Pages

Wednesday, July 31, 2024

വരൂ, ഈ ചിറകിലൊളിക്കൂ.

ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു റംസാൻ കാലം. എൻ്റെ ഒരു സുഹൃത്ത് വാട്സാപ്പിൽ എനിക്ക് ഒരു കുറിപ്പ് അയച്ച് തന്നു. സാമാന്യം നീളമുള്ള ഒരു കുറിപ്പായിരുന്നു അത്. റമദാൻ മഴ എന്നോ മറ്റോ ആണ് കുറിപ്പിൻ്റെ പേര്. റംസാൻ കാലമായതിനാൽ വെറുതെ ആരും ഫോർവേർഡ് മെസേജുകൾ വിടില്ല എന്ന് വിശ്വാസമുള്ളതിനാൽ ഞാൻ ആ കുറിപ്പ് വായിച്ചു. കുറിപ്പിൻ്റെ ഉള്ളടക്കവും ഗുണപാഠവും ആഖ്യാന ശൈലിയും എല്ലാം എനിക്ക് ഏറെ ഇഷ്ടമായി.

അടുത്ത ദിവസവും പ്രസ്തുത സുഹൃത്ത് ഒരു മെസേജ് കൂടി അയച്ചു. പേര് വീണ്ടും റമദാൻ മഴ ആയതിനാൽ തലേ ദിവസത്തെ അതേ കുറിപ്പ് വീണ്ടും ഫോർവേഡ് ചെയ്തതാണ് എന്ന് കരുതി ഞാൻ മൈൻഡ് ചെയ്തില്ല. അടുത്ത ദിവസം പിന്നെയും റമദാൻ മഴ വന്നതോടെ ഇതൊരു തോരാ മഴയാണെന്നും ഓരോ ദിവസവും വ്യത്യസ്ത കുറിപ്പുകൾ ആണെന്നും എനിക്ക് മനസ്സിലായി. തലേ ദിവസം വന്ന കുറിപ്പും അന്നത്തെ കുറിപ്പും വായിച്ചതോടെ ഞാൻ റമദാൻ മഴക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി.പിന്നീട് എല്ലാ വർഷവും റമദാൻ മഴ പെയ്തതോടെ ഓരോ വായനയും ഹൃദ്യമായി. പി.എം.എ ഗഫൂർ ആയിരുന്നു ഈ റമദാൻ മഴ എന്ന പ്രഭാഷണ പരമ്പരയുടെ ഉപജ്ഞാതാവ്.

ചെറിയ കഥകളും സംഭവങ്ങളും പറഞ്ഞ് വലിയൊരു കാര്യത്തെപ്പറ്റി ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന പ്രഭാഷണങ്ങളും അവയുടെ കുറിപ്പും ആയിരുന്നു റമദാൻ മഴയായി പെയ്തു കൊണ്ടിരുന്നത്. ജാതി-മത-ഭേദമന്യേ എല്ലാവരും അത് വായിക്കുന്നു എന്നതിന് തെളിവായിരുന്നു പല പൊതു ഗ്രൂപ്പുകളിലും അവ കാണപ്പെട്ടത്. സമൂഹത്തിൻ്റെയും വ്യക്തികളുടെയും ബന്ധങ്ങളും സൗഹൃദങ്ങളും കെട്ടുറപ്പുള്ളതാക്കാൻ ഉതകുന്ന, അതീവ ലളിത ശൈലിയുള്ള ആഖ്യാന രീതി കൂടിയായതിനാൽ അത് ഏത് പ്രായക്കാർക്കും  വായനാസുഖവും നൽകും.

ഇത്തരം ഇരുപത്തി എട്ട് കുറിപ്പുകളുടെ ഒരു സമാഹാരമാണ് വരൂ, ഈ ചിറകിലൊളിക്കൂ എന്ന ചെറിയ കൃതി. കുട്ടികളും മുതിർന്നവരും വായിച്ച് മനസ്സിലാക്കേണ്ടതും പ്രവൃത്തിപഥത്തിൽ കൊണ്ടു വരേണ്ടതുമായ നിരവധി വിഷയങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ആമുഖത്തിൽ പറഞ്ഞ പോലെ ഇതിലെ ഒരു വാക്ക് പോലും നിങ്ങളെ ഭാരപ്പെടുത്തില്ല ഹൃദയത്തിൻ്റെ അരികത്ത് വന്ന് ചില സ്വകാര്യങ്ങൾ പറയുകയാണ്..

