Pages

Monday, March 18, 2013

ഓര്‍മ്മയിലെ ചില കോ‌ഇന്‍സിഡന്‍സുകള്‍


ആക്സിഡന്റ്ലി സംഭവിക്കുന്ന സാമ്യതക്കാണ് കോ‌ഇന്‍സിഡന്‍സ് എന്ന് പറയുക എന്നാ ണ് ഞാന്‍ മനസ്സില്‍ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് (‘കോയിഡാന്‍സ്‘ എന്ന് നാട്ടിന്‍പുറത്ത് പറയുന്നതും എപ്പോഴെങ്കിലും സംഭവിക്കുന്ന ഒന്നാണ്),ജീവിതത്തിലെ ഓര്‍മ്മയിലുള്ള ചില കോ‌ഇന്‍സിഡന്‍സുകള്‍ പങ്ക് വയ്ക്കാന്‍ പറ്റിയ ദിവസമാണിന്ന് എന്ന് തോന്നുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.എഡിന് പഠിക്കുന്ന കാലം.ഞാന്‍ കോളേജിലെ ഒരു റബല്‍ താരമായി കത്തി നില്‍ക്കുന്ന സമയം.അന്ന് റെബലുകള്‍ക്ക് വലിയ ജനപ്രിയമായിരുന്നു.കാരണം ഇന്റേണല്‍ മാര്‍ക്ക് എന്ന വാള്‍ തലക്ക് മുകളില്‍ തൂങ്ങുമ്പോള്‍ അധ്യാപകരെ മണി അടിക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ അതിനെതിരെ നീങ്ങുന്നവര്‍ ശരിക്കും ഹീറോസ് ആയിരുന്നു.അത്തരത്തില്‍ കോളേജില്‍ ഉണ്ടായിരുന്ന അല്പം ചിലരില്‍ ഒന്നാമന്‍ ആയിരുന്നു ഞാന്‍.

ദിവസവും അരീക്കോട് നിന്ന് മലപ്പുറം വരെ പോയി വന്നിട്ടാണ് ഞാന്‍ പഠനം നടത്തിയിരുന്നത്.അപ്പോഴാണ് ഞാന്‍ എന്റെ നാട്ടില്‍ അത്രകാലമായി കാണാത്ത ഒരുത്തന്‍ ഞാന്‍ കയറുന്ന അതേ ബസ്സില്‍ എന്റെ അതേ കോളേജിലേക്ക് വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.ഇവന്‍ എനിക്ക് ഒരു പക്ഷേ നാട്ടില്‍ പാരയാകും എന്ന തിരിച്ചറിവില്‍ നിന്ന് അവന്റെ വേര്‍ എബൌട്ട്സ് ഒന്ന് അറിയാമെന്ന നിലക്ക് ഞാന്‍ അവനെ സമീപിച്ചു.

“എന്താ നിന്റെ പേര് ?” ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു.

“മണി” താഴ്മയോടെ അവന്‍ പറഞ്ഞു.

‘ച്ചെ...’ പുറത്ത് കേള്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു - “എവിടുന്നാ വരുന്നത്...?”

“അരീക്കോട്”

“അരീക്കോട് എവിടെ...?”

“മഞ്ചേരി അപ്പുറം...”

“അതെനിക്കറിയാം.....പ്രോപര്‍ അരീക്കോട് നിന്നാണോന്ന്...?”

“കരുവാരക്കുണ്ടിലാ ....ഇപ്പോള്‍ അരീക്കോട്...”

“ങാ....ശരി..ശരി...” അവിടെ വന്ന് താമസിക്കുന്നവനായതിനാല്‍ എനിക്ക് വലിയ തലവേദന ഉണ്ടാക്കില്ല എന്ന ധൈര്യം കാരണം ഞാന്‍ മണിയെ വിട്ടു.പക്ഷെ അവന്‍ എന്നെ വിട്ടില്ല.സൌഹൃദം കൂടുതല്‍ ഊട്ടിക്കൊണ്ട് വന്നു. ആ വര്‍ഷം ആഗസ്ത് 5ന് ഉച്ചക്ക് ശേഷം മണി എന്നോട് പറഞ്ഞു.

“നാളെ ഉച്ചക്ക് എന്റെ വീട്ടില്‍ വരണം...”

“ങും ...എന്താ പ്രത്യേകിച്ച് ?”

“നാളെ ആഗസ്ത് 6 . എന്റെ ജന്മദിനമാണ്...”

“യാ കുദാ.....ഞാനും ആഗസ്ത് ആറിനാ പിറന്നത് !!!”

