Pages

Wednesday, March 15, 2023

ഒരു സോപ്പിന്റെ പതനം

മുൻകൂർ ജാമ്യം : ഈ കഥയിലെ "ഞാൻ" ഞാനല്ല !!

ഞങ്ങളുടെ സ്കൂളിൽ നിന്നും എല്ലാ വർഷവും വിനോദയാത്ര പോകാറുണ്ടായിരുന്നു. എട്ടിൽ നിന്നും ഒമ്പതിൽ നിന്നും പത്തിൽ നിന്നും ഞാൻ വിനോദ യാത്രക്ക് പോയിട്ടുണ്ട്. ഇതിൽ പത്താം ക്ലാസിലെ യാത്രയായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കാരണം അത് മദ്രാസിലേക്കായിരുന്നു.സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്നൊന്നും തന്നെ അന്ന് ഇത്രയും ദൂരത്തേക്ക് ടൂർ പോയിരുന്നില്ല. ജീവിതത്തിലാദ്യമായി തീവണ്ടിയിൽ കയറാനുള്ള അവസരം കൂടി ആ ടൂറിലൂടെ എനിക്ക് കിട്ടി.

ജ്യോതി, നിഷി, പ്രഭിത ,സക്കീന എന്നിവരായിരുന്നു ടൂറിന് പേര് നൽകിയ എന്റെ ബാച്ചിലെ മറ്റു പെൺകുട്ടികൾ. സക്കീനയുടെ അനിയത്തിയും ടൂറിലുണ്ടായിരുന്നു. സക്കീന എന്റെ നാട്ടുകാരി കൂടി ആയതിനാൽ ടൂർ ഡേറ്റ് പ്രഖ്യാപിച്ച അന്ന് മുതൽ ഞങ്ങൾ അതിന്റെ ഒരു ഹരം മനസ്സിൽ നുണഞ്ഞ് കൊണ്ടിരുന്നു.പക്ഷെ ട്രെയിനിൽ കയറാൻ ഞങ്ങൾക്ക് ചെറിയൊരു ഭയവും ഉണ്ടായിരുന്നു. കാരണം തീവണ്ടി പാളം തെറ്റി മറിയുന്നത് അന്ന് ഇടക്കിടെ കേൾക്കുന്ന ഒരു വാർത്ത ആയിരുന്നു.

സ്കൂളിൽ നിന്നുള്ള ഏത് ടൂറിന്റെയും സർവ്വാധിപൻ കരീം മാഷ് ആയിരുന്നു. ബയോളജി അദ്ധ്യാപകൻ കൂടി ആയതിനാൽ ചില വിചിത്രമായ കാര്യങ്ങൾ കൂടി മാഷ് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിലൊന്നാണ് തലയിൽ എണ്ണ തേക്കരുത് എന്നത്. ശരീരത്തിൽ സ്വന്തമായി അതിനാവശ്യമായ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട് എന്നും നാം എണ്ണ വേറെ തേച്ചാൽ ഈ ഉല്പാദനം നിലക്കുമെന്നും മാഷ് പറഞ്ഞിരുന്നു (അത് പ്രാവർത്തികമാക്കിയ ചെയർമാന്റെ തല ഇപ്പോൾ മൊട്ടക്കുന്നായി).ആ എണ്ണ ഏതിലൂടെയാണ് പുറത്തെടുക്കുക എന്ന് ആരോ ചോദിച്ചതോടെയാണ് മാഷ് അത് നിർത്തിയത്.

"അഞ്ച് ദിവസമാണ് നമ്മുടെ ടൂർ... അവനവന് ആവശ്യമുള്ള വസ്ത്രങ്ങൾ ഓരോരുത്തരും കരുതണം. പല്ല് തേക്കാൻ ഉമിക്കരിയോ പൽപൊടിയോ ഉപയാഗിക്കുക, പേസ്റ്റ് പല്ലിന് നല്ലതല്ല. സോപ്പ് എല്ലാവരും എടുക്കണ്ട .. ഒരു റൂമിൽ ഒരാൾ എടുത്താൽ മതി ... " ടൂറിന്റെ രണ്ട് ദിവസം മുമ്പ് കരീം മാഷ് നിർദ്ദേശങ്ങൾ തന്നു. അതനുസരിച്ച് പൽപൊടി ഒരാളും എണ്ണ മറ്റൊരാളും സോപ്പ് ഞാനും എടുക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രമുഖ ബ്രാന്റായ സൻസാർ സോപ്പ് തന്നെ കാക്കയോട് പറഞ്ഞ് ഞാൻ വാങ്ങിപ്പിച്ചു.