പുസ്തകം: വരൂ, ഈ ചിറകിലൊളിക്കൂ
രചയിതാവ്: പി.എം.എ ഗഫൂർ
പ്രസാധകർ: ഐ.പി.എച്ച് കോഴിക്കോട്
പേജ്: 64
വില: Rs 90

Wednesday, July 24, 2024

കലക്കാത്തെ സന്ദനേമേര... (അട്ടപ്പാടി യാത്ര - 3)

(ഭാഗം - 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

"ആബിദേ... നമുക്ക് ഇവിടെ ഇറങ്ങാം.." വണ്ടി നക്കുപ്പതി തിരിച്ചെത്തിയപ്പോൾ സിന്ധു പറഞ്ഞു.

"അപ്പോ... നഞ്ചിയമ്മയെ കാണാൻ പറ്റില്ലേ?" നാരായണന് സംശയമായി.

"അതെ... ഇനി അങ്ങോട്ടാണ് പോകുന്നത് .. അവിടെ ഉണ്ടെങ്കിൽ കാണാം...." സിന്ധു പറഞ്ഞു.

മുന്നിൽ നടന്നു കൊണ്ട് സിന്ധു ഞങ്ങളെ നക്കുപ്പതി ഊരിലേക്ക് നയിച്ചു. കയ്യിൽ കരുതിയിരുന്ന പൊന്നാടയുമായി ഞാനും കൂടെ നടന്നു. സാധാരണ ഊരുകളിൽ നിന്നും വ്യത്യസ്തമായി വീടുകളെല്ലാം സാമാന്യം ഭേദപ്പെട്ടവയായിരുന്നു.

"കലക്കാത്തെ സന്ദനമേര വെഗവെഗാ പൂത്തിറുക്ക്, പൂ പറിക്കാൻ പോകിലാമ്മ ..." എന്ന പാട്ട് നടത്തത്തിനിടയിൽ എവിടെ നിന്നോ കാതിലേക്ക് ഒഴുകി വരുന്നതായി തോന്നി. കോൺക്രീറ്റ് വിരിച്ച പാത അവസാനിക്കുന്നിടത്ത് ഇടത് വശത്ത് മുകൾ ഭാഗത്തുള്ള വീട്ടിലേക്കാണ് സിന്ധു ഞങ്ങളെ കൊണ്ടുപോയത്. മരക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഗേറ്റ് കടന്നു അകത്തെത്തിയപ്പോൾ മുറ്റത്തൊരു കാറ് ! 

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് ആയ "കലക്കാത്തെ സന്ദനമേര ..." എന്ന പാട്ട് എഴുതുകയും പാടുകയും ചെയ്തതിലൂടെ 2020 ലെ , മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തിയാണ് നഞ്ചിയമ്മ. ആദിവാസി ഇരുള വിഭാഗത്തിൻ്റെ ഭാഷയിലാണ് ഈ പാട്ട് എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗോത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗം കൂടിയാണ് നഞ്ചിയമ്മ.

എല്ലാ ഫോട്ടോയിലും കാണുന്ന നിഷ്കളങ്കമായ ആ പുഞ്ചിരി ചുണ്ടിൽ വിടർത്തി നഞ്ചിയമ്മ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചിരുത്തി.ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. സ്വീകരണ മുറിയിലെ ഷോക്കേസിൽ നിരവധി മെമൻ്റോകൾ അടുക്കി വച്ചിരിക്കുന്നു. അതിൽ ഉൾക്കൊള്ളാനാവാതെ ബാക്കി വന്നവ തൊട്ടടുത്ത റൂമിൽ നിലത്ത് കൂട്ടിയിട്ടിട്ടും ഉണ്ട്. മെമൻ്റോ വേണ്ട എന്ന് സിന്ധു പറഞ്ഞത് വെറുതെയല്ല എന്ന് മനസ്സിലായി.