ഇത് അറിവിലെ ഒരു കോ‌ഇന്‍സിഡന്‍സ്.

*****************************************


ബാങ്കുകളില്‍ പലതിലും എനിക്ക് അക്കൌണ്ട് ഉണ്ട്.നിയമപരമായി ഇതു പറ്റുമോ ഇല്ലയോ എന്നൊന്നും അന്നും ഇന്നും ചിന്തിച്ചിട്ടില്ല.പല അക്കൌണ്ടുകളും ആരംഭിച്ചത് ഓരോ പ്രത്യേക ഉദ്ദേശങ്ങളോടെ ആയിരുന്നു.ബാങ്കിങ് സമയം പ്രശ്നമായപ്പോഴാണ് ഈവനിംഗ് ബ്രാഞ്ചില്‍ അക്കൌണ്ട് തുടങ്ങിയത്.ടെലഫോണ്‍ ബില്‍ അടക്കാന്‍ സൌകര്യത്തിനാണ് ഗ്രാമീണ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയത്.തിരക്ക് കുറഞ്ഞതും ഏറ്റവും അടുത്തുള്ള സ്ഥാപനവുമായതിനാലാണ് പോസ്റ്റ് ഓഫീസില്‍ അക്കൌണ്ട് തുടങ്ങിയത്.നല്ല കസ്റ്റമര്‍ റിലേഷന്‍ ആയതിനാലാണ് ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയത്. അങ്ങനെ അങ്ങനെ എല്ലാത്തിനും കാരണങ്ങള്‍.

ഒന്നര വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാശ് കയ്യില്‍ നേരിട്ട് നല്‍കില്ല എന്നും അത് ബാങ്ക് വഴിയേ നല്‍കാന്‍ പറ്റൂ എന്നും ഒരു കൂടോത്രം നിലവില്‍ വന്നത്.ബാങ്ക് വഴിയായാലും കാശ് വാങുന്നത് കൈ കൊണ്ട് തന്നെയാണ് , കാലു കൊണ്ടല്ല.പക്ഷേ നേരിട്ട് ട്രഷറിയില്‍ നിന്ന് കയ്യില്‍ കിട്ടില്ല എന്ന് സാരം.അതൊക്കെ നല്ലതാണ് എന്ന് ഞാനും പ്രസംഗിച്ചു നടന്നു , കാരണം ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഈ പാര വന്നിട്ടില്ലായിരുന്നു.ഞാന്‍ അന്ന് കാശ് നേരിട്ട് കയ്യില്‍ വാങ്ങി! പക്ഷേ ഞങ്ങല്‍ക്ക് നേരെ വന്നത് മറ്റൊരു പാരയായിരുന്നു.നമ്മുടെ കാശ് ഇനി മുതല്‍ കയ്യില്‍ തരില്ല , പകരം എല്ലാവരും ട്രഷറിയില്‍ ഒരു അക്കൌണ്ട് തുടങ്ങണം.കാശ് അതിലേക്ക് പോകും , അവിടെ നിന്ന് ആവശ്യമുള്ളപ്പോള്‍ ചെക്ക് ഉപയോഗിച്ച് എടുക്കാം.

ഇത്രയും ബാങ്കുകളില്‍ അക്കൌണ്ടുള്ള ഞാന്‍ മനസ്സില്ലാമനസ്സോടെ അവിടേയും ഒരു അക്കൊണ്ട് ആരംഭിച്ചു. എനിക്ക് കിട്ടിയ എസ്.ബി അക്കൌണ്ട് നമ്പര്‍ 6465. അറുപത്തിനാല് കഴിഞ്ഞാല്‍ അറുപത്തി അഞ്ച് എന്ന ഫാന്‍സി നമ്പറിലുപരി ഈ നമ്പര്‍ എനിക്ക് വളരെ പരിചയമുള്ള പോലെ തോന്നി.ഞാന്‍ എന്റെ ഓരോ ബാങ്കിലേയും അക്കൌണ്ട് നമ്പറുകള്‍ തിരയാന്‍ തുടങ്ങി.അതാ കിടക്കുന്നു , പതിനഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഗ്രാമീണ ബാങ്കിലെ അക്കൌണ്ട് ....അക്കൌണ്ട് നമ്പര്‍ 6465 !!!

ഇത് അറിവിലെ മറ്റൊരു കോ‌ഇന്‍സിഡന്‍സ്.