അങ്ങനെ കാത്തിരുന്ന ദിവസം സമാഗതമായി. കോഴിക്കോട്ട് നിന്നായിരുന്നു ഞങ്ങൾക്ക് ട്രെയിൻ കയറേണ്ടത്.എല്ലാം ശ്രദ്ധിച്ച് കേൾക്കണം എന്നും കാണണം എന്നും പഠിക്കണം എന്നും എല്ലാം കർശന നിർദ്ദേശം കിട്ടിയിരുന്നു.ഇടക്ക് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമെന്നും കൂടി കരീം മാഷ് പറഞ്ഞതോടെ ഞങ്ങൾ ജാഗരൂകരായി.

"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.... " പെട്ടന്ന് അനൗൻസ്മെന്റ് മുഴങ്ങി.

"ആസ്യാ... എത്ര നേരായി നീ കലപില കലപില ന്ന് പറയുന്നു .... ഇനി കുറച്ച് നേരം ഒന്ന് മിണ്ടാണ്ടിരി .... എന്തോ വിളിച്ച് പറയുന്നു... കരീം മാഷ് ഇപ്പോ ചോദിക്കും..."പ്രഭിത പറഞ്ഞു.

"എടീ.... അത് പറയുന്നത് ഹിന്ദിയാ... കരീം മാഷ് ബയോളജി യാ..."

"ഓ.... അപ്പോ, ബയോളജിയിൽ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതിയല്ലേ?"

"ഉം. മതി... മതി....''

അൽപ സമയത്തിനകം ട്രെയിൻ എത്തിച്ചേർന്നു. കരീം മാഷ് കാണിച്ച് തന്ന കമ്പാർട്ട്മെന്റിൽ ഞങ്ങളെല്ലാവരും കൂടി തിക്കിത്തിരക്കി കയറി. ജനലിനടുത്തുള്ള സീറ്റ് പിടിക്കാനായിരുന്നു ഈ തിരക്ക് എന്നത് പിന്നീടാണറിഞ്ഞത്. തീവണ്ടിയിലെ സീറ്റിൽ ഇരുന്നും കിടന്നും ബർത്തിൽ കയറിയും ഇറങ്ങിയും ഞങ്ങൾ ആദ്യ ട്രെയിൻ യാത്ര ശരിക്കും ആസ്വദിച്ചു.

മദ്രാസിലെ ആശ മെമ്മോറിയൽ സ്കൂളിലായിരുന്നു ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്.ഒരു റൂമിൽ മൂന്ന് പേർ വീതം എന്ന രീതിയിൽ ഗ്രൂപ്പാക്കിയപ്പോൾ മൈത്രക്കാരികളായ ഞങ്ങളെ മൂന്ന് പേരെയും കരീം മാഷ് ഒരു റൂമിലാക്കി.

പിറ്റേ ദിവസം വൈകിട്ടോടെയാണ് ഞങ്ങൾ മദ്രാസിലെത്തിയത്.നേരെ  ആശ മെമ്മോറിയൽ സ്കൂളിലെത്തി ഓരോരുത്തർക്കും അനുവദിച്ച റൂമുകളിലേക്ക് കയറി.യാത്രാക്ഷീണം അകറ്റാനായി ഒന്ന് കുളിക്കാം എന്ന് ഞാൻ കരുതി. ഭയങ്കരമായ ചൂട് കാരണം, എന്നെപ്പോലെ തന്നെ സഹമുറിയികൾ രണ്ട് പേരും കുളിക്കാൻ തീരുമാനിച്ചിരുന്നു.

ഞാനാദ്യം ഞാനാദ്യം എന്ന് മൂന്ന് പേരും പറഞ്ഞതിനാൽ ഒരു കോംപ്രമൈസ് എന്ന നിലക്ക് മൂന്നാളും ഒരുമിച്ച് കുളിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ കുളിമുറിയിൽ കയറി. ഏതാനും പാട്ട വെള്ളം തലയിലൂടെ ഒഴിച്ച ശേഷം സോപ്പ് പുറത്തെടുക്കാനായി ഞാൻ അതിന്റെ കവറിന്റെ ഒരറ്റത്ത് ഒന്നമർത്തി. കണ്ണിമാങ്ങയുടെ അണ്ടി എടുത്ത് ആനയോ കുതിരയോ എന്ന ഒരു കളി കളിക്കാറുണ്ടായിരുന്നു. ഈ കളിയിലെ കുതിരയെപ്പോലെ സോപ്പ് ഒരൊറ്റ ചാട്ടം !

