Tuesday, August 07, 2007
ജനകീയ ബഹളം
ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഈവനിംഗ്വോക്കിന് ഇറങ്ങിയതായിരുന്നു ഞാന്‍.സംശയം വേണ്ട...ജനകീയാസൂത്രണത്തിന്റെ ഭാഗമായി തന്നെ!!! ആരോഗ്യദൃഢഗാത്രപൗരന്‍ എന്നൊരു പുത്തന്‍സാധനത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗുണഭോക്താവ് എന്ന നിലക്ക് അമ്പത് രൂപയുടെ മുദ്രക്കടലാസില് ഒപ്പിട്ടപ്പോള്‍ അതിലെ അവസാനത്തെ നിബന്ധന ആയിരുന്നു ദിവസേന ഒരു ഈവനിംഗ്വോക്ക്.ഈ ഈവനിംഗ്വോക്കിലാണ് ജനകീയം എന്ന ജനകീയ പദത്തെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക് സാധിച്ചത്.
ഞാന്‍ നടക്കുന്നത് റോഡിലൂടെയാണ്..വെറും റോഡല്ല...ജനകീയ റോഡ്....വെട്ടുകുഴികളോ മാവേലിക്കുഴികളോ സ്വിമ്മിംഗ് പൂളുകളോ വാഴ - ചേന കൃഷികളോ ഇല്ലാത്ത സുന്ദരമായ റോഡ് അല്ല ഈ ജനകീയ റോഡ്...ഒരു റോഡിന്റെ മേല്‍ പറഞ്ഞ എല്ലാ സൗന്ദര്യഗുണങ്ങളും മേന്മകളും ഉള്ള ഒരു റോഡ്....പേര് ജനകീയ റോഡ് എന്നായി മാത്രം.
റോഡില്‍ കയറിയാല്‍ ആദ്യം കാണുന്നത് തന്നെ ഒരു ചായക്കട....വെറും ചായക്കടയല്ല...ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ ധാരാളം ആഞ്ഞുവീശിയ ഒരു ജനകീയ ചായക്കട....നാളത്തെ രാഷ്ട്രീയക്കോമാളിയുടെ അരങ്ങേറ്റവേദി.ഞാന്‍ അതുവഴി കടാന്നുപോകുമ്പോള്‍ എന്നും അവിടെ പൊരിഞ്ഞ ചര്‍ച്ചയാണ്...ജനകീയ ചര്‍ച്ച...വിഷയം ജനകീയാസൂത്രണം തന്നെ...അതിനിടയില്‍കൂടി കടയുടമ കോയാമുവിന്റെ ( ഇപ്പോള്‍ ജനകീയ കോയാമു ) നീട്ടിയുള്ള വിളി..." മാഷേ...ഒരു ജനകീയ ചായ കുടിച്ച് ജനകീയനായി പോ..."
അപ്പോഴേക്കും ഞാന്‍ അടുത്ത ജനകീയന്റെ മുമ്പിലെത്തി...ആളും ആരവവുമില്ലാത്ത ഈ ജനകീയന്‍ മറ്റാരുമല്ല.എല്ലാ ജനകീയപാര്‍ട്ടികളുടെയും പോസ്റ്ററുകളും തോരണങ്ങളും കൊടികളും വഹിക്കാന്‍ വിധിക്കപ്പെട്ട ബസ്റ്റോപ്പ്...മേല്‍ക്കൂര ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ആരും തിരിഞ്ഞ് നോക്കാത്തതിനാലാവും കണ്ണേറ് പറ്റാതിരിക്കാന്‍ സുന്ദരമായ പേര് കുമ്പളങ്ങാ വലിപ്പത്തില്‍ - ജനകീയ ബസ്റ്റോപ്പ്.
ജനകീയ ബസ്റ്റോപ്പിന് തൊട്ടടുത്ത് തന്നെയാണ് അബുക്കയുടെ ബാര്‍ബര്‍ ഷോപ്പ്.ഇത്രയും കാലം ഊരോ പേരോ ഇല്ലാതിരുന്ന അബുക്കക്കും അടുത്തിടെ ഒരു ബിസിനസ് മാന്ദ്യം....തലമാന്ദ്യവും താടിമാന്ദ്യവും.ഈ നാട്ടില്‍ എല്ലാവര്ക്കും കഷണ്ടി കയറിയോ എന്ന് വരെ സംശയിച്ചു.അപ്പോഴാണ് അബുക്കയുടെ സുന്ദരകഷണ്ടിക്കുള്ളില്‍ പുതിയൊരാശയം ഉടലെടുത്തത്.കടക്ക് സുന്ദരമായ ഒരു പേര് - ജനകീയ ബാര്‍ബര്‍ ഷോപ്പ് . മുടിയും താടിയും മൊത്തമായും ചില്ലറയായും കുറഞ്ഞ പരിക്കില്‍ കൂടുതല്‍ ലാഭത്തില്‍ കശാപ്പു ചെയ്തു കൊടുക്കുന്നു....ജനകീയ ബാര്‍ബര്‍ ഷോപ്പ്!!!
ഞാന്‍ വീണ്ടും നടന്നു....ബസ്സ്റ്റാന്റില് അതാ കിടക്കുന്നു ഓരോ നാട്ടിലേക്കും ജനകീയങ്ങള്‍.....ജനകീയ ബസ്. ജനങ്ങളെക്കാളും ജനകീയങ്ങളെക്കാളും അധികം കന്നുകാലീയങ്ങള്‍ ആയതിനാലാവും ബസ്സ്റ്റാന്റിന് ജനകീയസ്റ്റാന്റ് എന്ന പേര് നല്‍കാഞ്ഞത് എന്ന ചിന്തയിലേക്ക് വീഴുമ്പോഴാന് ബസ്സ്റ്റാന്റില് നിന്നും ചില അപശബ്ദങ്ങള്‍ ഉയരുന്നത് കേട്ടത്...രണ്ട് ജനകീയങ്ങള്‍ തമ്മില്‍ തന്നെയാണ് പ്രശ്നം...പരസ്പരം ചില ജനകീയ അണ്‍പാര്‍ലിമെന്ററി പദപ്രയോഗവും.
ജനകീയത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞ എന്റെ മെഡുലമണ്ണാങ്കട്ടയിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നുപോയി.അതും ഒരു ജനകീയ മണ്ണാങ്കട്ടയായിപ്പോയോ എന്ന ഒരു ജനകീയ സംശയവും ബാക്കിയായി.
5 comments:
ജനകീയാസൂത്രണം വീണ്ടും വരുമ്പോള്‍ മുമ്പ് തയ്യാറാക്കിയ ഒരു കുറിപ്പ് ഇവിടെ പോസ്റ്റുന്നു...
എല്ലാം ജനകീയമയം അല്ലേ?
എന്തിനാണ്, ആര്‍ക്ക് വേണ്ടിയാണ് എന്നേ മനസ്സിലാകാനുള്ളൂ ഇനി.
ഭൂമി ഉരുണ്ടു കൊണ്ടേയിരിക്കുന്നു, നമ്മള് ജീവിച്ച് കൊണ്ടും! :-)
[എന്റ്റെ ബ്ലോഗില്‍ വന്ന് ‘ഒന്ന് പേര് വിളിച്ച്’ പോയതെന്തിനെന്ന് മനസ്സിലായില്ല :-) ]
സസ്നേഹം
ദൃശ്യന്‍
:)
ജനകീയാസൂത്രണം നന്നായി...
നന്ദി സുഹ്രുത്തുക്കളേ...
Post a Comment
നന്ദി....വീണ്ടും വരിക