Pages

Thursday, October 31, 2024

ഹംഗർ ഫോർഡിലെ കാഴ്ചകൾ (ഊട്ടി പട്ടണം - 8)

ഊട്ടി പട്ടണം - 7

ഹംഗർ ഫോർഡിലേക്ക് യാത്ര പുറപ്പെടുമ്പോൾ എൻ്റെ മനസ്സ് കാലിയായിരുന്നു, വയറും. അവിടെ കാണാനുള്ളത് എന്ത് എന്ന ചോദ്യത്തിന് സ്ഥലം നിർദ്ദേശിച്ച മരുമകന് പോലും പ്രത്യേകിച്ച് ഒന്നും പറയാനില്ലായിരുന്നു.സഞ്ചാരി വ്‌ളോഗർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയ പബ്ലിസിറ്റിയാണ് ഹംഗർ ഫോർഡിനെ പ്രസിദ്ധമാക്കിയത്.

കർണ്ണാടക സിരി പാർക്കിൽ നിന്നും ഹംഗർ ഫോർഡിലേക്ക് പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ അറിയാത്ത ഏത് വഴിയും ചോദിച്ചറിയാൻ ഗൂഗിളമ്മായി ഉള്ളതിനാൽ മൂപ്പത്തി പറഞ്ഞ് തന്ന വഴിയേ ഞങ്ങൾ നീങ്ങി. 

ടൗണിൽ  നിന്നും അഞ്ചാറ് കിലോമീറ്റർ പിന്നിട്ടതോടെ അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ നിരവധി കെട്ടിടങ്ങൾ ഇടത് വശത്ത് കാണാൻ തുടങ്ങി. അതും കഴിഞ്ഞതോടെ ഒരു വാഹനം പോലും കാണാത്ത ഇരു വശത്തും കാട്ടുചെടികൾ വളർന്ന് നിൽക്കുന്ന വളവും തിരിവും നിറഞ്ഞ  റോഡിലൂടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. തലേ ദിവസം ഗൂഡല്ലൂരിൽ നിന്നടിച്ച ആയിരം രൂപയുടെ പെട്രോൾ ആയിരുന്നു വണ്ടിയുടെ ടാങ്കിലെ ഇന്ധനം. ഞങ്ങളുടെ ടാങ്കിലെ ഇന്ധനം വെറും വായു മാത്രവും.

"ഇനി വലത്തോട്ട്..." ഏതാനും വാഹനങ്ങളും ആൾക്കാരും ഉള്ള ഒരു കവലയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നോക്കിക്കൊണ്ടിരുന്ന ലുലു പറഞ്ഞു.

"ങേ!!" വലത്തോട്ട് ഒരു വഴിയും കാണാത്തതിനാൽ ഞാൻ ഞെട്ടിപ്പോയി.

" സേട്ടാ ... ഹംഗർ ഫോർഡ് എങ്കെ ?" പുറത്ത് കണ്ട ഒരാളോട് ഞാൻ ചോദിച്ചു.

"ഹംഗർ ഫോർഡ്..." അയാളൊന്ന് ചിരിച്ചു."ഗൂഗിൾ സൊല്ലി ഇങ്കെ... നിറയെ ആളു ഇങ്കെ വർന്ന് .... മുൻറ് കിലോമീറ്റർ ഡ്രൈവ് വേസ്റ്റ് ...". 

അപ്പോൾ നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ അത് അങ്ങോട്ടുള്ള റോഡ് ആയിരുന്നില്ല.മൂന്ന് കിലോമീറ്റർ തിരിച്ച് പോയാൽ ഇടതു ഭാഗത്ത് ഒരു ബസ് സ്റ്റോപ്പ് കാണുമെന്നും അതിന്റെ സമീപമുള്ള റോഡിലൂടെ പോകണമെന്നും പറഞ്ഞതനുസരിച്ച് ഞാൻ കാർ തിരിച്ചു.ഗൂഗിളമ്മായി അപ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

അയാൾ പറഞ്ഞതനുസരിച്ച് ഏകദേശം മൂന്ന് കിലോമീറ്റർ ഞാൻ തിരിച്ചു പോന്നു. നേരത്തെ കണ്ട അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ സ്റ്റാഫ് ക്വർട്ടേഴ്‌സിന്റെ ഗേറ്റിന് നേരെ എതിർഭാഗത്തുള്ള റോഡിലൂടെയായിരുന്നു ഞങ്ങൾക്ക് പോകേണ്ടത്.അതാകട്ടെ നേരത്തെ പോയതിലും മോശമായതും ഒരൊറ്റ വാഹനത്തിന് മാത്രം പോകാൻ പറ്റുന്നതുമായിരുന്നു.ഞങ്ങളെപ്പോലെ പ്രാന്തുള്ള ഒരു സഞ്ചാരിയും എതിർദിശയിൽ വരാത്തതിനാൽ ഞങ്ങൾ ഒരുവിധം ഹംഗർ ഫോർഡിൽ എത്തി.

റോഡിന്റെ ഇരുവശവും പരന്നു കിടക്കുന്ന വിശാലമായ തേയിലത്തോട്ടമാണ് ഹംഗർ ഫോർഡ്.ഇടതു വശത്തെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഗേറ്റും അവിടെ ഒരു ഹിന്ദിക്കാരനും ഇരിക്കുന്നുണ്ട്. തോട്ടത്തിനകത്ത് ഒരു പാലവും ബംഗ്ലാവും ഉണ്ടെന്നും അകത്ത് പ്രവേശിക്കാൻ ഒരാൾക്ക് നൂറ് രൂപ വേണമെന്നും അയാൾ പറഞ്ഞു.അത്രയും ദൂരം കഷ്ടപ്പെട്ട് ഓടി എത്തിയതിനാൽ പറഞ്ഞ കാശ് കൊടുത്ത് അകത്ത് കയറാൻ ഞങ്ങൾ തീരുമാനിച്ചു.ഇത്രയും കാലം അമ്പത് രൂപയേ വാങ്ങിയിരുന്നുള്ളൂ എന്നും അകത്തുള്ളത് ബംഗ്ലാവല്ല, ഏതോ സിനിമയ്ക്ക് വേണ്ടി ഏതോ കാലത്തിട്ട ഒരു സെറ്റ് ആണെന്നും പുറത്ത് നിന്നിരുന്ന ഒരു മലയാളി ഡ്രൈവർ പറഞ്ഞു തന്നു.