"ബ്ലും "

"അള്ളാ ന്റെ സൻസാർ..!!." ഞാൻ തലയിൽ കൈവച്ചു പോയി.

ഞങ്ങൾ മൂന്ന് പേരും നോക്കി നിൽക്കെ സോപ്പ് നേരെ ക്ലോസറ്റിലേക്ക് വീണു. ഇനി എന്ത് ചെയ്യും എന്ന മട്ടിൽ സങ്കടത്തോടെ ഞാൻ സക്കീനയെ ഒന്ന് നോക്കി.ഒരു കൂസലും കൂടാതെ തറയിൽ മുട്ടു കുത്തിയിരുന്ന്  ക്ലോസറ്റിലേക്ക് കയ്യിട്ട് അവൾ ആ സോപ്പ് പുറത്തെടുത്തു !

" അയ്യേ!!"

അറപ്പിന്റെ ഒരു കുളിര് എന്റെ ശരീരത്തിലൂടെ പടർന്ന് കയറി. സോപ്പ് നന്നായി കഴുകി എടുത്ത് സക്കീന അന്നും അടുത്ത  ദിവസങ്ങളിലും എല്ലാം കുളിച്ചു.പക്ഷേ, അഞ്ച് ദിവസം  ഞാൻ ആ സോപ്പ് ഉപയോഗിച്ചതേ ഇല്ല.

Saturday, March 11, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 21

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ഞാൻ വർക്ക് ചെയ്ത കോളേജുകളിലെയും മറ്റു കോളേജുകളിലെയും ആയി വലിയൊരു ശിഷ്യ സമ്പത്ത് എനിക്കുണ്ട്.കേരളത്തിൽ എവിടെ എത്തിയാലും ആ പരിസരത്ത് ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് അറിയിച്ച് കണ്ടുമുട്ടാൻ ശ്രമിക്കുക എന്നത് എനിക്ക് ഒരു ഹരമാണ്.ശിഷ്യരെ മാത്രമല്ല ആ സമയത്ത് ഓർമ്മയിൽ വരുന്ന സഹപ്രവർത്തകരെയും സഹപാഠികളെയും കൂട്ടുകാരെയും എല്ലാം ഇങ്ങനെ കണ്ടുമുട്ടാൻ ഞാൻ ഒരു ശ്രമം നടത്താറുണ്ട്.

ഈ വർഷത്തെ വൈഗ അഗ്രി ഹാക്കത്തോണിന്റെ ജൂറി പാനൽ മെമ്പർമാർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് കോവളത്തെ "അപ്ന പഞ്ചാബി ധാബ " എന്ന ഹോട്ടലിലായിരുന്നു. രാത്രി എട്ടര മണിയോടെയാണ് ഞാൻ തമ്പാനൂരിൽ ബസ്സിറങ്ങിയത്. ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒരു ഹിന്ദിവാല തന്നെയായിരുന്നു ഫോൺ എടുത്തത്. വിഴിഞ്ഞം ബസ്സിന് കയറിയാൽ കോവളം ജംഗ്ഷനിൽ ഇറങ്ങാമെന്നും ജംഗ്ഷനിലെ സിഗ്നലിന് തൊട്ടടുത്താണ് ഹോട്ടൽ എന്നും അറിഞ്ഞപ്പോൾ സമാധാനമായി. കാരണം കോവളം ബീച്ച് ഭാഗത്തേക്കാണെങ്കിൽ ആ നേരത്ത് ബസ് കിട്ടില്ല എന്ന് വിവരം ലഭിച്ചിരുന്നു. രാത്രി ഒമ്പതരയോടെ തന്നെ  ബുദ്ധിമുട്ടൊന്നും കൂടാതെ ഞാൻ റൂമിലെത്തി.

പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ ഈ ജംഗ്ഷനും പരിസരവും കണ്ടപ്പോൾ എനിക്കൊരു മുൻപരിചയം തോന്നി. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറി ആയിരുന്ന ചിത്ര 2016 ൽ എനിക്ക് താമസമൊരുക്കിത്തന്ന  'കോവളത്തെ എന്റെ വീട് ' ഇവിടെയായിരുന്നു.