87 SSC ബാച്ചിനായി ഞാൻ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു. ചുരുങ്ങിയ വാക്കുകളിലൂടെ അവർ തൻ്റെ സന്തോഷവും പ്രകടിപ്പിച്ചു, ശേഷം ഞങ്ങളെല്ലാവരും കൂട്ടമായും ഒറ്റക്കും എല്ലാം നഞ്ചിയമ്മയുടെ കൂടെ ഫോട്ടോ എടുത്തു. നേരിട്ട് ഒരു പാട്ട് കേൾക്കാൻ എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മരുന്ന് കഴിക്കുന്നതിനാൽ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. പ്രതീക്ഷിക്കാതെ ലഭിച്ച സന്ദർശനാവസരവും അവരുമായുള്ള സംസാരവും എനിക്കും സഹപാഠികൾക്കും ഹൃദ്യാനുഭവമായി.

തിരിച്ചിറങ്ങുമ്പോൾ, ചെളി പോലുള്ള മണ്ണിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന മല്ലികത്തൈകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആവശ്യമുള്ള അത്രയും കൊണ്ടു പോകാൻ നഞ്ചിയമ്മ സമ്മതം തന്നതോടെ ഞാനടക്കമുള്ള ചെടി ഭ്രാന്തന്മാർ കുറച്ച് തൈകൾ പറിച്ചെടുത്തു. വീട്ടുമുറ്റത്ത് അത് പൂവിട്ടു നിൽക്കുന്ന കാലത്തോളം ഈ അട്ടപ്പാടി യാത്രയും അതിലെ അനുഭവങ്ങളും മനസ്സിൽ വസന്തങ്ങൾ വിരിയിച്ച് കൊണ്ടിരിക്കും.


(അവസാനിച്ചു)


Monday, July 22, 2024

ലുഅ @ ജാമിയ മില്ലിയ

നാം ആഗ്രഹിച്ചതും നമുക്ക് സാധിക്കാതെ പോയതുമായ കാര്യങ്ങൾ മക്കൾ നേടിയെടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്. 1992 ൽ ഫിസിക്സിൽ ബിരുദം നേടിയപ്പോൾ അലീഗഡ് പോലെയുള്ള ഏതെങ്കിലും പ്രശസ്തമായ സർവ്വകലാശാലയിലോ കേരളത്തിന് പുറത്തുള്ള മറ്റേതെങ്കിലും സ്ഥാപനത്തിലോ പി.ജി ക്ക് ചേരണമെന്നായിരുന്നു എന്റെ ആഗ്രഹം. അവസാനം, മുറ്റത്തെ സർവ്വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് തന്നെ അത് പൂർത്തിയാക്കേണ്ടി വന്നു.

മൂത്ത മകൾ ലുലു ഡൽഹിയിൽ പഠിക്കാൻ  ഒരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ അതിന് സമ്മതം മൂളി. അത് സാധിച്ചില്ലെങ്കിലും സെൻട്രൽ യൂനിവേഴ്സിറ്റി വഴി അവൾ അതിനും അപ്പുറത്തുള്ള ജമ്മുവിൽ കാലുകുത്തി, എം.എസ്.സി മാത് സ് പഠനം പൂർത്തിയാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന്  എം.എസ്.സി മാത് സ് എടുക്കാനായിരുന്നു താല്പര്യം. അൽഹംദുലില്ലാഹ്, പ്രവേശന പരീക്ഷ വിജയിച്ച് ഇന്ന് അവൾ ജാമിയയിൽ വിദ്യാർത്ഥിയായി ചേർന്നു. 

അടുത്ത രണ്ട് പേർ ഇനി എവിടെ ചേരണം എന്നാണാവോ പറയുക?

നരസിമുക്കിലേക്ക് .... (അട്ടപ്പാടി യാത്ര - 2)

(ഭാഗം - 1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

വർഷങ്ങൾക്ക് ശേഷമാണ് സിന്ധുവും ഞാനും കണ്ടുമുട്ടുന്നത്. വർഷങ്ങളുടെ വിടവും പ്രായത്തിൻ്റെ മാറ്റവും ഞങ്ങളുടെ മുഖപരിചയത്തിലും വിള്ളൽ വീഴ്ത്തിയിരുന്നു. പക്ഷെ, ഒരു ചായക്കോപ്പയിലെ പുക പടലം പോലെ നിമിഷങ്ങൾക്കുള്ളിൽ അത് അപ്രതൃക്ഷമായി. ഹൃദ്യമായ സ്വീകരണവും പഠന സാമഗ്രികളുടെ കൈമാറ്റത്തിനും ശേഷം (click & read) ഞങ്ങൾ വീണ്ടും കാഴ്ചകൾ കാണാനിറങ്ങി.