ഗേറ്റ് കടന്നയുടനെ ഒരു പഴയ മരപ്പാലം കണ്ടു.മുളയോ മറ്റോ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ പാലം കടന്നാൽ എത്തുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന് മുന്നിലാണ്.ദൂരെ നിന്ന് കാണാൻ ഭംഗിയുണ്ടെങ്കിലും അടുത്തെത്തിയാൽ ഒട്ടും ഭംഗി തോന്നില്ല. നേരത്തെ ആ മലയാളി ഡ്രൈവർ പറഞ്ഞപോലെ അത് ഒരു താൽക്കാലിക സെറ്റ് മാത്രമായിരുന്നു.മേൽക്കൂരയും ഭിത്തികളും എല്ലാം പൊളിഞ്ഞ് തുടങ്ങിയ നിലയിലും അകം മുഴുവൻ കന്നുകാലി വിസർജ്ജ്യം നിറഞ്ഞ നിലയിലും ആയിരുന്നു.താൽക്കാലിക ഭിത്തിയിൽ നിറയെ പേരുകൾ എഴുതി വച്ചിരുന്നു.എല്ലാം മലയാളി പേരുകൾ ആയതിനാൽ ഈ സ്ഥലം അറിയുന്നത് മലയാളികൾക്ക് മാത്രമാണെന്ന് മനസ്സിലായി. പക്ഷെ പ്രകൃതിയുടെ മനോഹരമായ ഒരു ഫ്രയിമിൽ നിൽക്കുന്നതിനാൽ റീൽ ചെയ്യുന്നവർക്കും സ്റ്റോറി ഇടുന്നവർക്കും എല്ലാം ഇഷ്ടമാകും.നിരന്ന ഒരു സ്ഥലവും വെള്ളവും കിട്ടിയതിനാൽ ഞങ്ങൾ അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു.


ഈ യാത്ര മുഴുവൻ ഒരു എക്സ്പ്ലൊറേഷൻ ആയതിനാൽ തിരിച്ചുപോക്ക് മസിനഗുഡി വഴി ആക്കാമെന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു. അതുപ്രകാരം വന്ന വഴിയേ തന്നെ ശ്രദ്ധിച്ച് വണ്ടി തിരിച്ചു വിട്ടു.തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച പല വഴിയിലൂടെയും കയറി ഇറങ്ങി ഞങ്ങൾ ഫിംഗർ പോസ്റ്റിലെത്തി.പതിനഞ്ച് മിനുട്ട് കൊണ്ട് മസിനഗുഡിയിലേക്ക് തിരിയുന്ന തലൈകുന്ദയിലും എത്തി.റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ട് പോകാൻ ശ്രമിച്ച എന്നെ പോലീസ് തടഞ്ഞു.അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരം ഇറങ്ങണമെങ്കിൽ ഊട്ടി ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അതുള്ള ഒരു ഡ്രൈവർ വേണമെന്ന് പോലീസ് അറിയിച്ചു.കാറിൽ ഇനിയൊരാൾക്ക് കൂടി സ്ഥലമില്ലാത്തതിനാലും മസിനഗുഡി വഴി ഗൂഡല്ലൂർ എന്നത് അത്ര നല്ല ഒരു ഓപ്‌ഷൻ അല്ലാത്തതിനാലും ഞാൻ ആ പ്ലാൻ ഒഴിവാക്കി നേരെ ഗൂഡല്ലൂരിലേക്ക് വിട്ടു (ഹംഗർ ഫോർഡിൽ നിന്നും ഒന്നേകാൽ മണിക്കൂർ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാൽ ഗൂഡല്ലൂർ എത്തുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി).

ഏതൊരു ഊട്ടി സഞ്ചാരിയും എന്നും ഇഷ്ടപ്പെടുന്ന കാരറ്റ് കെട്ട് വാങ്ങാനും പൊട്ടിച്ച് കഴിക്കാനും ഞങ്ങളും വഴിയിൽ സമയം കണ്ടെത്തി. ഗൂഡല്ലൂരിൽ നിന്ന് ഞങ്ങളുടെ ആമാശയവും കാറിന്റെ ആമാശയവും നിറച്ച ശേഷം നാടുകാണി എത്തി. ഊട്ടി ബർക്കി ലൈവ് ആയി ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന കടയിൽ കയറി എട്ട് പാക്കറ്റ് ബർക്കിയും മറ്റു സാധനങ്ങളും വാങ്ങിയതോടെ ഈ ട്രിപ്പിലെ അവസാന ഇനവും ഭംഗിയായി പൂർത്തിയായി.അപ്പോൾ രാത്രിയുടെ കരിംപുതപ്പ് നാടുകാണി ചുരത്തെ സാവധാനം മൂടാൻ തുടങ്ങിയിരുന്നു.


(അവസാനിച്ചു)

Tuesday, October 29, 2024

ബ്യൂട്ടീസ് ഓഫ് ഊട്ടി ( ഊട്ടി പട്ടണം 7 )

ഊട്ടി പട്ടണം 6

ഊട്ടിയിൽ ആദ്യമായി എത്തുന്നവർ നിർബന്ധമായും കാണേണ്ട ഒരു സ്പോട്ട് ആണ് ഊട്ടി തടാകം. 1824 ൽ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സുള്ളിവൻ മൽസ്യ ബന്ധനത്തിനായി പണികഴിപ്പിച്ചതാണ് ഈ തടാകം.അറുപത്തിയഞ്ച് ഏക്കറിലോളം പരന്നു കിടക്കുന്ന ഈ തടാകം, പ്രത്യക്ഷത്തിൽ പ്രകൃതി ദത്തമാണെന്ന് തോന്നുമെങ്കിലും മനുഷ്യ നിർമ്മിതമാണ്.ഊട്ടിയുടെ കുളിരും ആസ്വദിച്ച് കൊണ്ട് ഈ തടാകത്തിലൂടെയുള്ള ബോട്ടിംഗ് ഊട്ടിയിൽ എത്തുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്.കുട്ടികൾക്ക് ആ യാത്ര അറിയാനായി ഞങ്ങൾ ബോട്ട് ഹൗസിലെത്തി.  

ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷത്തിലാണ് ഞാൻ ആദ്യമായി ഊട്ടിയിൽ എത്തിയിരുന്നത്.അന്ന് ഈ ബോട്ട് ഹൗസിൽ വന്നത് എന്റെ ഓർമ്മയിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്.പിന്നീട് പ്രീഡിഗ്രി സുഹൃത്തുക്കളുടെ കൂടെ ആദ്യമായി വന്ന സമയത്തും ബോട്ടിംഗിന് എത്തിയിരുന്നു.ഒരാൾക്ക് ഇരുപത് രൂപയാണ് ബോട്ട് ഹൌസ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര മണി വരെയാണ് പ്രവേശനം.ബോട്ടിംഗ് നടത്താൻ നമ്മൾ തെരഞ്ഞെടുക്കുന്ന ബോട്ടിനും സീറ്റിനും അനുസരിച്ച് വേറെ ഫീസ് അടക്കണം. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ ബോട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്.950 രൂപ കൗണ്ടറിൽ അടച്ച് ടിക്കറ്റ് വാങ്ങി ഞങ്ങൾ ബോട്ടിനടുത്തേക്ക് നീങ്ങി.

വെയിൽ മൂക്കുന്നതിന് മുമ്പ് ഊട്ടി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹൃദ്യമാണ്.ഇരുപത് മിനുട്ട് നേരത്തെ യാത്രക്കിടയിൽ തടാകത്തിൽ നീരാടാനും ഭക്ഷണം തേടാനും വന്ന വിവിധതരം പക്ഷികളെ കാണാം. ഊട്ടിയിൽ രണ്ടാമത്തെ തവണ വന്ന സമയത്ത് ബോട്ടിംഗിന് പോയപ്പോൾ നിരവധി മാനുകളെയും കണ്ടിരുന്നു. മറുഭാഗത്തെ കാട്ടിൽ വെള്ളത്തോട് ചേർന്ന സ്ഥലത്തായിരുന്നു അവയെ കണ്ടിരുന്നത്.അതേപ്പറ്റി അന്വേഷിച്ചപ്പോൾ ഇപ്പോൾ അവയൊന്നും ഇല്ല എന്നായിരുന്നു ബോട്ട് ഡ്രൈവറുടെ മറുപടി.ഇപ്പോൾ നിരവധി താൽക്കാലിക കൂടാരങ്ങൾ അവിടെ ഉയർന്നു വരുന്നുണ്ട്.സഞ്ചാരികൾക്ക് താമസിക്കാനായി ഉടൻ ആരംഭിക്കാൻ പോകുന്ന ഒരു പദ്ധതിയാണതെന്ന് ഡ്രൈവർ പറഞ്ഞു.

ബോട്ടിംഗ് സമയത്ത് കരയിലൂടെ ഒരു ട്രെയിൻ പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.ഊട്ടി മേട്ടുപ്പാളയം റൂട്ടിലെ പൈതൃക വണ്ടി പോലെയാണ് എനിക്ക് തോന്നിയത്.ലിദു മോന് അതിൽ കയറാൻ ആഗ്രഹം തോന്നിയതിനാലും തടാകത്തിന്റെ കരയിലൂടെ ഒന്ന് ചുറ്റിക്കാണാം എന്ന പ്രതീക്ഷയിലും ഞങ്ങൾ അങ്ങോട്ട് നീങ്ങി.ഒരാൾക്ക് എഴുപത് രൂപയായിരുന്നു ടിക്കറ്റ്.കുറേ നേരം കാത്തിരുന്നെങ്കിലും മറ്റാരും വന്നില്ല. റൂം വെക്കേറ്റ് ചെയ്യേണ്ടതിനാൽ ഞങ്ങൾ തിരക്ക് കൂട്ടിയപ്പോൾ ട്രെയിൻ ഞങ്ങളെ മാത്രം വഹിച്ചു കൊണ്ട് യാത്ര തുടങ്ങി.ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് പോയി അതേ ട്രാക്കിലൂടെ തന്നെ വണ്ടി റിവേഴ്സിലും പോന്നു!പ്രത്യേകിച്ച് ഒന്നും കാണാനോ ആസ്വദിക്കാനോ ഇല്ലാത്ത ഈ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. 

ബോട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ വില്ലയിലേക്ക് തന്നെ തിരിച്ചെത്തി.മാനേജർ ആനന്ദിനെ വിളിച്ചപ്പോൾ വാടക ഗൂഗിൾ പേ ചെയ്ത് റൂം വെക്കേറ്റ് ചെയ്യാൻ പറഞ്ഞു.ആനന്ദിന് മലയാളികളെ അത്രയും വിശ്വാസമാണെന്ന് എനിക്ക് മനസ്സിലായി.മാനേജരും ഞാനും തമ്മിൽ എല്ലാ ഇടപാടുകളും ഫോണിലൂടെ തന്നെ തീർത്ത് ഞങ്ങൾ വില്ലയോട് വിട പറഞ്ഞു.