തൊട്ടടുത്ത ദിവസം ഞാൻ ചിത്രയെ വിളിച്ചു. അപ്രതീക്ഷിതമായ വിളിയിൽ ആകാംക്ഷഭരിതയായ ചിത്രയോട് ഞാൻ കോവളത്ത് താമസിക്കുന്ന വിവരം പറഞ്ഞു. വിഴിഞ്ഞത്തുള്ള അവളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ജഡ്ജിംഗ് ഷെഡ്യൂളിനിടക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് ഞാൻ അറിയിച്ചു. താമസത്തിന് പ്രശ്നമില്ലെന്നും ഞങ്ങൾ പത്ത് പതിനാറ് പേരുണ്ടെന്നും കൂടി ഞാൻ പറഞ്ഞു.എങ്കിൽ ഹോട്ടലിൽ വന്ന് എന്നെ കാണാമെന്ന് മറുപടി കിട്ടി.

അന്ന് വൈകിട്ട് അഞ്ചര മണിയോടെ ചിത്ര ഹോട്ടലിലെത്തി.ജന്മനാ കയ്യില്ലാത്ത അവളുടെ കയ്യിൽ ഒരു നിറ കവറും കൂടി ഉണ്ടായിരുന്നു. അതെന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു പോയി.

"ഇതെന്താ...?" ഞാൻ ചോദിച്ചു.

" ഞാനും അനിയത്തിയും കൂടി തയ്യാറാക്കിയ ഇലയടയാണ്..." ചിത്ര പറഞ്ഞു.

"അയ്യോ !! ഇതെന്തിനാ ഇത്രയും അധികം?"

"പത്ത് പതിനാറ് പേരുണ്ടെന്നല്ലേ സാറ് പറഞ്ഞത് ... എല്ലാവർക്കും ഓരോന്ന് വീതം എടുക്കാം..''

"മൈ ഗോഡ്..." 

ചൂടുള്ള ഇലയടകൾ അടങ്ങിയ  കവർ ഏറ്റുവാങ്ങി അവിടെ തന്നെ ഇരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഞാനെഴുതിയ രണ്ട് പുസ്തകങ്ങളും ചിത്രക്കും സമ്മാനിച്ചു.

അടുത്ത ജഡ്ജ്മെന്റിന്റെ സമയം അടുത്തതിനാൽ കോളേജിലേക്ക് പോകാനായി മറ്റ് ജൂറി അംഗങ്ങൾ ഇറങ്ങി വന്നു. അവർക്കെല്ലാം ചിത്ര തന്നെ ഇലയട വിതരണം ചെയ്തു. ഹാക്കത്തോൺ കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിന്റെ അനുവാദത്തോടെ ചിത്രയെയും ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവൾക്ക് അത് കാണാനുള്ള അവസരവും ഒരുക്കി.


രാത്രി പത്ത് മണി കഴിഞ്ഞാണ് അന്നത്തെ പ്രോഗ്രാം അവസാനിച്ചത്. തിരിച്ച് ഞങ്ങളുടെ വണ്ടിയിൽ തന്നെ ചിത്രയെ കോവളത്തെത്തിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് അനിയൻ എത്തി അവളെ കൊണ്ടുപോയി. 


വിധിയുടെ മുമ്പിൽ തളരാത്ത ജീവിതങ്ങൾക്ക് അൽപമെങ്കിലും കരുത്ത് പകരാൻ ഇങ്ങനെയൊക്കെയേ ഒരു പക്ഷേ സാധിക്കൂ. ചിത്രക്കും ഈ കണ്ടുമുട്ടൽ ഒരു പോസിറ്റീവ് എനർജി നൽകിയതായി ഞാൻ മനസ്സിലാക്കുന്നു. സൗഹൃദങ്ങൾക്ക് കൈമാറാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനവും ഈ പോസിറ്റീവ് എനർജി തന്നെ.