"വിസ്പറിംഗ് ഹിൽസ് " എന്ന റിസോർട്ടായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.ഗൂഗിളമ്മായിയോട് വഴി ചോദിച്ചിരുന്നെങ്കിലും, വഴി തെറ്റി ഒരു കടന്നാ കുടുങ്ങി റോഡിൽ എത്തി. റോഡവിടെ അവസാനിച്ചതിനാൽ അബദ്ധം പെട്ടെന്ന് തിരിച്ചറിഞ്ഞു. പണിപ്പെട്ട് കാർ റിവേഴ്സ് എടുത്ത് ശരിയായ വഴിയിലേക്ക് തന്നെ ഞങ്ങൾ കയറി. താമസിയാതെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

മാനേജർ അലക്സ് ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ചെളി നിറഞ്ഞ ഒരു വഴി കാണിച്ച് അത് വഴി പോകാനും ജീപ്പിൽ അവർ പിന്നാലെ വരാമെന്നും പറഞ്ഞു. വഴിയിൽ ഉയർന്ന് നിൽക്കുന്ന കല്ലുകളിൽ ഇന്നോവയുടെ അടി തട്ടാൻ സാദ്ധ്യതയുള്ളതിനാൽ മൂന്ന് പേർ ജീപ്പിൽ കയറുന്നതാവും നല്ലതെന്ന് ഡ്രൈവർ സുധാരകരൻ നിർദ്ദേശം വച്ചു. ജീപ്പ് വന്നതും മുജീബും ജാഫറും ചാടിയിറങ്ങി അതിലേക്ക് ഓടി. ചുമരിലേക്ക് കോട്ടി അടിച്ച പോലെ രണ്ട് പേരും ഉടനെത്തന്നെ തിരിച്ചെത്തി. കന്ന് പൂട്ടിന് ഉപയോഗിച്ച ട്രാക്ടർ പോലെയായിരുന്നു ജീപ്പിൻ്റെ ഉൾഭാഗം പോലും !!

ഓഫ് റോഡിലൂടെ കുത്തിക്കുലുങ്ങി അലക്സിൻ്റെ ജീപ്പും പിന്നാലെ അതീവ ശ്രദ്ധയോടെ ഞങ്ങളുടെ ഇന്നോവയും നീങ്ങി. ഇനി മുന്നോട്ട് പോകില്ല എന്ന് ഉറപ്പായ ഒരു സ്ഥലത്ത് സുധാകരൻ ഇന്നോവ നിർത്തി. മഴ ചാറാൻ തുടങ്ങിയതിനാൽ മുന്നോട്ടുള്ള വഴി വീണ്ടും ചെളി നിറഞ്ഞതായി മാറി. എങ്കിലും വഴുതാതെയും വീഴാതെയും ഞങ്ങളെല്ലാവരും വിസ്പെറിംഗ് ഹിൽസിൻ്റെ ടോപ്പിലെത്തി.

മനോഹരമായി സെറ്റ് ചെയ്ത A ഷേപ്പ് ഹട്ടുകളും വില്ലകളും,ക്യാമ്പ് ഫയറിനും ഭക്ഷണം കഴിക്കാനും പ്രത്യേകം സൗകര്യപ്പെടുത്തിയ ഇടങ്ങളും, 360 ഡിഗ്രിയിൽ കാഴ്ച കാണാൻ ഉതകും വിധത്തിലുള്ള വ്യൂ പോയിൻ്റും - ഒറ്റനോട്ടത്തിൽ വിസ്പറിംഗ് ഹിൽസിലെ കാഴ്ചകൾ ഇതായിരുന്നു. അകമ്പടിയായി  കാറ്റിൻ്റെ നേർത്ത മർമ്മരവും കോടയുടെ തണുപ്പും കൂടി അരിച്ചിറങ്ങിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് "കൊമ്മാനഗുഡി" യിൽ (click & read) പോയതാണ് എനിക്ക് ഓർമ്മ വന്നത്. ഹോഴ്സ് റൈഡ്, ഫ്രൂട്ട്സ് പാർക്ക്, പ്രകൃതി നടത്തം, ട്രക്കിംഗ് തുടങ്ങീ മറ്റ് നിരവധി സൗകര്യങ്ങൾ കൂടി ഉണ്ട് എന്ന് മാനേജർ അലക്സ് പറഞ്ഞു. കൺമുന്നിൽ കോട പൂക്കുന്നത് കണ്ടും തൊട്ടും അറിഞ്ഞും ആസ്വദിച്ചും ഏറെ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.


