Pages

Saturday, August 04, 2007

അര്‍മാന്‍ മോല്യാരുടെ സ്വപ്നം

പൂക്കോയയുടെ അടുത്ത ജ്യേഷ്ഠനെ അന്വേഷിക്കാന്‍ നില്‍ക്കാതെ അര്‍മാന്‍ മോല്യാര്‍ കിട്ടിയ വണ്ടിയില്‍ നാട്ടിലേക്ക്‌ മടങ്ങി.യാത്രയിലുടനീളം അബുവിന്റെ മൂത്താപ്പയുടെ പെരുമാറ്റം മോല്യാരുടെ മനസ്സിനെ മഥിച്ചു. 'സ്ത്രീധനോം അറ്യേം ....ഫൂ...അതില്ലെങ്കി കല്ല്യാണം അല്ലാന്നോ...ഫൂ..കോയയേയും കൂടി കണ്ടിരുന്നെങ്കില്‍??...ആ..അയാളും ഇങ്ങനെ ആണെങ്കി കണ്ടിട്ട്‌ ബല്ല്യ കാര്യൊന്നും ല്ല..' മോല്യാര്‍ ആത്മഗതം ചെയ്തു.പിറ്റേന്ന് സുബഹിയോടെ മോല്യാര്‍ നാട്ടില്‍ തിരിച്ചെത്തി. പതിവുപോലെ അര്‍മാന്‍ മോല്യാര്‍ രാവിലെത്തന്നെ ഓത്തുപള്ളിയിലെത്തി.ഓരോ ക്ലാസ്സിലും പോയി അവരവര്‍ക്കുള്ള ജോലികള്‍ കൊടുത്ത്‌ അര്‍മാന്‍ മോല്യാര്‍ ഏഴാം ക്ലാസ്സില്‍ പോയി ഇരുന്നു . "ബിസ്മില്ലാഹി റഹ്മാനി റഹീം.." അര്‍മാന്‍ മോല്യാര്‍ ഓത്ത്‌ ആരംഭിച്ചു. "ബിസ്മില്ലാഹി റഹ്മാനി റഹീം.." കുട്ടികള്‍ അതേറ്റ്‌ ചൊല്ലി. "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അറഹ്മാനി ......പ്ധിം." ഉറക്കം തൂങ്ങിയ അര്‍മാന്‍ മോല്യാര്‍ മറിഞ്ഞ്‌ വീണു. കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തുചിരിച്ചു. "ഇന്റെ മോത്ത്ക്കാ നോക്കി ഇരിക്ക്‌ണ...കിതാബ്‌ക്ക്‌ നോക്ക്യടാ ഹമ്‌ക്ക്‌കളെ..."വീഴ്ചയുടെ നോവും ജാള്യതയും മറക്കാന്‍ വേണ്ടി മോല്യാര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു. "അറഹ്മാനി റഹീം..." "അറഹ്മാനി റഹീം..." "മാലികി യൗമി.....ങുര്‍....ങുര്‍.." അര്‍മാന്‍ മോല്യാര്‍ വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. മേശയില്‍ തലയും വച്ച്‌ അര്‍മാന്‍ മോല്യാര്‍ സുഖമായുറങ്ങി.തലേ ദിവസത്തെ യാത്രാക്ഷീണവും കാളവണ്ടിയിലെ കുത്തിക്കുലുങ്ങിയുള്ള യാത്രയും കാരണമുള്ള ഉറക്കനഷ്ടവും അര്‍മാന്‍ മോല്യാരെ പെട്ടെന്ന് സുഖനിദ്രയിലേക്ക്‌ നയിച്ചു.ഉറക്കത്തില്‍ അര്‍മാന്‍ മോല്യാര്‍ സ്വപ്നം കാണാനും തുടങ്ങി. 'അബുവിന്റെ കല്ല്യാണ ദിവസം.നേരത്തെ തന്നെ കുളിച്ചൊരുങ്ങി അത്തറും പൂശി മോല്യാര്‍ പുറപ്പെട്ടു. പൂക്കോയ മരിക്കുമ്പം ഈ ചെക്കന്റെ കല്ല്യാണത്തിന്‌ കൂടാന്‍ ഞമ്മക്ക്‌ ആയുസ്സ്‌ണ്ടാവും ന്ന് ബിചാരിച്ചതല്ല...അംദുലില്ലാഹ്‌....