Wednesday, March 08, 2023

പുഞ്ചിരിപ്പൂരം

മൂന്ന് കുട്ടികളുടെ അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുന്ന പുസ്തകമാണ് പുഞ്ചിരിപ്പൂരം. അയൽപക്കത്ത് താമസിച്ചിരുന്ന വൈത്തി എന്ന പട്ടരു കുട്ടിയെ കൽപാത്തിയിൽ പോയി കാണാൻ  നാട്ടിൻ പുറത്ത് കാരായ  കുഞ്ഞോനും കാദറും തയ്യാറാക്കുന്ന പദ്ധതികളും അനന്തര ഫലങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം. വളരെ ഹൃദ്യമായി തന്നെ രചയിതാവ് അത് അവതരിപ്പിക്കുന്നുണ്ട്.

അമ്മയും അച്ഛനും മരിച്ച് പോയ കുഞ്ഞോന് ആ നഷ്ടം നികത്തുന്ന ചെറിയച്ചൻമാരും ചെറിയമ്മമാരും പിന്നെ കളിക്കൂട്ടുകാരനായ ഖാദറിന്റെ ഉമ്മയും ഈ നോവലിലെ സ്നേഹത്തിന്റെ പണത്തൂക്കങ്ങളാണ്. കുഞ്ഞോനെപ്പോലെ ഖാദറിനും പിതാവ് ഇല്ല , വൈത്തിക്ക് അമ്മയുമില്ല. അങ്ങനെ എല്ലാവർക്കും ദുഃഖങ്ങൾ ഉണ്ടെങ്കിലും സൗഹൃദത്തിലൂടെ അവർ കണ്ടെത്തുന്ന ആനന്ദം വളരെ വലുതാണ്.

കുട്ടികൾ വഴി തെറ്റുന്ന രീതികളും പരിസ്ഥിതി ചിന്തകളും ശാസ്ത്ര കൗതുകങ്ങളും എല്ലാം ഈ നോവലിൽ മിന്നി മറഞ്ഞു പോകുന്നുണ്ട്. മണൽ മാഫിയ ചെറിയ കുട്ടികളെ എങ്ങനെ വഴി തെറ്റിക്കുന്നു എന്നത് ഒരുൾക്കിടിലത്തോടെയേ വായിച്ച് പോകാൻ സാധിക്കൂ. നല്ലവരായ മക്കൾ പോലും മാഫിയയുടെ കെണിയിൽ വീണപ്പോൾ സങ്കടം തോന്നി.

"നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ നിറയെ നക്ഷത്രങ്ങൾക്കിടയിൽ പുഞ്ചിരിച്ച് നിൽക്കുന്ന നീല നിറമുള്ള ഒരു ഗോളം കണ്ടു. അതായിരുന്നു സ്വർഗ്ഗം. പക്ഷെ, അതാരും മനസ്സിലാക്കിയിരുന്നില്ല. ആരും മനസ്സിലാക്കുന്നുമില്ല... " പുസ്തകത്തിന്റെ അവസാന പേജിലെ ഏതാനും വരികളാണിത്. സ്വർഗ്ഗം എന്നൊരിടം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നാം ജീവിക്കുന്നിടം കൂടി സ്വർഗ്ഗ തുല്യമാക്കണമെന്ന് ഈ വരികൾക്കിടയിൽ ഞാൻ വായിക്കുന്നു.

ലസാഗു എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നോവലിസ്റ്റ് സുമോദിന് അഭിനന്ദനങ്ങൾ.

പുസ്തകം: പുഞ്ചിരിപ്പൂരം.
രചയിതാവ് : സുമോദ്
പ്രസാധനം: പേരക്ക ബുക്സ്
പേജ്: 88
വില: Rs 100

Monday, March 06, 2023

ടെറസിൽ നിന്നും അടുക്കളയിലേക്ക് ഒരു സിൽവർ ജൂബിലി സമ്മാനം

വിവാഹ വാർഷിക ദിനത്തിലും കുടുംബാംഗങ്ങളുടെ ജന്മദിനത്തിലും ഒരു തൈ നടുന്നത് വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു പ്രക്രിയയാണ്. വൈവാഹിക ജീവിതം ഇരുപത്തി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ നടാനുദ്ദേശിച്ചത് ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചുള്ള രണ്ട് തൈകൾ ആയിരുന്നു.പക്ഷെ, സന്ദർശിച്ച നഴ്‌സറികളിൽ നിന്നൊന്നും അവ ലഭിച്ചില്ല (പിന്നീട് പൂപ്പൊലി 2023 മഹോത്സവത്തിൽ അന്വേഷിച്ചെങ്കിലും അവിടെയും പ്രസ്തുത തൈ ലഭിച്ചില്ല).