ഊട്ടിയിൽ കർണാടക സർക്കാർ തുടങ്ങിയ ഒരു പുതിയ ഗാർഡൻ ഉണ്ടെന്നും ബൊട്ടാണിക്കൽ ഗാർഡനോട് കിടപിടിക്കുന്ന ഒന്നാണെന്നും നാലഞ്ച് വർഷമായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്.ഞങ്ങളാരും ഈ ഗാർഡൻ കണ്ടിട്ടില്ലാത്തതിനാലും ബൊട്ടാണിക്കൽ ഗാർഡനിൽ ഇത്തവണ കയറാൻ ഉദ്ദേശം ഇല്ലാത്തതിനാലും  കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ (KSHG) എന്ന പ്രസ്തുത ഗാർഡൻ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ഊട്ടി തടാകത്തിന്റെ സൈഡിലൂടെയുള്ള റോഡിന് രണ്ട് കിലോമീറ്റർ മുന്നോട്ട് പോയാൽ എത്തിച്ചേരുന്ന ഫേൺ ഹില്ലിൽ ആണ് കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ ഹിൽ സ്റ്റേഷനിലെ രണ്ടാമത്തെ വലിയ പൂന്തോട്ടം കൂടിയാണിത്.മുപ്പത്തി എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഒരുകാലത്ത് മൈസൂർ രാജ്യത്തിൻ്റെ സ്വത്തായിരുന്ന ഭൂമിയിലാണ് സ്ഥാപിച്ചത്.2018-ൽ ആണ് ഇത്  ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുന്നിൻ ചരിവുകൾക്കും താഴ്‌വരകൾക്കുമിടയിൽ വ്യാപിച്ചുകിടക്കുന്നതും ചെടികൾ വിവിധ രൂപത്തിൽ വെട്ടി വളർത്തിയതുമായ ടോപ്പിയറി ഗാർഡൻ , ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ, റോസ് ഗാർഡൻ, സൺകെൻ ഗാർഡൻ, ടീ ഗാർഡൻ,പുൽത്തകിടികൾ,ചെക്ക് ഡാമുകൾ എന്നിവയാണ് ഈ ഉദ്യാനത്തിൻ്റെ പ്രധാന സവിശേഷതകൾ.ചെക്ക് ഡാമുകളിൽ നീന്തി തുടിക്കുന്ന വിവിധ വർണ്ണത്തിലും വലിപ്പത്തിലും ഉള്ള മൽസ്യങ്ങളും കാഴ്ചക്ക് ഭംഗി വർദ്ധിപ്പിക്കുന്നു.ഹരിതഗൃഹത്തിൽ അമ്പതിനായിരം ചട്ടികളിലായി വളരുന്ന വിവിധ ഇനം പൂക്കൾ ഈ പൂന്തോട്ടത്തിൻ്റെ പ്രത്യേക ആകർഷണമാണ്. മേപ്പിൾ ട്രീ അവന്യൂ, ഓർക്കിഡുകൾക്കും ഔഷധസസ്യങ്ങൾക്കുമുള്ള പ്രത്യേക സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം പോലെയുള്ള ഒരു നടപ്പാലം, സഞ്ചാരികൾക്ക് പൂന്തോട്ടത്തിന്റെ ഒരു ആകാശ കാഴ്ചയും പ്രദാനം ചെയ്യും.വെയിലിന് ചൂട് കൂടിയാൽ ഒരു തണൽ കിട്ടാൻ ഏറെ പ്രയാസമാണ് എന്നതാണ് വലിയൊരു പോരായ്മയായി എനിക്ക് തോന്നിയത്.

രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത്തിയഞ്ച് രൂപയുമാണ് പ്രവേശന ഫീസ്.വിശാലമായ പാർക്കിംഗ് സൗകര്യം സഞ്ചാരികളെ കൂടുതൽ ആകർഷിക്കും.

ഉച്ച സമയം ആയതിനാൽ അടുത്ത ലക്‌ഷ്യം ഏത് എന്ന ചോദ്യത്തിന് പുതിയ മരുമകൻ റാഫി മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു ഹംഗർ ഫോർഡ്. സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധമായ പ്രസ്തുത സ്ഥലം ഒന്ന് എക്സ്പ്ലോർ ചെയ്യാം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഹംഗർ ഫോർഡിലേക്ക് തിരിച്ചു.


(Next: ഹംഗർ ഫോർഡിലെ കാഴ്ചകൾ)


Sunday, October 27, 2024

മൂങ്ങിൽ ഇല്ലത്തിലെ മൂന്നാമൂഴം ( ഊട്ടി പട്ടണം 6 )

 ഊട്ടി പട്ടണം 5

തിരിച്ചു കാറിലേക്ക് കയറാൻ ഭാവിക്കുമ്പോൾ എസ്റ്റേറ്റിലേക്ക് പ്രവേശനം തന്നയാൾ വീണ്ടും അവിടെ എത്തി.

"സാർ... ഞാൻ ജോസഫ് ...ക്രിസ്ത്യൻ !!"

"അത് പിന്നെ എല്ലാവർക്കും അറിയില്ലേ...ജോസഫ് എന്നാൽ ക്രിസ്ത്യൻ ആണെന്ന്..." 

കാറിന്റെ പിൻ സീറ്റിൽ നിന്ന് മറുപടിക്കൊപ്പം പൊട്ടിച്ചിരിയും ഉയർന്നു.എസ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞതിൽ അയാൾ വീണ്ടും ഖേദം പ്രകടിപ്പിച്ചു.അതൊരു പ്രശ്നമാക്കേണ്ട എന്ന് ഞാനും പറഞ്ഞു.

സമയം വൈകിട്ട് നാലര കഴിഞ്ഞിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൂടി ഉള്ളതിനാൽ എത്രയും വേഗം വഴിയോരത്തെ ഒരു പള്ളിയിൽ എത്തേണ്ടതുണ്ടായിരുന്നു.അതിനാൽ കാർ സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. ഊട്ടി പട്ടണത്തിന്റെ കവാടമായ ഫിംഗർ പോസ്റ്റിലേക്ക് ഇരുപത്തിയഞ്ച് കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ ഊട്ടി - മൈസൂർ പാതയിലേക്ക് തിരിച്ചെത്തി.

ഗതകാല പ്രൗഢി വിളിച്ചോതിക്കൊണ്ട്, ഇന്നും ഊട്ടി സഞ്ചാരികളെ ഒരു നിമിഷം ചിന്താ സാഗരത്തിൽ മുക്കുന്ന ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്‌ സ്ഥിതി ചെയ്യുന്ന ഇന്ദു നഗറിലൂടെ ഞങ്ങൾ കടന്നുപോയി.ഗ്വാളിയോർ റയോൺസ് ഫാക്ടറി കുടി ഇറക്കപ്പെട്ട ശേഷമുള്ള മാവൂരിന്റെ അതേ അവസ്ഥയായിരുന്നു ഇന്ദു നഗറിന്റേതും. ആറായിരത്തിലധികം തൊഴിലാളികളും ടൂറിസ്റ്റുകളും ഇന്ദു നഗറിനെ രാപ്പകൽ ഭേദമന്യേ ജീവസ്സുറ്റതാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.1996 ൽ ഈ കമ്പനിയുടെ പ്രവർത്തനം നിലച്ചു.