ആ കല്ല്യാണം നടത്തിക്കൊട്‌ക്കാന്‌ള്ള തൗഫീക്കും റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ഞമ്മള്‍ക്ക്‌ തന്ന്...' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ കല്ല്യാണവീട്ടിലെത്തി. തൂവെള്ള ഷര്‍ട്ടും വെള്ളത്തുണിയും ഇന്നാട്ട്‌ലെങ്ങും കാണാത്ത ത്ലങ്ങുന്ന കറുത്തൊരു ചെരുപ്പുമിട്ട്‌ ആഗതരെ സ്വീകരിക്കാനായി പന്തലിന്റെ മുമ്പില്‍തന്നെ അബു ചിരിച്ച്‌ നില്‍ക്കുന്നു.അര്‍മാന്‍ മോല്യാര്‍ കയറിച്ചെന്ന് സലാം പറഞ്ഞു.സലാം മടക്കി അബു അര്‍മാന്‍ മോല്യാരെ കസേരയിലിരുത്തി. മോല്യാരുടെ തൊട്ടടുത്ത കസേരയില്‍ തന്നെ അബുവും ഇരുന്നു.അപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള ഒരു ഗ്ലാസ്സ്‌ വെള്ളം ആരോ അര്‍മാന്‍ മോല്യാര്‍ക്ക്‌ നല്‍കി.മോല്യാര്‍ ബിസ്മി ചൊല്ലി വെള്ളം കുടിച്ചു. അര്‍മാന്‍ മോല്യാര്‍ അടുത്തിരിക്കുന്നവരെ നോക്കി.ആ....അബുവിന്റെ മൂത്താപ്പയാണല്ലോ ആ ഇരിക്കുന്നത്‌....എന്ത്‌ കല്ല്യാണം എന്ന് ചോദിച്ച മൂത്താപ്പ..!! തൊട്ടപ്പുറത്ത്‌ ഇരിക്കുന്നത്‌ മൊകം അങ്ങട്ട്‌ മന്‌സ്സ്‌ലാവ്‌ണ്‌ല്ല.. '"ങേ!!..പൂക്കോയ...മരിച്ചുപോയ പൂക്കോയ!!!" ആര്‍ത്തുവിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കുട്ടികള്‍ വീണ്ടും ആര്‍ത്തുചിരിച്ചു.പൊട്ടിച്ചിരിക്കുന്ന കുട്ടികളെ കണ്ട്‌ അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഫൂ....പോയിനെടാ ബഡ്‌ക്കൂസുകളേ....കള്ള ഹിമാറ്‌കള്‍ ന്റെ നെയ്ചോറും മൊടക്കി.." കുട്ടികള്‍ കിതാബുകളുമെടുത്ത്‌ പുറത്തേക്കോടി.

3 comments:

Areekkodan | അരീക്കോടന്‍ said...

'അബുവിന്റെ കല്ല്യാണ ദിവസം.നേരത്തെ തന്നെ കുളിച്ചൊരുങ്ങി അത്തറും പൂശി മോല്യാര്‍ പുറപ്പെട്ടു. പൂക്കോയ മരിക്കുമ്പം ഈ ചെക്കന്റെ കല്ല്യാണത്തിന്‌ കൂടാന്‍ ഞമ്മക്ക്‌ ആയുസ്സ്‌ണ്ടാവും ന്ന് ബിചാരിച്ചതല്ല...അംദുലില്ലാഹ്‌....ആ കല്ല്യാണം നടത്തിക്കൊട്‌ക്കാന്‌ള്ള തൗഫീക്കും റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ഞമ്മള്‍ക്ക്‌ തന്ന്...' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ കല്ല്യാണവീട്ടിലെത്തി.

ഉറുമ്പ്‌ /ANT said...

രസിച്ചു.

മുസാഫിര്‍ said...

പാവം മുസല്യാര്‍!!

Post a Comment

നന്ദി....വീണ്ടും വരിക