സിന്ധുവിൻ്റെ സ്കൂളിൽ പഠിക്കുന്ന, കിടപ്പിലായ ഒരു കുട്ടിക്ക് ബാഗും അനുബന്ധ പഠന സാമഗ്രികളും നേരിട്ട് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ, ഞങ്ങൾ പിന്നീട് പോയത് കതിരമ്പതി ഊരിലേക്കാണ്. സിന്ധുവിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ വീട് അന്വേഷിച്ച് പിടിച്ചു. ഗ്ലൂക്കോമയും ഓട്ടിസവും ബാധിച്ച കുട്ടിയുടെയും അവളുടെ കുടുംബത്തിൻ്റെയും അവസ്ഥ ഞങ്ങളിൽ ഒരു നൊമ്പരം പടർത്തി. സാധനങ്ങൾ കൈമാറി പെട്ടെന്ന് തന്നെ ഞങ്ങൾ ഗൂളിക്കടവിലേക്ക് തിരിച്ചു.

ഉച്ചഭക്ഷണം കഴിച്ച് കഴിയുമ്പഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. അയ്യപ്പനും കോശിയും പ്രസിദ്ധമാക്കിയ നരസിമുക്ക് കാണുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അഗളി റെസ്റ്റ് ഹൗസിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലൂടെ സിന്ധു ഞങ്ങളെ നയിച്ചു. അഗളിയിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരമേ നരസിമുക്ക് വ്യൂ പോയിന്റ്ലേക്കുള്ളൂ. മഴക്കാലമായതിനാൽ പച്ചപിടിച്ച് നിൽക്കുന്ന മലകളും താഴ് വാരങ്ങളും മാത്രമായിരുന്നു ചുറ്റിലും ഉണ്ടായിരുന്നത്. മഴ വീണ്ടും പെയ്യാൻ തുടങ്ങിയതിനാൽ വാഹനത്തിലിരുന്ന് തന്നെ ഞങ്ങൾ ആ കാഴ്ചകൾ ആസ്വദിച്ചു.

"ആബിദേ... നമ്മൾ കുഞ്ചിയമ്മയെ കാണാൻ പോകുന്നില്ലേ ?" നരസിമുക്കിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ നാരായണൻ ചോദിച്ചു.

"കുഞ്ചിയമ്മയല്ല, നഞ്ചിയമ്മ " ആരോ തിരുത്തി.

"അതെ... അടുത്തത് അവരുടെ വീട്ടിലേക്കാണ്. അവിടെ ഉണ്ടെങ്കിൽ കാണാം..." മറുപടി പറഞ്ഞത് സിന്ധുവായിരുന്നു.

(തുടരും...)

Friday, July 19, 2024

ഒരു അട്ടപ്പാടി യാത്ര - 1

അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ സൈലൻറ് വാലിയും മധുവും ആണ് എപ്പോഴും മനസ്സിൽ ഓടി വരുന്നത്. വിവിധ മാധ്യമങ്ങൾ വഴിയും അട്ടപ്പാടിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അത് കൂടുതലും പട്ടിണി മരണങ്ങളെക്കുറിച്ചായിരുന്നു. സൈലൻറ് വാലിക്കപ്പുറം ഈ റൂട്ടിൽ യാത്ര ചെയ്യാത്തതിനാൽ അട്ടപ്പാടിയെപ്പറ്റി എനിക്ക് കൂടുതൽ അനുഭവ പരിചയവും ഇല്ലായിരുന്നു.ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്കും, എനിക്കും കൂട്ടുകാർക്കും ചെയ്യാൻ പറ്റുന്ന വളരെ നല്ല സാമൂഹ്യപ്രവർത്തനം എന്ന നിലക്കും, ഒപ്പം ഒരു വിനോദയാത്ര എന്ന നിലക്കുമായിരുന്നു അഗളിയിലെ കാരറ ഗവ. യു പി സ്‌കൂളിലേക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിന് ഞാൻ മുന്നിട്ടിറങ്ങിയത്.