കാർ ഫിംഗർ പോസ്റ്റ് എത്തിയതും ഇടത് ഭാഗത്ത് ഒരു പള്ളി മിനാരം കണ്ടു. പള്ളിയുടെ തൊട്ടു മുമ്പിൽ തന്നെ സൗകര്യപ്രദമായ സ്ഥലത്ത് ഞാൻ  കാർ പാർക്ക് ചെയ്തു. സ്ത്രീകളടക്കം എല്ലാവരും പള്ളിയിൽ കയറി നമസ്കാരം നിർവ്വഹിച്ചു. ശേഷം, തൊട്ടടുത്ത ബേക്കറിയിൽ നിന്ന് തന്നെ ചായയും കുടിച്ചു. 

സന്ധ്യ മയങ്ങാൻ തുടങ്ങിയതിനാൽ താമസിക്കാനുള്ള റൂം അന്വേഷിക്കൽ നിർബന്ധമായിരുന്നു. മുമ്പ് പ്രീഡിഗ്രി കൂട്ടുകാരോടൊപ്പം ഊട്ടിയിൽ വന്ന സമയങ്ങളിൽ താമസിച്ചിരുന്ന മൂങ്ങിൽ ഇല്ലത്തിൻ്റെ നടത്തിപ്പുകാരനായ ആനന്ദിനെ ഞാൻ വിളിച്ചു നോക്കി.മൂങ്ങിൽ ഇല്ലത്തിൻ്റെ തൊട്ടടുത്ത് തന്നെ പുതിയൊരു വില്ല ഉണ്ടെന്നും റൂമിന് 2000 രൂപ ആകുമെന്നും ആനന്ദ് പറഞ്ഞു. വില്ലയുടെ ലൊക്കേഷനും ഇട്ട് തന്നു. 

ഫിംഗർ പോസ്റ്റിൽ നിന്നും മൂങ്ങിൽ ഇല്ലത്തിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അതിനാൽ 3500 രൂപക്ക് ആ രണ്ട് ബെഡ്റൂം വില്ല സെറ്റാക്കി ഞങ്ങൾ അങ്ങോട്ട് നീങ്ങി. അറിയാത്ത സ്ഥലമാണെങ്കിലും ഗൂഗിൾ ചേച്ചി കാണിച്ച് തന്ന വഴിയിലൂടെ ഞങ്ങൾ പെട്ടെന്ന് തന്നെ മൂങ്ങിൽ ഇല്ലം സ്ഥിതി ചെയ്യുന്ന ഹോളിവുഡ് ഹിൽസിൽ എത്തി. 

ലൊക്കേഷനിൽ ഇട്ട് തന്ന വില്ലയുടെ ഗേറ്റ് തുറന്ന് ഞാൻ വണ്ടി പാർക്ക് ചെയ്തു. അപ്പോഴാണ് ഒരു മതിലിനപ്പുറം മൂങ്ങിൽ ഇല്ലം കണ്ടത്. പക്ഷെ, അതിനും താഴെയുള്ള പുതിയ "വേദിക നെസ്റ്റ്" ആയിരുന്നു ഞങ്ങൾക്കായി പറഞ്ഞ് വച്ചത്. ആനന്ദ് ഏർപ്പാടാക്കിയ റൂം ബോയ് ഞങ്ങളെ സ്വാഗതം ചെയ്തു. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ എല്ലാവരും ഒരു കട്ടൻ ചായ കൂടി അകത്താക്കി. ഭക്ഷണത്തിനുള്ള സാധനങ്ങൾ ഒന്നും കൊണ്ടു വരാത്തതിനാൽ അത്താഴം "സ്വിഗ്ഗി" വഴിയാക്കി.

പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഊട്ടി പട്ടണത്തിലെ വിവിധ വർണ്ണങ്ങളിലെ കെട്ടിടങ്ങളും മറ്റും ശ്രദ്ധിച്ചത്. വില്ലയുടെ താഴെയുള്ള ഒഴിഞ്ഞ പറമ്പിൽ വിരിഞ്ഞ് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള കാട്ടു പൂവും അപ്പോഴാണ് കണ്ടത്. പെട്ടെന്നാണ് ആ പൂവിനെ എല്ലാവരും തിരിച്ചറിഞ്ഞത്. മുമ്പ്, ഊട്ടിയിൽ പോകുന്ന എല്ലാവരും കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് ഷോകേസിൽ വച്ചിരുന്ന ഒരിക്കലും വാടാത്ത "ഊട്ടിപ്പൂവ്" ആയിരുന്നു അത്. മക്കൾ കുറെ പൂക്കളും ചെടിയും ശേഖരിച്ച് കാറിൽ കയറ്റി.

ഊട്ടി തടാകം തൊട്ടടുത്ത് തന്നെ ആയതിനാൽ പ്രഭാത ഭക്ഷണവും ബോട്ടിംഗും കഴിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ച് വരാം എന്ന് തീരുമാനിച്ചു. ലേക്കിനടുത്ത് തന്നെയുള്ള തലശ്ശേരി ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഞങ്ങൾ ബോട്ട് ഹൗസിലേക്ക് തിരിച്ചു.

(Next : ബ്യൂട്ടീസ് ഓഫ് ഊട്ടി )

Thursday, October 24, 2024

ഗ്ലെൻ മോർഗൻ എസ്റ്റേറ്റ് (ഊട്ടി പട്ടണം - 5)

 ഊട്ടി പട്ടണം - 4 

സത്യത്തിൽ, തറനാട്‌ മണ്ഡുവിൽ നിന്ന് മടങ്ങുമ്പോഴാണ് ഗ്ലെൻമോർഗനിൽ കാണാനുള്ളത് എന്ത് എന്ന് ഞാൻ ആലോചിച്ചത്.ഇതുവരെ ഊട്ടിയിൽ  വന്നവരും പോയവരും ആയ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും എവിടെയും ഈ സ്ഥലത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല.സഞ്ചാരി, ട്രാവൽഗുരു തുടങ്ങീ ഞാൻ അംഗമായ ഫേസ്ബുക് യാത്രാ കൂട്ടായ്മയിലും ഗ്ലെൻമോർഗനെപ്പറ്റി ആരും പറഞ്ഞു കണ്ടിട്ടില്ല. എങ്കിൽ ഞാനാവട്ടെ അതിനെപ്പറ്റി പറയുന്ന ആദ്യത്തെ ആൾ എന്ന ആവേശത്തിൽ കാറ് മുന്നോട്ട് പാഞ്ഞു.