അങ്ങനെയിരിക്കെയാണ് എന്റെ സ്വന്തം കൃഷി ഭവനിൽ നിന്നും ടെറസ് മൺചട്ടി കൃഷി എന്ന പദ്ധതിക്ക് കീഴിൽ ഏതാനും പേർക്ക് ഇരുപത്തിയഞ്ച് മൺചട്ടി ആയിരം രൂപക്ക് നൽകുന്നതായി വിവരം കിട്ടിയത്. പൂച്ചെടികൾ വളർത്താനായി മൺചട്ടികൾ അന്വേഷിച്ച് നടന്നിരുന്നതിനാൽ അതിന്റെ ലഭ്യതയെപ്പറ്റിയും വിലയെപ്പറ്റിയും എനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു.അതിനാൽ തന്നെ ആയിരം രൂപക്ക് ഇരുപത്തിയഞ്ച് മൺചട്ടി എന്നത് വളരെ ആകർഷകമായ ഒരു പദ്ധതി തന്നെയായി ഞാൻ മനസ്സിലാക്കി, ആയിരം രൂപ അടച്ചു.

ഏതാനും ആഴ്ചകൾക്ക് ശേഷം മൺചട്ടി കൃഷിഭവനിൽ എത്തിയതായി വിവരം ലഭിച്ച ഉടനെ, ഭാര്യയെ പറഞ്ഞയച്ച് ഞാൻ അത് വീട്ടിലെത്തിച്ചു.അത്യാവശ്യം വലിപ്പമുള്ള ചട്ടികൾക്കൊപ്പം തക്കാളി,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ തൈകളും രണ്ട് പാക്കറ്റ് ചീരയുടെ വിത്തും പത്ത് കിലോഗ്രാം ചകിരിച്ചോറും അമ്പത് കിലോഗ്രാം ജൈവ വളവും കൂടിയുണ്ടായിരുന്നു. ആയിരം രൂപക്ക് ഇതെല്ലാം കൂടി സ്വപ്നത്തിൽ പോലും കിട്ടാൻ സാദ്ധ്യതയില്ല.

അങ്ങനെയാണ് ദാമ്പത്യജീവിതത്തിന്റെ ഇരുപത്തഞ്ചാം വർഷത്തിലേക്കുള്ള പ്രവേശനം അടുക്കളയിലേക്കുള്ള വിഭവങ്ങൾ നൽകുന്ന ഒരു തോട്ടമായി ഇരുപത്തിയഞ്ച് മൺചട്ടികളിൽ ക്രമീകരിക്കാം എന്ന ആശയം മനസ്സിൽ ഉദിച്ചത്.കൃഷി ഭവനിൽ നിന്നും ലഭിച്ച തൈകൾ ഇരുപത്തിമൂന്ന് ചട്ടികളിൽ നട്ടും രണ്ട് ചട്ടികളിൽ ചീര വിത്ത് വിതച്ചും ഞങ്ങൾ ഒരുമയുടെ സിൽവർ ജൂബിലി ആഘോഷം ആരംഭിച്ചു

.

ഇപ്പോൾ ആഴ്ചയിൽ ചുരുങ്ങിയത് ഒരു തവണ എങ്കിലും ടെറസിൽ നിന്നും നേരെ അടുക്കളയിലേക്ക് ജൈവ പച്ചക്കറികൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും.


Thursday, March 02, 2023

വീണ്ടും വൈഗയിൽ

കൃഷിയിൽ നിന്ന് പലരും പിന്തിരിഞ്ഞു പോകുന്ന വർത്തമാന കാലഘട്ടത്തിൽ ഒരു ചെറിയ  അടുക്കളത്തോട്ടമെങ്കിലും പരിപാലിച്ച് ഉണ്ടാക്കണം എന്ന ആഗ്രഹം വർഷങ്ങളായി എന്റെ മനസ്സിലുണ്ട്. ആ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു തോട്ടം വർഷങ്ങളായി ഞാൻ പരിപാലിച്ച് പോരുന്നതിനിടയിലാണ് 2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിന്റെ ജഡ്ജിങ് പാനലിലേക്ക് സോഷ്യൽ എക്സ്പെർട്ട് ആയി എന്നെ തെരഞ്ഞെടുത്തത്.ആ അവസരം എനിക്ക് നിരവധി അനുഭവങ്ങളാണ് അന്ന് സമ്മാനിച്ചത്.ഇന്ത്യയിലെ തന്നെ വലിയ കാർഷികമേളയിൽ ഒന്നായ വൈഗ കാർഷികമേള അനുഭവിച്ചറിയാനും പഴയ പല സുഹൃത്തുക്കളെയും കണ്ടുമുട്ടാനും സർവ്വോപരി തൃശൂരിന്റെ തിലകക്കുറിയായി തല ഉയർത്തി നിൽക്കുന്ന വടക്കുനാഥക്ഷേത്രത്തെ വലം വയ്ക്കാനും അന്ന് സാധിച്ചു.

