തരാം എന്ന് പറഞ്ഞു (ഗുൽമാർഗ്ഗിൽ എത്തിയപ്പോൾ കണ്ട ഒരു മലയാളി ടീമിന് 200 രൂപയേ ആയിട്ടുള്ളൂ എന്നും അറിഞ്ഞു. വില പേശിയാൽ പിന്നെയും കുറയുമായിരിക്കും) . 

കുട്ടികളടക്കം എല്ലാവർക്കും അനുയോജ്യമായ ജാക്കറ്റും ബൂട്ടും അണിഞ്ഞ് ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി. ടവേര ഗുൽമാർഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. 

വഴിയിലെ പുൽമേടുകളും സ്തൂപികാഗ്ര വൃക്ഷങ്ങളും മറ്റ് കാഴ്ചകളും ഞങ്ങളുടെ മനം കുളിർപ്പിച്ചു. അധികം താമസിയാതെ ഞങ്ങൾ പാർക്കിംഗ് പോയിന്റിലെത്തി.


(തുടരും ...)

കാശ്മീർ ഫയൽസ് - 7