ഏതാനും ദൂരം മുന്നോട്ട് പോയപ്പോൾ ആ റൂട്ടിൽ ആദ്യമായി കുറേയധികം ആളുകളെ കണ്ടു. താമസിയാതെ ഒരു കടയും 'ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്' എന്ന ബോർഡും കണ്ടു. ഇനിയും എന്തോ കാണാനുണ്ട് എന്ന പ്രതീക്ഷ നൽകി റോഡ് നീണ്ട് പോകുന്നതിനാൽ വണ്ടി സ്ലോ ആക്കി ഇനിയും മുന്നോട്ട് പോകുമോ എന്ന് ഞാൻ ആംഗ്യ രൂപേണ ചോദിച്ചു. മുന്നോട്ട് പോകാം എന്ന് അതേ രീതിയിൽ തന്നെ മറുപടി കിട്ടിയതിനാൽ കാറ് വീണ്ടും മുന്നോട്ട് പാഞ്ഞു.

അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും ഒരു ടാക്സി ജീപ്പും കുറെ ആളുകളും രണ്ട് ചെറിയ പെട്ടിക്കടകളും ഉള്ള ഒരു സ്ഥലത്ത് എത്തി.റോഡ് ഇനിയും മുന്നോട്ട് പോകുന്നുണ്ടെങ്കിലും സഞ്ചാരികളായ ആൾക്കൂട്ടത്തെ കണ്ടതോടെ ഞാൻ തേടി വന്ന ഗ്ലെൻമോർഗനിൽ എത്തിയതായി മനസ്സിലായി. വലതുഭാഗത്തെ ആദ്യത്തെ പെട്ടിക്കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങുന്നവരുടെ തിരക്കാണ് അവിടെ കണ്ടത്.ഞാനും കാർ സൈഡാക്കി എല്ലാവരെയും ഇറക്കി.

പെട്ടിക്കടക്കടുത്ത്‌ കണ്ട ചെറിയ ഒരു ഗേറ്റിലൂടെ പ്രവേശിക്കാൻ തുനിഞ്ഞ ഞങ്ങളെ കടക്കാരൻ തടഞ്ഞു. ജീപ്പിൽ വരുന്നവർക്ക് മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നദ്ദേഹം പറഞ്ഞു.ഗ്ലെൻമോർഗൻ കാണാൻ കാറിൽ വരുന്നത് തെറ്റാണ് എന്ന് അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായത്. ഗേറ്റിനകത്ത് ഒരു തേയിലത്തോട്ടമാണ് കാണാനുണ്ടായിരുന്നത്.അവിടം വരെ ഡ്രൈവ് ചെയ്ത് വന്ന സ്ഥിതിക്ക് അകത്ത് പ്രവേശിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടാകാതിരിക്കില്ല എന്ന് എനിക്കും തോന്നി.ടാക്സിക്കാരൻ പോയപ്പോൾ പെട്ടിക്കടക്കാരൻ എൻ്റെ അടുത്തേക്ക് വന്നു.

"സാർ,ഇത് ഒരു പ്രൈവറ്റ് തോട്ടമാണ്. ഓരോ ജീപ്പ്കാരനും ഇരുനൂറ് രൂപ ഇവിടെ തന്നിട്ടാണ് ആളെ അകത്ത് കയറ്റാൻ അനുമതി നൽകുന്നത്."

"ഓക്കേ..."

"കാറിൽ വരുന്നവരെ കയറ്റാൻ പറ്റില്ല.കമ്പനി നിർദ്ദേശം അതാണ് സാർ..."

"ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയാൽ കയറാൻ പറ്റുമോ?" ഞാൻ വെറുതെ ചോദിച്ചു.

"യെസ് സാർ" അയാൾ ആവേശപൂർവ്വം പറഞ്ഞു.

വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികളായിരുന്നു ആ പെട്ടിക്കടയിലെ ഐറ്റംസ്. അരക്കിലോ ചായപ്പൊടിയുടെ ഒരു പാക്കറ്റ് ആയിരുന്നു അതിൽ ഏറ്റവും വിലകുറഞ്ഞത്. ഇവിടെയും നേരത്തെ കണ്ട എസ്റ്റേറ്റ് ഗേറ്റിലും മാത്രമേ ഗ്ലെൻമോർഗൻ ചായപ്പൊടി കിട്ടൂ എന്നും, ഫുൾ എക്സ്പോർട്ട് ആണെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അരക്കിലോ ചായപ്പൊടിയുടെ വില 200 രൂപയായിരുന്നു.ഊട്ടിയിൽ നിന്ന് മടങ്ങുമ്പോൾ ചായപ്പൊടി വാങ്ങുന്നത് ഒരു പതിവായതിനാൽ ഞാനത് വാങ്ങി.എല്ലാവരും ഗ്ലെൻമോർഗൻ എസ്റ്റേറ്റിന് അകത്തേക്ക് കയറുകയും ചെയ്തു.

ഊട്ടിയിൽ നിന്നും ഏകദേശം മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന, പഴയ കാലത്തെ പ്രശസ്തമായ ഒരു തേയിലത്തോട്ടമാണ് ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്. ചെങ്കുത്തായ മലയിടുക്കിലുള്ള തോട്ടത്തിന്റെ  ഭാഗത്താണ് സഞ്ചാരികൾ പ്രവേശിക്കുന്നത്. തേയിലത്തോട്ടവും കൂറ്റൻ പാറകളും തൂവെള്ള മേഘങ്ങളും കൂടി സൃഷ്ടിച്ചെടുക്കുന്ന കാൻവാസ്‌ അതിമനോഹരമാണ്.കുത്തനെ ഇറക്കമായതിനാൽ തേയിലച്ചെടികൾക്കിടയിലൂടെ നടക്കുന്നത് അപകടം വിളിച്ച് വരുത്തും.

