Pages

Wednesday, March 13, 2013

ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും (ലക്ഷദ്വീപ് യാത്ര ഭാഗം - 16 )


കഥ ഇതുവരെ

ബീച്ചിന് സമാന്തരമായ റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ കടലിൽ നിന്നും ,ഒരു കയ്യിൽ ഒരു വലിയ മത്സ്യവും മറുകയ്യിൽ ഒരു കുന്തവുമായി കയറി വരുന്നത് കണ്ടത്.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി.ചോരയൊലിക്കുന്നത് അദ്ദേഹത്തിന്റെ കയ്യിൽ നിന്നോ അതോ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നോ എന്നറിയാൻ പ്രയാസമായിരുന്നു. 



അടുത്തെത്തിയപ്പോഴാണ് മത്സ്യം ‘തിരണ്ടി’ എന്ന ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.കരയിലിട്ട് രണ്ട് കുത്ത് കൂടി കൊടുത്തതോടെ അതിന്റെ ഈ ലോകവാസം അവസാനിച്ചു.ഇത്തരം മത്സ്യങ്ങൾ കരക്ക് അടുത്തേക്ക് ഇടക്ക് കയറി വരും എന്നും അവയുടെ പിന്നാലെ ഈ കുന്തവും കൊണ്ട് ഓടി കുത്തുമെന്നും അദ്ദേഹം പറഞ്ഞു.മിക്കവാറും എല്ലാവരുടേയും അടുത്ത് ഇത്തരം കുന്തം ഉണ്ടെന്നും മിക്ക ദിവസങ്ങളിലും മത്സ്യം കിട്ടും എന്നും അദ്ദേഹം പറഞ്ഞപ്പോൾ കുന്തം ഉപയോഗിച്ചുള്ള ഈ മീൻപിടിക്കൽ ഞങ്ങൾക്ക് പുതിയൊരറിവായി.




ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.കയർ ഫാക്ടറിയിൽ മുഴുവൻ സ്ത്രീകളായിരുന്നു.യന്ത്ര സഹായത്തോടെ അവർ കയർ പിരിക്കുന്നത് ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു.ആലപ്പുഴയിൽ നിന്നുള്ള ആന്റണി വരെ ഇവരുടെ കൈവേഗതയിൽ അതിശയം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർക്കെല്ലാം ഈ ജോലിയുടെ കലാവിരുതിന്റെ സൌന്ദര്യം ബോധ്യമായി.കയറ് കൊണ്ടുണ്ടാക്കിയ വിവിധ ഉല്പന്നങ്ങളും ഞങ്ങളെ ആകർഷിച്ചു.

ഉച്ചയോടെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.നേരത്തെ ഞങ്ങൾ പോകുന്നത് കണ്ട ചില സ്ത്രീകൾ ഞങ്ങളെ കാണാനായി വഴിയിൽ നിന്നിരുന്നു.അവരുടെ കൂടെ കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു.ഞങ്ങൾ അവരുടെ എത്തിയ ഉടനെ ഒരാൾ ഒരു ഇളനീർ വെട്ടി തന്നു.ആ സ്നേഹത്തിൻ മുമ്പിൽ ഒന്ന് പകച്ചെങ്കിലും ഞങ്ങൾക്കെല്ലാവർക്കും വയറ് നിറയുന്നത് വരെ ഇളനീർ നൽകി അവർ അവരുടെ ആതിഥ്യമര്യാദ പ്രകടിപ്പിച്ചു.
അല്പമകലെ പ്രായം ചെന്ന ഒരു സ്ത്രീ കടലിലേക്ക് നോക്കി ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഞാൻ അവരുടെ അടുത്തെത്തി.അവർ എന്തോ ചോദിച്ചെങ്കിലും എനിക്ക് മനസ്സിലായില്ല. മലയാളത്തിൽ ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.അവർ പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും എല്ലാവരും ഇളനീർ കുടിച്ച് കഴിയുന്നത് വരെ ഞാൻ അവരോട് സംസാരിച്ചിരുന്നു.കടമത്ത് ദ്വീപിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ആൺ അവരെന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞു.