2021ൽ വൈഗയുടെ അഞ്ചാമത് എഡിഷൻ ആയിരുന്നു തൃശൂരിൽ അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രദർശന സ്റ്റാളുകളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും തൃശൂരിൽ നടക്കുന്ന വലിയ മേളകളിൽ ഒന്ന് എന്ന നിലക്കും കൃഷി വകുപ്പ് മന്ത്രിയായ വി.എസ് സുനിൽകുമാറിന്റെ സ്വന്തം മണ്ഡലത്തിൽ നടക്കുന്ന മേള എന്ന നിലക്കും വകുപ്പ് അതിന്റെ സംഘാടനത്തിൽ മികവ് പുലർത്താൻ ഏറെ ശ്രദ്ധിച്ചിരുന്നു.മുമ്പ് നടന്ന വൈഗ മേളകളും തൃശൂരിൽ തന്നെയായിരുന്നു എന്നായിരുന്നു എന്റെ ധാരണ.പക്ഷെ 2016 ലെ വൈഗ നടന്നത് തിരുവന്തപുരത്തെ കനകക്കുന്നിലായിരുന്നു എന്ന് ഇത്തവണത്തെ വൈഗയ്ക്ക് ശേഷമാണ് ഞാനറിഞ്ഞത്.

വൈഗ 2023 തിരുവന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് അരങ്ങേറുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെ, കഴിഞ്ഞ തവണത്തെ ജൂറി മെംബേർസ് ഗ്രൂപ്പിൽ ഞാൻ വെറുതെ ഒരു ഓർമ്മക്കുറിപ്പിട്ടു. അതിന് മറുപടിയായി, കേരളത്തിലെ മിക്ക ഹാക്കത്തോണിന്റെയും നെടുംതൂണായ എന്റെ മുൻ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാർ ഇത്തവണയും അഗ്രി ഹാക്കത്തോൺ നടത്തുന്നതായി അറിയിച്ചു.പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറവായതിനാൽ കഴിഞ്ഞ തവണത്തെയത്ര ജൂറി അംഗങ്ങൾ ഉണ്ടായിരിക്കില്ല എന്ന മുന്നറിയിപ്പും കിട്ടി.എങ്കിലും മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരിൽ നിന്ന് എനിക്ക് മാത്രം ഇത്തവണയും സെലക്ഷൻ ലഭിച്ചു.അങ്ങനെ വെള്ളായണി കാർഷിക കോളേജിൽ വച്ച് നടക്കുന്ന രണ്ടാമത്തെ അഗ്രി ഹാക്കത്തോണിലും ജൂറി മെമ്പറായി ഞാൻ എത്തി.

കഴിഞ്ഞ വൈഗയെപ്പോലെ ചില സൗഹൃദങ്ങൾ ഒന്ന് കൂടി ഊട്ടിയുറപ്പിക്കാനും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന കോവളം ബീച്ചിലൂടെ ഒരു പ്രഭാതസവാരി നടത്താനും വൈഗ പ്രദർശനത്തിന്റെ ശരിയായ വലിപ്പവും ആവേശവും തിരിച്ചറിയാനും പുതിയ കുറെ സുഹൃത്തുക്കളെ നേടിയെടുക്കാനും എല്ലാം ഈ വൈഗയിലൂടെ സാധിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും അമ്പത് രൂപ കൊടുത്ത് കാണാൻ സാധിക്കുക എന്നത് വളരെ മൂല്യവത്താണ് എന്നതിൽ സംശയമില്ല.സമയക്കുറവ് കാരണം എനിക്ക് അത് മുഴുവൻ കാണാൻ സാധിച്ചില്ല എന്ന ഖേദം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.