മറ്റു സഞ്ചാരികൾ ആരും ഇല്ലാത്തതിനാൽ കുറേ നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു. പുറത്തിറങ്ങി ഇനിയും മുന്നോട്ട് പോകുന്ന റോഡിനെപ്പറ്റി ഞാൻ ആരാഞ്ഞു.സഞ്ചാരികൾക്ക് ഇവിടം വരെ മാത്രമേ അനുവാദമുള്ളൂ എന്നും മുന്നോട്ട് പോയാൽ അവിടെ പോലീസുണ്ടെന്നും പെട്ടിക്കടക്കാരൻ പറഞ്ഞു. ഒന്ന് പോയി നോക്കാം എന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു.അയാൾ പറഞ്ഞതുപോലെ പോലീസ് ഞങ്ങളെ തടഞ്ഞു.

ഒരു കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഗ്ലെൻമോർഗൻ ഡാം ഉണ്ട്.തമിഴ്‌നാട് സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഡാം സൈറ്റിലേക്ക് സാധാരണ സഞ്ചാരികൾക്ക് പ്രവേശനമില്ല.കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെങ്കിൽ ഐ ഡി കാർഡ് കാണിച്ചാൽ കടത്തിവിടും.ഞാൻ കേരള സ്റ്റേറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ ഫോൺ വിളിച്ച് പെർമിഷൻ എടുക്കാം എന്ന് പോലീസുകാരൻ അറിയിച്ചു.ഞങ്ങൾ നേരിട്ടു കണ്ട പൈകര പവർ ഹൌസ്, മോയാർ,മുതുമല വന്യജീവി സങ്കേതം എന്നിവയുടെ  വിദൂരക്കാഴ്ചയാണ് കാണാനുള്ളത് എന്നതിനാൽ ആ ഓഫർ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.

പോലീസുകാർ ഇരിക്കുന്നതിന് തൊട്ടു പിന്നിലുള്ള റിസർവോയറിലേക്ക് അനുവാദം വാങ്ങി ഞങ്ങൾ പ്രവേശിച്ചു. ഫോട്ടോ എടുക്കാൻ അനുവാദമില്ലാത്തതിനാലും അത്ര സൗന്ദര്യം തോന്നാത്തതിനാലും അവിടെ നിന്നും ഞങ്ങൾ വേഗം പിന്തിരിഞ്ഞു.

( Next : പട്ടണപ്രവേശം...)

Monday, October 21, 2024

തറനാട് മണ്ടു (ഊട്ടി പട്ടണം - 4)

പൈകരയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നേരെ ഊട്ടി പിടിക്കുക എന്നതായിരുന്നു ലക്ഷ്യം.സമയം അത്യാവശ്യം ബാക്കിയുള്ളതിനാൽ വെൻലോക്ക് ഡൌൺ ഷൂട്ടിംഗ് പോയിന്റോ ബൊട്ടാണിക്കൽ ഗാർഡനോ ഒരു ഈവനിംഗ് സിറ്റിംഗിന് ഉപയോഗപ്പെടുത്താം എന്ന് മനസ്സിൽ കരുതി. വീക്കെൻഡ് ഡേയ്സ് അല്ലാത്തതിനാൽ ഊട്ടിയിലെത്തിയ ശേഷം റൂം അന്വേഷിക്കാം എന്നും കരുതി.ഏതാനും കിലോമീറ്ററുകൾ മുന്നോട്ട്  പോയപ്പോഴാണ് 'ഗ്ലെൻമോർഗൻ 10 KM' എന്നൊരു ചൂണ്ടു പലക കണ്ണിൽപ്പെട്ടത്. കാർ അതിനെ പാസ് ചെയ്ത് മുന്നോട്ട് പോയെങ്കിലും നേരത്തെ സൂചിപ്പിച്ച എക്സ്‌പ്ലൊറേഷൻ മനസ്സിൽ നിന്ന് കുതറിച്ചാടി.വണ്ടിയിൽ ഉള്ളവരും സമ്മതം മൂളിയതോടെ ഞാൻ കാർ റിവേഴ്‌സ് ചെയ്തു.
മൈസൂർ - ഊട്ടി പാതയിൽ പൈകരയിൽ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ മുന്നോട്ട് പോയാൽ റോഡിന്റെ ഒരു ശാഖ ഇടത്തോട്ട് തിരിയുന്നത് കാണാം.തുടക്കത്തിൽ കാണുന്ന നല്ല വീതിയുള്ള റോഡും നേരത്തെ പറഞ്ഞ ബോർഡും കൂടി സഞ്ചാരികളെ അങ്ങോട്ട് തിരിക്കാൻ പ്രേരിപ്പിക്കും.പക്ഷേ,നൂറുമീറ്റർ കഴിയുന്നതോടെ തന്നെ റോഡ് വല്ലാതെ ഇടുങ്ങും. സഞ്ചാരികൾ അധികമാരും അങ്ങോട്ട് പോകാത്തതിനാൽ അതൊരു ബുദ്ധിമുട്ടാകില്ല എന്ന് മാത്രം.വിജനമായ സ്ഥലങ്ങളായതിനാൽ നേരം വൈകിയുള്ള യാത്ര അത്ര നല്ലതായിരിക്കില്ല എന്ന് തോന്നുന്നു.
കാർ എത്ര ഓടിയിട്ടും ഗ്ലെൻമോർഗൻ എത്താത്തതിനാൽ ഈ സ്ഥലം മനസ്സിൽ വരാനുള്ള കാരണം ഞാൻ ഒന്നാലോചിച്ചു. അപ്പോഴാണ് പണ്ട് രവിശാസ്ത്രി കളിച്ചിരുന്ന 'ഗ്ലമോർഗൻ' എന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഓർമ്മയിൽ തെളിഞ്ഞത്.ഇന്ന് ഐ.പി.എല്ലിൽ ഉള്ളത് പോലെ സോമർസെറ്റ്, ലങ്കാഷെയർ, സറേ,എസ്സെക്സ്  അങ്ങനെ നിരവധി ക്ലബ്ബുകൾ അന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ ഗ്ലമോർഗനും  ഗ്ലെൻമോർഗനും കൂടി എനിക്ക് കൺഫ്യൂഷൻ ആയതായിരുന്നു.അപ്പോഴേക്കും മറ്റൊരു സൈൻബോർഡിന്റെ മുമ്പിൽ ഞങ്ങളെത്തി. പെട്ടെന്ന് വലത്തോട്ട് പോകാനാണ് എനിക്ക് തോന്നിയത്. ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും സുന്ദരമായ ഒരു പുൽമേട്ടിൽ ഞങ്ങളെത്തി.
ഇരുഭാഗത്തുമുള്ള പുൽമേടുകളിൽ ഇടതുഭാഗത്ത് , ഞങ്ങളെപ്പോലെ വന്നതാണോ എന്നറിയില്ല രണ്ട് കാറുകൾ പാർക്ക് ചെയ്തിരുന്നു.അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. കാർ അവിടെ പാർക്ക് ചെയ്ത ശേഷം നേരെ എതിർ ഭാഗത്തുള്ള കുന്നിലേക്ക് ഞങ്ങളും നടന്നു കയറി. കണ്ടതിലും മനോഹരം കാണാതെ പോകുമായിരുന്നത് എന്ന് അന്നേരം തോന്നിപ്പോയി.കാശ്‍മീരിൽ പോയപ്പോഴും ഇങ്ങനെ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു താഴ്‌വരയിൽ എത്തിയിരുന്നു (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം) പച്ചപ്പരവതാനി വിരിച്ചിട്ട പോലെ ചെറിയ കുന്നുകളും താഴ്വരകളും ; അതിനിടയിലൂടെയുള്ള ചെമ്മൺ പാതകൾ;അതിർത്തി നിർണ്ണയിക്കാൻ ചോല  വനങ്ങൾ പോലെ ഇട തൂർന്ന് നിൽക്കുന്ന മരങ്ങളും. ഞങ്ങളല്ലാതെ മറ്റാരെയും അവിടെയെങ്ങും കണ്ടതുമില്ല.
നടന്നു കയറിയ കുന്നിന്റെ എതിർഭാഗത്തെ താഴ്വരയിലേക്ക് ഞങ്ങൾ വെറുതെ ഒന്ന് നടന്നു.ഏതാനും ചില വീടുകളും താമസക്കാരെയും അവിടെ കണ്ടു.സന്ദർശകരെയുമായി ഒരു ടാക്സി ജീപ്പ് അവിടെ വരെ വന്ന് എന്തോ വിവരണം നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ  നിർമ്മിതി കണ്ടത്. അതിന്റെ മുൻഭാഗത്തെ ഒരു കല്ലിനെ ചുറ്റിപ്പറ്റിയുള്ള എന്തോ കഥകളാണ് ടാക്സിക്കാരൻ പറഞ്ഞു കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലേക്ക് ചെന്ന് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു തന്നു.അതൊരു കോവിലാണെന്നും റോഡിൽ ചെരുപ്പഴിച്ച് വച്ച് ആണുങ്ങൾക്ക് മാത്രം അടുത്തേക്ക് പോകാമെന്നും സ്ത്രീകൾ അങ്ങോട്ട് പോകരുതെന്നും മാത്രം എനിക്ക് മനസ്സിലായി.ഫോട്ടോ എടുക്കാൻ പാടില്ലെങ്കിലും അവർ സമ്മതം തന്നതിനാൽ ഞങ്ങൾ ദൂരെ നിന്നും ഫോട്ടോ എടുത്തു.
തോട ആദിവാസി വിഭാഗത്തിന്റെ അമ്പലമായിരുന്നു അത്.മുളയും പുല്ലും മണ്ണും ഉപയോഗിച്ച് ആണ് ഇതിന്റെ നിർമ്മാണം.മുൻഭാഗത്ത് കാണുന്ന ഇടുങ്ങിയ വാതിലിലൂടെ പൂജാരിക്ക് മാത്രം അകത്തേക്ക് പ്രവേശിക്കാൻ  അനുവാദമുണ്ട്.അതിലൂടെ നുഴഞ്ഞു കയറാൻ മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. വർഷത്തിൽ ഒരിക്കൽ അമ്പലത്തിൽ ഉത്സവം നടക്കും.
തിരിച്ചു പോരുമ്പോൾ വിദ്യാർത്ഥിനികൾ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ കാറിന് കൈ കാണിച്ചു. ഒരു ചെറിയ കെട്ടിടം കാണിച്ച് തന്ന് അതൊരു മ്യൂസിയമാണെന്നും തോട ആദിവാസി വിഭാഗക്കാർ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടെന്നും അറിയിച്ചു.ഒന്ന് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അവർക്ക് പ്രചോദനമാകും എന്നും പറഞ്ഞതിനാൽ ഞങ്ങൾ അവിടെ കയറി.ഭൌമ സൂചികാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള തോട എംബ്രോയിഡറി ഐറ്റംസ് ആയിരുന്നു പ്രധാന ആകർഷണം. വെള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും നൂല് കൊണ്ട് തുന്നിയുണ്ടാക്കിയ ഷാളുകളും മറ്റും കാണാൻ ഭംഗിയുണ്ട്.പക്ഷേ, വില അത്ര ആകർഷകമല്ല.
സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ആ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോഴാണ് തറനാട് മണ്ടു എന്ന സ്ഥലമാണതെന്നും തോട ആദിവാസി വിഭാഗക്കാർ മാത്രമുള്ള ഏരിയ ആണെന്നും അറിഞ്ഞത്.മണ്ടു എന്നാൽ ഗ്രാമം എന്നാണ് അർത്ഥം പോലും. കാഴ്ചയിലും സംസാരത്തിലും ഒരു ആദിവാസി വിഭാഗമായി എനിക്ക് തോന്നിയതേ ഇല്ല.ഞാൻ ലക്‌ഷ്യം വച്ച ഗ്ലെൻമോർഗനിലേക്ക് ഇനിയും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.