രാവിലെ ആറര മണിയോടെ ഞാനും പത്താം ക്‌ളാസ് സഹപാഠികളായിരുന്ന ശൈഖ് മുജീബ് റഹ്മാൻ, ജാഫർ, മുജീബ്റഹ്മാൻ, മെഹബൂബ്, ബഷീർ, നാരായണൻ എന്നിവരും അടങ്ങുന്ന ഏഴംഗ സംഘം അരീക്കോട് നിന്നും  പുറപ്പെട്ടു.ആദിവാസി ജീവിതവും സൈലന്റ് വാലിയും പരിചയപ്പെടാൻ ഒരു അവസരം ആകും എന്നതിനാൽ എന്റെ ചെറിയ മകൻ ലിദുവിനെയും ഞാൻ കൂടെക്കൂട്ടി.എട്ടര മണിയോടെ ഞങ്ങൾ മണ്ണാർക്കാട് എത്തി. പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടർന്നു.

ആനമൂളി എന്ന സ്ഥലം കഴിഞ്ഞതും ചുരം ആരംഭിച്ചു.മൺസൂൺ സീസൺ ആയതിനാൽ വഴിനീളെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും പാറയിൽ നിന്നുള്ള നീരൊഴുക്കുകളും കാണാമായിരുന്നു.സഞ്ചാരികളിൽ പലരും അതെല്ലാം ക്യാമറയിൽ പകർത്തുന്നുമുണ്ട്. അൽപ നേരത്തെ യാത്രക്ക് ശേഷം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്ത ഒരു ഹെയർപിൻ വളവിൽ ഞങ്ങളെത്തി.അട്ടപ്പാടി ചുരത്തിലെ പ്രധാനപ്പെട്ട ഒരു വ്യൂ പോയിന്റായിരുന്നു അത്.നേരിയ ചാറൽ മഴയ്‌ക്കൊപ്പം കോടയും കൂടി ഇറങ്ങിയതോടെ അത് വേറിട്ട ഒരു അനുഭവമായി.അൽപനേരം അതാസ്വദിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടമായ മുക്കാളിയായിരുന്നു ഞങ്ങളുടെ  അടുത്ത ഡെസ്റ്റിനേഷൻ. പത്ത് വർഷം മുമ്പ് എന്റെ കോളേജിലെ കുട്ടികളെയും കൊണ്ട് പ്രകൃതി പഠന ക്യാമ്പിന് (click & read) എത്തിയപ്പോഴുള്ള മുക്കാളിയല്ല ഇപ്പോഴത്തെ മുക്കാളി എന്ന് അവിടെ ഇറങ്ങിയപ്പോഴേ മനസ്സിലായി.ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു മധു എന്ന ആദിവാസി യുവാവ് രക്തസാക്ഷിയായത് ഈ കവലയിലായിരുന്നു. പത്ത് വർഷം മുമ്പ് ഞങ്ങൾ താമസിച്ച ഡോർമെട്രിയും പാചകപ്പുരയും കണ്ടപ്പോൾ മനസ്സിൽ  ഓർമ്മകൾ വീണ്ടും തിരതല്ലി.സൈലന്റ് വാലിക്ക് അകത്ത് കയറാൻ പ്ലാൻ ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ അഗളിയിലേക്ക് തിരിച്ചു.

വഴിയിൽ ഭവാനിപ്പുഴക്ക് കുറുകെയുള്ള ചെറിയ ഒരു പാലം ദൃഷ്ടിയിൽ പെട്ടു.സമയം ധാരാളം ഉള്ളതിനാൽ ഞങ്ങൾ അവിടെയും ഇറങ്ങി. കേരളത്തിലെ നാല്പത്തിനാല് നദികളിൽ മൂന്നെണ്ണം മാത്രമാണ് കിഴക്കോട്ട് ഒഴുകുന്നത്.അതിൽ ഒന്നാണ് ഭവാനി.വയനാട്ടിലെ കബനിയും ഇടുക്കിയിലെ പാമ്പാറുമാണ് മറ്റു രണ്ടെണ്ണം.തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.

മൺസൂൺ കാലത്ത് എല്ലാ പുഴകളും അപകടകരമായതിനാൽ ഭവാനിയെ പാലത്തിൽ നിന്ന് നോക്കിക്കണ്ട് ഞങ്ങൾ യാത്ര തുടർന്നു.പത്തര മണിയോടെ, എന്റെ സഹപാഠിയായിരുന്ന സിന്ധുവിന്റെ  (click & read) നക്കുപതിയിലെ വീട്ടിൽ ഞങ്ങളെത്തി.


ഭാഗം 2 : നരസിമുക്കിലേക്ക്...