***************************************

എനിക്ക് മക്കള്‍ മൂന്ന് പേര്‍.മൂന്നും കത്രികാ പ്രസവത്തിലൂടെ കിട്ടിയ പെണ്‍കുട്ടികള്‍. 2004 മാര്‍ച്ച് 18 ന് രണ്ടാമത്തെ മകളെ ,  ബ്ഹാര്യയുടെ ഗര്‍ഭപാത്രം കീറി മുറിച്ച് എടുക്കുന്നതിന് മുമ്പ് എന്റെ അയല്‍‌വാസിയായ ഡോക്ടര്‍ ചോദിച്ചു.
“ഇതോടെ നിര്‍ത്തണോ?”

“ഏയ്....” മുന്നും പിന്നും ആലോചിക്കാതെ ഞാന്‍ മറുപടി കൊടുത്തു.അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി ഭങിയായി നിര്‍വ്വഹിച്ചു. നിരീക്ഷണങ്ങള്‍ക്കും മറ്റും ശേഷം ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് പോരുമ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു.
“പ്രസവം നിര്‍ത്തണം എന്ന് നിര്‍ബന്ധമാണോ സാര്‍...?”

“ഏയ്...നിര്‍ബന്ധമൊന്നുമില്ല...പക്ഷേ?”

“പക്ഷേ????”

“അടുത്ത പ്രസവത്തില്‍ പ്രസവ വേദന വരുന്ന മുമ്പേ സിസേറിയന്‍ നടത്തണം...” ഡോക്ടര്‍ പറഞ്ഞു.

അത് ഏതോ ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവമായതിനാല്‍ ഞാന്‍ മൂളിവിട്ടു.

കാലചക്രം അഞ്ചോ ആറോ  ഭ്രമണം പൂര്‍ത്തിയാക്കി.ഭാര്യ വീണ്ടും ഗര്‍ഭിണിയായി.വയറ് വലുതാകുന്തോറും ആശങ്കയും വലുതായി.അവസാനം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒന്നോ രണ്ടോ ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം എന്റെ മൂന്നാമത്തെ മകളെയും ഡോക്ടര്‍മാര്‍ കീറി എടുത്തു.അന്ന് തീയ്യതി മാര്‍ച്ച് 18 , 2010 !!!അതേ രണ്ടാമത്തെ മകളുടെ അതേ ജന്മദിനം!


ഇത് ഓര്‍മ്മയിലെ മറ്റൊരു കോ‌ഇന്‍സിഡന്‍സ്.

ഇന്നാണ് ആ മാര്‍ച്ച് 18.എന്റെ രണ്ട് മക്കളുടെ ജന്മദിനം.ഞാന്‍ ജന്മദിനം ആഘോഷിക്കാറില്ല എന്ന് കൂടി അറിയിക്കട്ടെ.

***********************************************

7 comments:

Areekkodan | അരീക്കോടന്‍ said...

കാലചക്രം അഞ്ചോ ആറോ ഭ്രമണം പൂര്‍ത്തിയാക്കി.ഭാര്യ വീണ്ടും ഗര്‍ഭിണിയായി.വയറ് വലുതാകുന്തോറും ആശങ്കയും വലുതായി.അവസാനം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒന്നോ രണ്ടോ ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം എന്റെ മൂന്നാമത്തെ മകളെയും ഡോക്ടര്‍മാര്‍ കീറി എടുത്തു.അന്ന് തീയ്യതി മാര്‍ച്ച് 18 , 2010 !!!അതേ രണ്ടാമത്തെ മകളുടെ അതേ ജന്മദിനം!

Akbar said...

എല്ലാ കോയിടാൻസും സോറി കോഇന്സിടനസും നന്നായി :) . ആഘോഷിക്കാറില്ലെന്കിലും മക്കൾക്ക്‌ ജന്മ ദിനാശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു? അല്ലെ മാഷെ

Cv Thankappan said...

ജീവിത്തിലെ ചില സാമ്യങ്ങള്‍
മാഷെ,മക്കള്‍ക്ക്‌ ജന്മദിനാശംസകള്‍

ajith said...

കോയിഡാന്‍സുകളുടെ മൊത്തക്കണക്കല്ലോ ജീവിതം

mini//മിനി said...

വൈകിയ വേളയിൽ മക്കൾക്ക് ജന്മദിനാശംസകൾ

അഷ്‌റഫ്‌ സല്‍വ said...

ചില സാമ്യങ്ങൾ അത്ഭുതപ്പെടുത്തും

Post a Comment

നന്ദി....വീണ്ടും വരിക