ഇളനീർ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഒരു കടലാമ അവിടെ പ്രത്യക്ഷപ്പെട്ടു. തലേദിവസം അവിടെ വച്ച് പരിചയപ്പെട്ട ഒരാളാണ് സലീം മാഷിന് കൊടുക്കാനായി സ്റ്റഫ് ചെയ്ത കടലാമയേയും കൊണ്ടു വന്നത്.ആമയെ കടത്തുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഒരു സംശയം ഉണ്ടായെങ്കിലും ആ സ്നേഹോപഹാരം സലീം മാഷ് നന്ദിയോടെ സ്വീകരിച്ചു.


ഇത്രയും തെങ്ങ് ഉള്ള സ്ഥിതിക്ക് ഇവിടെ മറ്റേ സാധനവും ഉണ്ടാവുമല്ലോ സാറേ?” ആർക്കോ സംശയം ജനിച്ചു.
മറ്റേ സാധനമോ , അതെന്താ?”
എന്റെ ചോദ്യത്തിന് ചോദ്യകർത്താവിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു.
ഏയ്ഇവിടെ അത് കിട്ടില്ലഹറാമാണ്
ഇല്ല സാറേഞാൻ നേരത്തെ തന്നെ പല തെങ്ങിൻ മണ്ടയും ശ്രദ്ധിച്ചിരുന്നുമിക്കവാറും എല്ലാം ചെത്തുന്നുണ്ട്.ജമാൽക്കയോട് പറഞ്ഞാൽ ശുദ്ധമായ നീര കിട്ടും.“ 

 റെജു പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ഹരിദാസൻ മാഷ് ചൂണ്ടി..”അതാ കയ്യെത്തും ഉയരത്തിൽ ഒന്ന്.” 

 ഞാനും സൂക്ഷിച്ച് നോക്കി.തെങ്ങിൻ പൂക്കുലയുടെ അറ്റത്ത് പെപ്സി 200 മില്ലിയുടെ ഒരു ബോട്ടിൽ കെട്ടി വച്ചിരിക്കുന്നു.റെജു തന്നെ ആദ്യം ഓടി അതിന്റെ അടിയിൽ വായ കാട്ടി.ഒരു തുള്ളി പോലും കിട്ടിയില്ലെങ്കിലും പലരും അതാവർത്തിച്ചു.വൈകിട്ട് ഈ സാധനം രുചിക്കാൻ കിട്ടിയപ്പോൾ ഇതിനാ‍ണോ ഇവർ ഇത്രയും കൊതിപൂണ്ടത് എന്ന് തോന്നാതിരുന്നില്ല.


അന്ന് രാത്രി ദ്വീപിലെ ഞങ്ങളുടെ അവസാന രാത്രി ആയിരുന്നു.രാത്രി ദ്വീപിന്റെ കടലോരങ്ങൾക്ക് മാറ്റം വരുന്നതും താൽക്കാലിക ഭക്ഷണ ശാലകൾ പൊങ്ങി വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.അതിനാൽ തന്നെ ‘ലാസ്റ്റ് സപ്പർ’ അത്തരം ഒരു റെസ്റ്റാറന്റിൽ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.മത്സ്യവിഭവങ്ങൾ തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.കീശ വല്ലാതെ കീറിപോകാത്ത വിധത്തിൽ അത്യാവശ്യം നന്നായി ഭക്ഷണം കഴിച്ച് ആ ടേസ്റ്റും ഞങ്ങൾ മനസ്സിലാക്കി.



(തുടരും...) 
 

4 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് രാത്രി ദ്വീപിലെ ഞങ്ങളുടെ അവസാന രാത്രി ആയിരുന്നു.രാത്രി ദ്വീപിന്റെ കടലോരങ്ങൾക്ക് മാറ്റം വരുന്നതും താൽക്കാലിക ഭക്ഷണ ശാലകൾ പൊങ്ങി വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.

Yasmin NK said...

നിങ്ങൾ പിന്നെം കടമത്ത് പോയോ..

Areekkodan | അരീക്കോടന്‍ said...

മുല്ല...പോയിട്ടില്ല, വീണ്ടും പോകാന്‍ തയ്യാറെടുക്കുന്നു.

ajith said...

ഇനി ഇത് ആദ്യം മുതല്‍ ഒന്ന് വായിയ്ക്കട്ടെ

Post a Comment

നന്ദി....വീണ്ടും വരിക